Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മരാജനില്ലാത്ത കാൽനൂറ്റാണ്ട്...

padmarajan-image

നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിക്കുക എന്ന അവസ്ഥയാണ് 25 വർഷം മുൻപത്തെ ജനുവരി 24 നു മലയാള സിനിമയിൽ സംഭവിച്ചത്. പി. പത്മരാജനെന്ന ചലച്ചിത്രകാരൻ ഇല്ലാത്ത കാൽനൂറ്റാണ്ടാണ് കടന്നുപോകുന്നത്. തിരക്കഥാകൃത്ത്–സംവിധായകൻ എന്ന നിലയിൽ മലയാള സിനിമയുടെ ഉന്നതിയിൽ നിൽക്കവെയാണ് അകാലമൃത്യു കോഴിക്കോട്ടു നിന്നു പത്മരാജനെ തട്ടിയെടുത്തത്. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നായകൻ നിതീഷ് ഭരദ്വാജുമായി കോഴിക്കോട്ടെത്തിയ പത്മരാജൻ 1991 ജനുവരി 23 നു രാത്രി നഗരത്തിലെ ഹോട്ടലിൽ ഉറങ്ങാൻ കിടന്നതായിരുന്നു. അറിഞ്ഞോ അറിയാതെയോ മൃത്യുവിന്റെ സാമീപ്യം പത്മരാജന്റെ കഥകളിലും തിരക്കഥകളിലും സിനിമകളിലും ധാരാളമുണ്ടായിരുന്നു. ആകസ്മിക മരണം കൊണ്ട് ധൂർത്തടിച്ച പത്മരാജന് അറംപറ്റിയ പോലെയാണ് 46–ാം വയസിൽ അദ്ദേഹം ഗന്ധർവ്വ ലോകത്തേക്ക് തിരിച്ചു പോയത്.

ഹ്രസ്വമായ ജീവിതകാലത്തിനിടയിൽ സാഹിത്യത്തിലും സിനിമയിലും ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി വിജയശ്രീലാളിതനായാണ് അദ്ദേഹം ഈ ഭൂമി വിട്ടുപോയതെങ്കിലും മലയാള സാഹിത്യത്തിനും സിനിമയ്ക്കും ഉണ്ടായ നഷ്ടം നഷ്ടമായി തന്നെ നിൽക്കുന്നു. 24–ാം വയസിൽ എഴുതിയ നക്ഷത്രങ്ങളെ കാവൽ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാർഡ് നേടി സ്ഥിരപ്രതിഷ്ഠ നേടിയ സാഹിത്യകാരൻമാരെ ഞെട്ടിച്ചായിരുന്നു പത്മരാജന്റെ സാഹിത്യലോകത്തേക്കുള്ള കടന്നുവരവ്. സാഹിത്യകാരനായും ചലച്ചിത്രകാരനായും ഒരു പോലെ അറിയപ്പെടാൻ ആഗ്രഹിച്ചയാളായിരുന്നു പത്മരാജനെന്നും അദ്ദേഹത്തിന്റെ അകാലമൃത്യു മലയാള സിനിമയ്ക്കും സാഹിത്യത്തിനു ഒരുപോലെ മഹാനഷ്ടമാണെന്നും സക്കറിയ വിലയിരുത്തിയിട്ടുണ്ട്.

സാഹിത്യലോകത്ത് തിളക്കമാർന്ന വിജയം നേടിക്കൊണ്ടിരിക്കെയാണ് പത്മരാജൻ സിനിമയിലേക്ക് കൂടുമാറുന്നത്. യഥാർഥത്തിൽ അത് സ്വാഭാവികമായിരുന്നു. ദൃശ്യസമ്പന്നമായ പത്മരാജന്റെ കഥകളും നോവലുകളും അദ്ദേഹത്തെ സിനിമയിലേക്ക് നയിക്കുകയായിരുന്നു. പ്രതിഭാധനനായ ഒരു തിരക്കഥാകൃത്താകുകായെന്നത് സാഹിത്യകാരനായ പത്മരാജന്റെ സ്വാഭാവിക പരിണാമമായിരുന്നു.

