Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഷ്വിറ്റ്സ് ഭീതി പടർത്തിയ ഓസ്കർ ചിത്രം

soul

ഗ്യാസ് ചേംബറുകളിലേക്ക് ആട്ടിൻപറ്റങ്ങളെപ്പോലെയാണ് നഗ്നരായ മനുഷ്യരെ നാസി പട്ടാളം തള്ളിക്കയറ്റിക്കൊണ്ടിരുന്നത്. നിമിഷങ്ങൾക്കകം ചേംബറിന്റെ വാതിലടയും. അവരുടെ ശ്വാസകോശത്തിലേക്ക് മരണത്തിന്റെ ഗന്ധമിറങ്ങും. വാതിൽ തുറക്കുമ്പോൾ മേലാസകലം മാന്തിപ്പറിച്ച്, ചോരയൊലിപ്പിച്ച് നഗ്നരൂപങ്ങളുടെ കൂമ്പാരമാണു കണ്മുന്നിൽ. അവ കൊണ്ടു പോയി ദഹിപ്പിച്ച് ചാരമെടുത്ത് നദിയിലേക്ക് കോരിയെറിയേണ്ടത് സോണ്ടർകമാൻഡോകളുടെ ജോലിയാണ്.

നാസി ക്യാംപുകളിലെത്തിയ ജൂതന്മാരെത്തന്നെ ഉപയോഗിച്ച് തയാറാക്കുന്നതാണ് ആ സംഘത്തെ. ഒന്നോ രണ്ടോ മാസത്തേക്കേ ആ ജോലി കാണൂവെന്ന് അവർക്കു നന്നായറിയാം. ഒടുവിൽ ഒരുനാൾ ആ ഗ്യാസ് ചേബറിലേക്ക് അവരും കയറിപ്പോകേണ്ടി വരും. അതുവരെ മരണം കാത്ത്, മരണം കണ്ട്, മരണത്തോടൊപ്പം യാത്ര ചെയ്യുന്നവർ...

രണ്ടാം ലോകമഹായുദ്ധകാലം. കുപ്രസിദ്ധ നാസി കോൺസൺട്രേഷൻ ക്യാംപായ ഓഷ്വിറ്റ്സിലെ സോണ്ടർ കമാൻഡോമാരിലൊരാളായിരുന്നു സോൾ ഓസ്‌ലാൻഡർ. അദ്ദേഹം പറയുന്ന കഥയാണ് ‘സൺ ഓഫ് സോൾ’. ഇത്തവണ മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്കറിന് ഏറ്റവുമധികം സാധ്യത കൽപിച്ച ചിത്രം. സോളിന്റെ കഥയാണിതെന്നു പറയുന്നതിന് സിനിമയുടെ മുഴുവൻ പിൻബലവുമുണ്ട്. കാരണം ചിത്രത്തിൽ സോളിന്റെ ഒന്നരദിവസത്തെ ജീവിതമാണു കാണിക്കുന്നത്. അതും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെ.

son-of-saul

‘സൺ ഓഫ് സോൾ’ ആരംഭിക്കുന്നത് ഒരു ഔട്ട് ഓഫ് ഫോക്കസ് ഷോട്ടിൽ നിന്നാണ്. പതിയെപ്പതിയെ ആരോ ഒരാൾ ക്യാമറയിലേക്കു നടന്നുവരുന്നതു കാണാം. തൊട്ടടുത്തെത്തുമ്പോൾ അറിയാം, അതൊരു നരച്ചവേഷവും തൊപ്പിയും ധരിച്ച മനുഷ്യനാണ്. സോൾ എന്ന സോണ്ടർ കമാൻഡോ. പിന്നീട് ക്യാമറയുടെ യാത്ര സോളിനൊപ്പമാണ്. അയാളിലൂടെയാണ് ചിത്രം പ്രക്ഷകൻ കാണുന്നത്. ചില നേരങ്ങളിൽ അയാളുടെ മുഖം, ചിലപ്പോൾ അയാളുടെ ചുമലിലൂടെയുള്ള കാഴ്ച, ചിലപ്പോൾ അയാൾക്കു ചുറ്റിലുമുള്ള അവ്യക്ത കാഴ്ച...മിഡിൽ ക്ലോസ് അപ് ദൃശ്യങ്ങളിലൂടെ മിക്കസമയവും ഹാൻഡ് ഹെൽഡ് ക്യാമറ വഴിയാണ് ചിത്രീകരണം.

ഓഷ്വിറ്റ്സ് ക്യാംപിലെ കാഴ്ചകൾ നേരത്തേത്തന്നെ ഓസ്കർ വേദിയിലെത്തിയിട്ടുണ്ട്. ‘ഷിൻഡ്‌ലേഴ്സ് ലിസ്റ്റി’ലുൾപ്പെടെ അതിന്റെ പരീക്ഷണാത്മകതയും പ്രേക്ഷകൻ കണ്ടതാണ്. പക്ഷേ മൊത്തം കാഴ്ചകൾ കാണിച്ച് പേടിപ്പിക്കാതെ ഒരാളുടെ മാത്രം വികാരാനുഭവങ്ങളിലൂടെ നരകക്യാംപിന്റെ ഭീതി പ്രേക്ഷകനിലെത്തിക്കാനുള്ള ശ്രമമാണ് സംവിധായകൻ ലാസ്‌ലോ നെമിസ് നടത്തിയിരിക്കുന്നത്.

ശവശരീരങ്ങൾക്കിടയിൽ ഒരു കുട്ടിയെ കണ്ടത്തുന്നതോടെ സോളിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ ഹംഗേറിയൻ ചിത്രം പറയുന്നത്. ജൂതരുടെ ആചാരങ്ങൾക്കനുസരിച്ച് ആ കുട്ടിയെ സംസ്കരിക്കുകയാണ് സോളിന്റെ ലക്ഷ്യം. അതിന് ഒരു ജൂതപുരോഹിതൻ വേണം. ശവശരീരം കത്തിക്കാതെ കുഴിച്ചിടണം. മൃതശരീരം കീറിമുറിക്കാതിരിക്കാൻ ഡോക്ടറോടു പോലും കെഞ്ചുന്നുണ്ട് സോൾ. ആരാണാ കുട്ടിയെന്നതാണു ചോദ്യം. തന്റെ മകനാണതെന്നാണു സോൾ പറയുന്നത്. പക്ഷേ എന്താണു തെളിവ്? എന്തായാലും ശവശരീരം ഒളിച്ചുകടത്തി ക്യാംപിലെതന്നെ ഒരു റാബി(ജൂത പുരോഹിതൻ)യുടെ സഹായത്തോടെ കുഴിച്ചിടാനുള്ള സോളിന്റെ ശ്രമങ്ങൾ പ്രേക്ഷകനെ പലപ്പോഴും അസ്വസ്ഥമായ അന്തരീക്ഷങ്ങളിലേക്കാണു നയിക്കുക.

സോളിനോടൊപ്പം ചേർന്ന് ഓഷ്വിറ്റ്സിലൂടെ നടക്കുമ്പോൾ ഒരുപക്ഷേ പ്രേക്ഷകന് ചുറ്റിലും ചുടുചോരയുടെയും കത്തുന്ന മാംസത്തിന്റെയും വരെ ഗന്ധം അനുഭവിച്ചറിയാനാകും. 107 മിനിറ്റ് ചിത്രം അവസാനിച്ചാലും സോളിൽ നിന്നിറങ്ങാൻ പ്രേക്ഷകനു പോലും വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും. ഛായാഗ്രഹണത്തിനൊപ്പം സിനിമാ അനുഭവത്തിന്റെ അസ്വസ്ഥതയ്ക്ക് ആക്കം കൂട്ടുന്ന പശ്ചാത്തലസംഗീതവും എടുത്തുപറയേണ്ടതുണ്ട്. 28 ദിവസം കൊണ്ട് ഷൂട്ടിങ് തീർന്നെങ്കിലും 150 ദിവസത്തിലേറെയെടുത്താണ് നെമിസ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് പൂർത്തിയാക്കിയതു തന്നെ.

