Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയുടെ ചെമ്പകച്ചോട്ടിൽ

padmarajan-radhalakshmi പത്മരാജൻ, രാധാലക്ഷ്മി (ഫയൽ ചിത്രം)

വേർപാടിന്റെ നൊമ്പരങ്ങൾ വിട്ടുപിരിയുന്നില്ല. പെട്ടെന്നൊരു നാൾ മരണത്തിന്റെ കൈപിടിച്ചു നടന്നകന്ന പ്രിയപ്പെട്ടവനെക്കുറിച്ച്, അതിനു ശേഷം മറ്റൊന്നായി മാറിയ ജീവിതത്തെക്കുറിച്ച്, പത്മരാജന്റെ ഓർമകളിലൂടെ പത്നി രാധാലക്ഷ്മി.

പൂജപ്പുരയിലെ വീടിന്റെ മുറ്റത്തു ഞാനും പത്മരാജനും കൂടി ഒരിക്കൽ ഒരു വെള്ളച്ചെമ്പകം നട്ടിരുന്നു. കുറേ വർഷങ്ങൾ കഴിഞ്ഞും അതു പൂക്കാതിരുന്നപ്പോൾ ഒരു ദിവസം അതിന്റെ ചോട്ടിൽ കസേരയിട്ടിരുന്നു വർത്തമാനം പറയുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു: “ഇനിയും പൂത്തില്ലെങ്കിൽ നമുക്കിതു വെട്ടിക്കളയാം.” പിറ്റേന്നു കാലത്തു മുറ്റത്തിറങ്ങി നടക്കുമ്പോൾ കാറ്റിൽ നേരിയ സുഗന്ധം. വെള്ളച്ചെമ്പകത്തിന്റെ പച്ചച്ചില്ലകൾക്കിടയിൽ ഇതളുകൾ വിടർത്തിത്തുടങ്ങുന്ന ഒരു കുഞ്ഞുപൂവ്! ഞങ്ങൾക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല.

പൂവിന്റെ ഇതളുകൾ തൊട്ടുതഴുകിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “കണ്ടോ, ചെടികൾക്കും നമ്മുടെ ഭാഷ മനസിലാവും...”

ചെടികൾക്കും പൂക്കൾക്കും പോലും മനസിലാകുന്ന ഭാഷ സംസാരിച്ചിരുന്ന എന്റെ ഗന്ധർവൻ പോയിട്ട് 25 വർഷമാകുന്നു. ചെമ്പകം വീടിന്റെ മുറ്റത്തുനിൽക്കുന്നത് ഐശ്വര്യമല്ലെന്ന് എന്നോടു പലരും പറഞ്ഞു. എന്നാലും എനിക്കത് വെട്ടാൻ മനസു വന്നില്ല. ചെമ്പകത്തിലിപ്പോഴും പൂക്കൾ വിടരുന്നു. ഓർമകളുടെ സുഗന്ധം പരത്തിക്കൊണ്ട് അതു മുറ്റത്തു നിൽക്കുന്നു. പൂക്കൾ കരിഞ്ഞുപോയ ശേഷവും സുഗന്ധം മാത്രം കാറ്റിൽ പടർന്നു ബാക്കിയാവുന്നു.

ചില ദുർന്നിമിത്തങ്ങൾ.. രണ്ടു ചേട്ടന്മാരുടെയും അകാലത്തിലുള്ള മരണത്തിനു ശേഷം വല്ലാത്തൊരു ഭയം പത്മരാജനെ ഗ്രസിച്ചിരുന്നു. ഒറ്റയ്ക്കുറങ്ങാൻ കിടക്കാൻ പേടിയായിരുന്നു അദ്ദേഹത്തിന്.

1990 അവസാനം. വരാൻ പോകുന്ന ആപത്തിന്റെ ദുസ്സൂചനകൾ ഞങ്ങളുടെ ജീവിതത്തിലേക്കു നിമിത്തങ്ങൾ പോലെ കടന്നു വരുന്നുണ്ടായിരുന്നു. ‘ഗന്ധർവൻ’ എന്ന സിനിമ ചെയ്യാനൊരുങ്ങിയതു തൊട്ടേ ആരംഭിച്ചിരുന്നു ആ മിന്നലാട്ടങ്ങൾ. ഗന്ധർവന്റെ സങ്കല്പത്തിലൊരു സിനിമ ചെയ്യാൻ അദ്ദേഹം വർഷങ്ങൾക്കു മുൻപേ ആഗ്രഹിച്ചിരുന്നു. എന്നാൽ, ആ വിഷയം സിനിമയാക്കുന്ന കാര്യം പറയുമ്പോഴൊക്കെ, പിന്നെയാവട്ടെയെന്നു പറഞ്ഞു വിലക്കിയിരുന്നു ഞാൻ. പക്ഷേ, ഇത്തവണ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു:

