Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോഴില്ലെങ്കിൽ ഇനിയില്ല ലിയോയ്ക്ക് ഓസ്കർ

dicprio ലിയനാഡോ ഡി കാപ്രിയോ

‘ഇത്തവണ ലിയനാഡോ ഡി കാപ്രിയോക്ക് ഓസ്കർ കിട്ടാതിരിക്കണമെങ്കിൽ ഒരേയൊരു സാധ്യതയേയുള്ളൂ. ലിയോക്ക് ഓസ്കർ പ്രഖ്യാപിച്ച് അത് വാങ്ങാൻ പോകുന്നതിനിടയിൽ ‘ദ് റെവെനന്റി’ലെ കരടി വന്ന് കടിച്ച് ഒരു പരുവമാക്കിയാൽ മാത്രം...’ റെവെനന്റിനെ വിലയിരുത്തിയ ലേഖനത്തിൽ ഒരു വിദേശ ഫിലിം ജേണലിസ്റ്റ് കുറിച്ച വാക്കുകളാണിത്. റെവെനന്റിന് മികവിന്റെ ഓസ്കർ കിട്ടിയില്ലെങ്കിലും ലിയോക്ക് മികച്ച നടനുള്ള ഓസ്കർ അത്ര മാത്രം ഉറപ്പായ കാര്യമാണെന്ന് സിനിമാലോകവും നിരൂപകരും വിമർശകരും വരെ പ്രവചിക്കുന്നു. പ്രതികാരം നിറഞ്ഞ മനസ്സോടെ പ്രതികൂല സാഹചര്യങ്ങളോടൊന്നൊന്നായി പോരാടി ലക്ഷ്യത്തിലേക്കു മുന്നേറുന്ന ഹ്യൂഗ് ഗ്ലേസ് എന്ന കഥാപാത്രത്തെ അത്രമാത്രം സത്യസന്ധമായാണ് ലിയനാഡോ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനു മുൻപ് നാലു തവണയാണ് അഭിനയമികവിനുള്ള ഓസ്കർ കപ്പിനും ചുണ്ടിനുമി‍ടയിൽ വച്ച് ലിയോക്ക് നഷ്ടമാകുന്നത്. ഓരോ തവണയും നഷ്ടത്തിൽ തളർന്നിരിക്കാതെ അഭിനയ സാധ്യതകളുടെ പുത്തൻ തീരങ്ങളിലേക്ക് സ്വയം പരിവർത്തനം ചെയ്യുകയായിരുന്നു ഈ നാൽപത്തിയൊന്നുകാരൻ. പത്തൊൻപതാം വയസിലാണ് ലിയനാഡോയെ തേടി ആദ്യ ഓസ്കർ നോമിനേഷനെത്തുന്നത്, 'വാട്ട്സ് ഈറ്റിങ് ഗിൽബെർട് ഗ്രേപ്' (1993) എന്ന ചിത്രത്തിലൂടെ. ഒരുപക്ഷേ സിനിമയെക്കുറിച്ച് സീരിയസായി ചിന്തിക്കാൻ പോലും തുടങ്ങിയിട്ടില്ലാത്ത സമയത്ത്. ജോണി ഡെപ്പ് അവതരിപ്പിച്ച ഗിൽബെർട് ഗ്രേപിന്റെ സഹോദരനായിട്ടായിരുന്നു ലിയോയുടെ പ്രകടനം. മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരന്റെ കഥാപാത്രത്തിലൂടെ ലിയോക്ക് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷനായിരുന്നു ലഭിച്ചത്.

പക്ഷേ ‘ദ് ഫ്യുജിറ്റിവി’ലെ അഭിനയത്തിന് ആ വർഷം അവാർഡ് ടോമി ലീ ജോൺസ് കൊണ്ടുപോയി. പിന്നെയും ഒരു ദശാബ്ദക്കാലത്തിലേറെ, 2005 വരെ, കാത്തിരിക്കേണ്ടി വന്നു മികവിന്റെ ഓസ്കർ നോമിനേഷൻ ലിയോയെ തേടിയെത്താൻ. അതിനിടയിലാകട്ടെ 'ദ് ബീച്ചും' 'ൈടറ്റാനിക്കും' 'ക്യാച്ച് മി ഇഫ് യു ക്യാനും' 'ഗാങ്സ് ഓഫ് ന്യൂയോർക്കു'മെല്ലാമായി ഹോളിവുഡിന്റെ പ്രിയതാരമായി മാറിയിരുന്നു ഇദ്ദേഹം. ടൈറ്റാനിക് സമ്മാനിച്ച പ്രേമനായകപ്പട്ടം വലിച്ചെറിയാനുള്ള ബോധപൂർവമായ ശ്രമങ്ങളും ഇതിനോടൊപ്പം അദ്ദേഹത്തിനു നടത്തേണ്ടി വന്നു. കാമുകി റോസിനു വേണ്ടി ജീവൻ ത്യജിച്ച ജാക്ക് ലോകമെമ്പാടും കൗമാരക്കാരിൽ അത്രമാത്രം സ്വാധീനമായിരുന്നു ഉണ്ടാക്കിയത്. ഇതില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമം കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. 2005ൽ ‘ദി ഏവിയേറ്ററി’ലെ ഹൊവാർഡ് ഹ്യൂഗ്സ് ആയി തകർത്തെങ്കിലും ആ വർഷം ‘റേ’ എന്ന ചിത്രത്തിലൂടെ റേ ചാൾസിന്റെ ജീവിതചിത്രം അനശ്വരമാക്കിയ ജെമി ഫോക്സിനായിരുന്നു ഓസ്കർ.

dicaprio-blood-diamond ‘ബ്ലഡ് ഡയമണ്ട്’ എന്ന ചിത്രത്തിൽ ലിയനാഡോ ഡി കാപ്രിയോ

ലിയോക്ക് ഇതാദ്യമായി ഓസ്കർ ഉറപ്പിച്ച നോമിനേഷനായിരുന്നു 2007ൽ ലഭിച്ചത്. ‘ബ്ലഡ് ഡയമണ്ട്’ എന്ന ചിത്രത്തിലെ ഒരേസമയം കൗശലക്കാരനും എന്നാൽ മനസ്സിൽ നന്മയുടെ ചെറുകണമെങ്കിലും സൂക്ഷിക്കുന്നവനുമായ രത്നക്കള്ളക്കടത്തുകാരനെ പ്രേക്ഷകരും നിരൂപകരും അത്രമാത്രം സ്നേഹത്തോടെ സ്വീകരിച്ചിരുന്നു. പക്ഷേ ഓസ്കർ ലഭിച്ചത് ‘ദ് ലാസ്റ്റ് കിങ് ഓഫ് സ്കോട്‌ലാൻഡിലെ’ അഭിനയത്തിന് ഫോറെസ്റ്റ് വിറ്റേക്കർക്ക്.

wolf-of-wallstreet ‘ദ് വൂൾഫ് ഓഫ് വോൾസ്ട്രീറ്റ്’ എന്ന ചിത്രത്തിൽ ലിയനാഡോ ഡി കാപ്രിയോ

അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തിനു വേണ്ടി ഓസ്കർ മാറ്റിവച്ചിരിക്കുകയായിരുന്നു എന്നു തോന്നിപ്പിക്കും വിധത്തിലായിരുന്നു 2014ലെ ഓസ്കർ നോമിനേഷൻ. ‘ദ് വൂൾഫ് ഓഫ് വോൾസ്ട്രീറ്റി’ലെ സ്റ്റോക്ക്ബ്രോക്കർക്ക് ആരാധകർ അത്രയേറെയുണ്ടായിരുന്നു. പക്ഷേ ഡാലസ് ബയേഴ്‌സ് ക്ലബിലെ മാത്യു മക്കണഹേയുടെ കഥാപാത്രം വമ്പനൊരു വെല്ലുവിളിയായി അന്ന് മുന്നിലുണ്ടായിരുന്നു. എയ്ഡ്സ് രോഗിയുടെ കഥാപാത്രത്തിനു വേണ്ടി ശരീരഭാരം വരെ കുറച്ച് എല്ലുംതോലുമായഭിനയിച്ച മക്കണഹേ തന്നെ ആ വർഷം ഓസ്കർ കൈപ്പിടിയിലൊതുക്കുകയും ചെയ്തു. മുൻവർഷങ്ങളിപ്പോലെയല്ല ഇപ്പോൾ കാര്യങ്ങൾ. രണ്ട് ദശാബ്ദക്കാലത്തിലേറെ പിന്നിട്ട അഭിനയജീവിതത്തിൽ പക്വതയുള്ള നടനായിരിക്കുന്നു ലിയനാഡോ. കഥാപാത്രത്തിനു വേണ്ടി മക്കണഹേ ശരീരഭാരം കുറച്ചതുപോലെ കൊടുംതണുപ്പിലെ ചിത്രീകരണത്തിനിടെ യഥാർഥ സാഹചര്യങ്ങളോട് മല്ലിട്ട് ലിയനാഡോയും കഥാപാത്രപൂർണതയ്ക്കു വേണ്ടി ‘റെവെനന്റിൽ’ കഴിവിന്റെ പരമാവധി ശ്രമിച്ചിരിക്കുന്നതു കാണാം.

ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന മട്ടിലാണു കാര്യങ്ങൾ. ഓസ്കർ സാധ്യതയെപ്പറ്റിയുള്ള ബിബിസി റേഡിയോയുടെ ചോദ്യത്തിനു പക്ഷേ ലിയനാഡോ ഡി കാപ്രിയോ പറഞ്ഞതിങ്ങനെ: ‘ഒരു സിനിമ ചെയ്യുമ്പോൾ എന്നെത്തന്നെ അതിനു വേണ്ടി സമർപ്പിക്കുന്ന രീതിയാണ് ഞാൻ പിന്തുടരുക പതിവ്. റെവെനന്റിലും അതിനു മാറ്റമൊന്നുണ്ടായിട്ടില്ല. ചിത്രത്തിൽ എന്നെക്കൊണ്ടു സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ട്. അതിൽ കൂടുതലൊന്നും ചെയ്യാനുമാകില്ല...’

ഓസ്കർ നെഞ്ചോടു ചേർക്കാൻ ലിയോയുടെ ഈ ആത്മവിശ്വാസം കരുത്തുപകരട്ടെ എന്നു തന്നെ ആശംസിക്കാം.

Your Rating: