Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആരാണാ പെൺകുട്ടി...?’

brie-larson

ആശ്ചര്യത്തോടെയാണ് ലോകം ബ്രീ ലാർസൺ എന്ന നടിയുടെ ഓസ്കർ നോമിനേഷനെപ്പറ്റി കേട്ടത്. രണ്ടുതവണ ഓസ്കർ നേടിയ കേറ്റ് ബ്ലാൻഷെറ്റിനെ അട്ടിമറിച്ചുകൊണ്ട് മികച്ച നടിക്കുള്ള ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയപ്പോൾത്തന്നെ ഈ ഇരുപത്തിയാറുകാരി സിനിമാചർച്ചകളിലെ സ്ഥിരംസാന്നിധ്യമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തോളം പല സിനികളിലും ടെലിവിഷൻ സീരീസുകളിലും മ്യൂസിക് ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും ഇവരുണ്ടായിരുന്നുവെന്നതാണു സത്യം.

Room | Official Trailer HD | A24

ഒൻപതാം വയസ്സു മുതൽ വെള്ളിത്തിരയിലെ വെള്ളിവെളിച്ചം കണ്ടുവളർന്ന ആ പെൺകുട്ടിയോട് ലോകത്തിനുള്ള ഈ അപരിചിതത്വം കൊണ്ടുതന്നെയാണ് ഇത്തവണ ശ്രദ്ധേയയായതും. ‘റൂം’ എന്ന ചിത്രത്തിലൂടെ ഓസ്കർ സാധ്യത കൽപിക്കുന്നവരിൽ മുൻനിരയിലായിരുന്നു ബ്രീ ലാർസൺ. കാര്യമായ പുരസ്കാരങ്ങളൊന്നും ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത ലാർസണ് ആദ്യത്തെ ഓസ്കർ നോമിനേഷൻ ലഭിച്ചപ്പോൾ അത് ഇരട്ടിമധുരമായെന്നല്ല, ഇരട്ടിയ്ക്കിരട്ടി മധുരമെന്നു വേണം പറയാൻ.

room-movie

ഒരു കൊച്ചുമുറിയിൽ മകൻ ജാക്കിനൊപ്പം ‘തടവു’ജീവിതം നയിക്കുന്ന ജോയ് എന്ന ഇരുപത്തിനാലുകാരിയുടെ വേഷമാണ് മികച്ച നടിക്കുള്ള ഓസ്കർ നോമിനേഷൻ ലാർസണിലേക്കെത്തിച്ചത്. മകന്റെ പിറന്നാളാഘോഷത്തിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം. ജോയിയെ വർഷങ്ങൾക്കു മുൻപ് തട്ടിക്കൊണ്ടുവന്ന് ആരുമറിയാതെ ഒരു മുറിയിൽ പാർപ്പിച്ചിരിക്കുന്നത് നിക്ക് എന്നയാളാണ്. പുറംലോകം കാണിക്കാതെ നിരന്തരം പീഡിപ്പിക്കുന്ന നിക്കിന്റെ ക്രൂരതയ്ക്കിടയിൽ അവൾക്ക് ഏക ആശ്വാസമായുള്ളത് ജാക്ക് മാത്രമാണ്. മുകളിലെ ചില്ലിലൂടെ അകത്തേക്കു വരുന്ന സൂര്യപ്രകാശമാണ് ജാക്കിന്റെയും ജോയിയുടെയും ലോകം.

അവനുമൊത്തുള്ള കളിചിരികളിൽ ആശ്വാസം കാണുന്നുണ്ടെങ്കിലും ഇടയ്ക്ക് ജോയ്‌യുടെ മാനസികാവസ്ഥ മോശമാകും, തലച്ചോറിൽ കനത്ത നിരാശ നിറയും. നാലുചുറ്റിലെയും ചുമരുകൾ അവളെ വരിഞ്ഞുമുറുക്കും. ജാക്കിനെ എങ്ങനെയെങ്കിലും പുറംലോകത്തെത്തിക്കാനും അവൾ ശ്രമിക്കുന്നുണ്ട്. അടച്ചിട്ട മുറിയിലും പുറംലോകത്തും അവളനുഭവിക്കുന്ന നിസ്സഹായാവസ്ഥയും മാനസികവ്യഥകളുമാണ് ‘റൂ’മിന്റെ കഥയെ മുന്നോട്ടു നയിക്കുന്നതുതന്നെ. ഹോളിവുഡിൽ കാര്യമായ പരിചയസമ്പത്തൊന്നുമില്ലാതിരുന്നിട്ടു കൂടി ‘റൂമി’ലൂടെ ബ്രീ ലാർസൻ പ്രേക്ഷകനെ ഞെട്ടിപ്പിച്ചതും അതുകൊണ്ടാണ്.

