Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പപ്പേട്ടൻ പറഞ്ഞ ‘നോ’ എന്നെ സിനിമാനടനാക്കി

Asokan

പത്മരാജൻ എന്ന സംവിധായകനാണു ഞാൻ എന്ന നടനെ ഉണ്ടാക്കിയത്. എന്നെ മാത്രമല്ല പലരെയും ഇന്നത്തെ താരങ്ങളാക്കിയതിൽ വലിയ പങ്കു പപ്പേട്ടനുണ്ട്. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അതുകൊണ്ടു തന്നെ പപ്പേട്ടനോട് ആരും ഗുരുനിന്ദ കാട്ടിയിട്ടില്ല. എന്നെയും അദ്ദേഹം കണ്ടതു പലപ്പോഴും വാൽസല്യത്തോടെയായിരുന്നു. പപ്പേട്ടന്റെ മുന്നിൽ ഞാൻ നിന്നിട്ടുള്ളതും ആ ബഹുമാനാദരവോടെയാണ്. അവസാന കാലമായപ്പോഴാണു പപ്പേട്ടനും ഞാനും തമ്മിൽ സൗഹൃദം നിറഞ്ഞ ഒരു അടുപ്പം രൂപപ്പെട്ടത്. അപ്പോഴേക്കും ആദ്ദേഹം വിടപറയുകയും ചെയ്തു.

പപ്പേട്ടന്റെ മരണവാർത്ത കേൾക്കുമ്പോൾ ഞാൻ എറണാകുളത്താണ്. അന്നത്തെ ഒരു സിനിമാ വാരികയിൽ നടിയായിരുന്ന ശ്രീലത നമ്പൂതിരി എഴുതിയ ആത്മകഥ പ്രസിദ്ധീകരിച്ചു വരുന്നുണ്ടായിരുന്നു. അതിന്റെ ജനുവരി ലക്കത്തിൽ ശ്രീലതയും പപ്പേട്ടനും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചാണു പറയുന്നത്. പത്മരാജനുമൊന്നിച്ച് ഹാർമോണിയപ്പെട്ടിയുമായിരുന്നു പാട്ടുപാടിയതും നൃത്തം ചെയ്തതും മറ്റും. ആ ഭാഗം ഞാൻ വായിച്ചു കൊണ്ടിരിക്കുമ്പോഴാണു പപ്പേട്ടന്റെ മരണവാർത്ത എന്നെ തേടിയെത്തിയത്.

എറണാകുളത്തുള്ള ഒരു സുഹൃത്താണു വിളിച്ചുപറഞ്ഞത്; കോഴിക്കോട്ടു വച്ചായിരുന്നു മരണമെന്ന്. ‘നിന്റെ പപ്പേട്ടൻ പോയി’ എന്നാണ് അദ്ദേഹം പറഞ്ഞത്. തമാശ പറയുകയാണെന്നു കരുതി, സത്യമാവരുതെന്നു പ്രാർഥിച്ചു. പക്ഷേ..

അദ്ദേഹം വിടപറഞ്ഞിട്ടു 25 വർഷമായി എന്നു വിശ്വസിക്കാനാവുന്നില്ല. പത്മരാജൻ എന്ന കഥപറച്ചിലുകാരൻ ഇവിടെ എവിടെയോ ഉണ്ട് എന്നു പലപ്പോഴും തോന്നും. തിരുവനന്തപുരത്തോ കോഴിക്കോട്ടോ എവിടെയോ അദ്ദേഹമുണ്ട്. ഇൗ ലോകത്തിന്റെ ഏതോ ഒരു കോണിൽ മറഞ്ഞിരിക്കുകയാണ് അദ്ദേഹം എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

പെരുവഴിയമ്പലത്തിന്റെ ഇന്റർവ്യൂവിനാണു ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാൻ ആദ്യമായി അഭിനയിച്ചതു പപ്പേട്ടന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തിലാണ്. അതൊക്കെ ഇന്നലെ നടന്നപോലെ. ഇത്രവർഷമായെന്നു വിശ്വസിക്കാനാവാത്തതുപോലെ. ഇത്രയേറെ വ്യത്യസ്തമായ പ്രമേയങ്ങൾ, ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്തമായി പറഞ്ഞ മറ്റൊരു കഥാകാരൻ മലയാളത്തിൽ ആരാണുള്ളത്?

