Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനാറിറ്റുവിന്റെ ഏറ്റവും വലിയ ‘ക്രൂരത’യാണ് ദ് റെവെനന്റ്

alejandro അലെയാന്ദ്രോ ഇനാരിറ്റു

വിശപ്പു സഹിക്കാനാകാതെയുള്ള അലച്ചിലിലാണ് ഹ്യൂഗ് ഗ്ലേസ് എന്ന വേട്ടക്കാരൻ. കൊടുങ്കാട്ടിൽ ഒറ്റയ്ക്കായിരിക്കുന്നു, മുറിവേറ്റിരിക്കുന്നു. എങ്ങിനെയെങ്കിലും രക്ഷാതീരത്തെത്തണം. ചുറ്റിലും കൊടുംമഞ്ഞിന്റെ ചൂളംകുത്തുന്ന തണുപ്പ്. അതിനിടെയാണ് ആ കാഴ്ച. ചത്തുവീണ ഒരു കാട്ടുപോത്തിന്റെ മാസം വലിച്ചുപറിച്ചെടുത്ത് ഒരാൾ ആർത്തിയോടെ തിന്നുന്നു. വിശപ്പു സഹിക്കാനാകുന്നില്ല, ഗ്ലേസ് കൈനീട്ടി. ആദ്യം സംശയത്തോടെ നോക്കിയെങ്കിലും അയാളൊരു മാംസക്കഷണമെടുത്ത് ഗ്ലേസിനു നേരെയെറിഞ്ഞു. ആ പച്ചമാംസം യാതൊരു അറപ്പുമില്ലാതെ തന്റെ വിശപ്പിനു മേലേക്ക് വലിച്ചുകീറിത്തിന്നെങ്കിലും ഗ്ലേസിന് മനംപിരട്ടി, മഞ്ഞിലേക്കയാൾ ഛർദിച്ചു.

‘ദ് റെവെനന്റിൽ’ പ്രേക്ഷകനെ അസ്വസ്ഥമാക്കുന്ന അനേകം കാഴ്ചകളിലൊന്നു മാത്രമാണിത്. വിശപ്പോളം വലുതല്ലയൊന്നും എന്നു തോന്നിപ്പിക്കുന്ന നിമിഷം. പക്ഷേ സിനിമയിലല്ലേ, മാംസക്കഷണത്തിനു പകരം ചുവന്ന വലിയ ജെല്ലി മിഠായിയോ മറ്റോ ആണ് ഉപയോഗിക്കുക പതിവ്. പക്ഷേ ഹ്യൂഗ് ഗ്ലേസ് ആയി മഞ്ഞിലൂടെ ഇഴഞ്ഞെത്തിയ ലിയനാഡോ ഡി കാപ്രിയോക്ക് സംവിധായകൻ അലെയാന്ദ്രോ ഇനാരിറ്റു എറിഞ്ഞു കൊടുത്തത് യഥാർഥ പോത്തിൻ കരളായിരുന്നു. കൃത്രിമമായുണ്ടാക്കിയ കരളിൽ നിന്ന് കടിക്കുമ്പോൾ ചോര വരാതിരുന്നതിനെത്തുടർന്നായിരുന്നു ഈ പരീക്ഷണം. ക്യാമറയ്ക്കു മുന്നിൽ യഥാർഥമായിത്തന്നെ കാപ്രിയോ ആ കരൾ കടിച്ചു. അതിനെപ്പൊതിഞ്ഞുണ്ടായിരുന്ന നേർത്ത ബലൂൺ പോലെയുള്ള ആവരണം അതിനിടെ പൊട്ടി. ചോര വായിൽ നിറഞ്ഞു. നായകൻ ശരിക്കും ഛർദിച്ചും പോയി. അക്കാഴ്ചയാണ് പ്രേക്ഷകൻ സ്ക്രീനിൽ കണ്ടതും. വെജിറ്റേറിയനായ കാപ്രിയോയെക്കൊണ്ട് പച്ചമാംസവും പച്ചമീനും തീറ്റിക്കുക മാത്രമല്ല സിനിമാലോകത്തിന് ചിന്തിക്കാൻ പോലുമാകാത്തത്ര തരത്തിലുള്ള കാര്യങ്ങളാണ് റെവെനന്റിന്റെ ഒറിജിനാലിറ്റിക്കു വേണ്ടി ഇനാരിറ്റു ചെയ്തത്.

