Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശലഭപക്ഷങ്ങൾ

p-padmarajan3 പത്മരാജൻ

ചെയ്യാൻ പാടില്ലാത്തതാണ്. അച്ഛന്റെ ചലച്ചിത്രസൃഷ്ടികളിലെ പ്രണയസങ്കൽപ്പത്തെപ്പറ്റി മകൻ അഭിപ്രായം പറയുന്നതിൽ അപാകതയുണ്ട്. ‘മനോരമ’യുടെ സ്നേഹനിർബന്ധത്തിനു വഴങ്ങുന്നു.

‘വർണ്ണിക്കപ്പെടാവുന്നതിലും എത്രയോ ഏറെ മഴപെയ്തുപോയ’ (ശ്രദ്ധേയ യുവകഥാകൃത്ത് ഇ. സന്തോഷ്കുമാറിനു കടപ്പാട്) ആ വർഷഋതുവേ പറ്റി എത്രപേർ എഴുതിയിരിക്കുന്നു.

വാസ്തവത്തിൽ സിനിമപോലൊരു ''Collaborative Adventure" ൽ (സംയുക്ത സാഹസം– തർജമ കൃത്യമല്ല) ഒരു വ്യക്തിയുടെ മാത്രം പ്രണയസങ്കൽപ്പം പൂർണത നേടുന്നില്ല. പലപ്പോഴും Mass Interest ഉം (ആൾക്കൂട്ടത്തിന്റെ താൽപര്യവും) കമ്പോള സൂചികയുമാവും അന്തിമചിത്രം നിർണയിക്കുന്നത്. ഒന്നുറപ്പാണ്, അച്ഛന്റെ കഥകളിലെ – ‘ലോല’യിലെയോ, ‘നിശാശലഭ’ത്തിലെയോ, ‘നന്മകളുടെ സൂര്യ’നിലെയോ, ‘ഉദകപ്പോള’യിലെയോ, ‘മഞ്ഞുകാലം നോറ്റ കുതിര’യിലെയോ പ്രണയത്തിന്റെ ദീപ്തതീവ്രത സിനിമകളിൽ ദർശിച്ചിട്ടില്ല. സിനിമപോലെ വലിയ മുതൽമുടക്കുള്ള ഒരു വ്യവസായത്തിൽ പലപ്പോഴും ഒന്നിലധികംപേരുടെ സർഗസാന്നിധ്യവും സംഭാവനയും ഉണ്ടാവും. എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിലൊന്നായ ‘ബൈസൈക്കിൾ തീവ്സി’ൽ, തിരക്കഥകളുടെ പിന്നിൽ പുകഞ്ഞത് ഏഴു തലച്ചോറുകളാണ്. ഒന്നര മണിക്കൂർമാത്രം ദൈർഘ്യമുള്ള വിശ്വക്ലാസിക്കിനു സംവിധായകൻ ഡിസീക്കയടക്കം ഏഴുപേർ ചേർന്നാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രണയത്തിന്റെ വന്യവനികകളിലേക്കു ടാങ്കർ ലോറി ഓടിച്ചുപോയ ‘മുന്തിരിത്തോപ്പുകളി’ലെ സോളമന്റെ സ്വപ്നങ്ങൾ അച്ഛന്റേതു മാത്രമല്ല. കെ.കെ. സുധാകരന്റെ മുന്തിരിത്തോട്ടങ്ങൾക്ക് (നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം എന്ന നോവലെറ്റ്) അച്ഛന്റെ സ്പർശം നിറവും മധുരവും നിറച്ചു എന്നതാണു സത്യം. ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ ഈ രൂപത്തിൽ പ്രേക്ഷകനു മുന്നിൽ അവതരിക്കുന്നതിനു പിന്നിൽ ഒരാളുടെ ദിവ്യമായ വാശിയുണ്ട്. സിനിമയുടെ അകത്തളങ്ങൾക്കുപോലും തിട്ടമില്ലാത്ത ഒരു രഹസ്യം. ‘മുന്തിരിത്തോപ്പുകൾ’ തിരക്കഥ വായിച്ചുകേട്ടപ്പോൾ അതിന്റെ അപകടകരമായ ക്ലൈമാക്സിനെ ഏറ്റവുമധികം പിന്താങ്ങിയതു ഛായാഗ്രാഹകൻ വേണുവാണ്. അച്ഛന്റെ മനസ്സിന് ഏറ്റവും പിടിച്ച ക്യാമറാമാൻ. അല്ലാത്ത ഒരു ആത്മബന്ധം അവർക്കു തമ്മിലുണ്ടായിരുന്നു. തിരക്കഥ കേട്ട ലഹരി കെട്ടടങ്ങും മുൻപേ വേണുച്ചേട്ടനു മറ്റെന്തോ ആവശ്യത്തിനു യാത്ര പോകേണ്ടിവന്നു. യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും ക്ലൈമാക്സിനു മാറ്റം വന്നിരിക്കുന്നു! മുതൽമുടക്കുകാരുടെ നിർബന്ധത്തിനു പുറത്ത്, മറ്റൊരു പര്യവസാനത്തെപ്പറ്റി അച്ഛൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ‘‘അങ്ങനെയാണെങ്കിൽ ഇവിടെവച്ചു പടം നിർത്താം’’ എന്നു വേണുച്ചേട്ടൻ. ഒടുവിൽ നിർമാതാക്കളെ ആ അന്ത്യം ബോധ്യപ്പെടുത്തി എടുക്കാൻ അച്ഛനു പിന്നിൽ അദ്ദേഹം ഉറച്ചുനിന്നു.

കാവ്യനീതിപോലെ അക്കൊല്ലത്തെ ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം ‘മുന്തിരിത്തോപ്പുകളി’ലൂടെ വേണുച്ചേട്ടനെ തേടിവന്നു.

ഇത്രയും വാശിപിടിക്കുന്ന ആത്മാർഥത എത്ര ഛായാഗ്രാഹകന്മാർക്കുണ്ടാവും? ‘തൂവാനത്തുമ്പികൾ’ ക്യാമറ ചെയ്തിരുന്നതു വേണുച്ചേട്ടനായിരുന്നുവെങ്കിൽ ഇതിലും മികച്ച ഒരു ദൃശാനുഭവം ആകുമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. മറ്റേതോ സിനിമയുടെ പ്രവർത്തനവുമായി അദ്ദേഹത്തിനു മാറിനിൽക്കേണ്ടിവന്നു. ‘തൂവാനത്തുമ്പികളു’ടെ തിരക്കഥ അച്ഛന്റെ ശബ്ദത്തിൽ വായിച്ചുകേൾക്കുമ്പോൾ ‘ക്ലാര’ (സുമലത) കവിതപോലെ ഉള്ളിൽ പടർന്നിരുന്നു. എഴുതിവച്ച ആ മഴകളുടെ ഭംഗി സിനിമയിൽ അനുഭവപ്പെട്ടില്ല. ഒന്നിലധികം ഛായാഗ്രാഹകർ ക്യാമറ ചലിപ്പിച്ചു ഝടുതിയിൽ തീർത്ത ആ ചിത്രത്തിനു പിന്നിൽ അച്ഛനൊപ്പം വേണുച്ചേട്ടനുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട്. പറഞ്ഞുവന്നതിൽനിന്നു വഴിമാറിപ്പോകുന്നു.

അച്ഛന്റെ നായികമാരിൽ എനിക്കേറ്റവും പ്രിയപ്പെട്ടവൾ ‘നവംബറിന്റെ നഷ്ട’ത്തിലെ മീരയാണ്. പ്രണയത്തിന് ഒരു ജന്മം കരുതിവച്ച ആ കഥാപാത്രം, പാത്രസൃഷ്ടിയിലെ ഒരു അത്ഭുതസമസ്യയാണ്. നീറിപ്പിടിക്കുന്ന ഓർമപോലെ ഇടയ്ക്കിടെ ടിവിയിൽ ‘നവംബറിന്റെ നഷ്ടം’ വന്നു പോകുമ്പോൾ മനസ്സിലാകുന്നു, ആ പെൺകുട്ടിക്ക് അച്ഛന്റെ പഴയ ‘ശാലിനി’ (ശാലിനി എന്റെ കൂട്ടുകാരി)യുമായി രക്തബന്ധമുണ്ട്. അച്ഛൻ പറഞ്ഞ പ്രേമകഥയുടെ ഒരു മുഴുപ്പട്ടിക എടുക്കാൻ മുതിരുന്നില്ല.