sonm-of-soul-movie

സോൾ ആയഭിനയിച്ച ഗീസ റോഹ്റിഗ് 30 വർഷത്തിനു മുൻപാണ് അവസാനമായൊരു ചിത്രത്തിലഭിനയിച്ചത്. ന്യൂയോർക്കിലെ ഒരു ജൂതകേന്ദ്രത്തിൽ ‘വാച്ചർ’ ആയി ജോലി നോക്കിയിരുന്നു ഈ ഹംഗേറിയൻ കവി. സംസ്കരിക്കും മുൻപ് മൃതദേഹത്തെ ഒറ്റയ്ക്കാക്കരുതെന്നാണ് ജൂതവിശ്വാസം. അതിനാൽത്തന്നെ മടുപ്പിന്റെ മണിക്കൂറുകൾ മൃതശരീരങ്ങൾക്കൊപ്പം ചെലവഴിക്കുന്നതായിരുന്നു വാച്ചറുടോ ജോലി. സംസ്കാരത്തിനു മുൻപ് മൃതദേഹം കുളിപ്പിച്ചു വൃത്തിയാക്കുന്നതും വാച്ചർ തന്നെ. സൺ ഓഫ് സോളിനെ നായകന് അഭിനയത്തിൽ അമ്പരപ്പിക്കുന്ന യാഥാർഥ്യാനുഭവം നൽകാനായിട്ടുണ്ടെങ്കിൽ അതിനൊരുപക്ഷേ ഇതും കാരണമായിട്ടുണ്ടാകാം.

സോണ്ടർകമാൻഡോകൾ എഴുതി ഒളിപ്പിച്ചു വയ്ക്കുകയും പിന്നീട് കണ്ടെത്തി പുസ്തകമാക്കുകയും ചെയ്ത കുറിപ്പുകളിൽ നിന്നാണ് നെമിസ് തന്റെ ആദ്യചിത്രത്തിനുള്ള കഥ കണ്ടെത്തിയത്. മാത്രവുമല്ല അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അമ്മ പറഞ്ഞുകൊടുത്തവയിൽ അവരുടെ ബന്ധുക്കൾക്ക് അനുഭവിക്കേണ്ടിവന്ന ഓഷ്വിറ്റ്സ് ദുരിതത്തിന്റെ കഥകളുമുണ്ടായിരുന്നു. പക്ഷേ നവാഗത സംവിധായകന്റെ ഇത്തരമൊരു കഥയ്ക്ക് പണം മുടക്കാൻ അധികമാരും തയാറായില്ല എന്നതാണു സത്യം. കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ മുഴുവൻ സിനിമയും അവതരിപ്പിക്കുന്ന രീതി ഇഷ്ടപ്പെടാതിരുന്നതും കാരണമായി.

എന്നാൽ ഹംഗേറിയൻ നാഷനൽ ഫിലിം ഫണ്ട് ചിത്രത്തിനാവശ്യമായ 1.5 മില്യൺ യൂറോ നൽകി. ഹംഗറിയിലെ സൂപ്പർഹിറ്റുകളിലൊന്നായും ചിത്രം മാറി. കാൻ ചലച്ചിത്രമേളയിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻപ്രി, ഒപ്പം ഫിപ്രസി ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും സ്വന്തമാക്കി. ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം ഒരു ഹംഗേറിയൻ ചിത്രം സ്വന്തമാക്കുന്നത്. കാൽ നൂറ്റാണ്ടിനു ശേഷം ഹംഗറിയിൽ നിന്നൊരു ചിത്രം ഓസ്കർ പട്ടികയിൽ ഇടംപിടിച്ചതും സൺ ഓഫ് സോളിലൂടെയാണ്. ക്രൂരമായ കാഴ്ചാനുഭവമാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് സിനിമയ്ക്ക് സെൻസർബോർഡ് പോലും നൽകിയിരിക്കുന്നത്. ആ ക്രൂരതയ്ക്കിപ്പോൾ ഓസ്കറിന്റെ തിളക്കവും...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.