bire-actress

എന്നാൽ താൻ കുട്ടിക്കാലത്തു കടന്നുവന്ന സമാന അനുഭവങ്ങൾ ചിത്രത്തിൽ ഏറെ സഹായിച്ചിരുന്നുവെന്നാണ് ബ്രീ പറയുന്നത്. 1989 ഒക്ടോബർ ഒന്നിനാണു ജനനം. ബ്രിയാൻ സിദോനി ഡെസോണിയേഴ്സ് എന്നാണ് യഥാർഥ പേര്. അത് പറയുന്നതിനുള്ള ബുദ്ധിമുട്ട് കാരണമാണ് മുത്തശ്ശിയുടെ പേരു കൂടി ചേർത്ത് പിന്നീട് ബ്രീ ലാർസണാക്കിയത്. മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം ലൊസാഞ്ചൽസിലേക്ക് വരേണ്ടി വന്നു. അന്ന് ഒരൊറ്റ മുറി അപാർട്മെന്റിലായിരുന്നു മൂവരുടെയും ജീവിതം. ആകെയുള്ളത് ഒരു കിടക്ക. കിടപ്പ് മിക്കസമയവും നിലത്താണ്. രണ്ട് ഷർട്ടുകൾ, ഒരു ജീൻസ്– കുഞ്ഞു ബ്രിയാന് സ്വന്തമായുള്ള വസ്ത്രങ്ങളുടെ കണക്ക് അവിടെ തീർന്നു. ആ നാളുകളിൽ അമ്മയ്ക്ക് വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുക്കണമെന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നമെന്നായിരുന്നു എബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ ലാർസൺ പറഞ്ഞത്. എത്രയൊക്കെ കഷ്ടപ്പാടായിരുന്നെങ്കിലും ഒപ്പം അമ്മയുണ്ടായിരുന്നതു തന്നെയായിരുന്നു ഏറ്റവും വലിയ ആശ്വാസം. അന്ന് അമ്മ പകർന്നു തന്നെ കാര്യങ്ങളായിരിക്കാം ഒരുപക്ഷേ ‘റൂമിൽ’ താൻ അറിയാതെ തന്നെ കഥാപാത്രത്തിലേക്കെത്തിയതെന്നും ലാർസന്റെ വാക്കുകൾ.

brie

1998ൽ ‘ദ് ടുനൈറ്റ് ഷോ വിത്ത് ജേ ലെനോ’ എന്ന ടിവി പരിപാടിയിലൂടെയാണ് ലാർസന്റെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ടിവി ഷോകളിലും സീരിയലുകളിലുമെല്ലാം പല വേഷങ്ങൾ. 2003ലാണ് വെള്ളിത്തിരയിലേക്കുള്ള വരവ്–റൈറ്റ് ഓൺ ട്രാക്ക് എന്ന ചിത്രത്തിലൂടെ. പിന്നീട് 13 ഗോയിങ് ഓൺ 30, സ്‌ലീപോവർ, ഹൂട്ട്, ടാനർ ഹാൾ, ഗ്രീൻബെർഗ്, സ്കോട്ട് പിൽഗ്രിം വേഴ്സസ് ദ് വേൾഡ്, 21 ജംപ് സ്ട്രീറ്റ്, ട്രെയിൻറെക്ക് തുടങ്ങിയ ചിത്രങ്ങൾ. ടീനേജിലെ കുസൃതിക്കാരി എന്ന മട്ടിലുള്ള കഥാപാത്രങ്ങളിൽ നിന്നു മാറി അൽപം കാര്യഗൗരവമുള്ള ചിത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹവും ഇതിനിടെ ലാർസണെ പിടികൂടിയിരുന്നു. അങ്ങനെയൊരു മാറ്റത്തിലൂടെ ഇതാദ്യമായി ഷോട് ടേം 12 എന്ന ചിത്രം വഴി നിരൂപകപ്രശംസ പിടിച്ചുപറ്റിയ ഗ്രേസ് എന്ന കഥാപാത്രത്തെയും ലഭിച്ചു. അതിനിടെ രണ്ട് ഹ്രസ്വചിത്രങ്ങളും–വെയ്റ്റിങ്(2011), ദി ആം(2012) –സംവിധാനം ചെയ്തു. ടെലിവിഷൻ സീരീസുകളിലെയും സജീവസാന്നിധ്യമായിരുന്നു ഈ സമയത്തെല്ലാം ലാർസൺ. മാത്രവുമല്ല, അഭിനേത്രി എന്നതിനേക്കാളും യുഎസിലെ പ്രശസ്ത ഗായികമാരിലൊരാൾ എന്ന പേരിലും ഒരുവിഭാഗത്തിനിടയിൽ അറിയപ്പെട്ടിരുന്നു ലാർസൺ. പതിനാറാം വയസ്സിൽ ‘ഫൈനലി ഔട്ട് ഓഫ് പി.ഇ’ എന്ന ആൽബം പുറത്തിറക്കിയെങ്കിലും കാര്യമായ വിൽപനയുണ്ടായില്ല. ഇടയ്ക്കിടെ മ്യൂസിക് സ്റ്റേജ് ഷോകളിലും ലാർസൺ സജീവമായി. സിനിമകളിലും ലഭിച്ചു പാടാനവസരം. കാമുകൻ അലക്സ് ഗ്രീൻവാൾഡും ഗായകനാണ്.

bire-image

ഇത്തവണ ഫോബ്സ് മാസിക, 30 വയസ്സിനു താഴെയുള്ള ഹോളിവുഡിലെ താരറാണിമാരുടെ പട്ടികയൊരുക്കിയപ്പോൾ അതിൽ ലാർസനും ഇടംപിടിച്ചിരുന്നു. ഒരു വർഷം മുൻപാണെങ്കിൽ സ്വപ്നം പോലും കാണാൻ പറ്റാത്ത സ്ഥാനമായിരുന്നു അത്. ലൊസാഞ്ചൽസിലെ ഒരു കുടുസ്സുമുറിയിൽ നിന്നിറങ്ങി സിനിമയുടെ വിശാലലോകത്തെ ശ്വസിച്ച ആ കൊച്ചുപെൺകുട്ടി ഇപ്പോൾ ഹോളിവുഡിന്റെ ഒന്നാംനിര താരപ്പട്ടികയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞെന്നു ചുരുക്കം.

Your Rating: