Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരാട്ടം: ‘ദ് റെവെനന്റ്’

revenant-review ‘ദ് റെവെനന്റ്’ ചിത്രത്തിൽ നിന്നും

റെവെനന്റ്– മരണത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ടുള്ള തിരിച്ചുവരവ് നടത്തുന്നവരെ അടയാളപ്പെടുത്തുന്ന വാക്ക്. അത്തരമൊരു മടങ്ങിവരവ് സാധ്യമാകണമെങ്കിൽ അതിനു വേണ്ടി നടത്തേണ്ട യാത്രയും എളുപ്പമായിരിക്കില്ല. വഴിനീളെ നെഞ്ചുറപ്പിന്റെ ബലത്തിൽ നടത്തിയ പോരാട്ടങ്ങളുടെയും കഥ പറയാനുണ്ടാകും ആ തിരിച്ചുവരവിന്. മനുഷ്യനോടും മരങ്ങളോടും മഞ്ഞിനോടും മലകളോടും എന്തിന് സ്വന്തം മനഃസ്സാക്ഷിയോടു പോലും നടത്തേണ്ടി വരും ആ പോരാട്ടം. അലെയാന്ദ്രോ ഗോൺസാലസ് ഇനാരിറ്റുവിന്റെ ‘ദ് റെവെനന്റ്’ അത്തരമൊരു തിരിച്ചുവരവിന്റെ കഥയാണ്, എന്നാൽ ആ ലേബലിൽ ഒതുക്കി നിർത്തി തളർത്താനാവില്ല ചിത്രത്തെ– തിരിച്ചറിവിന്റെ കൂടി കഥയാണിത്. ക്ലൈമാക്സിൽ ഒരേ സമയം ചിത്രത്തിലെ നായകനും ഒപ്പം പ്രേക്ഷകനും ആ അവസ്ഥയിലൂടെ കടന്നുപോകുന്നിടത്താണ് ഇനാരിറ്റുവിന്റെ വിജയവും.

യാഥാർഥ്യത്തിന്റെ ചോരത്തണുപ്പുണ്ട് ‘ദ് റെവെനന്റി’ന്റെ കഥയ്ക്ക്. 1823ൽ അമേരിക്കയിൽ നടന്ന ഒരു യഥാർഥ സംഭവം, അതിനെ അടിസ്ഥാനമാക്കി എഴുതിയ ഒരു നോവൽ, അതിലെ ഒരു ഭാഗമെടുത്താണ് ഇനാരിറ്റു ചലച്ചിത്രഭാവം പകർന്നത്. ഹ്യൂഗ് ഗ്ലേസ് എന്ന വേട്ടക്കാരനും സംഘവും മൃഗത്തോലിനു വേണ്ടി കൊടുംകാട്ടിൽ അലച്ചിലിലാണ്. ക്യാപ്റ്റൻ ആൻഡ്രൂ ഹെൻറിക്കാണ് അവരുടെ നേതൃത്വം. കൂട്ടത്തിലെ ഏറ്റവും പരിചയസമ്പന്നനായ ഗ്ലേസ് ആണ് ആ വേട്ടക്കൂട്ടത്തിന്റെ നട്ടെല്ല്. പക്ഷേ തദ്ദേശീയരായ ഗോത്രവിഭാഗക്കാരുടെ ആക്രമണത്തിൽ എല്ലാ പദ്ധതികളും പാളി. സംഘം കൊടുങ്കാട്ടിൽ പെട്ടു. ഗ്ലേസാണ് പുറംലോകത്തേക്കുള്ള ഏക വഴികാട്ടി, പക്ഷേ ഒരു കരടിയുടെ ആക്രമണത്തിൽ ജീവൻ മാത്രം ബാക്കി എന്ന അവസ്ഥയിലായി അയാൾ. ഇനിയുള്ള യാത്രയിൽ ആ ജീവച്ഛവത്തെയും ചുമക്കേണ്ടി വരും അവർക്ക്. ഒടുവിൽ ഒപ്പമുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി ക്യാപ്റ്റനു പറയേണ്ടി വന്നു– ‘ഗ്ലേസിനെ വഴിയിൽ ഉപേക്ഷിക്കുകയാണ്. അയാൾ മരിക്കുന്നതു വരെ ഒപ്പം കാവൽ നിൽക്കാൻ മൂന്നു പേർ വേണം. തിരിച്ച് ക്യാംപിലെത്തിയാൽ അതിനു മതിയായ തുകയും നൽകും. പക്ഷേ മാന്യമായ ശവസംസ്കാരത്തോടെ ഗ്ലേസിനെ യാത്രയാക്കിയിട്ടേ തിരികെ വരാവൂ...’ കൂട്ടത്തിലുള്ളവർ നടന്നൊഴിഞ്ഞപ്പോൾ, മഞ്ഞുപൊഴിയുന്ന ആ കാടിൻ നടുവിൽ മരണത്തിന്റെ തണുപ്പുകാത്ത് ഗ്ലേസ് കിടന്നു– അരികെ അദ്ദേഹത്തിന്റെ മകൻ ഹോക്ക്, പിന്നെ ജോൺ ഫിറ്റ്സ്ജേറൾഡ് എന്ന സഹവേട്ടക്കാരൻ, ഒപ്പം ആ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജിം ബ്രിജെറും. കാടും കാട്ടുമനുഷ്യരും കഥകളാകെ മാറ്റിമറിക്കുന്ന കാഴ്ചകളാണ് പിന്നീടങ്ങോട്ട്.