ചിത്രത്തിൽ കംപ്യൂട്ടർ ജനറേറ്റഡ് ആയി ചെയ്തിട്ടുള്ള കരടി ആക്രമണത്തിന്റെ സീനിൽ പോലും യാഥാർഥ്യമെന്നു തോന്നിപ്പിക്കാനുള്ള കഠിനപരിശ്രമത്തിന്റെ അംശം കാണാം. മൃതപ്രായനാക്കിയ ശേഷം ഹ്യൂഗ് ഗ്ലേസിനു ചുറ്റിലും അമ്മക്കരടി മുരൾച്ചയോടെ നടക്കുന്ന സമയത്ത് അതിന്റെ നിശ്വാസം ക്യാമറയുടെ ലെൻസിൽ പുകമറ തീർക്കുന്നതു തന്നെ ഉദാഹരണം. കരടികളുടെ യഥാർഥ ആക്രമണത്തിന്റെ വിഡിയോകൾ ദിവസങ്ങളോളം കണ്ടുപഠിച്ചാണ് ഇനാരിറ്റുവും ഛായാഗ്രാഹകൻ ഇമ്മാന്വൽ ലുബേസ്കിയും ആ രംഗം ചിത്രീകരിച്ചത്. റെവെനന്റിലെ ഏറ്റവും നിർണായകമായ ആ രംഗത്തിനു വേണ്ടി അത്തരമൊരു പരിശ്രമം അത്യാവശ്യവുമായിരുന്നു. പക്ഷേ ചില പ്രത്യേകരംഗങ്ങൾക്കു വേണ്ടി മാത്രമായിരുന്നില്ല, റെവെനന്റിലൂടെ പ്രേക്ഷകനു മുന്നിലെത്തിയ കാഴ്ചകളിൽ 90 ശതമാനവും യഥാർഥ ചുറ്റുപാടിൽ, അതേ കാലാവസ്ഥയിൽ ചിത്രീകരിച്ചതാണ്.

കൃത്രിമവെളിച്ചങ്ങളൊന്നുമില്ലാതെ സൂര്യപ്രകാശത്തിന്റെ ബലത്തിലാണ് മുഴുവൻ സിനിമയുടെയും ചിത്രീകരണമെന്ന് ആദ്യമേ തന്നെ ഇനാരിറ്റു ഛായാഗ്രാഹകനോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഓരോ ദിവസവും സൂര്യനെ കൃത്യമായി നിരീക്ഷിച്ചായിരുന്നു ഷൂട്ട്. വെളിച്ചം പോയാൽ ഷൂട്ടിങ് നിലയ്ക്കും. അത്തരം ഒട്ടേറെ സംഭവങ്ങളുണ്ടായി. പക്ഷേ ആ സമയമെല്ലാം റിഹേഴ്സലിനു വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു ഇനാരിറ്റു. മാത്രവുമല്ല ചിത്രത്തിലേറെയും ദൈർഘ്യമേറിയ ഷോട്ടുകളാണ്. ഒരു ഷോട്ടിന്റെ ചിത്രീകരണപ്പാതിയിൽ സൂര്യപ്രകാശം ഒന്നു മങ്ങിയാൽത്തന്നെ പ്രശ്നമാണ്. അതിനിടെ കൊടുംതണുപ്പും.

മഞ്ഞിന്റെ മേലാപ്പു ചാർത്തിയാണ് ചിത്രത്തിന്റെ ഭരിപക്ഷം ഫ്രെയിമും. മഞ്ഞ് പക്ഷേ കൃത്രിമമായി നിർമിക്കാൻ തയാറായില്ല സംവിധായകന്‍. അമേരിക്കയിലെയും കാനഡയിലെയും ഷൂട്ടിനിടെ ആവശ്യത്തിന് മഞ്ഞ് ലഭിക്കാതെ ക്ലൈമാക്സ് സീൻ ചിത്രീകരണം വഴിമുട്ടിയതോടെ സംഘം അർജന്റീനയിലേക്ക് തിരിക്കുക പോലും ചെയ്തു. ഇങ്ങനെ മൂന്നു രാജ്യങ്ങളിലെ 12 ലൊക്കേഷനുകളിലായി ഒൻപതു മാസമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. മൈനസ് 40 ഡിഗ്രിയിൽ വരെയാണ് ചില രംഗങ്ങൾ ഷൂട്ട് ചെയ്തത്. പരുക്കേറ്റ് കിടക്കുന്ന ഹ്യൂഗ് ഗ്ലേസും മകനും തമ്മിലുള്ള സംസാരത്തിന്റെ ചിത്രീകരണത്തിനിടെയാണ് താപനില മൈനസ് 40 ഡിഗ്രിയിലും താഴ്ന്നത്. ശീതക്കാറ്റിൽ കണ്ണുപോലും തുറക്കാൻ പറ്റാത്ത അവസ്ഥ. തണുപ്പേറ്റ് വിരലുകൾ മരവിച്ച് പരസ്പരം ഒട്ടിച്ചേർന്നു പോയി. അതിനിടെ ക്യാമറയ്ക്കു പോലും പ്രവർത്തിക്കാനാകാതെ വന്നു. അവിടെ നിർത്തേണ്ടി വന്ന ഷൂട്ടിങ് പിന്നെയും അഞ്ചാഴ്ച കഴിഞ്ഞാണ് തുടരാനായത്. പല സീനുകൾ പല സമയത്തായി എടുക്കുന്നതിനു പകരം തുടക്കം മുതൽ ഒടുക്കം വരെയുള്ള തുടർചിത്രീകരണമായിരുന്നു ഇനാരിറ്റുവിന്റെ ലക്ഷ്യം. പക്ഷേ കാലാവസ്ഥ അവിടെയും വിലങ്ങുതടിയായി. 2014 സെപ്റ്റംബറിൽ തുടങ്ങി മാർച്ചിൽ ഷൂട്ടിങ് തീർക്കാനായിരുന്നു തീരുമാനം. പക്ഷേ പിന്നെയും നീണ്ടു. അതുപോലെത്തന്നെ ബജറ്റും കയറി. 60 ബില്യൺ ഡോളർ ബജറ്റിൽ ആരംഭിച്ച ചിത്രീകരണം തീർന്നത് 135 മില്യൺ ഡോളറിൽ.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥകളിലൂടെയാണ് റെവെനന്റിന്റെ ഷൂട്ടിങ്ങിനിടെ കടന്നുപോയതെന്നാണ് അണിയറപ്രവർത്തകരിൽ പലരും പിന്നീട് പറഞ്ഞത്. ‘ശരിക്കും ഒരു നരകത്തിൽ പെട്ടതുപോലെ’ എന്നായിരുന്നു അവരുടെ യഥാർഥ വാക്കുകൾ. കാപ്രിയോ തന്നെ പറയുന്നുണ്ട്, 30–40 രംഗങ്ങളിലെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ നിമിഷങ്ങളിലൂടെയാണു കടന്നുപോയതെന്ന്. ഒരു ഘട്ടത്തിൽ കരടിത്തോൽ പുതച്ച് നദിയിലേക്കെടുത്ത് ചാടുന്നുണ്ട് നായകൻ. തിരികെ കയറിയപ്പോഴേക്കും മഞ്ഞിൽ തണുത്തുറഞ്ഞുപോയി ആ തോൽകവചം. അതോടെ 50 പൗണ്ടോളം ഭാരമാണു കൂടിയത്. അതുമായി നടക്കുകയല്ലാതെ വേറെ വഴിയുമില്ല. അസുഖങ്ങളും ഒന്നിനുപിറകെ ഒന്നായി വന്നു. കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റ് കിടക്കുന്നതിനിടെ ഒരു സീനിൽ കാപ്രിയോയുടെ വായിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം കഫമിളകി പുറത്തേക്ക് ഒഴുകുന്നുണ്ട്. ചിത്രം കണ്ടവരിൽ പലരും ‘അതെങ്ങനെ സാധിച്ചു’ എന്ന് അദ്ഭുതം കൂറിയപ്പോൾ ഒരു ചിരിയോടെ കാപ്രിയോ പറഞ്ഞതിങ്ങനെ: ‘ഒരഭിനയവുമല്ല, ശരിക്കും അതേ അവസ്ഥയിലായിരുന്നു അന്നേരം...’