“ഇക്കുറി ഞാൻ ഗന്ധർവനെ തന്നെ കാച്ചാൻ പോവുകയാണ്. നിങ്ങൾ ഇടംകോലിടരുത്.” അതു കേട്ടു ഞാൻ പാതി മനസോടെ സമ്മതം മൂളി. വളരെ വിശദമായ പഠനങ്ങൾക്കു ശേഷം ഗന്ധർവന്റെ തിരക്കഥ അദ്ദേഹം എഴുതിത്തീർത്തു. എഴുതിക്കഴിഞ്ഞ ശേഷം ആ തിരക്കഥ മുഴുവൻ സ്വന്തം ശബ്ദത്തിൽ വായിച്ചു ഞങ്ങളെ കേൾപ്പിച്ചു. പതിവില്ലാതെ അതു മുഴുവൻ കസെറ്റിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു.

ആപത്തിന്റെ സൂചനകൾ പോലെ ചില സംഭവങ്ങൾ കടന്നുവന്നു. നായകനായി നിതീഷ് ഭരദ്വാജിനെ കാസ്റ്റ് ചെയ്യാൻ മുംബൈയ്ക്കു പോകാനൊരുങ്ങിയ യാത്രയിൽ വിമാനത്തിൽ പരുന്തു വന്നിടിച്ചു അപകടമുണ്ടാവേണ്ടതായിരുന്നു. ആ യാത്ര മുടങ്ങി. പിന്നീടു ഷൂട്ടിങ്ങിനിടയിലും പല പ്രശ്നങ്ങളുണ്ടായി. ഒരു തവണ പാലച്ചുവട്ടിൽ വച്ചു നായിക സുപർണ ബോധരഹിതയായി വീണു. നിതീഷിനു വിഷമുള്ള വെറ്റില തിന്നു ബോധക്കേടു വന്നു.

ഷൂട്ടിങ്ങിനു പല തടസങ്ങളുമുണ്ടായി. അതു കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം വല്ലാതെ മെലിഞ്ഞിരുന്നു. മുഖത്തിനു സ്വർണത്തിന്റെ നിറം. ആയിടെ അദ്ദേഹത്തിന്റെ രക്തം പരിശോധിച്ചപ്പോൾ കൊളസ്ട്രോൾ വളരെ കൂടുതലായിരുന്നു. ഞങ്ങൾക്കു പരിഭ്രമം തോന്നി. അദ്ദേഹം ദിവസവും നടക്കാൻ പോയിരുന്നു. സസ്യാഹാരം മാത്രമായിരുന്നു കഴിക്കാറ്. സിഗരറ്റ് വലി പൂർണമായും ഉപേക്ഷിച്ചിരുന്നു. എന്നിട്ടും ക്ഷീണം വിട്ടുമാറിയില്ല.

“ഞാൻ ഗന്ധർവൻ” റിലീസ് ചെയ്ത് ആദ്യത്തെ ആഴ്ച. തിയേറ്ററിലെ ഫലം നിരാശപ്പെടുത്തുന്നതായിരുന്നു. പലയിടത്തും നിതീഷിന്റെ പോസ്റ്ററുകൾ കീറിയത് അദ്ദേഹത്തെ സമ്മർദ്ദത്തിലാഴ്ത്തി. ഒരാഴ്ചയായപ്പോൾ ഗുഡ്നൈറ്റ് മോഹന്റെ നിർദേശം: “ഗന്ധർവൻ ഓടുന്ന തിയേറ്ററുകളിലെല്ലാം ഒന്നു കറങ്ങി വരാം. പപ്പേട്ടനും കൂടെവരണം.”

“ഞാൻ പോണോ?” അദ്ദേഹം എന്നോടു ചോദിച്ചു. “നിതീഷിനെ സിനിമാശാലകളിൽ പ്രദർശിപ്പിച്ചു പടത്തിന് ആളെ കൂട്ടാനുള്ള ശ്രമത്തിലാണ്...”

ഞാനാണപ്പോൾ അദ്ദേഹത്തെ പോകാൻ നിർബന്ധിച്ചത്. അപ്പോഴത്തെ മാനസികാവസ്ഥ മാറാൻ അവരോടൊപ്പം ഒരു യാത്ര നല്ലതാണെന്നു തോന്നി.

മകൾ മാധവിക്കുട്ടി, അവളുടെ കോളജിൽ ആർട്സ് ഫെസ്റ്റിവലിനു മലയാളം പദ്യപാരായണത്തിനു പാടാൻ ഒരു കവിത തെരഞ്ഞെടുത്തു തരാൻ പറഞ്ഞ് എന്റെ പിന്നാലെ കൂടി. വയലാറിന്റെ ‘ആത്മാവിൽ ഒരു ചിത’യാണു ഞാൻ പറഞ്ഞുകൊടുത്തത്. “ഈ കവിത പാടണ്ട.” മോൻ അനന്തപദ്മനാഭൻ എതിർത്തു. മറ്റൊരു കവിത കണ്ടുപിടിക്കാനുള്ള സമയക്കുറവു കാരണം മോൾ അതു തന്നെ പാടാൻ തീരുമാനിച്ചു.

ആർട്സ് കോളജിലെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് അദ്ദേഹത്തെയാണു ക്ഷണിച്ചിരുന്നത്. കോളജിലെ ഏണിപ്പടികൾ കയറേണ്ടി വന്നുവെന്നും അതിനാൽ തളർച്ച തോന്നിയെന്നും എന്നോടു പറഞ്ഞിരുന്നു.

22—ാം തീയതി വൈകിട്ട് അദ്ദേഹം പാലക്കാടിനു പുറപ്പെട്ടു. ഏറ്റവും പ്രിയപ്പെട്ട ഒരു ചാരനിറമുള്ള ഷർട്ടാണ് അണിയാനെടുത്തത്. പിറ്റേന്നുച്ചയ്ക്ക് രണ്ടു മണിയോടെ ഞാനദ്ദേഹത്തെ പാലക്കാട്ടേയ്ക്കു വിളിച്ചു. ആ ശബ്ദത്തിൽ വല്ലാത്ത ക്ഷീണം തോന്നി. “എന്താ ബോറടിക്കുന്നോ?” ഞാൻ ചോദിച്ചു. യാത്രയുടെ പ്രോഗ്രാമിനെക്കുറിച്ച് പറഞ്ഞു. മക്കളെ അന്വേഷിച്ചു. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള അവസാന സംഭാഷണം.

പിറ്റേന്നു രാവിലെ പത്തുമണിയോടെ ഞങ്ങളുടെ പഴയ ഡ്രൈവർ വീടിനടുത്തു വച്ചു പറഞ്ഞു: “പത്മരാജൻ സാറിന് എന്തോ ആക്സിഡന്റ് പറ്റിയെന്നു കേൾക്കുന്നു...”

“എന്താ കേട്ടത്? അദ്ദേഹം മരിച്ചെന്നാണോ?” ഞാൻ തമാശയായി ചോദിച്ചു. കാരണം, പല പ്രശസ്തരും മരിച്ചു എന്നുള്ള കള്ളവാർത്തകൾ പ്രചരിക്കുന്ന കാലമായിരുന്നു അത്.

“അങ്ങനെയെന്തോ ആണു കേട്ടത്.” ഡ്രൈവർ. പത്മരാജന്റെ അനുജത്തി പ്രഭയും എന്റെയൊപ്പമുണ്ടായിരുന്നു. വീട്ടിൽ വന്നപ്പോൾ ഞങ്ങൾക്ക് അസ്വസ്ഥത തോന്നി. പലരെയും ഫോൺ ചെയ്യാൻ ശ്രമിച്ചു. അവയെല്ലാം എൻഗേജ്ഡ് ആയിരുന്നു. അപ്പോൾ അരോമാ മൂവീസിൽ നിന്നുള്ള ഫോൺകോൾ. ഞാൻ ഫോണെടുത്തു. “മിസിസ് പത്മരാജനാണ്.”

“വേറെ ആരുടെയെങ്കിലും കൈയ്യിൽ ഫോൺ കൊടുക്കൂ.”

“അല്ല എന്താണെങ്കിലും പറയൂ. അദ്ദേഹത്തിന് ആക്സിഡന്റ് പറ്റിയോ?” ഞാൻ ചോദിച്ചു.

“അദ്ദേഹം മരിച്ചു. ആക്സിഡന്റല്ല. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നു. രാവിലെ ഉണർന്നില്ല.” ആ ശപിക്കപ്പെട്ട നിമിഷത്തിൽ പിന്നെ ഒന്നും ഞാൻ കേട്ടില്ല.

തങ്കം എന്ന വിളി

എന്നെ സംബന്ധിച്ചു പത്മരാജൻ മരിച്ചിട്ടില്ല. കാരണം, ഒരിക്കൽ അദ്ദേഹത്തിനെ വിവാഹം കഴിക്കാൻ സാധ്യമാകില്ലെന്നു തോന്നിയ നിമിഷത്തിൽ മരിക്കാൻ ഒരുമ്പെട്ടവളാണു ഞാൻ. ഞാൻ അദ്ദേഹത്തിന്റെ കൂടെ മരിച്ചില്ലെന്നേയുള്ളൂ. ഇപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യമറിയുന്നു. ഇടയ്ക്ക് ‘തങ്കം’ എന്ന് എന്നെ വിളിക്കും പോലെ തോന്നും. ഞാൻ അദ്ദേഹത്തെ രാജേട്ടാ എന്നാണു വിളിച്ചിരുന്നത്. മകൻ പപ്പനോടു സംസാരിക്കുന്നതിനിടയിൽ ഇടയ്ക്കു ഞാൻ രാജേട്ടാ എന്നു വിളിച്ചു പോകാറുണ്ട്. അദ്ദേഹം മരിക്കുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുമ്പു നടന്ന ഒരു സംഭവം ഇടയ്ക്ക് ഓർമവരും.

എനിക്കു കുറേ കൂട്ടുകാരികളുണ്ട്. ഞങ്ങൾ ഒന്നിച്ചിരുന്നു സംസാരിക്കുമ്പോൾ ഞാനെപ്പോഴും ‘രാജേട്ടൻ’ എന്നു പറഞ്ഞുകൊണ്ടിരിക്കും. അതുകേട്ട് ഒരു കൂട്ടുകാരി കളിയാക്കി. “ഒരു രാജേട്ടൻ. ഇയാൾക്കു മാത്രമല്ലേ ഒരു ഭർത്താവുള്ളൂ.” പിന്നീട് അദ്ദേഹത്തോട് ഇക്കാര്യമൊക്കെ സംസാരിക്കുന്നതിനിടെ ഞാൻ പറഞ്ഞു. “എന്റെ കൂട്ടുകാരികളെക്കാളെല്ലാം ഭാഗ്യവതി ഞാനാണ്.”

“ഓ നിങ്ങള് വയസുകാലത്ത് റൊമാന്റിക്കാകുവാണോ?” അദ്ദേഹം എന്നെ ചേർത്തു നിർത്തി ചോദിച്ചു. ഞാനിപ്പോഴും ഓർമകൾക്കു മുന്നിൽ റൊമാന്റിക്കായിപ്പോകുന്നു. ഓർമകൾക്കു മുന്നിൽ മനസിനിപ്പോഴും 21 വയസാണ്.

