Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാനാകാത്ത പത്മരാഗങ്ങൾ

Devanganagal1

ഓരോ പത്മരാജൻ ചിത്രവും കവിതയാണെന്നു പറഞ്ഞാൽ അതിൽ അതിഭാവുകത്വമൊന്നുമില്ല. മേഘം പൂത്തു തുടങ്ങിയപോലെ, മഴയായെത്തുന്ന സംഗീതം പത്മരാജന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. അതിനു തെളിവാണു അദ്ദേഹത്തിന്റെ ഓരോ ചിത്രവും. ചില ഈണങ്ങൾ അതിന്റെ സ്വതസിദ്ധമായ സൗന്ദര്യത്തെ കവച്ചുവയ്ക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ചില ചിത്രങ്ങളിലാവട്ടെ, കഥയ്ക്കു ആവശ്യമില്ലാത്തതുകൊണ്ടു തന്നെ അദ്ദേഹം പാട്ടുകൾ ഉപയോഗിച്ചതേ ഇല്ല. ‘കരിയിലക്കാറ്റുപോലെ’ തുടങ്ങിയ ചിത്രങ്ങൾ ഗാനങ്ങളില്ലാതിയരുന്നിട്ടും ഉത്തമ സിനമയ്ക്കു വേണ്ട എല്ലാ ഗുണങ്ങളും പാലിച്ചവയാണ്. വേനലിലൊരു മഴ വന്ന് പൊതിയുന്ന പോലുളള സുഖമേകുന്ന ഗാനങ്ങളാണ് തൻറെ ഒരോ ചിത്രത്തിലും പത്മരാജൻ കൊരുത്തിട്ടത്.

പത്മരാജൻറെ സംഗീതത്തോടുളള കാഴ്ചപ്പാട് തന്നെയാണു അദേഹത്തിൻറെ ചിത്രങ്ങളിലെ ‘പത്മരാഗങ്ങളെ’ ഹൃദയസ്പർശികളാക്കുന്നത്. ഇന്നും ‘താമരക്കിളി പാടുന്നു’ കാണുമ്പോൾ, കേൾക്കുമ്പോൾ കടൽത്തീരത്തു നിന്നു മഴകൊണ്ട സുഖം തോന്നും മലയാളികൾക്ക്. ‘മേഘം പൂത്തു തുടങ്ങി’ എന്ന പാട്ടു കേട്ടാൽ ഏതു അരസികൻറെ മനസും പ്രണയാതുരമാകും... പൂത്തുതുടങ്ങിയ മേഘത്തിൻറെ ഒരു തുളളിയെങ്കിലും അവൻറെ മനസിൽ പെയ്യും. മലയാളികൾ ഏറെ ഇഷ്ട്ടപ്പെട്ട ചില ‘പത്മരാഗങ്ങളിലൂടെ’ ഒരു യാത്ര...

ആടി വാ കാറ്റേ... കൂടെവിടെ (1983)

പ്രധാന കഥാപാത്രങ്ങളായ പുരുഷനും സ്ത്രീയും പ്രത്യക്ഷപ്പെടുന്ന ഒരു ഗാനം. പക്ഷേ, വരികളിലോ ഈണത്തിലോ രാഗങ്ങളിലോ അതിൻറെ മിന്നലാട്ടം പോലുമില്ല. അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത കാണികൾക്കു മനസിലാവും. പക്ഷേ, ആ ബന്ധത്തിന്റെ പേരെന്താണെന്നു നിർവചിക്കാനാവില്ല. ഇടയ്ക്കെപ്പപ്പോഴോ വാത്സല്യം, ചിലപ്പോൾ സ്നേഹം, മറ്റു ചിലപ്പോൾ ആരാധന. രവിയുടെയും ആലീസിന്റെയും ആ ബന്ധത്തിന്റെ നൈർമല്യവും നിഷ്കളങ്കതയുമാണ് ഈ ഗാനത്തെ മലയാളികൾ നെഞ്ചിലേറ്റാൻ കാരണം.... ഓഎൻവിയുടെ വരികളിൽ കാണാം, ഒരു അമ്മയുടെ മനസിന്റെ നെഞ്ചിടിപ്പുകളും, സ്നേഹം കൊതിച്ച ഒരു മനസിന്റെ ആശ്വാസവും. അനാവശ്യമായ ഉപകരണസംഗീതം ഉപയോഗിച്ച് ആ സൗന്ദര്യം നഷ്ടപ്പെടുത്താതെ പത്മരാജന്റെ പ്രിയപ്പെട്ട ജോൺസൺ മാഷ് ഈണമിട്ടപ്പോൾ ‘ആടി വാ കാറ്റേ...’ അനശ്വരമായി. ജാനകിയമ്മയുടെ ശബ്ദമാധുര്യം ഗാനത്തിനു മിഴിവ് കൂട്ടിയെങ്കിൽ, റഹ്മാനും സുഹാസിനിയും വെളളത്തിരയിൽ അതിന്റെ ലാളിത്യത്തോടു നീതി പുലർത്തി.

