Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലച്ചിലുകൾക്കൊടുവിൽ ഒരു അലെയാന്ദ്രോ ഇനാരിറ്റു

alejandro-director അലെയാന്ദ്രോ ഇനാരിറ്റു

ഒരു ഹിപ്പിയായി ലോകം ചുറ്റണമെന്നായിരുന്നു അവന്റെ ആഗ്രഹം. അതങ്ങനെ മനസ്സിൽ പെരുത്ത് പെരുത്ത് നിൽക്കുന്ന കാലം. കൗമാരം കടന്ന് ചെറുപ്പത്തിന്റെ കലാപകാലത്തിലേക്ക് കാലെടുത്തുവയ്ക്കാനൊരുങ്ങുകയാണ്. ലോകത്തെ മുഴുവൻ ജനങ്ങളെയും സ്നേഹിക്കാൻ ആഗ്രഹിച്ച അവൻ പക്ഷേ അപ്പോഴേക്കും നാട്ടിലും വീട്ടിലും ഒരു ശല്യക്കാരനായിരുന്നു. ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും ഒരു അഹങ്കാരി. പക്ഷേ മകന്റെ മനസ്സറിയാവുന്ന അച്ഛൻ ഒരു ദിവസം അവന് 1000 ഡോളർ നൽകിയിട്ടു പറഞ്ഞു– ‘എന്റെ കയ്യിൽ ഇത്രയേ ഇപ്പോഴുള്ളൂ. ഇതുമായി നീയൊരു യാത്ര പോയിട്ടു വരൂ...’ ആ പണം കൊണ്ട് ചരക്കുകപ്പലുകളിലേറി അവൻ കടൽ കടന്നു. യൂറോപ്പിലും ആഫ്രിക്കയിലും തോന്നിയ പോലെ അലഞ്ഞു. തോന്നിയയിടത്ത് കിടന്നു, കിട്ടിയത് തിന്നു. അലച്ചിലുകൾക്കൊടുവിൽ തിരിച്ച് മെക്സിക്കോയിലെ വീട്ടിലെത്തുമ്പോൾ അന്നേവരെ ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് ഒരു അപ്പൂപ്പൻ താടിയാകാൻ ആഗ്രഹിച്ചിരുന്ന അവൻ തികഞ്ഞ ഉത്തരവാദിത്തമുള്ള ഒരു ചെറുപ്പക്കാരനായി മാറിയിരുന്നു. അലെയാന്ദ്രോ ഗോൺസാലസ് ഇനാരിറ്റു എന്ന സംവിധായകന്റെ ‘ജനനവും’ ആ യാത്രയ്ക്കൊടുവിലായിരുന്നു.

എൺപതുകളിലായിരുന്നു ആ യാത്ര. വർഷമിത്ര കഴിഞ്ഞു. പക്ഷേ ഇനാരിറ്റുവിന്റെ ഉള്ളറകളിലെവിടെയോ ഇപ്പോഴും കിടന്നുകറങ്ങുന്നുണ്ട് ആ പഴയ ‘ഹിപ്പി’. അക്കാര്യം തന്റെ സിനിമകളിലൂടെ ലോകത്തിനു മുന്നിലേക്ക് ഇടയ്ക്കിടെ വിളിച്ചുപറയുന്നുമുണ്ട് അദ്ദേഹം. ലോകം കണ്ടവന്റെ കരുത്തോടെ, പ്രകൃതിയെ അടുത്തറിഞ്ഞവന്റെ മനസ്സോടെ ഇനാരിറ്റു ഒരുക്കിയ സിനിമ ഇത്തവണയും ഓസ്കറിലെ പ്രധാന ചർച്ചാവിഷയമാണ്. തുടർച്ചയായ രണ്ടാം വർഷവും മികച്ച സിനിമയിലേക്കുള്ള ഓസ്കറിലേക്ക് യാത്ര തിരിക്കുമ്പോൾ ഇനാരിറ്റു നടന്നു തീർത്ത വഴിത്താരകളേറെയാണ്. 52 വർഷത്തെ കഥകൾ പറയാനുണ്ടതിന്.

