Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിലെ ‘സയന്റിസ്റ്റ്’ അഥവാ ‘ലുബെസ്കിയൻ’ സ്റ്റൈൽ

lubezki-legend ഇമ്മാനുവൽ ലുബെസ്കി

ഹോളിവുഡിന്റെ സയൻസ്–ഫിക്‌ഷൻ 3 ഡി ചിത്രം ‘ഗ്രാവിറ്റി’ അണിയറയിലൊരുങ്ങുന്ന സമയം. വിഷ്വൽ എഫക്ട്സ് വിദഗ്ധർ കൊണ്ടുപിടിച്ച ആലോചനയിലാണ്. ചിത്രത്തിൽ സാന്ദ്ര ബുള്ളക്കും ജോർജ് ക്ലൂണിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ബഹിരാകാശത്ത് ഒഴുകി നടക്കുന്ന രംഗങ്ങളിലെ ‘ലൈറ്റിങ്’ ആണ് പ്രശ്നം. ഭൂമിയിലേതു പോലെയല്ലല്ലോ, ഭൂമിയും നക്ഷത്രങ്ങളും വരെ ചില സീനുകളിൽ പശ്ചാത്തലത്തിൽ വരുന്നുണ്ട്. അതിനാൽത്തന്നെ പ്രകാശവിന്യാസം കൃത്യമായി കഥാപാത്രങ്ങളുടെ മുഖത്തേക്ക് കേന്ദ്രീകരിക്കണമെങ്കിൽ പുതിയ തന്ത്രങ്ങൾ തയാറാക്കിയേ മതിയാകൂ. ഗ്രാവിറ്റിയുടെ ഛായാഗ്രാഹകൻ ഇമ്മാനുവൽ ലുബെസ്കിയാണ് അന്നേരം ഒരാശയം പങ്കുവച്ചത്. അടുത്തിടെ താൻ കണ്ട ഒരു സംഗീതപരിപാടിയിൽ സ്റ്റേജിലെ ഗായകന് പ്രാമുഖ്യം ലഭിക്കുന്നതിനു വേണ്ടി നടത്തിയ എൽഇഡി വിന്യാസത്തെപ്പറ്റിയായിരുന്നു അത്.

ഒരുപക്ഷേ ആ എൽഇഡി പാനലുകാരോട് ചോദിച്ചാൽ മനസിലാകും അതെങ്ങനെ സാധ്യമാക്കിയെന്ന്. സംവിധായകൻ അൽഫോൻസോ ക്വറോൺ അപ്പോൾത്തന്നെ ആളെ വിട്ട് സ്റ്റേജിന്റെ ആർട് ഡിസൈനർമാരെ വിളിപ്പിച്ചു. അവരോട് വിഷ്വൽ എഫക്ട്സ് ടീമും ലുബെസ്കിയും സംസാരിച്ചു. തുടർന്നാണ് വിഷ്വൽ ഇഫക്ട്സിന് മികവിന്റെ ഓസ്കർ വരെ നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ‘ലൈറ്റ് ബോക്സ്’ എന്ന തന്ത്രത്തിന്റെ പിറവി. ആയിരക്കണക്കിന് എൽഇഡി ബൾബുകൾ ചേർന്ന പാനലുകൾ കൊണ്ട് ‘ചുമരുകൾ’ തീർത്ത ഒരു ചതുരപ്പെട്ടി. അതിനകത്ത് കഥാപാത്രങ്ങൾ ഒഴുകി നടക്കുന്ന അനുഭവമുണ്ടാക്കാനുള്ള ക്രെയിനുമുണ്ട്. കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിൽ ഭൂമിയെയും ചന്ദ്രനെയുമൊക്കെ എൽഇഡി പാനൽ വഴി പ്രൊജക്ട് ചെയ്തുകൊടുത്തു. അതോടെ കഥാപാത്രങ്ങൾക്ക് തങ്ങൾ ശരിക്കും ബഹിരാകാശത്താണെന്ന ‘ഫീൽ’ കിട്ടുക മാത്രമല്ല ഛായാഗ്രാഹകന് ആവശ്യം പോലെ എൽഇഡി ബൾബുകൾ വഴി പ്രകാശം ക്രമീകരിക്കാനും സാധിച്ചു.

