Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരാപഥങ്ങൾക്കി‌‌‌‍‌‌ടയിൽ ഒരു ഏകാന്തയാത്രികൻ...

martian ‘ദ് മാർഷ്യൻ’ ചിത്രത്തിൽ നിന്നും

1997ൽ പാത്ത്ഫൈൻഡർ എന്ന പേടകം ചെന്ന് വഴിവെട്ടുന്നതുവരെ ചൊവ്വയെന്ന ചുവപ്പൻ ഗ്രഹം ഹോളിവുഡിന് അന്യഗ്രഹജീവികളുടെ ആവാസകേന്ദ്രമായിരുന്നു. എല്ലാ സയൻസ്–ഫിക്‌ഷനുകളെയും പോലെ ബഹിരാകാശവും ചന്ദ്രനും ചൊവ്വയുമൊക്കെയാണ് വിഷയമെങ്കിൽ അവിടെ വില്ലന്മാരായി അന്യഗ്രഹജീവികൾ മാത്രമായിരിക്കും ഉണ്ടാവുക. അത്തരത്തിൽപ്പെട്ട ചില ജീവികൾ ഇടയ്ക്കൊക്കെ ബഹിരാകാശ യാത്രികരുടെ ശരീരത്തിനകത്തു കയറിപ്പറ്റിയും അല്ലാതെ സ്വന്തമായി സ്പെയ്സ് ഷിപ്പുണ്ടാക്കിയുമെല്ലാം ഭൂമിയിലേക്ക് ഹോളിവുഡിന്റെ കൈപിടിച്ച് വന്നുകൊണ്ടേയിരുന്നു. പത്ത് കാലും നാല് തലയുമൊക്കെയുള്ള ജീവികളിൽ നിന്ന് മാറിയെങ്കിലും അത്യാധുനിക രൂപത്തിൽ (പ്രോമിത്യൂസ്–2012 ഓർക്കാം) അന്യഗ്രഹവിരുന്നുകാർ പ്രേക്ഷകനെ പേടിപ്പിച്ച് (ചിലപ്പോഴൊക്കെ ചിരിപ്പിച്ചും) വന്നുകൊണ്ടേയിരിക്കുന്നു.

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും നാസ തുടരെത്തുടരെ പര്യവേഷണങ്ങൾ നടത്തുകയും അവിടെ നിന്ന് ഹൈ റെസല്യൂഷൻ ഫോട്ടോകൾ വരെ ഭൂമിയിലേക്ക് എത്തിത്തുടങ്ങുകയും ചെയ്തതോടെ പക്ഷേ ബഹിരാകാശം അടിസ്ഥാനമാക്കിയുള്ള സയൻസ്–ഫിക്‌ഷനുകളിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. കോടാനുകോടി നക്ഷത്രങ്ങൾക്കും ബഹിരാകാശത്തിന്റെ ഇതുവരെ അനുഭവിക്കാത്ത നിശബ്ദതയ്ക്കും ഇടയിൽ ജീവിക്കേണ്ടി വരുമ്പോൾ മനുഷ്യന് നേരിടേണ്ടി വരുന്ന യഥാർഥ വില്ലൻ അന്യഗ്രഹജീവികളല്ല, മറിച്ച് അവനെത്തന്നെയായിരുന്നു, കൂടാതെ ഭൂമിയിലിരുന്ന് അവന്റെ ഓരോ ചലനവും നിയന്ത്രിക്കുന്നവരെയായിരുന്നു. ബഹിരാകാശത്തെ ഇന്റർനാഷനൽ സ്പെയ്സ് സെന്ററിൽ ഒന്നു മിണ്ടാൻ പോലും ഒരാളില്ലാതെ വർഷങ്ങളോളം ചുറ്റിലുമുള്ള പ്രപഞ്ചത്തിന്റെ മായക്കാഴ്ചകളെ മാത്രം നോക്കിയിരിക്കുന്ന യാത്രികന്റെ അവസ്ഥ വാർത്തകളായും വിഡിയോകളായും പുറത്തു വന്നതിനു ശേഷമാണ് ഹോളിവുഡിന്റെ ഈ മനംമാറ്റമെന്നതും ശ്രദ്ധേയം. ആ ഒറ്റപ്പെടലിന്റെ സൗന്ദര്യവും സങ്കടവും ഭീകരതയുമെല്ലാം അതിഗംഭീരമായി ഗ്രാവിറ്റി, ഇന്റർസ്റ്റെല്ലാർ പോലുള്ള ചിത്രങ്ങൾ പ്രേക്ഷകനു മുന്നിലെത്തിക്കുകയും ചെയ്തു. അത്തരത്തിൽ താരാപഥങ്ങൾക്കിടയിലെ ഏകാന്തതയിൽ പെട്ടുപോകുന്ന യാത്രികന്റെ കഥയാണ് റിഡ്‌ലി സ്കോട്ടിന്റെ ‘ദ് മാർഷ്യൻ’.

മുൻചിത്രങ്ങളിൽ നിന്ന് ഒരു വ്യത്യാസം മാത്രം: ഇതുവരെ മനുഷ്യൻ മനസ്സുകൊണ്ടു മാത്രം കാലുകുത്തിയ ഒരു ഗ്രഹത്തിലാണ് ചൊവ്വാപര്യവേക്ഷകൻ ഒറ്റപ്പെട്ടു പോകുന്നത്. കടലിനു നടുവിലെ ദ്വീപിലകപ്പെടുന്ന റോബിൻസൺ ക്രൂസോയെപ്പോലെ കരകാണാനക്ഷത്രക്കടലിനു നടുവിലെ ഗ്രഹത്തിൽ പെട്ടുപോകുന്ന മാർക്ക് വാട്ട്നി എന്ന നായകൻ. വാട്ട്നിയ്ക്കുറപ്പായിക്കഴിഞ്ഞു, തന്റെ ജീവിതം ഇവിടെ അവസാനിക്കും. കാരണം ചൊവ്വയിലേക്ക് ഇനിയൊരു പര്യവേഷണവാഹനം എത്തിക്കണമെങ്കിൽ നാസയ്ക്ക് നാലു വർഷമെങ്കിലും സമയം വേണം. മാത്രവുമല്ല, കയ്യിലുള്ള ഭക്ഷണവും വളരെ കുറച്ച്. പക്ഷേ പ്രതീക്ഷയുടെ ഏറ്റവും ചെറിയ കണത്തിൽ മുറുകെപ്പിടിച്ച് വാട്ട്നി നിലനിൽപിനുള്ള പോരാട്ടം ആരംഭിക്കുകയാണ്. ബൊട്ടാണിസ്റ്റ് കൂടിയായ അദ്ദേഹം ചൊവ്വയിൽ ഉരുളക്കിഴങ്ങ് ചെടികൾ വളർത്താൻ ശ്രമിക്കുന്നു, ഭൂമിയുമായി എങ്ങനെയെങ്കിലും ബന്ധം സ്ഥാപിക്കാനായുള്ള വഴി തേടുന്നു, അതിനിടയിൽ ബോറടിയ്ക്കുമ്പോൾ സഹപ്രവർത്തകരിൽ ഒരാൾ ഉപേക്ഷിച്ച ഡിസ്കോ ഗാനങ്ങൾ കേട്ട് സമയം കൊല്ലുന്നു. ഒറ്റയ്ക്കിരുന്ന് ഭ്രാന്തായിപ്പോകാതിരിക്കാൻ വിഡിയോ ലോഗ് വഴി തന്റെ ചൊവ്വാജീവിതത്തിലെ ഓരോ അനുഭവവും റെക്കോർഡ് ചെയ്തു വയ്ക്കുന്നു.

അതിനിടെ ഭൂമിയിൽ നാസയിലെ ശാസ്ത്രജ്ഞർ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ വാട്ട്നി ജീവനോടെയുണ്ടെന്ന് കണ്ടെത്തുക തന്നെ ചെയ്തു. പക്ഷേ ബന്ധപ്പെടാൻ ഒരു വഴിയുമില്ല. ചൊവ്വയിൽ ടെര്‍മിനേറ്റ് ചെയ്യപ്പെട്ട പാത്ത്ഫൈൻഡർ എന്ന പേടകം ഉപയോഗിച്ചാണ് വാട്ട്നി ഭൂമിയുമായി ബന്ധം സ്ഥാപിക്കുന്നത്. എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന മോഹത്തിന്റെ വിത്തും തന്റെ ഉരുളക്കിഴങ്ങ് ചെടികൾക്കൊപ്പം നട്ടുനനയ്ക്കുമ്പോൾ ഒരു രാത്രി ഇതിനെ രണ്ടിനെയും തല്ലിക്കെടുത്തിക്കൊണ്ട് ചില സംഭവങ്ങൾ നടക്കുന്നു.