മെക്സിക്കൻ സിനിമയിൽ കാര്യമായ ചലനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്, 1963 ഓഗസ്റ്റ് 15നാണ്, ജനനം. സിനിമയ്ക്കും മുൻപ് സംഗീതത്തോടായിരുന്നു സ്നേഹം. അതെത്തിച്ചത് 1984ൽ ഒരു റേഡിയോയിലെ അവതാരകനായി. അതിനിടെ ചില മെക്സിക്കൻ സിനിമകൾക്കു വേണ്ടി സംഗീത സംവിധാനം. ആ യാത്ര പതിയെ ടിവിയിലേക്കു മാറി. ടെലിവിഷൻ പ്രൊ‍ഡക്‌ഷനിൽ പയറ്റിത്തെളിഞ്ഞതിന്റെ ധൈര്യത്തിലാണ് ഇനാരിറ്റുവും കൂട്ടുകാരനും ചേർന്ന് ഇസെഡ് ഫിലിംസ് എന്ന നിർമാണ കമ്പനി തുടങ്ങിയത്. പിന്നെ ഹ്രസ്വചിത്രങ്ങൾക്കും പരസ്യചിത്രങ്ങൾക്കും വേണ്ടിയുള്ള എഴുത്തും നിർമാണവും സംവിധാനത്തിന്റെയും തിരക്ക്. ഇന്ന് മെക്സിക്കോയിലെ വമ്പൻ പ്രൊഡക്‌ഷൻ കമ്പനികളിലൊന്നാണ് ഇസെഡ് ഫിലിംസ്. ഇനാരിറ്റുവിന്റെ നേതൃത്വത്തിൽ ഇതുവരെ ഏഴ് നവാഗത സംവിധായകർക്കാണ് ചലച്ചിത്രലോകത്തേക്ക് ഇസെഡ് ഫിലിംസ് വഴി തുറന്നുകൊടുത്തത്.

പരസ്യചിത്രങ്ങൾ ചെയ്യുന്നത് പണമുണ്ടാക്കാനാണ്, പക്ഷേ സിനിമയാണ് തന്റെ സ്വപ്നം, ജീവിതം. അക്കാര്യത്തിൽ സംശയമില്ല ഇനാറിറ്റുവിന്. 2000ത്തിലെ ആദ്യചിത്രം അമോറെസ് പെറോസിലൂടെ തന്നെ ലോകത്തിനു വ്യക്തമാക്കിക്കൊടുത്തതാണ് സിനിമയിലെ ‘ഇനാരിറ്റു സ്റ്റൈൽ’ എന്താണെന്ന്. പല രാജ്യങ്ങളിലെ, ഭാഷകളിലെ, പലരുടെ കഥകൾ ഒരൊറ്റ സിനിമയിലൊന്നിക്കുന്ന അദ്ഭുതങ്ങളുമായി പിന്നെയും രണ്ട് ചിത്രങ്ങൾ–21 ഗ്രാംസും (2003), ബാബേലും(2006). കാൻ ചലച്ചിത്രമേളയിൽ ബാബേലിലൂടെ ഇതാദ്യമായി ഒരു മെക്സിക്കൻ സംവിധായകൻ മികവിന്റെ പുരസ്കാരം നേടി. ആ വർഷം തന്നെ ഏഴ് ഓസ്കർ നോമിനേഷനുകൾ സ്വന്തമാക്കി ഇനാറിറ്റു സൂചന നൽകിയിരുന്നു– കാഴ്ചകൾ വരാനിരിക്കുന്നതേയുള്ളൂ... 2010ൽ വീണ്ടും ബ്യുട്ടിഫുൾ (Biutiful) എന്ന സ്പാനിഷ് ചിത്രം. ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കർ നോമിനേഷൻ ബ്യുട്ടിഫുളിനായിരുന്നു. നാലു വർഷം കഴിഞ്ഞു. ഇനി നോമിനേഷനുകളൊന്നും വേണ്ടെന്ന വിധത്തിലായിരുന്നു 2014ൽ ‘ബേഡ്മേനു’മായുള്ള ഇനാറിറ്റുവിന്റെ വരവ്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ സ്ക്രീൻപ്ലേ എന്നിങ്ങനെ മൂന്ന് ഓസ്കറുകളും സ്വന്തമാക്കിയാണ് ബേഡ്മാനൊപ്പം ഇനാറിറ്റുവും പ്രേക്ഷകഹൃദയങ്ങളിലേക്ക് പറന്നിറങ്ങിയത്. സിനിമാറ്റിക് സർഗാത്മകതയുടെ ആ ചിറകടിയൊച്ച ഇപ്പോഴും നിലച്ചിട്ടില്ല. 12 ഓസ്കർ നോമിനേഷനുകളാണ് ഏറ്റവും പുതിയ ചിത്രം ‘ദ് റെവെനന്റി’നു ലഭിച്ചിരിക്കുന്നത്. പ്രകൃതിദത്തമായ വെളിച്ചത്തിൽ, മരംകോച്ചുന്ന തണുപ്പിൽ, ഇന്നേവരെ ആരും കാലുകുത്താത്ത കാടിനു നടുവിൽ എല്ലാ ത്യാഗങ്ങളും സഹിച്ച് ഷൂട്ടു ചെയ്യുമ്പോഴും ആ പഴയ ഹിപ്പിയുടെ മനസ്സായിരുന്നു അദ്ദേഹത്തിനെന്നത് ഉറപ്പ്. അതിനാൽത്തന്നെയാണ് പലരും പാതിവഴിയിൽ ‘ഞങ്ങളെക്കൊണ്ടു വയ്യെന്നും’ പറഞ്ഞ് ഉപേക്ഷിച്ചു പോയിട്ടും തന്റെ സിനിമയുടെ പൂർണതയ്ക്കു വേണ്ടി അദ്ദേഹം ഉറച്ചുനിന്നതും. അത്തരമൊരാളെ ദൈവത്തിനു പോലും കഷ്ടപ്പെടുത്താൻ തോന്നില്ല.

പക്ഷേ വിജയങ്ങളിൽ മതിമറക്കാൻ നേരമില്ല ഇദ്ദേഹത്തിന്. താൻ ലോകത്ത് ഏറ്റവുമധികം സ്നേഹിക്കുന്ന അച്ഛന്റെ വാക്കുകളാണ് അതിനദ്ദേഹം കടമെടുക്കുന്നതും– ‘വിജയം രുചിച്ചു നോക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇറക്കാതെ അപ്പോൾത്തന്നെ തുപ്പിക്കളയണം, അത്രമാത്രം വിഷലിപ്തമാണത്...’ വിജയത്തിൽ പോലും മതിമറക്കാത്ത ഈ സംവിധായകനെ ഉപേക്ഷിക്കാൻ പക്ഷേ ജയങ്ങൾക്കാകില്ലല്ലോ. അത് ഒന്നിനു പിറകെ ഒന്നായിങ്ങനെ തേടിയെത്തുകയാണ്.

ലാസ്റ്റ് ഷോട്ട്: 100 കോടി ഉപയോക്താക്കൾ തികഞ്ഞ 2012ൽ ഫെയ്സ്ബുക്ക് ഒരു പ്രമോഷനൽ വിഡിയോ ചെയ്തു. ‘ദ് തിങ്ക്സ് ദാറ്റ് കണക്ട് അസ്’ എന്നായിരുന്നു ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ആ വിഡിയോയുടെ പേര്. ലോകത്തെ ഫെയ്സ്ബുക്ക് പരസ്പരം ഒന്നിപ്പിച്ചതെങ്ങനെയെന്നാണ് ആ വിഡിയോ കാഴ്ചകൾ പറഞ്ഞത്. ലോകത്തിന്റെ ചിതറിയ കാഴ്ചകളെ സിനിമയെന്ന ഒരൊറ്റ നൂലിൽ കെട്ടിയൊരുമിപ്പിച്ച ഇനാരിറ്റുവെന്ന സംവിധായകൻ തന്നെയായിരുന്നു അതിനു പിന്നിലും!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.