Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഓസ്കർ ലിയോ...

AWARDS-OSCARS/DICAPRIO ലിയനാഡോ ഡി കാപ്രിയോ

തിരകളെയും മുറിച്ചുപായുന്ന ‘ടൈറ്റാനിക്കിന്റെ’ മുനമ്പിൽ കയറി നിന്ന് കടലിനെ നോക്കി ‘അയാം ദ് കിങ് ഓഫ് ദ് വേൾഡ്...’ എന്നലറുന്ന ആ കൗമാരക്കാരന്റെ നീലക്കണ്ണുകൾ പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും തിളങ്ങി നിൽപ്പുണ്ട്. ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നിറഞ്ഞ കയ്യടികൾക്കു നടുവിൽ നിന്ന് മികച്ച നടനുള്ള ഓസ്കർ ഏറ്റുവാങ്ങുമ്പോൾ ശരിക്കും ലോകം വെട്ടിപ്പിടിച്ച രാജാവിന്റെ തന്നെ മനസ്സായിരുന്നിരിക്കണം ലിയനാഡോ ഡി കാപ്രിയോക്ക്. കിട്ടി കിട്ടിയില്ലെന്ന മട്ടിൽ പലതവണ കൈവിട്ടുപോയ ഓസ്കറിൽ ഇതാദ്യമായി മുറുകെപ്പിടിച്ച് നെഞ്ചോടു ചേർക്കുമ്പോൾ അത് കഠിനാധ്വാനത്തിന്റെ നെഞ്ചുറപ്പിനുള്ള അംഗീകാരം കൂടിയായിരുന്നു. ലിയോയുടെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തിയ, അഭിനയത്തികവിനു വേണ്ടി പലപ്പോഴും പ്രകൃതിയോടു പോലും പോരാടേണ്ടി വന്ന കഥാപാത്രത്തിലൂടെ തന്നെ ഓസ്കർ എന്നത് ഇരട്ടിനേട്ടവുമാകുന്നു. ‘റെവെനന്റി’ൽ ലഭിച്ചില്ലെങ്കിൽ ഇനി എന്തു ചെയ്താലാണ് ലിയോക്ക് ഓസ്കർ ലഭിക്കുകയെന്ന സിനിമാപ്രേമികളുടെ ചോദ്യത്തിനും സന്തോഷാന്ത്യം. ഇത്തവണയും കിട്ടിയില്ലെങ്കിൽ അടുത്തതവണ ‘ലൈഫ് ടൈം അചീവ്മെന്റ്’ അവാർഡ് വാങ്ങാമെന്ന അടക്കിപ്പറച്ചിലുകൾക്കും കിട്ടിയിരിക്കുന്നു ഓസ്കറിന്റെ പത്തരമാറ്റു തിളക്കമുള്ള മറുപടി.

dicaprio

ലിയനാഡോയ്ക്ക് ആ പേര് ലഭിച്ചതിനു പിന്നിലൊരു കഥയുണ്ട്–ഗർഭിണിയായിരിക്കെ ഇറ്റലിയിലെ ഒരു മ്യൂസിയത്തിൽ ലിയനാഡോ ഡാവിഞ്ചിയുടെ പെയിന്റിങ് കണ്ടുനിൽക്കുകയായിരുന്നു അമ്മ ഇമ്‌ലിൻ. അന്നേരമാണ് ഇതാദ്യമായി ലിയോ കുഞ്ഞിക്കാലുകൾ കൊണ്ട് അമ്മയുടെ ഗർഭപാത്രത്തിലൊരു കൊച്ചനക്കമുണ്ടാക്കിയത്. ആ സന്തോഷനിറവിൽ നിന്നാണത്രേ മകന് ലിയനാഡോ എന്ന പേര് ഇമ്‌ലിൻ–ജോർജ് ഡി കാപ്രിയോ ദമ്പതികൾ സമ്മാനിച്ചത്. ഓരോ പെയിന്റിങ്ങും ഓരോ അദ്ഭുതമാക്കിയാണ് ഡാവിഞ്ചി ലോകത്തെ ഞെട്ടിച്ചത്. തുടക്കത്തിൽ കുസൃതിക്കണ്ണുകളുള്ള കൗമാരക്കാരനും കാമുകനുമൊക്കെയായി വെള്ളിത്തിരയെ ചുമ്മാ രസിപ്പിച്ചു നടന്നെങ്കിലും ഒരു ഘട്ടത്തിൽ ഡാവിഞ്ചിയെത്തന്നെ അനുസ്മരിപ്പിക്കും വിധം തന്റെ ഓരോ വേഷങ്ങളും ഓരോ അദ്ഭുതങ്ങളാക്കി മാറ്റുകയായിരുന്നു ലിയോ. ഒരു പെയിന്റിങ്ങും പൂർണമല്ലെന്നു വിശ്വസിക്കുന്ന ചിത്രകാരന്റെ അതേ സ്വഭാവം. മികവിനു വേണ്ടി പിന്നെയും പിന്നെയും നടത്തുന്ന ആ ശ്രമങ്ങൾ ലിയനാഡോയുടെ ഓരോ സിനിമയിലും കാണാം.