ലൈറ്റ് ബോക്സിൽ കഥാപാത്രങ്ങളല്ലാതെ മറ്റാരുമില്ല. ക്യാമറ പോലും നിയന്ത്രിച്ചത് പുറത്തിരുന്ന്. ലുബെസ്കി പുറമെ നിന്ന് ഇയർഫോൺ വഴി നിർദേശങ്ങൾ നൽകുമ്പോൾ താൻ ശരിക്കും ബഹിരാകാശത്താണെന്ന് തോന്നിപ്പോയെന്നും അതിന്റെ ഗുണം തന്റെ അഭിനയത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്നും സാന്ദ്ര ബുള്ളക്ക് പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങനെ വിഷ്വൽ എഫക്ട്സ്, ലൈറ്റിങ്, ഛായാഗ്രഹണം, അഭിനയം, സംവിധാനം എല്ലാറ്റിലും ഒരുകൈ സഹായം പകർന്ന ആ‘ ൈലറ്റ് ഹൗസിന്റെ’ ഉപജ്ഞാതാവിനും കിട്ടി ആദ്യമായൊരു ഓസ്കർ. കോളജ് കാലം മുതൽക്കു തന്നെ ഒപ്പമുള്ള ലുബെസ്കി എന്ന ആ ഛായാഗ്രാഹകനെപ്പറ്റി അൽഫോൻസോ ക്വറോണെന്ന കൂട്ടുകാരനു പറയാനുള്ളതും മറ്റൊന്നുമല്ല: ഹോട്ടലിൽ ഭാര്യയ്ക്കൊപ്പം കാൻഡ്‌ൽ ലൈറ്റ് ഡിന്നറിനു പോയാൽപ്പോലും അവിടെയിരുന്ന് മുന്നിലെ മെഴുകുതിരിയുടെ വെളിച്ചം ഏറ്റവും ഭംഗിയായി ലഭിക്കുന്ന വിധം ക്രമീകരിക്കുന്നയാളാണ് ലുബെസ്കി എന്ന് ക്വറോൺ പറയുമ്പോൾ അവിശ്വസിക്കാൻ തരമില്ല.

മികച്ച ഛായാഗ്രഹണത്തിന് ലുബെസ്കിക്ക് രണ്ടാം ഓസ്കർ നേടിക്കൊടുത്ത ‘ബേഡ്മേൻ’ എന്ന ചിത്രം കണ്ട ചിലരെങ്കിലും ചിന്തിച്ചു– ഇതിലെ കാഴ്ചകൾക്ക് എന്തോ പ്രത്യേകതയുണ്ടല്ലോ! ഇതൊരൊറ്റ ഷോട്ടിലെടുത്തതാണോ? അതെങ്ങനെ സാധിക്കും? രണ്ടു മണിക്കൂറോളം വരുന്ന സിനിമയാണ്, ഒറ്റഷോട്ടിൽ അസാധ്യമാണെന്നതുറപ്പ്. പക്ഷേ കണ്മുന്നിൽ കാണുന്നതിനെ അവിശ്വസിക്കാനും വയ്യ. ഗ്രാവിറ്റിക്കു ശേഷം പ്രേക്ഷകനെ ഞെട്ടിച്ച അടുത്ത ‘ലുബെസ്കിയൻ’ തന്ത്രമായിരുന്നു അത്. ബേഡ്മേനിലെ ഏറ്റവും ദൈർഘ്യമേറിയ ഷോട്ട് പോലും 15 മിനിറ്റേയുള്ളൂ. ബാക്കിയെല്ലാം ശരാശരി 10 മിനിറ്റും. പക്ഷേ എഡിറ്റിങ് സ്യൂട്ടിൽ അവയുടെ ‘കൂട്ടിച്ചേർക്കലുകളിൽ’ നടത്തിയ തന്ത്രമായിരുന്നു സുദീർഘമായ ഒരൊറ്റ ഷോട്ടിലാണ് ചിത്രം പൂർത്തിയാക്കിയതെന്ന് തോന്നിപ്പിച്ചത്. അവിടെയും എഡിറ്ററുടെ ജോലി എളുപ്പമാക്കിക്കൊടുത്തത് ലുബെസ്കിയുടെ തന്ത്രപരമായ ക്യാമറാചലനങ്ങൾ തന്നെ. അദ്ദേഹത്തെ അടുത്തറിയാവുന്നവർക്ക് പക്ഷേ ഇതൊന്നും കണ്ട് അദ്ഭുതം തോന്നില്ല. കാരണം ആദ്യമായി ഓസ്കർ നോമിനേഷൻ ലഭിച്ച ‘എ ലിറ്റിൽ പ്രിൻസസ്’ മുതൽ ഇതുവരെയുള്ള മിക്ക ചിത്രങ്ങളിലും ക്യാമറയുടെ സാധ്യതകളെ അതിന്റെ അങ്ങേയറ്റം വരെ പ്രയോജനപ്പെടുത്താനുള്ള വഴികൾ തയാറാക്കിയായിരുന്നു ലുബെസ്കിയുടെ ഛായാഗ്രഹണം.

കൂട്ടുകാർക്കിടയിൽ ‘ഷിവോ’ എന്ന ഓമനപ്പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഫൊട്ടോഗ്രഫർ ആകണമെന്നായിരുന്നു ലുബെസ്കിയുടെ ചെറുപ്പകാലത്തെ ആഗ്രഹം. പക്ഷേ മെക്സിക്കോയിൽ അന്ന് സ്റ്റിൽ ഫൊട്ടോഗ്രഫി പഠിക്കാനുള്ള നല്ല ഇൻസ്റ്റിറ്റ്യൂട്ടുകളൊന്നുമുണ്ടായിരുന്നില്ല. തന്റെ പതിനഞ്ചാം വയസ്സിൽ ഒരു വനിതാഫൊട്ടോഗ്രഫർക്കൊപ്പം നടത്തിയ യാത്രയാണ് എല്ലാം മാറ്റിമറിച്ചത്. ഫൊട്ടോഗ്രഫിയുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ ഏതെങ്കിലും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനായിരുന്നു അവരുടെ നിർദേശം. പിന്നീട് ഇഷ്ടപ്പെട്ട മേഖലയിലേക്ക് മാറാമല്ലോ! പക്ഷേ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ആദ്യ ആഴ്ചയിൽത്തന്നെ ലുബെസ്കി തീരുമാനിച്ചു– ഇനി നിശ്ചലമല്ല ചലനചിത്രങ്ങളാണു തന്റെ ജീവിതം.

lubezki-camera ഇമ്മാനുവൽ ലുബെസ്കി ഷൂട്ടിങ്ങിനിടയിൽ

1991ൽ സ്പാനിഷ് സിനിമകളിൽ നിന്നാണു തുടക്കമെങ്കിലും 1993ലിറങ്ങിയ ട്വന്റി ബക്ക്സ് എന്ന ചിത്രത്തിലൂടെയാണ് രാജ്യാന്തര സിനിമയിലേക്ക് ലുബെസ്കിയുടെ ക്യാമറയെത്തുന്നത്. അന്നു മുതൽ 2013 വരെ ഓസ്കർ സ്വപ്നം നോമിനേഷനുകളായി കടന്നുപോയത് എട്ടുതവണ. പക്ഷേ 2013ൽ കഥ മാറി. ആദ്യമായി ഗ്രാവിറ്റിയിലൂടെ ഓസ്കർ, 2014ൽ ബേഡ്മേൻ. 2015ലാകട്ടെ ദ് റെവെനന്റിലൂടെ ഏതൊരു ഛായാഗ്രാഹകനും കൊതിക്കുന്ന ‘ഓസ്കർ ഹാട്രിക്’ എന്ന സ്വപ്ന നിമിഷത്തിനു തൊട്ടരികിലും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.