നായകന് ഇതാണവസ്ഥയെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ? മൊബൈൽ സിഗ്നലു പോലുമില്ലാത്ത കൊടുങ്കാട്ടിൽ ആരെ വിളിച്ചു സങ്കടം പറയാനാണ്. പക്ഷേ ഇത്രയൊക്കെ കൊടുംഷൂട്ടിലൂടെ കടന്നുപോയിട്ടും ചിത്രീകരണത്തിനിടെ ഒരാൾക്കുപോലും പരുക്കു പറ്റിയില്ലെന്നും പറയുന്നു ഇനാരിറ്റു. അത്രമാത്രം കരുതലാണ് ഓരോരുത്തർക്കും നൽകിയത്. ഇടയ്ക്കിടെ ചിലരെ പറഞ്ഞുവിടേണ്ടി വന്നുവെന്നത് സത്യം. ഓർക്കസ്ട്രയിൽ ഏതെങ്കിലും ഒരു വയലിൻ തകരാറിലായാൽപ്പിന്നെ അതിനെ ഒഴിവാക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലല്ലോ എന്നാണ് ഇനാരിറ്റുവിന്റെ വിമർശകരോടുള്ള മറുചോദ്യം.

inarito അലെയാന്ദ്രോ ഇനാരിറ്റു ഷൂട്ടിങ്ങിനിടയിൽ

‘റെവെനന്റ് മനുഷ്യന്റെ തിരിച്ചുവരവിന്റെ കഥയാണ്. പ്രതികൂല സാഹചര്യങ്ങളോടുള്ള അവന്റെ പോരാട്ടത്തിന്റെ കഥ. അത് യഥാർത്ഥമായി തിരശീലയിലെത്തിക്കാൻ നടത്തുന്ന ശ്രമങ്ങളിലും സമാനമായ അവസ്ഥകളിലൂടെ ചലച്ചിത്രകാരൻ കടന്നു പോയേ മതിയാകൂ. വേണമെങ്കിൽ സെറ്റിട്ട് കാപ്പിയും നുണഞ്ഞ് സന്തോഷമായി ചിത്രീകരിക്കാമായിരുന്നു റെവെനന്റ്. അന്നേരം എല്ലാ അണിയറപ്രവർത്തകർക്കും സന്തോഷവുമായേനെ. പക്ഷേ നല്ല ഒരു സിനിമ നൽകി പ്രേക്ഷകനെ സന്തോഷിപ്പിക്കാൻ അതുവഴി എനിക്കു സാധിക്കുമെന്നു തോന്നുന്നില്ല. ഇപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവരെല്ലാം സങ്കടത്തിലാണ്. പക്ഷേ മികച്ച സിനിമാനുഭവത്തിന്റെ സന്തോഷത്തിലാണ് റെവെനന്റിന്റെ പ്രേക്ഷകർ. അവരുടെ ആ സന്തോഷത്തിനു വേണ്ടിയായിരുന്നു ഈ ദുരിതപർവം ഞാൻ തിരഞ്ഞെടുത്തതും...’

ഇനാരിറ്റുവിന്റെ ഈ വാക്കുകളിലുണ്ട് എല്ലാം. സിനിമയെ സ്നേഹിക്കുന്നവർ ഈ വാക്കുകൾക്കൊപ്പമല്ലേ നിൽക്കുകയുള്ളൂ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.