dicaprip-kate

1974 നവംബർ 11നു ജനിച്ച ലിയോ ചലനചിത്രങ്ങളിലേക്ക് കാലെടുത്തുവയ്ക്കുന്ന പരസ്യവിഡിയോകളിലൂടെയായിരുന്നു. പിന്നെ ടിവി സീരിയലുകളിൽ. സ്വർണമുടിയും തിളങ്ങുന്ന കണ്ണുകളും ഓമനത്തം നിറഞ്ഞ മുഖവും സുന്ദരിമാരെ വീഴ്ത്തുന്ന ചിരിയുമെല്ലാമായി ഒരു അമേരിക്കൻ കൗമാരക്കാരന്റെ എല്ലാവിധ ആഘോഷങ്ങളോടെയുമായിരുന്നു തുടക്കക്കാലത്തെ ലിയോയുടെ ജീവിതം. അതിനോടു ചേർന്ന് ‘യുവകോമള’ വേഷങ്ങളും ഒന്നിനു പിറകെ ഒന്നായെത്തി–ക്രിറ്റേഴ്സ് 3യിൽ വെള്ളിത്തിരജീവിതം തുടങ്ങി വാട്ട്സ് ഈറ്റിങ് ഗിൽബർട് ഗ്രേപ്, ദ് ബാസ്കറ്റ്ബോൾ ഡയറീസ് തുടങ്ങിയവയ്ക്കൊപ്പം റോമിയോ+ജൂലിയറ്റ് കൂടിയായതോടെ ലോകമെമ്പാടുമുള്ള കൗമാരപ്പെൺമനസുകളിൽ ലിയോ ഹരമായിത്തുടങ്ങിയിരുന്നു. 1997ൽ ‘ടൈറ്റാനിക്കി’ലെ ജാക്ക് ആയെത്തിയതോടെ ആ പ്രശസ്തി കടലും കടന്നു. കേരളത്തിൽപ്പോലും ക്രിസ്മസ്, ന്യൂഇയർ, പ്രണയദിന കാർഡുകളിൽ ലിയോയുടെ നീലക്കണ്ണുകൾചിരിച്ചു. കടലാഴങ്ങളിലേക്കൂർന്നു വീഴുന്ന ജാക്ക് പ്രേക്ഷകമനസ്സുകളിലെ കണ്ണീരോർമയായി. എന്നാൽ അഭിനയജീവിതത്തിൽ ടൈറ്റാനിക് ഒരു ബാധ്യതയാകുമെന്ന് ഉറപ്പായതോടെ ലിയോ കളംമാറുകയായിരുന്നു. പ്രേമവും കാമുകനുമൊക്കെയാണെങ്കിൽപ്പോലും അതിൽ തന്റെ അഭിനയജീവിതത്തിന് മുതൽക്കൂട്ടാകുന്ന എന്തെങ്കിലും ഉണ്ടോയെന്ന് ഉറപ്പുവരുത്തിയായിരുന്നു പിന്നീടോരോ സിനിമയും. ടൈറ്റാനിക്കിനു തൊട്ടുപിറകെയിറങ്ങിയ ദ് മേൻ ഇൻ ദി അയൺ മാസ്കി(1998)ൽത്തന്നെ അതിന്റെ സൂചനയുമുണ്ടായിരുന്നു.