*പവിഴം പോൽ.... * നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)

സങ്കീർണ്ണതകൾക്കിടയിൽ വളരുന്ന പ്രണയമായിരുന്നു സോഫിയയുടെയും സോളമന്റെയും. അതിൽ നിന്ന് ശാന്തമായ രക്ഷപ്പെടലാണു ഈ ഗാനം. ജീവിതത്തിൽ അനുഭവിക്കാനാവാത്ത പ്രണയസമൃദ്ധിയെ ഒരു ഗാനത്തിന്റെ കൂട്ടിലാക്കി ഈ പ്രണയിതാക്കൾ കൈവെള്ളയിൽ വച്ചതുപോലെ..... പത്മരാജന് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു ജോൺസൺ — ഒഎൻവിയുടേത്. ഇവരുടെ വരികൾക്കും ഈണത്തിനും യേശുദാസിന്റെ ശബ്ദം ജീവനേകിയപ്പോൾ പിറന്നതു മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡികളിലൊന്നണ്. മോഹൻലാലും ശാരിയും ചേർന്നു ഗാനരംഗത്തിനു നൽകിയ സ്നിഗ്ധത ഇന്നും മലയാളി മനസിൽ തൊട്ടു നിൽക്കുന്നു.

ഒന്നാം രാഗം പാടിയതും മേഘം പൂത്തു തുടങ്ങി... തൂവാനത്തുമ്പികൾ (1987)

ആദ്യ പ്രണയത്തിന്റെ വൈകാരികതയും അദ്ഭുതവും നിഞ്ഞ ഒരു ഗാനം. വടക്കുംനാഥന്റെ കവാടത്തിങ്കൽ ജന്മസാഫല്യം കണ്ടെത്തിയതിന്റെ സന്തോഷവുമുണ്ട് ഇൗ വരികളിൽ. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്ന കറ കളഞ്ഞ കർണാടക സംഗീതജ്ഞൻ ഈണം പകർന്നപ്പോൾ രീതിഗൗള രാഗത്തിൽ പിറന്നതു ഒരു സെമി ക്ലാസിക്കൽ മെലഡി ആണ്. വേണുഗോപാലും ചിത്ര ചേർന്നു ശബ്ദഭംഗിയുടെ നിറച്ചാർത്തു കൂടി അണിയിച്ചപ്പോൾ ഈ മെലഡിക്കു പൂർണത കൈവന്നു.... ജയകൃഷ്ണന്റെയും രാധയുടെയും ‘പ്രാക്ടിക്കൽ പ്രണയം’ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നിടത്താണു തൂവാനത്തുമ്പികളിൽ ഈ ഗാനം വരുന്നത്. മോഹൻലാൽ എന്ന നാഥന്റെ ഇന്ദ്രജാലവും പാർവതിയുടെ സ്വാഭാവികതയും ഒത്തുചേർന്നപ്പോൾ ഒരു സിനിമാപ്പാട്ടിന്റെ ആലങ്കാരികത ഇല്ലാത്ത ഭാവസാന്ദ്രമായ ഒരു അനുഭവമായി ഒന്നാം രാഗം പാടി...

ഇതേ ചിത്രത്തിലെ ‘മേഘം പൂത്തു തുടങ്ങി’ എന്ന ഗാനവും ഹൃദയഹാരിയാണെന്നതിൽ സംശയമില്ല. ഒരുപക്ഷേ, രാഗങ്ങളുടെ കാര്യത്തിൽ പത്മരാജൻ എന്ന സംവിധായകന്റെ കയ്യൊപ്പ് കൂടുതൽ പതിഞ്ഞത് ഈ ഗാനത്തിലാവാം. എങ്കിലും ഗ്രാമത്തിന്റെ നിർമലതയുള്ള ‘ഒന്നാം രാഗം പാടി’ എന്ന ഗാനമാണ് മലയാളികൾക്കിത്തിരിയേറെ ഇഷ്ടം.

ഉണരൂമീ ഗാനം മൂന്നാംപക്കം (1988)

മലയാളമനസിന്റെ നൊമ്പരമാണു മൂന്നാംപക്കം എന്ന പത്മരാജൻ ചിത്രം. സ്വപ്നങ്ങളെയും പ്രതീക്ഷകളെയും അക്ഷരാർഥത്തിൽ കടൽ കൊണ്ടുപോകുന്ന അതിദാരുണമായ ജീവിതസന്ദർഭം വാക്കുകൾ കൊണ്ട് പറയാനാവാത്ത വിധം സുന്ദരമായി അദ്ദേഹം അവതരിപ്പിച്ചു. കഥയുടെ കാതലായ മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പുമാണ് ഉണരൂമീ ഗാനം എന്ന പാട്ടിന്റെ സ്വത്വം....ഓർമകളുടെ ഓളങ്ങളിൽ, എവിടെ നിന്നോ ആവണം ഈ ഈണം ഇളയരാജ കണ്ടെത്തിയത്. കൊച്ചുമകന്റെ ബാല്യത്തെക്കുറിച്ചുള്ള നല്ല ഓർമകളെ ഗൃഹാതുരത്വത്തോടെ അയവിറക്കുന്ന വരികൾ ശ്രീകുമാരൻ തമ്പിയുടേതാണ്. അനുഗ്രഹീത ഗായകൻ ജി. വേണുഗോപാലിനു ആദ്യ സംസ്ഥാന അവാർഡ് നേടിക്കൊടുത്തതും ഈ ഗാനമാണ്.... മറക്കാൻ പാടില്ലാത്ത ഒരാൾ കൂടിയുണ്ട് — ഈ പാട്ടിന്റെ ആത്മാവായ തിലകൻ. മികച്ച നടനുള്ള സംസ്ഥാന അവാർഡ് തിലകനും ലഭിച്ചു ഈ ചിത്രത്തിന്. എന്നാൽ, ഇന്നും ഈ പാട്ട് കാണുന്ന ഏതു വ്യക്തിയുടെയും കണ്ണിൽ പൊടിയുന്ന കണ്ണുനീരാവും ഒരുപക്ഷേ അതിലും വലിയ അംഗീകാരം.

ദേവാംഗണങ്ങൾ.. ഞാൻ ഗന്ധർവൻ (1991)

പത്മരാജന്റെ അവസാന ചിത്രമായിരുന്നു ഞാൻ ഗന്ധർവൻ; തന്റെ പ്രിയ സംവിധായകനായ ജോൺസൺ മാഷിലേക്ക് അദ്ദേഹം മടങ്ങിപ്പോയ ചിത്രവും.... അഭൗമമായിരുന്നു ഈ ചിത്രവും അതിലെ പ്രധാന കഥാപാത്രവും. ഗന്ധർവ ഗായകന്റെ മനസിന്റെ അകത്തളങ്ങളിലൂടെയാണു ‘ദേവാംഗണങ്ങൾ’ എന്ന ഗാനത്തിന്റെ സഞ്ചാരിച്ചത്. സമയത്തിന്റെയും നിയമങ്ങളുടെയും നിബന്ധനകളിൽ കുരുങ്ങിയ തന്റെ സ്നേഹമാണു ഗന്ധർവൻ ആലപിച്ചത്. ആ സ്നേഹത്തിനു അർഥതലങ്ങൾ നൽകിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികളാണ്. ഗന്ധർവനു ശബ്ദം നൽകിയത് യേശുദാസും. അന്നും.... കഥയിലെ പുതുമ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും പദ്മരാജൻ കാട്ടി. മഹാഭാരതത്തിലെ ശ്രീകൃഷ്ണനായി ദിവ്യപരിവേഷം നേടിയ നിതീഷ് ഭരദ്വാജും അസാമാന്യ സൗന്ദര്യം കൊണ്ട് മലയാളത്തെ അദ്ഭുതപ്പെടുത്തിയ സുപർണയും ആണു വെള്ളിത്തിരയിൽ ഈ ഗാനത്തിനു ജീവൻ പകർന്നത്.

കേരളീയ കൗമാരത്തിന്റെ മിത്തുകളാണു പത്മരാജൻ തൻറെ പാട്ടുകളിലും പിൻതുടർന്നത്. പാതി പാടിയ ഒരു ഗാനം പോലെ പെട്ടെന്നാരു ദിവസമാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്. പെയ്തൊഴിയാത്ത ഒരു മഴ പോലെ ഇപ്പോഴും, അത് ഓർമകളെ നനച്ചുകൊണ്ടിരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.