mohanlall-padmarajan

1979 ൽ പെരുവഴിയമ്പലം എന്ന കൊച്ചു സിനിമ സംവിധാനം ചെയ്ത് സംവിധാന രംഗത്തെത്തിയ പത്മരാജന് ഈ ചിത്രം രാഷ്ട്രപതിയുടെ രജതകമലം അവാർഡ് നേടിക്കൊടുത്തു. പിന്നീടെടുത്ത ഒരിടത്തൊരു ഫയൽവാൻ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള രാജ്യാന്തര അവാർഡുകളും നേടിയെടുത്തു. ഈ രീതിയിൽ സമാന്തര സിനിമയുടെ പാതയിലൂടെയായിരുന്നു സംവിധാനരംഗത്തെ പത്മരാജന്റെ തുടക്കമെങ്കിലും അദ്ദേഹം മലയാളത്തിലെ മുഖ്യധാര സിനിമയിലേക്ക് മാറാൻ വൈകിയില്ല. അതോടെ മലയാള സിനിമയ്ക്ക് അതുവരെ ലഭിച്ചിട്ടില്ലാത്ത ഒരു പുതിയ സൗന്ദര്യ ശാസ്ത്രമാണ് ലഭിച്ചത്. ഒരേ സമയം സാഹിത്യാനുഭവവും ദൃശ്യാനുഭവവും നൽകുന്ന ഒരു പിടി സിനിമകൾ മലയാളിക്ക് സമ്മാനിച്ചാണ് അദ്ദേഹം കടന്നു പോയത്.

മലയാള സിനിമയിൽ നിന്ന് കലയും കച്ചവടവും വേർതിരിക്കാനാവാത്ത കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, അരപ്പട്ടകെട്ടിയ ഗ്രാമം, തിങ്കളാഴ്ച്ച നല്ല ദിവസം, ദേശാടനക്കിളി കരയാറില്ല, നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം, ഇന്നലെ തുടങ്ങിയ ഒട്ടേറെ സിനിമകൾ അദ്ദേഹം നൽകി. നല്ല സിനിമയിലേക്കുള്ള എളുപ്പവഴിയായിരുന്നു പത്മരാജൻ സിനിമകൾ.പത്മരാജനില്ലാത്ത മലയാള സിനിമയിലെ കാൽനൂറ്റാണ്ടിലേക്ക് തിരിഞ്ഞു നോക്കിയാൽ നമുക്ക് കാണാനാകുക മലയാള തിരക്കഥാ സാഹിത്യം ദുർബ്ബലമായെന്നതാണ്.

moonam-pakkam

മലയാള സാഹിത്യത്തിൽ തിരക്കഥാ സാഹിത്യത്തിനു വലിയ പ്രാധാന്യം ഉണ്ടായിട്ടുണ്ടെങ്കിലും പത്മരാജന്റെ തിരക്കഥകളെ വെല്ലുന്ന തിരക്കഥകൾ ദുർല്ലഭമാണെന്ന യാഥാർഥ്യം കാണാതിരിക്കാനാവില്ല. സിനിമകൾ പുറത്തിറങ്ങുന്ന സമയം തന്നെ തിരക്കഥകളും പുസ്തകങ്ങളാകുകയും അവയെല്ലാം നല്ല തോതിൽ വിൽക്കപ്പെടുകയും ചെയ്യുമ്പോഴും തിരക്കഥാ സാഹിത്യ ശാഖ വളർച്ച മുരടിച്ച കാലത്തിലൂടെയാണ് പ്രയാണമെന്ന കാര്യം പറയാതിരിക്കാനാവില്ല.

മലയാള സിനിമയിൽ ഒട്ടേറെ യുവ പ്രതിഭകൾ ഈ കാൽ‌ നൂറ്റാണ്ടിനിടയിൽ സംവിധായകരായും താരങ്ങളായും ഉയർന്നുവരികയും അവരുടെ കൂട്ടായ്മകളിൽ മികച്ച ദൃശ്യാനുഭവങ്ങൾ മലയാള സിനിമയിലുണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല.

എന്നാൽ അത്തരം ചിത്രങ്ങളിൽ പലതും ദുർബലമായ തിരക്കഥകളുടെ മുകളിൽ കെട്ടിപ്പൊക്കിയതായിരുന്നെന്നു പറയാതെ വയ്യ. സമാന്തര സിനിമാ രംഗത്തും നൂതന പരീക്ഷണങ്ങൾ പലതുണ്ടായി. എന്നാൽ പത്മരാജന്റെ സമാന്തര സിനിമകളായിരുന്ന പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽവാൻ , അരപ്പെട്ട കെട്ടിയ ഗ്രാമം, കള്ളൻ പവിത്രൻ എന്നീ സിനിമകൾ ജനങ്ങളിലെത്തിയതു പോലെ ജനങ്ങളിലേക്കെത്തുന്ന സമാന്തര സിനിമകൾ ഇവിടെ എത്രയെണ്ണമുണ്ടായിയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

മലയാള സിനിമയുടെ പേരുകൾ മിക്കതും ഇംഗ്ലിഷിലാണ് നാമിപ്പോൾ കാണുന്നത്. പത്മരാജൻ തിരക്കഥയെഴുതിയതായാലും സംവിധാനം ചെയ്തതായാലും കവിത പോലുള്ള പേരുകളായിരുന്നു പത്മരാജൻ സിനിമയുടെ പ്രത്യേകത. നൊമ്പരത്തിപ്പൂവ്, ദേശാടനക്കിളി കരയാറില്ല, നമുക്കു പാർക്കാൻ മുന്തിരിതോപ്പുകൾ,കള്ളൻ പവിത്രൻ, തിങ്കളാഴ്ച്ച നല്ല ദിവസം, തകര, ഒരു തണുത്ത വെളുപ്പാൻ കാലത്ത്, തൂവാനത്തുമ്പികൾ........ തുടങ്ങി മലയാളിത്തം തുളുമ്പുന്ന പേരുകളായിരുന്നു പത്മരാജൻ സ്വന്തം സിനിമകൾക്ക് നൽകിയത്.

njan-gandharvan

വൈവിധ്യമേറിയ വിഷയങ്ങളാണ് ചുരുങ്ങിയ കാലത്തിനകത്ത് പത്മരാജൻ കൈകാര്യം ചെയ്തത്. പ്രണയവും രതിയുമെല്ലാം മനോഹരമായി കൈകാര്യം ചെയ്ത പത്മരാജൻ, അക്കാലത്ത് വലിയ പ്രചാരമൊന്നുമില്ലാതിരുന്ന സ്ത്രീകൾ തമ്മിലുള്ള പ്രണയമാണ് ദേശാടനക്കിളി കരയാറില്ല എന്ന സിനിമയ്ക്കു വിഷയമാക്കിയത്. ഈ സിനിമയിലൂടെ ശാരി എന്ന നായികയെയും മലയാളത്തിനു നൽകി. പെരുവഴിയമ്പലത്തിലൂടെ അശോകനും അപരനിലൂടെ ജയറാമും മലയാള സിനിമയിലേക്ക് കടന്നുവന്നതും പത്മരാജനിലൂടെയായിരുന്നു.

പത്മരാജൻ കടന്നു പോയതിനു ശേഷം ഒട്ടേറെ സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും പുരുഷനില്ലാത്ത ചാരിത്ര്യശുദ്ധിയൊന്നും സ്ത്രീക്ക് ആവശ്യമില്ലെന്ന് സിനിമയിലൂടെ പറയാൻ ചങ്കൂറ്റം കാണിച്ച എത്ര സംവിധായകർ നമുക്കുണ്ട് ? പത്മരാജൻ മൂന്ന് പതിറ്റാണ്ട് മുൻപെ ആ ചങ്കുറ്റം കാണിച്ചിട്ടുണ്ട്. നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എന്ന ചിത്രത്തിൽ മാനഭംഗത്തിനിരയാകുന്ന നായികയെയാണ് നായകൻ വിവാഹം കഴിക്കുന്നത്. ഇന്നലെ എന്ന ചിത്രത്തിലും മറ്റൊരാളുടെ ഭാര്യയെയാണ് നായകൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്.

ലോറി എന്ന സിനിമയിൽ തിൻമയും തിൻമയും തമ്മിലുള്ള ഏറ്റുമുട്ടലാണ് പത്മരാജൻ എഴുതിയത്. ഇതാ ഇവിടെ വരെ എന്ന ചിത്രത്തിലാകട്ടെ നായകൻ പ്രതിനായകനാകുന്നതും പ്രതിനായകൻ നായകനാകുന്നതും നാം കണ്ടു. വർഗീയതയുടെ അടിസ്ഥാന കാരണമെന്നത് അങ്ങേയറ്റം ദുർബ്ബലമായ കാര്യങ്ങളാണെന്ന് പറയുന്നതാണ് പത്മരാജൻ സംവിധാനം ചെയ്ത അരപ്പട്ട കെട്ടിയ ഗ്രാമം എന്ന സിനിമ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.