ഏത് ദുർഘട സാഹചര്യത്തില്‍പ്പെട്ടാലും അതിജീവനത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ചൊവ്വാഗ്രഹത്തെ പശ്ചാത്തലമാക്കി ഒരു പുതിയ തലം പകർന്നു തരാനാണ് റിഡ്‌ലി സ്കോട്ട് ‘ദ് മാർഷ്യനി’ലൂടെ ശ്രമിച്ചിരിക്കുന്നത്. വാർത്തകളിലൂടെ മാത്രം നാമറിഞ്ഞ പല ശാസ്ത്രസത്യങ്ങളെയും ഫിക്‌ഷനോടൊപ്പം ചേർത്താണ് സംവിധായകന്റെ പരീക്ഷണം. സ്കോട്ടിന്റെ തന്നെ ഏലിയന്റെയും പ്രോമിത്യൂസിന്റെയുമൊക്കെ ചുവടുപിടിച്ച് ഇത്തവണ അമാനുഷിക കഥാപാത്രങ്ങളെ തിരുകിക്കയറ്റാൻ ശ്രമിച്ചതുമില്ല. ആൻഡി വിയറിന്റെ 2011ൽ പുറത്തിറക്കിയ ഇതേ പേരിലുള്ള നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഡ്രൂ ഗാഡർഡ് മാർഷ്യന്റെ തിരക്കഥയൊരുക്കിയത്.

the-martian ‘ദ് മാർഷ്യൻ’ ചിത്രത്തിൽ നിന്നും

നാസയുടെ സമ്പൂർണ പിന്തുണയോടെയാണ് ചിത്രമൊരുക്കിയിരിക്കുന്നതും. എന്നിട്ടും ചിത്രം വെറുമൊരു ഫിക്‌ഷനൽ കാഴ്ചയുടെ ചട്ടക്കൂടിലാണെന്നാണ് വ്യക്തമാകും. ഭൂമിയിലൊരു നാസയും അവരുടെ അനുബന്ധ സ്ഥാപനങ്ങളും അവിടത്തെ ജീവനക്കാരും– ചൊവ്വയിലൊരു മനുഷ്യൻ ഒറ്റയ്ക്ക്–ഇടയിലൊരു സ്പെയ്സ് സ്റ്റേഷനിൽ അഞ്ചു പേർ. എല്ലാവരുടെയും ലക്ഷ്യം പക്ഷേ ഒന്നാണ്–ഒരു ജീവൻ കെട്ടുപോകാതെ, ഭൂമിയിലേക്ക് തിരികെയെത്തിക്കുക. അതിന് മനുഷ്യനും ശാസ്ത്രവും ദൈവവും എന്തിന് ‘വില്ലന്മാർ’ വരെ സഹായവുമായെത്തുന്നു. അത്തരത്തിൽ ബഹിരാകാശ യാത്രികരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും മാനുഷിക വശങ്ങളെ മാത്രമല്ല രാജ്യാന്തര രാഷ്ട്രീയത്തെ വരെ നന്മയുടെ കണ്ണുകൾ കൊണ്ടാണ് സംവിധായകൻ നോക്കിക്കാണുന്നത്. നിർണായക നിമിഷത്തിൽ എല്ലാം നഷ്ടപ്പെട്ട മട്ടിലാകുന്ന നാസയ്ക്ക് സഹായവുമായെത്തുന്നത് നിതാന്ത ശത്രുക്കളായ ചൈനയാണെന്നതു തന്നെ ഇതിന്റെ മികച്ച ഉദാഹരണം.

2ഡി, 3 ഡി ഫോർമാറ്റിൽ ചിത്രമൊരുക്കിയിട്ടുണ്ട്. ഡേരിയസ് വോസ്കിയുടെ ഛായാഗ്രഹണത്തിന്റെ ഭംഗി അൽപമെങ്കിലും അനുഭവവേദ്യമാകണമെങ്കിൽ ചിത്രം 3ഡിയിൽ തന്നെ കാണണം. പക്ഷേ ക്ലൈമാക്സിലെ ബഹിരാകാശ കൂടിക്കാഴ്ച ഒഴികെ ബാക്കിയെല്ലാം സാധാരണമായ ക്യാമറക്കാഴ്ചകളാണ്. ചിലതെല്ലാം നാസയുടെ ഒരു ഡോക്യുമെന്ററിയിൽ നിന്ന് കട്ട് ചെയ്തിട്ടതാണെന്നു പോലും തോന്നിപ്പിക്കും. ചൊവ്വയിൽ വെള്ളം കണ്ടെത്തിയതിനു തൊട്ടുപിറകെ നാസ പുറത്തുവിട്ട ചിത്രങ്ങളും മനസ്സിൽ വച്ചാണ് മാർഷ്യനു കയറുന്നതെങ്കിൽ ആകെ കൺഫ്യൂഷനായിപ്പോകും. കാരണം പലപ്പോഴും ഒരു മരുഭൂമിയിൽ സെറ്റിട്ട് ഷൂട്ട് ചെയ്തതിന്റെ ഫീൽ ഏതൊരാൾക്കും തോന്നിപ്പോകും. മാറ്റ് ഡേമണാണ് മാർക്ക് വാട്ട്നിയായെത്തുന്നത്. ജെസിക്ക ഷസ്റ്റെയിൻ, ചൂഇറ്റൽ എജിയോഫോർ, ക്രീസ്റ്റൻ വിഗ്, ജെഫ് ഡാനിയൽസ്, മൈക്കേൽ പെന്യ, കെയ്റ്റ് മേറ, ഷോൺ ബീൻ, സെബാസ്റ്റ്യൻ സ്റ്റാൻ, ഉൾപ്പെടെ വൻ താരനിരയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രണ്ടാം പകുതിയിലും സമീപ പ്രദേശങ്ങളിലും ഇഴച്ചിലിന്റെ അപാരമായ സാന്നിധ്യം അനുഭവപ്പെടും. പിയെട്രോ സ്കാലീയയാണ് എഡിറ്റിങ്. ഹാരി ഗ്രെഗ്സണിന്റെയും വില്യംസിന്റെയും സംഗീതം പലപ്പോഴും സിനിമയുടെ ‘ജിവൻ’ നിലനിർത്താൻ സഹായിക്കുന്നുണ്ട്.

‘ദ് മാർഷ്യനെ’ ശരാശരിയേക്കാളും അൽപം ഉയർന്ന നിലവാരത്തിൽ രേഖപ്പെടുത്താൻ റിഡ്‌ലി സ്കോട്ട് നടത്തിയ പരിശ്രമങ്ങളെ സമ്മതിച്ചേ മതിയാകൂ. തന്റെ സമകാലികരായ ജയിംസ് കാമറൺ, സ്റ്റീഫൻ സ്പീൽബെർഗ് തുടങ്ങിയ Sci-Fi സംവിധായകരോടൊപ്പം പിടിച്ചു നിന്ന് ശാസ്ത്ര–സാമൂഹിക വിഷയങ്ങളിൽ ഈ എഴുപത്തിയേഴാം വയസിലും അദ്ദേഹം എത്രമാത്രം ‘അപ്ഡേറ്റഡാ’ണ് എന്നതിന്റെ തെളിവുകൂടിയാണീ ചിത്രം. 2.21 മണിക്കൂർ സമയത്തിനിടെ പ്രേക്ഷകന് ഇഷ്ടപ്പെടുന്നതും കൗതുകത്തോടെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നതുമായ കാഴ്ചകളേറെയുണ്ട് ‘ദ് മാർഷ്യനി’ൽ.

ശാസ്ത്രത്തിന്റെ അതിപ്രസരം കൊണ്ട് ബുദ്ധിമുട്ടിക്കാതെ പ്രേക്ഷകനെ ആകാംക്ഷയിലേക്കു നയിക്കുന്ന സിനിമാ അനുഭവങ്ങൾ സമ്മാനിക്കാനാണ് റിഡ്‌ലി സ്കോട്ട് ശ്രമിച്ചിരിക്കുന്നത്. പക്ഷേ ഹൈവേയിലൂടെ പോകും പോലെ നായകൻ ചൊവ്വയിലൂടെ വണ്ടിയോടിച്ച് പാട്ടുംപാടി പോകുന്നതും ഭൂമിയിലേതിനെക്കാളും സുന്ദരമായ ചൊവ്വയുടെ കാഴ്ചകളാൽ ചുറ്റപ്പെട്ടിരിക്കെ അവയെ നോക്കി ഒരു പാറപ്പുറത്തിരുന്ന് ജീവിതത്തെപ്പറ്റി ചിന്തിക്കുന്നതുമെല്ലാം കാണുമ്പോൾ അറിയാതെയെങ്കിലും നാം നെറ്റിചുളിച്ചേക്കാം. ഒരു ശാസ്ത്രജ്ഞന്റെ മനസ്സും അറിവുകളുമായി ഈ ചിത്രത്തിനു കയറിയാൽ വിമർശിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടാകും. എന്നാൽ തിരശീലയിൽ വലിച്ചുകെട്ടിയ വലിയൊരു നുണയാണ് സിനിമയെന്ന മട്ടിൽ, സാധാരണക്കാരന്റെ മനസ്സുമായാണ്, തിയേറ്ററിൽ കയറുന്നതെങ്കിൽ മാർഷ്യൻ നിങ്ങളെ അധികം മടുപ്പിക്കില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.