‘ദ് റെവെനന്റി’ൽ ഹ്യൂഗ് ഗ്ലേസ് ആയി അഭ്രപാളികളിലെത്തുന്ന ലിയനാർഡോ ഡി കാപ്രിയോയുടെ അഭിനയയാത്രയുടെ തുടക്കവും കാട്ടിൽ മരണത്തെ കാത്തു കിടക്കുന്ന ആ നിമിഷത്തിൽ നിന്നാണ്. ഒറ്റയ്ക്കാകുമ്പോൾ മരണത്തെക്കുറിച്ചോർക്കുന്നവരാണ് ഏറെയുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഗ്ലേസിന് മരണത്തണുപ്പിന്റെ കൈപിടിച്ച് കണ്ണടയ്ക്കാനാകില്ല. അയാൾക്ക് ചില കണക്കുകൾ തീർക്കാനുണ്ട്. അതിലേക്കുള്ള യാത്രയിൽ ആദ്യം നേരിടേണ്ടി വന്നത് കാടിനെയാണ്, പിന്നെ കാലാവസ്ഥയെ, അതിനു പിറകെ മനുഷ്യനെ. അവരിൽ കൈപിടിച്ച് കൂടെക്കൂട്ടിയ നല്ലവരുണ്ട്, അമ്പെയ്തും വെടിവച്ചും കൊല്ലാൻ നോക്കുന്നവരുമുണ്ട്. ആ യാത്രയിലുടനീളം ഒരു പെൺശബ്ദം കേൾക്കുന്നുണ്ട് ഗ്ലേസ്. കണ്മുന്നിൽ സുന്ദരിയായും ചോരയിൽ മുങ്ങി പേടിപ്പിക്കുന്നവളായും മാനത്തു തങ്ങി നിൽക്കുന്ന സ്വപ്നമായുമെല്ലാം ആ പെൺമുഖം അയാളെ ഓരോ നിമിഷവും വേട്ടയാടുന്നു. ഗ്ലേസിന്റെ മരിച്ചുപോയ ഭാര്യയാണത്. അവളുടെയും മകന്റെയും ഓർമകളാണ് അയാളുടെ യാത്രയുടെ ബലം. ‘മരച്ചില്ലകളിലേക്കു നോക്കുമ്പോൾ നിങ്ങൾ തളരുകയേ ഉള്ളൂ. കാരണം അത് ഏതുനിമിഷവും കടപുഴകി വീഴാവുന്ന മരത്തിന്റെ ബലക്ഷയത്തെയാണ് ഓർമിപ്പിക്കുക. അന്നേരം കരുത്തുറ്റ മരത്തടിയെക്കുറിച്ചോർക്കുക, ഒരു കാറ്റിനും കടപുഴക്കാനാകാത്ത വിധം കരുത്തു നിറയും മനസ്സിൽ...’ ഈ വാക്കുകളാണ് ചിത്രത്തിലുടനീളം. റെവെനന്റിന്റെ ആരംഭത്തിൽപ്പോലും ‘അവസാന ശ്വാസവും വറ്റിവരളും വരെ പോരാടണമെന്ന’ ആഹ്വാനമാണ്. അതാണ് ചിത്രത്തിനു പ്രാണവായു പകരുന്ന ‘വൺലൈനും’.