നോവലായി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചുവന്ന പെരുവഴിയമ്പലം സിനിമയാക്കുന്നുവെന്ന പരസ്യം കണ്ടാണു ഞാൻ അപേക്ഷിക്കുന്നത്. തിരക്കഥാകൃത്തായി പത്മരാജൻ കത്തിനിൽക്കുന്ന സമയമാണന്ന്. ദൂരെ നിന്ന് ആരാധനയോടെ വീക്ഷിക്കുകയായിരുന്നു ഞാൻ.

ഒരു പാട്ടുകാരനാകുകയെന്നതായിരുന്നു എന്റെ ആഗ്രഹം. പാട്ടു തന്നെയായിരുന്നു എന്റെ ഇഷ്ടവും. ചേട്ടൻ നിർബന്ധിച്ചതുകൊണ്ടു മാത്രം അന്ന് അപേക്ഷിച്ചതായിരുന്നു ഞാൻ. പത്തു ദിവസം കഴിഞ്ഞു കത്തും ഫോട്ടോയും കിട്ടിയതായറിഞ്ഞു മറുപടി വന്നു. ഉടൻ തിരുവനന്തപുരം വഴുതക്കാട് ഹോട്ടൽ നികുഞ്ജത്തിൽ ചെല്ലാൻ പറഞ്ഞു.

അവിടെ ചില ടെസ്റ്റുകൾക്കു ശേഷം ഹോട്ടൽ പാരമൗണ്ടിൽ ചെല്ലാൻ പറഞ്ഞു. ഇന്റർവ്യൂവിനു പപ്പേട്ടനും ചിത്രത്തിന്റെ നിർമാതാവും പിന്നെ നടൻ കൃഷ്ണൻകുട്ടി നായരും ഉണ്ടായിരുന്നു. ഷർട്ട് ഉൗരാനാണു പത്മരാജൻ ആദ്യം ആവശ്യപ്പെട്ടത്. നടന്റെ വൈഭവം തിരിച്ചറിയാൻ അദ്ദേഹത്തിന് ഇങ്ങനെ ചില വിദ്യകളുണ്ടായിരുന്നു. ആ ഇന്റർവ്യൂവിൽ എന്നെ തഴഞ്ഞു. നിരാശയോടെയാണ് തിരിച്ചുപോന്നത്.

കിട്ടില്ലെന്നുറപ്പിച്ചു തിരിച്ചുപോന്നപ്പോൾ ഒന്നര മാസം കഴിഞ്ഞു വീണ്ടും ചെല്ലാൻ പറഞ്ഞു. തിരുവനന്തപുരത്ത് അമൃത ഹോട്ടലിലാണ് എത്തേണ്ടത്. പപ്പേട്ടൻ കൃഷ്ണൻകുട്ടി നായരോടു പറഞ്ഞു. ‘ചേട്ടാ നിങ്ങൾ നാടകത്തിലൊക്കെ അഭിനയിക്കുന്നതല്ലേ. നാടകത്തിലെ ഒരു ഡയലോഗ് പറഞ്ഞേ, അശോകൻ പറയുമോന്നു നോക്കട്ടെ.’ അതു കേട്ടതോടെ എനിക്കു വിറയ്ക്കാൻ തുടങ്ങി. പിന്നീടു പപ്പേട്ടൻ തന്നെ അതു വേണ്ടെന്നു പറഞ്ഞു.

അന്ന് ആ ഡയലോഗ് ഞാൻ പറഞ്ഞിരുന്നെങ്കിൽ ഇന്നു ഞാൻ സിനിമയിലുണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്. അങ്ങനെ പപ്പേട്ടൻ പറഞ്ഞ ഒരു ‘നോ’ എന്നെ സിനിമാനടനാക്കി. അല്ലായിരുന്നെങ്കിൽ അന്ന് ആ ഡയലോഗ് പറയാനാവാതെ ഞാൻ വിയർത്തേനേ. ക്ലാസൊക്കെ എന്തു ചെയ്യും എന്നൂ മാത്രം പപ്പേട്ടൻ ചോദിച്ചു. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം എന്നു മറുപടി പറഞ്ഞു.

ഞാൻ ഗ്ലാമർ—കോമഡി—ആക്ക്ഷൻ സിനിമയെ ആരാധിച്ചു നടക്കുന്ന സമയമാണന്ന്. പപ്പേട്ടന്റെ സിനിമയെക്കുറിച്ചുള്ള സങ്കൽപം വേറെയായിരുന്നു.

ആകാശവാണിയിലെ വാർത്താവായനയിലൂടെയും കമ്പോള നിലവാരം അവതരിപ്പിച്ച ആ ശബ്ദഗാംഭീര്യത്തിലൂടെയും പിന്നെ കഥകളിലൂടെയും ചിത്രങ്ങളിലൂടെയും മാത്രം പരിചയമുണ്ടായിരുന്ന പി. പത്മരാജൻ അതോടെ എന്റെ കയ്യെത്തും ദൂരത്തായി. ആ ശബ്ദത്തിലൂടെ മനോഹരമായി അദ്ദേഹം സ്ക്രിപ്റ്റ് വായിക്കുന്നതു ഞാൻ ലൊക്കേഷനുകളിൽ ആരാധനയോടെ നോക്കിനിന്നു. ഇത്രയും മനോഹരമായി തിരക്കഥ വായിച്ചു കൊടുക്കുന്ന ഒരു സംവിധായകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അത്രയേറെ നാച്ചുറൽ ആയിരുന്നു അത്. ഓരോ ഡയലോഗും മനസ്സിൽ തങ്ങിനിൽക്കുമായിരുന്നു.

ഗുരുതുല്യനായിരുന്നു എന്നൊക്കെ ആർക്കും പറയാവുന്ന കാര്യമാണ്. പക്ഷേ എനിക്ക് അച്ചടക്കം പോലുള്ള കാര്യങ്ങൾ പറഞ്ഞുതന്നതും പക്വത വന്നശേഷം എനിക്കു ഗുരുനാഥനായി തോന്നിയതും പത്മരാജൻ മാത്രമാണ്. പക്ഷേ എനിക്ക് എന്തും കാണിക്കാനുള്ള എല്ലാ സ്വാതന്ത്യ്രവും തന്നുവെന്നു ഞാൻ പറഞ്ഞതിന് അർഥമില്ല. എനിക്കു ധൈര്യം തരികയും തിരിച്ചു തികഞ്ഞ ബഹുമാനം നേടുകയും ചെയ്ത ബന്ധമായിരുന്നു അത്.

പെരുവഴിയമ്പലത്തിനു ശേഷം പല പടങ്ങളിലും അദ്ദേഹം എന്നെ സെലക്ട് ചെയ്തു. ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തിങ്കളാഴ്ച നല്ല ദിവസം, തൂവാനത്തുമ്പികൾ, ഇടവേള, മൂന്നാംപക്കം, സീസൺ എന്നീ ചിത്രങ്ങളിൽ. യവനികയിലേക്ക് എന്നെ കാസ്റ്റ് ചെയ്യാൻ കെ.ജി. ജോർജ് സാറിനോടു നിർദേശിച്ചതും പപ്പേട്ടനാണ്.

എന്റെ ടാലന്റ് ക്ഷമയോടുകൂടി മനസ്സിലാക്കി. എനിക്ക് അവസരങ്ങൾ തന്ന് ഒരു അഡ്രസ് ഉണ്ടാക്കിത്തന്നു. അങ്ങനെ ഒരാളെ ഗുരുവെന്നല്ലാതെ ഞാൻ മറ്റെന്താണു വിളിക്കുക? മലയാള സിനിമയ്ക്ക് എക്കാലത്തെയും വലിയ നഷ്ടമാണു പപ്പേട്ടൻ. എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും. എനിക്ക് ഒരു എഡെന്റിറ്റി ഉണ്ടാക്കിത്തന്നത് അദ്ദേഹമാണ്. എനിക്ക് ഏറ്റവും നല്ല അവസരങ്ങളും തന്നു.

ഞാൻ പപ്പേട്ടന്റെ മുന്നിൽ വളരെ കംഫർട്ടബിൾ ആയിരുന്നു. അവസാനകാലത്തു പ്രത്യേകിച്ചും. സ്കൂളിലെ സാറിന്റെ മുന്നിൽ ചെല്ലുമ്പോഴുള്ള പ്രതീതിയായിരുന്നു ആദ്യമൊക്കെ. എന്റെ പെരുവഴിയമ്പലത്തിലെ ആദ്യ ഷോട്ട് ഭരത് ഗോപി ചേട്ടന്റെ കൂടെയായിരുന്നു. കട്ട്ആക്ഷൻ എന്നൊക്കെ പറയുന്നത് എന്താണെന്നുപോലും അപ്പോൾ എനിക്ക് അറിയില്ലായിരുന്നു. പപ്പേട്ടൻ അതെല്ലാം ക്ഷമയോടെ പറഞ്ഞുതന്നു. ആദ്യമായി അഭിനയിക്കുമ്പോഴുള്ള ചെറിയ തെറ്റുകൾ ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത നിരീക്ഷണപാടവമായിരുന്നു. ഒരാളെ കണ്ടാൽത്തന്നെ പപ്പേട്ടന് അവരുടെ കഴിവുകൾ തിരിച്ചറിയാൻ കഴിയുമായിരുന്നു. ഇയാൾക്ക് ഇന്നതു ചെയ്യാൻ പറ്റും, ഇന്നതേ പറ്റൂ എന്നദ്ദേഹം പെട്ടെന്നു തിരിച്ചറിഞ്ഞിരുന്നു.

പപ്പേട്ടന്റെ കൂടെ തൂവാനത്തുമ്പികളുടെ ഷൂട്ടിങ് സമയത്തു മദ്രാസിൽ നിന്ന് എറണാകുളം വരെ ഒന്നിച്ചു യാത്ര ചെയ്തിരുന്നു. അന്ന് അദ്ദേഹം കൂടുതലൊന്നും സംസാരിച്ചില്ല. പിന്നീടു ‘മൂന്നാംപക്കം’ ഷൂട്ടിങ് കഴിഞ്ഞു തിരുവനന്തപുരത്തേക്ക് ഒന്നിച്ചു വരുമ്പോൾ അദ്ദേഹം വളരെ അടുപ്പത്തോടെയാണ് എന്നോടു സംസാരിച്ചത്. ഒരു ആകാശവാണി ആർട്ടിസ്റ്റിൽ നിന്നു കഥയെഴുത്തിലേക്കും അവിടെ നിന്ന് തിരക്കഥാരചനയിലേക്കുമുള്ള തന്റെ യാത്രയെക്കുറിച്ചു പറഞ്ഞു. തിരക്കഥ എഴുതി മാത്രമുള്ള പരിചയത്തിന്റെ ബലത്തിൽ താൻ സിനിമ എന്ന പരിചയമില്ലാത്ത മാധ്യമത്തിലേക്കു വന്നതിനെക്കുറിച്ചും. ‘എനിക്ക് അങ്ങനെ ഒരു ആഗ്രഹം തോന്നി. ഞാൻ ചെയ്തു’ എന്നതായിരുന്നു പപ്പേട്ടന്റെ ലൈൻ.

സിനിമയിൽ സ്നേഹബന്ധങ്ങളില്ലെന്നു പറയാറുണ്ട്. എനിക്ക് അന്നും ഇന്നും ഓർമയിലുള്ള സ്നേഹബന്ധം പപ്പേട്ടനാണ്. അദ്ദേഹത്തിന്റെ മരണത്തിലൂടെ ആ ആത്മധൈര്യവും ചങ്കൂറ്റവുമാണു മലയാള സിനിമയ്ക്കു നഷ്ടമായത്.

ഭാഗ്യങ്ങളും നിർഭാഗ്യങ്ങളുമുള്ള ഒരു നടനാണു ഞാൻ. പത്മരാജനെ പോലെ ഒരു സംവിധായകനായിരുന്നു എന്റെ ഭാഗ്യം. അദ്ദേഹത്തിന്റെ മരണം എന്റെ നിർഭാഗ്യവും. ഒരു സംവിധായകന്റെ മരണം തന്റെ അഭിനയപ്രതിഭ മാറ്റുരച്ചു നോക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് ഒരു നടൻ മനസ്സിലാക്കുന്നുവെന്നതാണ് ഒരു സംവിധായകന്റെ കഴിവിന്റെ ഏറ്റവും വലിയ തെളിവ്. പത്മരാജന്റെ മരണശേഷം എനിക്കു മാത്രമല്ല പലർക്കും ആ തോന്നലുണ്ടാകുന്നു. പപ്പേട്ടൻ മരിച്ച് ഓരോ വർഷം കടന്നുപോകുന്തോറും ആ തോന്നൽ തീവ്രമാകുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.