ആ മുഴങ്ങുന്ന ശബ്ദം 21 വയസ്. അദ്ദേഹത്തെ ഞാനാദ്യമായി കണ്ടുമുട്ടിയ പ്രായം

തൃശൂർ റേഡിയോ സ്റ്റേഷനിൽ ഞാൻ ജോലിക്കു ചേർന്നതിന്റെ പിറ്റേന്നാണു പത്മരാജൻ അവിടെ അനൗൺസറായി ജോയ്ൻ ചെയ്യുന്നത്. ഞങ്ങളായിരുന്നു അപ്പോൾ അവിടുത്തെ ഉദ്യോഗസ്ഥരിൽ ഏറ്റവും പ്രായം കുറഞ്ഞവർ. എനിക്ക് 21 വയസ്. പത്മരാജൻ എന്നെക്കാൾ ഒരു വയസിനിളയതായിരുന്നു. അദ്ദേഹത്തിനു സാഹിത്യത്തിലുള്ള താൽപര്യമൊക്കെ പിന്നീടാണു ഞാനറിഞ്ഞത്. ലോ മിൽഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥ പ്രസിദ്ധീകരിച്ചത് അക്കാലത്തായിരുന്നു. ഞങ്ങൾ രണ്ടുപേരും അനൗൺസറന്മാരായി പലപ്പോഴും ഒന്നിച്ച് ഏറെ സമയം ജോലി ചെയ്യേണ്ടി വന്നു. അധികം വൈകാതെ ഞങ്ങളെക്കുറിച്ച് ഗോസിപ്പുകൾ പരന്നു. എന്റെ വീട്ടിലുമറിഞ്ഞു സംഭവങ്ങൾ. വീട്ടുകാർ വന്ന് എന്നെ നിർബന്ധപൂർവം ജോലി രാജിവയ്പിച്ചു തിരിച്ചുകൊണ്ടുപോയി. അങ്ങനെ ഞാൻ പാലക്കാട്ടെ തറവാട്ടിൽ തിരിച്ചെത്തി. കത്തുകൾ രഹസ്യമായി എഴുതിയിരുന്നു. വീട്ടുകാരുടെ എതിർപ്പുകൾ കാരണമാണു സത്യത്തിൽ ഞങ്ങൾക്കു വിവാഹിതരാകണമെന്നു വാശി തോന്നിയത്.

അഞ്ചു വർഷങ്ങൾ കടന്നു പോയി. എന്നെ വേറെ വിവാഹം കഴിപ്പിക്കാനുള്ള പല ശ്രമങ്ങളും നടന്നിരുന്നു. പക്ഷേ, ഞാൻ അച്ഛനോടു പറഞ്ഞു.

“ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ പത്മരാജനയേ വിവാഹം കഴിക്കൂ.”

ഒടുവിൽ വീട്ടുകാരുടെ എതിർപ്പിന് അയവു വന്നു. അക്കാലത്ത് എന്നെ മദ്രാസിൽ ജോലിയുള്ള ഒരാളെക്കൊണ്ടു വിവാഹം കഴിപ്പിക്കാൻ ശ്രമം നടന്നിരുന്നു. മദ്രാസിൽ ജോലിയുള്ള എന്റെ ഏട്ടന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു. അന്നൊരു ദിവസം പത്മരാജൻ എന്നെ കാണാൻ അവിടെ വന്നു. ആരുമില്ലാത്ത സമയം. പ്രണയം തുടിച്ചുനിൽക്കുന്ന ഹൃദയവുമായി ഒരാണും പെണ്ണും. എല്ലാ നിയന്ത്രണങ്ങളും വിട്ടുപോകാവുന്ന സമയമായിരുന്നു അത്. പക്ഷേ, അദ്ദേഹം പറഞ്ഞു: “എല്ലാവിധ പരിശുദ്ധിയോടെയുമായിരിക്കണം തങ്കം എന്റെ മണിയറയിൽ പ്രവേശിക്കാൻ.”

പിന്നീടദ്ദേഹം സിനിമയിൽ തിരക്കായശേഷം പലതരം ഗോസിപ്പുകളാൽ മാസികത്താളുകൾ നിറയുന്നതു കാണുമ്പോഴൊക്കെ ഞാനാ മുഹൂർത്തം ഓർക്കുമായിരുന്നു. അവസരം തേടി വരുന്ന പലരും, കാര്യം നടക്കാതെ വരുമ്പോൾ പടച്ചുവിടുന്നതായിരുന്നു ആ വാർത്തകൾ. അദ്ദേഹം മരിച്ചശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞങ്ങളെ അലട്ടിയില്ല. കാരണം, അദ്ദേഹം പണം ഒട്ടും കളയാതെ വീടായും പറമ്പായും ഫ്ളാറ്റായും എല്ലാം നിക്ഷേപിച്ചിരുന്നു. കിട്ടുന്ന പണമെല്ലാം എന്റെ കൈയിൽ തരും. പിന്നെ എന്നോട് ഓരോ ആവശ്യത്തിനു ചോദിച്ചു വാങ്ങുകയായിരുന്നു പതിവ്.

ഇപ്പോഴും വീട്ടിൽ വലിയ ഒരാവശ്യം വരുമ്പോൾ എവിടെ നിന്നെങ്കിലും അദ്ദേഹത്തിന്റെ പേരിലുള്ള പണം വന്നിരിക്കും. പണം ആവശ്യമുള്ള സമയം. കൃത്യം ആ സമയത്ത് എൻബിഎസിൽ നിന്ന് നല്ലൊരു തുക റോയൽറ്റിയായി ലഭിച്ചു. എവിടെയോ ഇരുന്ന് അദ്ദേഹം ഈ വീട്ടിലെ കാര്യങ്ങളറിയുന്നുണ്ടെന്നു തോന്നും.

വിളപ്പിൽശാലയിൽ ഞങ്ങൾ വാങ്ങിയ പുരയിടത്തിൽ, മരിക്കുന്നതിനു രണ്ടു ദിവസം മുമ്പു നിൽക്കുമ്പോൾ അവിടെ ഷട്ടിൽകോക്ക് കളിക്കാൻ കോർട്ട് പണിയണമെന്നു ഞങ്ങൾ പ്ലാനിട്ടിരുന്നു. എനിക്ക് സ്പോർട്സിൽ വലിയ കമ്പമായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞു ബോധരഹിതയായതിൽ പിന്നെ കാറിൽ മുതുകുളത്തേക്കുള്ള യാത്രയ്ക്കിടയിലാണു ഞാൻ കണ്ണുകൾ തുറന്നത്. അപ്പോൾ എന്റെ മടിയിലേക്ക് എങ്ങുനിന്നോ ഒരു ഷട്ടിൽ കോക്ക് പാറി വന്നു വീണു.

അദ്ദേഹത്തിന്റെ ശബ്ദം ഞാൻ കേട്ടു. “തങ്കം, നമ്മുടെ മുറ്റത്ത് കോർട്ടിട്ട് ഷട്ടിൽ കോക്ക് കളിച്ചോളൂ. കളിക്കാൻ ഒരുപാടിഷ്ടമുള്ള ആളല്ലേ...”

ഇപ്പോഴും ആ ശബ്ദം എനിക്കു കേൾക്കാം. മുകൾനിലയിലെ മുറിയിൽ ഒരലമാരയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന, പണ്ടെനിക്കയച്ച ആ പ്രണയകാലകത്തുകളിൽ നിന്ന്. അവയെല്ലാം ഇന്നും അതേപടി ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ആ കത്തുകളിപ്പോഴും മുഴങ്ങുന്ന ശബ്ദത്തിൽ എന്നോടു സംസാരിക്കുന്നു:

“നോവൽറ്റിയില്ലാത്ത ജീവിതം എനിക്കു സങ്കൽപിക്കാനേ വയ്യ. ഒരു വർഷത്തിന്മേൽ ഞാൻ സ്വീകരിച്ചിട്ടുള്ള ഹെയർസ്റ്റൈൽ ഇല്ല. ഒരു വർഷത്തിന്മേൽ പഴക്കമുള്ള ഒരൊറ്റ വസ്ത്രവും എന്നോടൊപ്പം കാണാറില്ല. ഇതെല്ലാം എന്റെ മനസിന്റെ ചഞ്ചലത്വമാണു കാണിക്കുന്നതെന്ന അഭിപ്രായമുണ്ടോ? എന്നാൽ, വർഷങ്ങളോളം ഞാൻ കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് തങ്കം എന്ന പെൺകുട്ടിയുടെ സ്നേഹം.”

camera-padmarajan പത്മരാജൻ

“....മഹാശ്വേത എന്നൊരപ്സരസിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഞാനിപ്പോൾ കാദംബരി സംസ്കൃതാഖ്യായിക വായിച്ചുകൊണ്ടിരിക്കുകയാണ്. കാമുകൻ മരിച്ചുകഴിഞ്ഞിട്ടും അവൻ അടുത്ത ജന്മത്തിൽ തന്നെത്തന്നെ സ്വീകരിക്കുമെന്നുറപ്പായ വിശ്വാസത്തിൽ കാത്തിരിക്കുന്ന പെൺകുട്ടി. മറ്റനവധി കാത്തിരിപ്പുകാരികളെ പുരാണത്തിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. മഹാശ്വേത അവരെയെല്ലാം കവച്ചുവച്ചിരിക്കുന്നു. ഈ പെൺകിടാവിനെക്കുറിച്ചു വായിക്കുമ്പോഴൊക്കെ എന്റെ മനസിൽ നിന്റെ രൂപം ഓടിക്കയറുന്നതിന്റെ കാരണമെന്താണ്.....?”

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.