leonardo ‘ദ് റെവെനന്റ്’ ചിത്രത്തിൽ നിന്നും

സാധാരണമായ ഒരു പ്രതികാരകഥയെ അസാധാരണമായ അനുഭവമാക്കി മാറ്റുന്നതിനു പിന്നിലെ പ്രധാനികൾ മൂന്നു പേരാണ്– അലെയാന്ദ്രോ ഇനാരിറ്റു എന്ന സംവിധായകൻ, ലിയനാർഡോ ഡി കാപ്രിയോ എന്ന നായകൻ, പിന്നെ ‌ഛായാഗ്രാഹകൻ ഇമ്മാന്വൽ ലുബേസ്കിയും. ചിത്രത്തിൽ ഫിറ്റ്സ് ജേറൾഡായെത്തിയ ടോം ഹാർഡിയെയും മാറ്റി നിർത്താനാകില്ല. അവരിൽ മാത്രം നിർത്തുന്നതും ശരിയാവില്ല, കാരണം ചിത്രം ആരംഭിക്കുന്ന ആദ്യനിമിഷങ്ങളിൽ നീരൊഴുക്കിലൂടെ നീങ്ങുന്ന കാൽപ്പാദങ്ങളുടെ കാഴ്ചയിൽ നിന്നാരംഭിക്കുന്നു ഒരു ‘ടോട്ടൽ സിനിമ’യ്ക്കു വേണ്ട ശ്രമങ്ങൾ. സംവിധായകനും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും കയ്യോടുകൈ ചേർന്നു നിന്നില്ലെങ്കിൽ ഉണ്ടാകാനിടയില്ലെന്നു തോന്നിപ്പിക്കുന്ന ദൃശ്യങ്ങളും ശബ്ദവിന്യാസവുമാണ് പിന്നീടങ്ങോട്ട്. ‘കംപ്യൂട്ടർ ജനറേറ്റഡ്’ ആണെങ്കിൽ പോലും ചിത്രത്തിലെ നിർണായക നിമിഷമായ ‘കരടിയാക്രമണത്തെ’ യാഥാർഥ്യാനുഭവമാക്കുന്നതു തന്നെ അതിലെ മികവിന്റെ ഉദാഹരണം. യഥാർഥ ലൊക്കേഷനുകളിൽ, യഥാർഥ കാലാവസ്ഥയിൽ തന്നെ ചിത്രം ഷൂട്ട് ചെയ്യണമെന്ന നിർബന്ധബുദ്ധിയിൽ നിന്നു തന്നെ തുടങ്ങിയിരുന്നു ഈ മികവ്. അത് ഛായാഗ്രാഹണത്തിലും തെളിഞ്ഞു കാണാം– പൊഴിയുന്ന മഞ്ഞും, ഇലച്ചാർത്തിനെ മുറിച്ചിറങ്ങുന്ന വെയിലും, മലനിരകളും മാനം മുട്ടുന്ന മരക്കൂട്ടങ്ങളുമെല്ലാമായി. കാടും കാലാവസ്ഥയും മനുഷ്യനോടു സംവദിക്കുന്ന കാഴ്ചകൾ. തിരിച്ചെടുക്കാനും തിരിച്ചുകൊടുക്കാനുമുള്ള അധികാരം ദൈവത്തിനു മാത്രമാണെന്നു തെളിയിക്കുന്ന, ദൈവത്തിന്റെ ഏറ്റവും കരുത്തനായ സൃഷ്ടി എന്നഹങ്കരിക്കുന്ന മനുഷ്യനെ വിനീതവിധേയനാക്കുന്ന നിമിഷങ്ങൾ.

revenant ‘ദ് റെവെനന്റ്’ ചിത്രത്തിൽ നിന്നും

ഏറ്റവുമധികം നോമിനേഷനുകൾ സ്വന്തമാക്കി ഓസ്കറിലേക്കുള്ള യാത്രയിലാണ് ‘ദ് റെവെനന്റ്’. പുരസ്കാരം തീരുമാനിക്കുന്നവർക്കും പ്രേക്ഷകർക്കും ഒരുപോലെ കണ്ണടയ്ക്കാനാകില്ല ഈ ചിത്രത്തിനു നേരെ. കാരണം, മഞ്ഞിലും ഒപ്പം മനസ്സിലും പടരുന്ന ചോരപ്പൂക്കളാണീ ചിത്രം...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.