Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യനെ കാത്തിരുന്ന് ഷൂട്ട് ചെയ്ത ‘റെവെനന്റ്’

lubezki ലുബെസ്കി

റെവെനന്റിലെ ഓരോ ഫ്രെയിമിലും കാണാം ലുബെസ്കിയുടെ മനസ്സിന്റെ സൗന്ദര്യാത്മകത. താൻ മഞ്ഞിൽ കണ്ടാൽ ലുബെസ്കി മാനത്തു കണ്ട് ഫ്രെയിമിൽ പൂക്കൾ വിരിയിക്കുമെന്ന് സംവിധായകൻ അലെയാന്ദ്രോ ഇനാരിറ്റുവിനും മുൻചിത്രമായ ‘ബേഡ്മേനി’ലൂടെ ബോധ്യമായതാണ്. അതിനാൽത്തന്നെ സ്വാഭാവിക സൂര്യപ്രകാശത്തിൽ, സെറ്റിടാതെ, കൊടുംതണുപ്പത്തു നിന്ന് ഷൂട്ട് ചെയ്യാവുന്ന ക്യാമറാമേനെ തേടിയപ്പോൾ കണ്മുന്നിൽ വേറെ ആരും വന്നതുമില്ല. കൊടും തണുപ്പിൽ കാടിനു നടുവിലെ നദിയിൽ നെഞ്ചോളം പൊക്കത്തിൽ വെള്ളത്തിലിറങ്ങി നിന്ന് ലുബെസ്കി ക്യാമറ ചലിപ്പിച്ചതും സംവിധായകന് തന്നോടുള്ള ആ വിശ്വാസത്തിന്റെ ബലത്തിലാണ്. ഏറ്റവും പുതിയ Arri Alexa 65 ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ലുബെസ്കി വരച്ചെടുത്ത ‘റെവെനന്റ്’ ദൃശ്യകാവ്യം ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം നിറച്ചു മുന്നേറുകയുമാണ്.

leonardo ‘റെവെനന്റ്’ ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോ

പ്രകൃതിയോടും മനുഷ്യനോടും മല്ലിട്ടുള്ള മനുഷ്യന്റെ തിരിച്ചുവരവ് ഏറ്റവും ‘റിയലിസ്റ്റിക്’ ആയി പ്രേക്ഷകനിലേക്കെത്തുകയാണ് ചിത്രത്തിൽ. ഒപ്പം മനുഷ്യന്റെ സ്വപ്നക്കാഴ്ചകളും. രണ്ടും ബാലൻസ് ചെയ്യുന്ന അദ്ഭുതമാണ് ലുബെസ്കിയുടെ ക്യാമറയിൽ കാണാനാവുക. ചിത്രത്തിലെ നായകൻ മാത്രമല്ല അയാൾക്കൊപ്പം നടന്ന് പ്രേക്ഷകനും ഓരോ നിമിഷവും ആസ്വദിക്കണമെന്ന വിധത്തിലുള്ള ചിത്രീകരണമായിരുന്നു തന്റെ ലക്ഷ്യമെന്ന് പറയുന്നു ലുബെസ്കി. മണ്ണെണ്ണ വിളക്കു പോലും കണ്ടുപിടിക്കാത്ത കാലത്താണ് കഥ നടക്കുന്നത്. വിറകുകൂട്ടി തീയുണ്ടാക്കിയും പന്തങ്ങളും മെഴുകുതിരികളുമുപയോഗിച്ചായിരുന്നു ലൈറ്റിങ്. ഇടയ്ക്ക് ഒരു സീനിൽ ലാംപുകൾ കാണാം, അതിലുപയോഗിച്ചത് തിമിംഗലത്തിൽ നിന്നുള്ള എണ്ണയായിരുന്നു. മഞ്ഞിലും മലകളിലുമുള്ള ഷൂട്ടിങ്ങിൽ പ്രായോഗികമാകില്ലെന്നുറപ്പായതിനാൽ ഫിലിം ഫോർമാറ്റ് ഒഴിവാക്കുകയായിരുന്നു. 12 എംഎ, 21 എംഎം ലെൻസുകളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. സൂര്യപ്രകാശത്തിലാണ് പ്രധാന ഷൂട്ടിങ് എന്നതിനാൽ ‘മാജിക് മണിക്കൂറുകൾ’ നിർണായകമായിരുന്നു.

revenant ‘റെവെനന്റ്’ ചിത്രത്തിൽ നിന്നും

സൂര്യൻ ഉദിക്കുന്നതിനു ശേഷവും അസ്തമിക്കുന്നതിനു തൊട്ടു മുൻപും ഏതാനും നേരത്തേക്കു മാത്രം ലഭിക്കുന്ന അസാധാരണ പ്രകൃതിദത്ത പ്രകാശവിന്യാസമാണ് മാജിക് അവർ. പക്ഷേ കാനഡയിലെ ഉൾക്കാടുകളിൽ സൂര്യൻ മിക്കസമയത്തും മലനിരകൾക്കപ്പുറത്താണ്. ശരിക്കും അസ്തമിച്ചതു പോലെ. പിന്നെ കാത്തിരിപ്പാണ്, അപ്രതീക്ഷിതമായി സൂര്യൻ വരുന്ന നേരത്താണ് ഷൂട്ടിങ്. ഓരോ സീനിലും സൂര്യപ്രകാശത്തിന്റെ തുടർച്ച ലഭിക്കാനായി ചെറിയ ബുദ്ധിമുട്ടൊന്നുമല്ല സഹിച്ചതെന്നു ചുരുക്കം. പക്ഷേ ആ സങ്കടങ്ങളെല്ലാം തീർന്നത് സ്ക്രീനിൽ പ്രകൃതിയുടെ ‘യഥാർഥ’ സൗന്ദര്യം കൺനിറയെ കണ്ടപ്പോഴാണെന്നും പറയുന്നു ലുബെസ്കി. അതിനാൽത്തന്നെ അദ്ദേഹത്തിനുറപ്പുണ്ട്– ഇന്നേവരെ ക്യാമറ ചലിപ്പിച്ചവയിൽ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും കഥാപശ്ചാത്തലത്തിലേക്കും ഇത്രമാത്രം ആഴത്തിലിറങ്ങിച്ചെന്ന മറ്റൊരു ചിത്രവുമുണ്ടാകില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.