പറയാതെ പറയുന്ന ഹൃദയതരംഗങ്ങളുടെ ചാരുത അച്ഛൻ പല സിനിമകളിലും കണ്ടിട്ടുണ്ട്. ‘കൂടെവിടെ’യിലെ ക്യാപ്റ്റൻ ജോർജും (പ്രേംപ്രകാശ്), ഡെയ്സിയും (ജയദേവി) തമ്മിലുള്ള ബന്ധം.

‘‘ആലീസ് വന്നോ?... പോട്ടെ’’ ചലച്ചിത്രത്തിലുടനീളം അവർ തമ്മിൽ പറയുന്നത് ഈ രണ്ടു വാക്കുകളാണ്. ‘‘തനിക്കതിനെ കാണണ്ടെങ്കിലും അതിനുതന്നെ കാണണമെന്നുണ്ട്’’ എന്നു സുഹൃത്തായ തോമസ് (മമ്മൂട്ടി) പറയുമ്പോൾ ജോർജിന്റെ കവിളിൽ പടരുന്ന ശോണിമയും പിന്നീടു ജോർജിന്റെ മരണവാർത്ത അറിയുമ്പോൾ ആരെയും അറിയിക്കാതെ ഒറ്റയ്ക്കിരുന്നു തേങ്ങുന്ന ഡെയ്സിയുടെ വിങ്ങലും ഒരു വലിയ ദുരന്തചിത്രം വരച്ചിടുന്നുണ്ട്.

‘ഇടവേള’യിലെ രവിയും (ബാബു), മോളുവും തമ്മിലുള്ള ബന്ധം, ‘തിങ്കളാഴ്ച നല്ല ദിവസ’ത്തിലെ മുത്തശ്ശിയുടെ പേരക്കുട്ടികളുടെ (അശോകൻ, കുക്കു പരമേശ്വരൻ) കുട്ടിക്കളി, ‘ദേശാടനക്കിളി’യിലെ ഹരിയുടെയും നിമ്മിയുടെയും (മോഹൻലാൽ, കാർത്തിക) മനസ്സുകളുടെ ഞാണിന്മേൽക്കളി, ‘കാണാമറയത്തി’ലെ റോയിക്കും ഡോക്ടർ എലിസബത്തിനുമിടയിലെ (മമ്മൂട്ടി, സീമ) പിരിമുറുക്കം....

‘‘റോയിച്ചൻ കള്ളനാ. ഒന്നുമറിയാത്തപോലെ ഭാവിക്കും..... ഈ പ്രായത്തിലെ സില്ലി സ്വപ്നങ്ങൾ. പക്ഷേ, അന്നെന്നെ കുറച്ചൊക്കെ അതു കരയിച്ചിട്ടുമുണ്ട്. മുൻപ്...’’ എന്നുപറഞ്ഞു ചിരിക്കുന്ന എലിസബത്തിന്റെ കണ്ണുകളിൽ പടർന്ന നനവു മനസ്സിൽ പതിഞ്ഞിട്ടുണ്ട്.

ഹൃദയത്തിൽ ഒട്ടിനിൽക്കുന്ന കൊച്ചുകൊച്ചു നനവുകൾ.

കഥാകാരനായ അച്ഛനെക്കാൾ, സിനിമാക്കാരനായ അച്ഛനെക്കാൾ പതിന്മടങ്ങു റൊമാന്റിക് ആയിരുന്നു അച്ഛൻ ജീവിതത്തിൽ.

കെട്ടുപൊട്ടിച്ച്, പൊള്ളിക്കേറിവരുന്ന ഒരു ഓർമ –

ഒരു രാത്രി അച്ഛൻ ഫ്ളാറ്റിൽനിന്ന് (അച്ഛന്റെ പണിശാല) പതിവിലും ഊർജസ്വലനായി വീട്ടിലെത്തി. ‘‘ഒരു കവിതയെഴുതി... വായിക്കട്ടെ?’’

അച്ഛനതു ഞങ്ങളെ കേൾപ്പിക്കാൻ ധൃതി.

‘‘കവിതയോ!’’ എന്ന് അമ്മയ്ക്കത്ഭുതം. ഞങ്ങൾ അച്ഛനു ചുറ്റുമിരുന്നു. അച്ഛന്റെ മുഴങ്ങുന്ന ശബ്ദം,

‘‘അകലെയൊരു പുകനാരുയരുന്നതിനു മുമ്പായ്

മഴ വന്നു തല്ലി നിൻ ജാലകപ്പാളിമേൽ...’’

അച്ഛൻ കവിത വായിച്ചവസാനിപ്പിച്ചപ്പോൾ അമ്മ ആ കയ്യെടുത്തു മുത്തി. പെട്ടെന്നു ഫോൺ ശബ്ദിച്ചു.

‘‘കലാകൗമുദിയിൽ നിന്നാണ്. ഒരു കഥവേണം.’’

അച്ഛൻ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘‘കഥയില്ല...വേണമെങ്കിൽ കവിത തരാം.’’ തമാശ പറഞ്ഞതായിരിക്കും എന്നു കരുതി പത്രാധിപർ ‘‘കവിതയൊന്നും വേണ്ട... കഥ മതി’’ എന്നു ചിരിച്ചു. ഫോൺ വയ്ക്കുമ്പോൾ അച്ഛൻ ചെറുതായി അസ്വസ്ഥനായപോലെ..

family-padmarajan മകൻ അനന്തപത്മനാഭൻ, പത്മരാജൻ, രാധാലക്ഷ്മി, മകൾ മാധവിക്കുട്ടി (ഫയൽ ചിത്രം)

‘‘കവിത വേണ്ടെന്ന്... ഇനിയിപ്പം ഞാൻ മരിച്ചുകഴിഞ്ഞു പോസ്തുമസ് ആയി പബ്ലിഷ് ചെയ്യാം.’’

പെട്ടെന്ന് അമ്മ കരഞ്ഞു. വാശിപോലെ പറഞ്ഞു: ‘‘ഞാൻ ചത്തിട്ടേ നിങ്ങള് ചാവുള്ളൂ!’’

അച്ഛൻ പൊട്ടിച്ചിരിച്ചുകൊണ്ട്, എന്റെ സാന്നിധ്യം മറന്ന് അമ്മയുടെ തലയിൽ തഴുകി ചോദിക്കുന്നതു കേട്ടു: ‘‘നിങ്ങളിത്ര പാവമാണോ?’’

കവിത – ‘അവളുടെ സന്ധ്യാനാമം’ – അച്ഛന്റെ ഒന്നാം ചരമാവാർഷികദിനം ‘കലാകൗമുദി’യിൽ വെളിച്ചം കണ്ടു.

നാശം. ഓർമകളിലേക്കു പോകരുതെന്നു നിശ്ചയിച്ചാണു തുടങ്ങിയത്.

മലയാള സിനിമയിൽ പ്രണയത്തിന്റെ പുതിയ വസന്താഗമനത്തിനുള്ള സൂചനകൾ തെളിയുന്നുണ്ട്.

ഇപ്പോൾ, പ്രണയം വാർന്നുപോയ ചലച്ചിത്ര കഥകളുടെ ഊതമേഘങ്ങൾക്കു കീഴിലിരുന്ന്, പറന്നുപോയ വർണശലഭത്തിന്റെ കുടഞ്ഞിട്ടുപോയ ചിറകുകൾ പെറുക്കി എടുക്കവേ, ആശ്വാസത്തോടെ ഞാനറിയുന്നു, ഇല്ല; നിറംകെട്ടു പോയിട്ടില്ല. കെടുകയുമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.