Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ആറു ഘട്ടങ്ങളാണ് ഈ നടനെ വാർത്തെടുത്തത്

Leonardo DiCaprio ലിയനാർഡോ ഡി കാപ്രിയോ

ലിയനാർഡോ ഡാവിഞ്ചിയെന്ന വിഖ്യാത ചിത്രകാരനോടുള്ള ഇഷ്ടമാണ് ലിയനാർഡോ ഡി കാപ്രിയോ എന്ന് മകന് പേരിടാൻ ആ അമ്മയെ പ്രേരിപ്പിച്ചത്. ഡാവിഞ്ചി നിറങ്ങളിലൂടെ വരകളിലൂടെ തലമുറകളുടെ ഇതിഹാസ കഥാപാത്രമായപ്പോൾ ആ അമ്മയുടെ മകൻ അഭ്രപാളികളിൽ പല വേഷങ്ങളിലാടി വിസ്മയമൊരുക്കുന്നു. ഇപ്പോൾ ആ മുഖം ലോകത്തിന്റെയാകെ ചിന്തകളിൽ മനസിനുള്ളിലെ വെള്ളിത്തിരയിൽ വിഖ്യാത നടന്റെ വേഷമാടുന്നു. ഓസ്കറെന്ന പുരസ്കാരത്തിലേക്ക് ലിയനാർഡോ ഡി കാപ്രിയോ എന്ന അമേരിക്കൻ നടൻ വാർത്തെടുക്കപ്പെട്ടു ഭ്രൂണാവസ്ഥയിൽ തന്നെ. പിന്നീട് ജീവിതത്തിലെ ഓരോ ഘട്ടങ്ങളും നീലക്കണ്ണുള്ള ഈ മനുഷ്യൻ പിന്നിട്ടത് തികവാർന്ന അഭിനയം കൊണ്ടു തന്നെ.

കുഞ്ഞുമനസിലെ അഭിനയ ചിന്തകൾ

കുഞ്ഞു മനസിലെ അഭിനയ ചിന്തകൾക്ക് മേൽ നറുതിരി തെളിച്ച് നൽകിയത് ലിയോയുടെ അച്ഛനും അമ്മയും തന്നെ. ജോര്‍ജ് ഡി കാപ്രിയോയുടെയും ഐർമെലിൻ ഡി കാപ്രിയോയുടെയും മകനായി 1974 നവംബർ 11നായിരുന്നു കാപ്രിയോയുടെ ജനനം. അവരുടെ കൈപിടിച്ചേ ലിയനാർഡോ യാത്ര ചെയ്തിട്ടുള്ളുവെന്നു പറഞ്ഞാലും തെറ്റില്ല. അടുത്തിടെ റെവനന്റിലെ അഭിനയത്തിനുള്ള ക്രിടിക്സ് ചോയ്സ് അവാർ‍ഡ് വാങ്ങിക്കൊണ്ട് ലിയനാർഡോ പറഞ്ഞ വാക്കുകൾ അതിനുള്ള തെളിവാണ്. കുഞ്ഞു മനസിലെ ആകാംഷകൾക്കൊപ്പം നിന്ന മാതാപിതാക്കൾക്കാണ് ലിയോ അവാർഡ് സമർപ്പിച്ചത്. ഒരിക്കലും ആരെങ്കിലും സിനിമയിലേക്ക് തള്ളിവിട്ടതോ സിനിമ കണ്ടെത്തിയതോ ആയ താരമായിരുന്നില്ല അദ്ദേഹം. കുഞ്ഞിലേ ലിയോയ്ക്കൊപ്പം അഭിനയം കയറിക്കൂടിയിരുന്നു.

caprio ലിയനാർഡോ ഡി കാപ്രിയോ

ബബിൾ യംമിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തിലായിരുന്നു ലിയോ ആദ്യം വെള്ളിത്തിരയിൽ സാന്നിധ്യമറിഞ്ഞത്. ഒരു ച്യൂയിംഗ് ഗമ്മിനെ കുറിച്ചുള്ള പരസ്യം ലിയോയുടെ അഭിനയത്തിലൂടെ മറ്റൊരു തലത്തിലേക്കു വന്നു. ച്യൂയിംഗ് ഗം എന്നാൽ എന്തോ പുതിയ വസ്തുവാണ് അതൊരു ക്ലാസിക് സംഭവമാണെന്ന മട്ട്. ചലച്ചിത്രത്തിൽ മിനുട്ടുകൾ കൊ‌ണ്ട് മാത്രം സാന്നിധ്യമറിയിച്ചാലും അത് അവിസ്മരണീയമാക്കണമെന്ന പാഠം പഠിച്ചത് ആദ്യ ചിത്രത്തിലൂടെ തന്നെ. പാരന്റ്ഹുഡ് എന്ന ചിത്രത്തിൽ റോൻ ഹൊവാർഡായി അഭിനയിച്ചതോടെ ലിയനാർഡോയിലെ നടൻ പൂർണമായും പുറത്തുകടന്നു.

ആദ്യം കണ്ടത് ഇവിടെ

വിഎച്ച്എസ് ഹൊറർ ക്രിട്ടേഴ്സ്3 എന്ന ചിത്രത്തിലൂടെയാണ് വലിയ തിരശീലയിൽ ലിയോ എത്തുന്നത്. പക്ഷേ ദി ബോയ്സ് ലൈഫ് എന്ന ‌ചിത്രമാണ് ജനമനസുകളിൽ ലിയോയുടെ പേര് ശ്രദ്ധിക്കപ്പെടുന്നതിന് ഇടയാക്കിയത്. തോബിയെന്ന കഥാപാത്രം ലിയോയുടെ ഇന്നലെകളിലെ ഏറ്റവും മനോഹരമായ ഏടാണ്. ക്രിടിക്സ് ചോയ്സ് അവാർഡ് നേടിയിരുന്നു ഈ ചിത്രത്തിന് ലിയോ. ഇതേ വര്‍ഷമാണ് ആദ്യ ഓസ്കർ നോമിനേഷൻ നേടുന്നത് വാട്ട് ഈസ് ഈറ്റിങ് ഗിൽബർട്ട് ഗ്രേപ്? എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കര്‍ നോമിനേഷൻ. മാനസിക വൈകല്യമുള്ളയാളായുള്ള ആ പകർന്നാട്ടം ലോക സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ജീവസുറ്റ അഭിനയം തന്നെയാണെന്ന വാദത്തിന് ഇന്നും ശക്തിയേറെ. പക്ഷേ അന്നും തെറ്റായി സംഭവിച്ചു. ഓസ്കർ വേദിയിൽ ലിയോയുടെ പേര് വന്നില്ല.

kate-caprio കെയ്റ്റ് വിൻസ്‌ലെറ്റ്, ലിയനാർഡോ ഡി കാപ്രിയോ

ടൈറ്റാനിക്കും റോമിയോയും

നീണ്ട തലമുടിയും തിളങ്ങുന്ന കണ്ണുകളും വരകളിൽ പ്രണയഭാവം ഇഴചേരുന്നത് ലോകം ഏറെ കണ്ടത് ആ ചിത്രത്തിലൂടെയായിരുന്നു. പ്രണയ ചുംബനത്തിന്റെ അരൂപിയായ ഊർജത്തെ കൗമാര പ്രണയത്തിന്റെ തീക്ഷ്ണതയെ മാലാഖയെ പോലുള്ള കാമുകിയുടെ കൈ തൊടുന്ന നിമിഷത്തെ ചുണ്ടിൽ വിരിയുന്ന ഒരായിരം ചുംബനത്തെ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ചിത്രം അതിമനോഹരമായാണ് പ്രേക്ഷകനിലേക്ക് പകർ‌ന്നത്. ടൈറ്റാനിക് എന്ന ചിത്രത്തിൽ നീലക്കടലിന്റെ ആഴങ്ങളിലേക്ക് ഒരു ഛായാചിത്രം പോലെ മാഞ്ഞുപോയ കാമുക വേഷത്തെ ലോകം എത്രത്തോളം ആരാധിക്കുന്നുവോ ഇഷ്ടപ്പെടുന്നുവോ അതുപോലെ തന്നെയാണ് റോമിയോ ആൻഡ് ജൂലിയറ്റിലേതും. പ്രണയ പരവശമായ രംഗങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുവാൻ ലിയോയ്ക്കപ്പുറം മറ്റൊരാളില്ലെന്ന് പലവട്ടം പറയിപ്പിച്ചിട്ടുണ്ട് അദ്ദേഹം എഴുതിച്ചിട്ടുമുണ്ട്. ലിയോയെ കൂടുതൽ ജനകീയനാക്കിയതും ഈ ചിത്രങ്ങൾ തന്നെ.

സ്കോർസെസെയ്ക്കൊപ്പം

ഇതിഹാസ സംവിധായകൻ മാർട്ടിൻ സ്കോർസെസെയ്ക്കൊപ്പമുള്ള കൈകോർക്കൽ ലിയോയുടെ അഭിനയ ജീവിതത്തിലേക്ക് നൽ‌കിയത് ചെറിയ സംഭാവനകളല്ല. സ്കോര്‍സെസെയെ കുറിച്ച് പറയുമ്പോൾ റോബർട്ട് ഡി നിറോയെ കുറിച്ച് പറഞ്ഞില്ലെങ്കിൽ അത് ചരിത്രത്തിന്റെ മനസാക്ഷിയെ വഞ്ചിക്കലാകും. ലിയോയ്ക്ക് മുൻപ് സ്കോർസെസെയുടെ പ്രിയ നടനായിരുന്നു ഡി നിറോ. ഡി നിറോയെ പോലെ സ്കോർസെസെ തന്റെ ഇതിഹാസ ചിത്രങ്ങളിലേക്ക് ലിയോയേയും ചേര്‍ത്തുവച്ചത് ഏതൊരു അഭിനേതാവിന്റെയും വഴികളിലെ ഏറ്റവും ശ്രേഷ്ഠമായ ഇടങ്ങളിലേക്കാണ് ലിയോയെ കൊണ്ടുപോയത്. 2002ലെ ഗാങ്സ് ഓഫ് ന്യൂയോർക്കിൽ തുടങ്ങി 2013ലെ ദി വോൾഫ് ഓഫ് വാൾ സ്ട്രീറ്റ് വരെ നീണ്ട സ്കോർസെസ്-ലിയോ കൂട്ടുകെട്ടിൽ ദി ഏവിയേറ്ററും, ഡിപ്പാർട്ടറും അടക്കമുള്ള മഹത്തായ ചിത്രങ്ങളാണ് പിറന്നത്.

Leonardo DiCaprio to visit India ലിയനാർഡോ ഡി കാപ്രിയോ

എല്ലാത്തിനും മീതെ

ലിയോ എന്ന നടൻ സിനിമയ്ക്കു മേലേ സഞ്ചരിക്കുന്നതിന് സാക്ഷിയായത് ഈ ചിത്രങ്ങളിലൂടെ. പകരം വയ്ക്കാനില്ലാത്ത അഭിനയത്തികവ് ദൃശ്യമായ ഒരുപിടി ചലച്ചിത്രങ്ങൾ. നടന്റെ അഭിനയ മുഹൂർത്തങ്ങൾക്ക് മുന്നിൽ മറ്റെല്ലാം അപ്രസക്തമായി പോകുന്ന കാഴ്ച കണ്ടത് ഈ സിനിമകളിലൂടെയാണ്. ലിയനാർഡോ ഡി കാപ്രിയോ എന്ന നടനെ ലോക സിനിമയെ കുറിച്ച് എഴുതുമ്പോഴെല്ലാം അനിവാര്യ ഘടകമാക്കി തീർത്ത സിനിമകൾ. ജാങ്കോ അൺചെയ്ൻഡ്(2012), ഇൻസെപ്ഷൻ(2010), റെവല്യൂഷണറി റോഡ്(2008). ബോഡി ഓഫ് ലൈസ്(2008), ജെ എഡ്ഗർ(2011) എന്നീ ചിത്രങ്ങൾ. സ്കോർസെസെയുടെ സിനിമകളേയും പറയാതിരിക്കാനാകില്ല. അഭിനയമെന്നാൽ അത് ലിയനാർ‍ഡോയുടേതെന്ന് ആധുനിക കാലഘട്ടത്തെ കൊണ്ടു പറയിപ്പിച്ചത് 2010ല്‍ പുറത്തുവന്ന ഷട്ടർ ഐലൻഡ‍ും 2013ൽ വന്ന ദി വോൾഫ് ഓഫ് വാൾ സ്ട്രീറ്റും കൂടിയാണ്.

ലിയോ ഓസ്കർ

മാനവികയും പ്രകൃതിയും തമ്മിലുള്ള ജൈവിക ബന്ധത്തെ ഇനാരിറ്റു അസാധ്യമായ യാഥാർഥ്യത്തികവോടെ അഭ്രപാളിയിൽ തീർത്തപ്പോൾ നായകനായത് ലിയോ. അഞ്ചു വട്ടം കൺമുന്നിലൂടെ തന്നെ കാണാതെ നടന്നകന്ന ആ ഓസ്കർ‌ ശിൽപത്തിന്റെ കണ്ണുകളെ ലിയോ തന്നിലേക്ക് വലിച്ചടുപ്പിച്ചത് ഈ ചിത്രത്തിലൂടെയാണ്. റെവനന്റ്.

Oscars-Costume Designers ലിയനാഡോ ഡി കാപ്രിയോ ‘റെവെനന്റി’ൽ

ദി വോൾഫ് ഓഫ് വാൾ സ്ട്രീറ്റ്, ബ്ലഡ് ഡയമണ്ട്, ഏവിയേറ്റർ, വാട്സ് ഈറ്റിങ് ഗിൽബർ‌ട്ട് ഗ്രേപ് എന്നിവയിലെ അഭിനയത്തിന് ഇതിനു മുൻപ് അഞ്ചു പ്രാവശ്യം ലിയോ ഓസ്കർ നേടിയിരുന്നു പക്ഷേ. പ്രേക്ഷക മനസിലെ ഓസ്കർ‌ പുരസ്കാര പ്രതീക്ഷകൾ കൂടുതൽ പൂവിട്ടത് ദി ഏവിയേറ്റർ, ദി ബാസ്ക്കറ്റ് ബോൾ ഡയറീസ്, ജാങ്കോ അൺചെയ്ൻഡ്, ഇന്‍സെപ്ഷൻ എന്നീ ചിത്രങ്ങളിലായിരുന്നു. പക്ഷേ ഇനാരിറ്റു സൂര്യപ്രകാശത്തെ കാത്തിരുന്ന് ചിത്രീകരിച്ച റെവറന്റിലായിരുന്നു ആയിരുന്നു ഈ നടന്റെ ഓസ്കർ ഊഴം കാത്തിരുന്നത്. ലോക സിനിമയിൽ ഈ അഭിനയ വിസ്മയത്തിന്റെ മുന്നോട്ടുള്ള യാത്രകളിൽ ഓസ്കറിന്റെ തിളക്കം നല്ല വഴി കാണിക്കട്ടെ.

Your Rating: