Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യത്തിന്റെ വെളിച്ചം – ‘സ്പോട്‌ലൈറ്റ്’

spot-light ‘സ്പോട്‌ലൈറ്റ്’ ചിത്രത്തിൽ നിന്നും

അതിമാനുഷികതളൊന്നുമില്ലാത്തൊരു സാധാരണ സിനിമ. പക്ഷെ അതിലെ സർഗാത്മകത കൊണ്ട് നിങ്ങളുടെ ഇഷ്ടങ്ങളുടെ പട്ടികയിൽ ഇടം നേടുന്നു. ഒറ്റക്കാഴ്ചയിൽ വളരെ ലളിതമെന്നു തോന്നാവുന്ന ഈ ഹോളിവുഡ് ചിത്രം, അതിന്റെ രാഷ്ട്രീയം കൊണ്ടും കഥപറച്ചിലിന്റെ മുറുക്കം കൊണ്ടും, സംവിധാനത്തിലെ കയ്യടക്കം കൊണ്ടുമെല്ലാം മികവു പുലർത്തുമ്പോൾ മനസിലാകും ആ ചിത്രം എന്തു കൊണ്ട് ഇത്തവണത്തെ ഓസ്കർ നാമനിർദേശ പട്ടികയിൽ ഇടം നേടിയതെന്ന്. പറഞ്ഞു വരുന്നത് ‘സ്പോട്‌ലൈറ്റ്’ എന്ന സിനിമയെക്കുറിച്ചാണ്. മാധ്യമപ്രവർത്തനവും മാധ്യമപ്രവർത്തകരും ഏറെ വിമർശനം നേരിടുന്ന ഈ കാലത്ത് തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്നു കൂടി പറയാം സ്പോട്‌ലൈറ്റ്.

ടോം മക്കാർത്തി സംവിധാനവും ടോം മക്കാർത്തിയും ജോഷ് സിങ്ങറും ചേർന്നു രചനയും നിർവഹിച്ച സ്പോട്ട്‌ലൈറ്റ് അമേരിക്കൻ പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഒരേടാണ് പ്രേക്ഷകനു മുന്നിൽ തുറക്കുന്നത്. 2003ൽ ദി ബോസ്റ്റൺ ഗ്ലോബ് എന്ന പത്രത്തിനു പത്രപ്രവർത്തനത്തിലെ ഓസ്കറായ പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്ത ഒരു അന്വേഷണത്തിന്റെ കഥ.

മാർട്ടി ബാരൺ എന്ന പുതിയ എഡിറ്റർ പത്രത്തിന്റെ ചുമതല ഏൽക്കുന്നതിൽ നിന്നാണു കഥ തുടങ്ങുന്നത്. പതിവുകൾക്കപ്പുറത്ത് പത്രത്തിന് എന്തു നൽകാൻ സാധിക്കുമെന്ന അദ്ദേഹത്തിന്റെ ചർച്ചകളിൽ നിന്നാണു പുതിയൊരു അന്വേഷണത്തിനുള്ള വെടിമരുന്ന് നൽകുന്നത്. പത്രത്തിന് സ്പോട്‌ലൈറ്റ് എന്നൊരു ഇൻവസ്റ്റിഗേഷൻ സംഘമുണ്ട്. നാലംഗ സംഘത്തെ നയിക്കുന്നതു വാൾട്ടർ റോബിൺസൺ എന്ന റോബി. ഒപ്പമുള്ളതു മൈക്കൾ റെസൻഡസ്, സാച്ചാ പെയിഫർ, മാറ്റ് കാരോൾ എന്നിവർ. സ്പോട്‌ലൈറ്റിനു മുകളിൽ ബെൻ ബ്രാഡ്‌ലി എന്ന എഡിറ്ററുമുണ്ട്.

പത്രത്തിന്റെ തലപ്പത്ത് എത്തിയ മാർട്ടി ബാരൺ താൻ വായിച്ച ഒരു ലേഖനത്തെക്കുറിച്ചു റോബിൺസൺ എന്ന റോബിയുമായി സംസാരിക്കുന്നു. ജോൺ ഗോഹൻ എന്ന വൈദികൻ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും ഇക്കാര്യം കാർഡിനൽ ലോ (ബോസ്റ്റൺ ആർച്ച്ബിഷപ്പിന്)യ്ക്ക് അറിയാമായിരുന്നിട്ടും നടപടിയൊന്നും എടുത്തില്ലെന്നുമുള്ള മൈക്കിൾ ഗാർബീഡിയൻ എന്ന അഭിഭാഷകന്റെ മറ്റൊരു പത്രത്തിലെ ലേഖനം ബാരൺ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങൾക്കു മുൻപു നടന്ന ആ സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തണം എന്ന ബാരണിന്റെ നിർദേശം സ്പോട്‌ലൈറ്റ് സംഘം ഏറ്റെടുക്കുന്നതിലാണ് കഥ തുടങ്ങുന്നത്.

പല പ്രതിബന്ധങ്ങളും ഇതിൽ ഇവർ നേരിടേണ്ടി വരുന്നു. പലരും സംസാരിക്കാൻ തയാറാകുന്നില്ല. ഒടുവിൽ പല വഴികളിലൂടെ ഇവർ കണ്ടെത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ. തൊണ്ണൂറിലേറെ പുരോഹിതർ ഇത്തരത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന വിവരം. ഒരു കുറ്റാന്വേഷണത്തിന്റെ ത്രില്ലോടു കൂടിയാകും പ്രേക്ഷകൻ സിനിമ കണ്ടു തീർക്കുക. ചിത്രത്തിന്റെ മികവറിയാൻ അഭിനേതാക്കളുടെ പ്രകടനവും തിരക്കഥയുടെ പാകവും സംവിധാനത്തിന്റെ മികവും മാത്രം മതി. മാർക്ക് റെസൻഡസ് ആയി വേഷമിട്ട മാർക്ക് റുഫല്ലോയുടെ പ്രകടനം തന്നെ ഉദാഹരണം. പാന്റ്സിന്റെ പോക്കറ്റിൽ ഇരു കയ്യുമിട്ട് തലയൽപ്പം ആട്ടിയുള്ള മാർക്കിന്റെ പ്രകടനം. അങ്ങനെ ഓരോരുത്തരിലുമുണ്ട് എടുത്തു പറയേണ്ടതെല്ലാം. വാൾട്ടർ റോബിൻസണായി വേഷമിട്ട മൈക്കൽ കീറ്റണും മാർട്ടി ബാരണായെത്തിയ ലിവ് ഷെറിബറും സാച്ചയായി എത്തിയ റേച്ചൽ മക്കാഡംസുമെല്ലാം ഒന്നിനൊന്നു മികവോടെ നിൽക്കുന്നു.

spot-light-review ‘സ്പോട്‌ലൈറ്റ്’ ചിത്രത്തിന്റെ പോസ്റ്റർ

ഏറെ ശക്തമായ രാഷ്ട്രീയവും പങ്കുവയ്ക്കുന്നുണ്ട് സ്പോട്‌ലൈറ്റ്. കത്തോലിക്കാ സഭയുടെ അധികാരത്തിന്റെയും പിന്നണി അസ്വാരസ്യങ്ങളുടെയും ചരിത്രത്തിന്റെ ഒരു ഭാഗമാണ് ഈ സിനിമ. മതവിശ്വാസങ്ങളിലെ ചില അബദ്ധധാരണകളിലേക്കുള്ള വിരൽച്ചൂണ്ടലുമുണ്ട് ചില സംഭാഷണ ശകലങ്ങളിൽ. ക്യാമറ, എഡിറ്റിങ് മികവുകളാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ‘ദി ഇൻസൈഡർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന സിനിമയാണു സ്പോട്‌ലൈറ്റ്. ചിത്രത്തിന്റെ അണിയറയിൽ വമ്പൻ ബാനറുകളുടെ പേരൊന്നുമില്ല. അതുകൊണ്ടാകും യുഎസിൽ റിലീസ് ചെയ്തു 100 ദിവസങ്ങൾക്കു ശേഷമാണ് ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്. പക്ഷെ മികച്ച ചിത്രം, സംവിധായകൻ, ഒറിജിനൽ തിരക്കഥ, സഹനടൻ, സഹനടി, എഡിറ്റിങ് എന്നീ ആറു ഓസ്കർ നോമിനേഷനുകൾ സ്പോട്‌ലൈറ്റിനുണ്ടെന്നറിയുമ്പോൾ വ്യക്തമാകും ഈ സിനിമയുടെ മികവ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.