Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരങ്ങേറ്റം പത്മരാജനിലൂടെ

p-padmarajan2 പത്മരാജൻ

സർഗശേഷിയുടെ കാര്യത്തിൽ പകരക്കാരൻ ഇല്ലാത്ത പത്മരാജൻ എന്ന കലാകാരൻ അണിയിച്ചൊരുക്കിയ ചലച്ചിത്രങ്ങൾ എക്കാലവും മലയാളികളുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു. കാലാതിവർത്തികളായി നമ്മുടെ ഹൃദയങ്ങളിൽ ഇന്നും അവ നൊമ്പരത്തിൻറെ നനുത്ത കൂടുകൾ പണിയുന്നു... മറ്റുചിലപ്പോൾ അഭ്രപാളികളിൽ നിന്ന് വെളളിത്തിരയിലേക്കിറങ്ങി വന്ന ജീവൻറെ തുടിപ്പുപോലെ പത്മരാജന്റെ അനശ്വര കഥാപാത്രങ്ങൾ നമ്മെ വേട്ടയാടുന്നു. അപ്രതീക്ഷിതമായ ഒരു വളവിൽവച്ച് യാത്ര പറഞ്ഞകന്നു പോയ ഒരു സംവിധായക പ്രതിഭയുടെ വേദനയും പരിഭവവും ഒരു മഴക്കാലം പോലെ ഒരുപക്ഷേ ഇന്നും മലയാളി മനസിൽ നനഞ്ഞു കുതിർന്നു നിൽക്കുന്നത് അതുകൊണ്ടാവണം.

തങ്ങളുടെ പപ്പേട്ടന്റെ വിയോഗം ഇന്നും കണ്ണീരോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരുപിടി കലാകാരന്മാർ ഉണ്ട്. പത്മരാജൻ എന്ന മഹാരഥന്റെ കണ്ടെത്തലുകളായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച്, ഇപ്പോഴും ആ കാലഘട്ടത്തിന്റെ നൈർമല്യവും നന്മയും കാത്തുസൂക്ഷിക്കുന്നവർ.

ജയറാം

jayaram ജയറാം

1988 ൽ പത്മരാജൻ ജയറാമിനെ കണ്ടെത്തുമ്പോൾ മിമിക്രി കലാകാരന്മാർക്കു സിനിമയിലേക്ക് ഇന്നുള്ളപോലെ ഒരെളുപ്പവാതിൽ ഉണ്ടായിരുന്നില്ല. മിമിക്രി ചെയ്യുന്നവർക്കു സിനിമ എളുപ്പം വഴങ്ങുമെന്നൊരു വിശ്വാസം സിനിമയുടെ അകത്തളങ്ങളിൽ ഇല്ലായിരുന്നു. പത്മരാജൻ തന്നെയാണു ആ പരീക്ഷണം ആദ്യം നടത്തിയത്. അപരനിൽ ഇരട്ടവേഷം അഭിനയിച്ചു അരങ്ങേറ്റം കുറിച്ച ജയറാം പിന്നീടു തിരിഞ്ഞുനോക്കിയിട്ടില്ല. മൂന്നാംപക്കം, ഇന്നലെ എന്നീ രണ്ടു പത്മരാജൻ മാസ്റ്റർപീസുകളിൽ കൂടി അഭിനയിക്കാൻ ജയറാമിനു ഭാഗ്യമുണ്ടായി. 1988ൽ പത്മരാജൻ നടത്തിയ ആ പരീക്ഷണത്തെ ശരിവച്ചു കൊണ്ട് ജയറാം ഇന്നും തലയെടുപ്പോടെ നിൽക്കുന്നു, മലയാള സിനിമയുടെ പൂമുഖത്ത്, ഭാഗ്യദേവതയുടെ കടാക്ഷത്തോടെ തന്നെ.

സുഹാസിനി

suhasini സുഹാസിനി

സിനിമാ കുടുംബത്തിന്റെ പാരമ്പര്യം കൈമുതലാക്കി, കഴിവിന്റെ നിധികുംഭങ്ങളായ അച്ഛന്റെയും ചെറിയച്ഛന്റെയും പിന്മുറക്കാരിയാവാൻ സുഹാസിനി മലയാളത്തിലെത്തിയത് ഒരു പത്മരാജൻ ഫ്രയ്മിലൂടെയാണ്. മലയാളി മനസ്സിൽ ഇന്നുമൊരു വിങ്ങലായി നിൽക്കുന്ന മഞ്ഞിന്റെ നിറമുള്ള ആ ചിത്രം— കൂടെവിടെ. മലയാളചലച്ചിത്ര ലോകം അന്നുവരെ കാണാത്ത ഭാവങ്ങളായിരുന്നു സുഹാസിനിയുടെ മുഖത്തു വിരിഞ്ഞത്. അധ്യാപികയുടെ ഗൗരവത്തിനിടയിലും തെന്നിത്തെളിയുന്ന ഒരു കൊച്ചുകുട്ടിയുടെ മിന്നലാട്ടങ്ങൾ. പത്മരാജന്റെ മാന്ത്രികതയാണു തന്റെ കഥാപാത്രമായ ആലീസ് അവിസ്മരണീയമാവാൻ കാരണമെന്നു സുഹാസിനി പറയും. ഈ ഒരൊറ്റ ചിത്രത്തിൽ മാത്രമേ ഈ കലാകാരി പത്മരാജനൊപ്പം പ്രവർത്തിച്ചിട്ടുള്ളൂ. പക്ഷേ, സുഹാസിനി എന്നു പറഞ്ഞാൽ ഇന്നും മലയാളികൾക്കു ‘ആടി വാ കാറ്റേ, പാടി വാ കാറ്റേ’ എന്നു പാടിയ ആലീസ് ആണ്.

റഹ്മാൻ

rahman-actor റഹ്മാൻ

ഏറ്റവും ചെറിയ പ്രായത്തിൽ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച നടൻ എന്ന ബഹുമതിക്കു അവകാശി ഒരുപക്ഷേ റഹ്മാനായിരിക്കും. കൂടെവിടെയിലെ രവി പുത്തൂരാൻ എന്ന സുന്ദരൻ വിദ്യാർഥിയാവാൻ പത്മരാജൻ ഊട്ടിയിൽ നിന്നു നടനെ കണ്ടെത്തുമ്പോൾ റഹ്മാനു സിനിമ ഒരു സ്വപ്നമേ അല്ലായിരുന്നു. പക്ഷേ പിന്നെ സംഭവിച്ച റഹ്മാൻ തരംഗം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. യൗവ്വനത്തിന്റെ ശക്തി കേരളത്തിൽ വേരോടിച്ചു ഹിറ്റുകൾ സൃഷ്ടിക്കുന്ന മാന്ത്രികത റഹ്മാനിലെ അഭിനേതാവ് വേഗം സ്വായത്തമാക്കി. പത്മരാജന്റെ പ്രിയതാരമായി പറന്നു പറന്നു പറന്ന് (1984), കരിയിലക്കാറ്റു പോലെ (1986), മൂന്നാംപക്കം (1988) എന്നീ ചിത്രങ്ങളിലും മലയാളികൾ റഹ്മാനെ കണ്ടു. ഒരുപക്ഷേ പത്മരാജന്റെ വിയോഗം ഏറ്റവും പ്രതികൂലമായി ബാധിച്ചത് റഹ്മാൻറെ കരിയരിനെയാവും. മലയാള സിനിമയ്ക്കു ഇടക്കാലത്ത് അന്യമായി പോയ റഹ്മാൻ വീണ്ടും തിരികെയെത്തിതും അന്ന് പത്മരാജൻ കൊളുത്തിയ തിരിയുടെ വെട്ടത്തിലാണ്.

ശാരി

shari ശാരി

മലയാളികളുടെ സ്വപ്നങ്ങളുടെ ഇടനാഴികളിൽ പതുങ്ങിനിൽക്കുന്ന പൂച്ചക്കണ്ണുള്ള സുന്ദരി ശാരിയുടെ അഭിനയശേഷി ആദ്യമായി പത്മരാജൻ ഉപയോഗിച്ചത് 1986ൽ ആയിരുന്നു. ദേശാടനക്കിളി കരയാറില്ല, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നിങ്ങനെ രണ്ടു ഹൃദയഹാരിയായ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ പദ്മരാജൻ ശാരിയെ ഏൽപ്പിച്ചു. സാലിയെയും സോഫിയയെയും ആ പെൺകുട്ടി അനശ്വരമാക്കി. സീസൺ എന്ന ചിത്രത്തിലും ഒരു വേഷം ചെയ്ത ശാരിയോടു മലയാള സിനിമയിൽ ഒരുപക്ഷേ പദ്മരാജനല്ലാതെ മറ്റാരും തന്നെ നീതി പുലർത്തിയിട്ടില്ലന്നു പറയാം.

അശോകൻ

asokan-actor അശോകൻ

പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു പെരുവഴിയമ്പലം (1979). അതിലെ രാമൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹം കണ്ടെത്തിയത് അശോകനെയാണ്. കൊലുന്നനെയുള്ള ആ പയ്യനെ കണ്ടപ്പോൾ നമ്മൾ ആരെങ്കിലും കരുതിയോ മലയാളത്തിനൊരു മികച്ച സ്വഭാവനടനായി ഇദ്ദേഹം മാറുമെന്ന്? പക്ഷേ അശോകന്റെ പപ്പേട്ടനു അതറിയാമായിരുന്നു. തന്റെ ഒട്ടുമിക്ക ചിത്രങ്ങളും അശോകനായി ഒരു വേഷം അദ്ദേഹം മാറ്റിവച്ചു. തിങ്കളാഴ്ച നല്ല ദിവസം (1985), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986) തൂവാനത്തുമ്പികൾ (1987) മൂന്നാംപക്കം (1988) സീസൺ (1989) എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.

തന്റെ അഭൗമമായ സിനിമാജീവിതം കൊണ്ട് പത്മരാജൻ എന്ന ഗന്ധർവൻ സാന്ദ്രസുന്ദരമാക്കിയ ജീവിതങ്ങൾ ഇനിയുമെത്രയേറെ....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.