caprio-titanic ലിയനാഡോ ഡി കാപ്രിയോ 'ടൈറ്റാനിക്കി'ൽ

ക്യാച്ച് മി ഈഫ് യു ക്യാൻ, ഗാങ്സ് ഓഫ് ന്യൂയോർക്ക്, ബ്ലഡ് ഡയമണ്ട്, ദ് ഡിപാർട്ടഡ്, ബോഡി ഓഫ് ലൈസ്, റെവല്യൂഷനറി റോഡ്, ഷട്ടർ ഐലന്റ്, ഇൻസെപ്ഷൻ, ജെ.എഡ്ഗാർ, ജാങ്കോ അൺചെയിൻഡ്, ദ് ഗ്രേറ്റ് ഗാറ്റ്സ്ബി, വൂൾഫ് ഓഫ് വോൾസ്ട്രീറ്റ്സ് തുടങ്ങി 2000ത്തിനു ശേഷമുള്ള ലിയോയുടെ സിനിമാതിരഞ്ഞെടുപ്പുകളിൽ തന്നെ അഭിനയത്തിലെ പുത്തൻ വിഹായസ്സുകൾ തേടിയുള്ള ആ യാത്രയുടെ ഗതി വ്യക്തവുമാണ്. കാമുകിക്കു വേണ്ടി ജീവൻ കളഞ്ഞ ജാക്ക് പിന്നെ സിനിമകളിൽ കാമുകിയെ നിഷ്കരുണം തള്ളിക്കളയുന്ന കള്ളനായി. ഒരു മുഖക്കുരു പോലുമില്ലാതെ നോക്കിയ മുഖത്ത് വെയിലിന്റെ കരുവാളിപ്പ് പടർന്നു, വെട്ടേറ്റ പാടുകൾ നിറഞ്ഞു. ശബ്ദത്തിലെ കൗമാരം കടന്നുകളഞ്ഞു, അവിടെ പക്വതയുടെ ഗാംഭീര്യം പടർന്നു. അധികമാർക്കും അനുകരിക്കാൻ വഴങ്ങിക്കൊടുക്കാത്ത ആഫ്രിക്കൻ ചുവയുള്ള ഇംഗ്ലിഷ് പോലും ‘ബ്ലഡ് ഡയമണ്ടിൽ’ കയ്യടിയേറെ നേടിക്കൊടുത്തു ലിയോക്ക്. ജയിംസ് കാമറോൺ, മാർട്ടിൻ സ്കോർസസെ, റിഡ്‌ലി സ്കോട്ട്, ക്രിസ്റ്റഫർ നോളൻ, ക്വന്റിൻ ടൊറന്റിനോ തുടങ്ങി ഹോളിവുഡ് കൊതിക്കുന്ന സംവിധായകരുടെ ചിത്രങ്ങളിലെല്ലാം പലതരം ലിയോയെ കാണാമെന്ന അവസ്ഥ. ഓരോ കഥാപാത്രവും ഒന്നിനൊന്നു വ്യത്യസ്തം.

Oscars-Costume Designers ലിയനാഡോ ഡി കാപ്രിയോ ‘റെവെനന്റി’ൽ

ഏറ്റവുമൊടുവിൽ അലെയാന്ദ്രോ ഇനാരിറ്റുവിന്റെ ‘റെവെനന്റും’. പത്തൊൻപതാം നൂറ്റാണ്ടിലെ വേട്ടക്കാരൻ ഹ്യൂഗ് ഗ്ലേസിന്റെ യഥാർഥ ജീവിതം അതേ സാഹചര്യങ്ങളിൽ, സെറ്റിടാൻ പോലും തയാറാകാതെ ഷൂട്ട് ചെയ്ത ചിത്രം. അതിനു വേണ്ടി സഹിച്ച ത്യാഗങ്ങൾ എന്തായാലും വെറുതെയായില്ല. ഏറെക്കൊതിച്ച ഓസ്കറാണ് കൈപ്പിടിയിൽ, അതും നാൽപത്തിയൊന്നാം വയസ്സിൽ.

Leonardo-DiCaprio

1995ലിറങ്ങിയ ‘ദ് ക്വിക്ക് ആൻഡ് ദ് ഡെഡ്’ എന്ന ചിത്രത്തിൽ ലിയനാഡോയുടെ കഥാപാത്രം കിഡ് പറയുന്ന ഒരു ഡയലോഗുണ്ട്:

‘Is it possible, is it possible to improve on perfection?’

ഓരോ സിനിമയ്ക്കൊടുവിലും ഈ നടൻ സ്വയം ചോദിക്കുന്ന ചോദ്യവും ഒരുപക്ഷേ ഇതായിരിക്കും. അതിന്റെ ഫലം പ്രേക്ഷകനും ലഭിക്കട്ടെ, ഇനിയുമോട്ടേറെ ‘റെവെനന്റു’കളിലൂടെ. അല്ല ഹ്യൂഗ് ഗ്ലേസിനെയും കടന്നുമുന്നേറുന്ന കഥാപാത്രങ്ങളിലൂടെ...

Your Rating: