Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി പോലും അനുകരിച്ച പ്രേമം സ്റ്റൈൽ

kozhikod-ldf എൽഡിഎഫ് നേടിയ വിജയം പ്രേമം സ്റ്റൈലിൽ ആഘോഷിക്കുന്ന പാർട്ടി അനുഭാവികൾ.

പ്രേമം പൂത്തുലഞ്ഞിട്ട് കൃത്യം ഒരുവർഷം. ഇന്നും പ്രേമതരംഗം മലയാളത്തിൽ നിന്ന് കെട്ടടങ്ങിയിട്ടില്ല. വേഷത്തിന്റെ കാര്യത്തിലായാലും താടിയുടെ കാര്യത്തിലും പ്രേമത്തിലെ ജോർജിന്റെ സ്റ്റൈൽ അനുകരിക്കുന്നവർ കുറവല്ല. കറുത്ത ഷർട്ടും വെള്ളമുണ്ടും ഉടുത്ത ജോർജ് സ്റ്റൈൽ ഇലക്ഷനിൽ പോലും തരംഗമായിരുന്നു. സിപിഎം വിജയം ആഘോഷിച്ചത് പ്രേമം സ്റ്റൈലിലുള്ള കറുത്ത ഷർട്ടും ചുവപ്പ് കൈലിയും ഉടുത്താണ്, പെൺകുട്ടികളും ഇതേ രീതിയിലുള്ള പാവാടയും ടോപ്പും അണിഞ്ഞാണ് വിജയാഘോഷത്തിന് എത്തിയത്. പ്രേമം ലഹരിയായി മാറിയതിന്റെ തെളിവാണ് ഇത്തരം അനുകരണങ്ങൾ. കഴിഞ്ഞ ഓണക്കാലത്തു മേരിയുടെ പോലെ മുന്നോട്ടു മുടിയിട്ടാണു പെൺകുട്ടികൾ ഓണം പോലും ആഘോഷിച്ചത്. ജോർജിന്റെ സ്റ്റൈലിൽ വേഷംകെട്ടി പെൺകുട്ടികൾ കൊളേജിലെത്തിയതും വാർത്തയായിരുന്നു. എന്നാൽ പ്രേമാഘോഷങ്ങൾ ആതിരുവിട്ട് ഒരു പെൺകുട്ടിയുടെ ജീവൻ എടുത്തതും മറക്കാനാവില്ല. മലയാളസിനിമയെ പ്രേമത്തിന് മുൻപും പിൻപും എന്നുതന്നെ തരം തിരിക്കാം. അനുകരിക്കാനും ആഘോഷിക്കാനും ഒന്നുമില്ലാതിരുന്ന കേരളത്തിലെ യൂത്തന്മാരുടെ ഇടയിലേക്കാണു ജോർജും മേരിയും മലരും സെലിനും പ്രേമവും എത്തിയത്.

premam-movie-review

അതിനുമുമ്പുവരെ തമിഴ്സിനിമയിലെ വിജയ്, വിക്രം, സൂര്യ സ്റ്റൈലും തെലുങ്കിലെ അല്ലു അർജുൻ സ്റ്റൈലുമൊക്കെയായിരുന്നു ട്രെൻഡ്. കീറിയ ജീൻസും നരച്ച ജീൻസും കഴുത്തിൽ ചങ്ങലപോലെയുള്ള വെള്ളിമാലയും കൈയ്യിൽ ഇരുമ്പ് വളയുമിട്ട് നടന്ന യുവാക്കളുടെയും ധാവണിയും ജീൻസുമിട്ട് നടന്ന പെൺകുട്ടികളുടെയും ഇടയിലേക്കാണ് കറുത്ത ഷർട്ടും വെള്ളമുണ്ടുമിട്ട് ജോർജും മുടിയുലച്ചു മേരിയും എത്തിയത്.

മലയാളത്തിൽ ഇതിനുമുമ്പും അനുകരണങ്ങൾ ഉണ്ടായിട്ടുണ്ട്. തരംഗങ്ങളായി മാറിയ ചില അനുകരണങ്ങൾ നോക്കാം.

കിളിക്കൂട് തലമുടിയും ജയന്റെ പാന്റ്സും

jayan-image ജയൻ

എഴുപതുകളിൽ യുവാക്കളുടെ ഹരമായിരുന്നു പ്രേംനസീറിന്റെ പോലെയുള്ള കിളിക്കൂട് തലമുടിയും പഴുതാര മീശയും നീണ്ട കോളറും ജയന്റെ ബൽബോട്ടം പാന്റസും. ബെൽബോട്ടത്തിന് എത്രയും നീളം കൂടുന്നോ അതാണ് ട്രെൻഡ് എന്ന് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. അതോടൊപ്പം ജയന്റെ നീട്ടിയുള്ള സീമേ എന്ന വിളിയും പ്രേംനസീറിന്റെ കള്ളിപ്പെണ്ണേ വിളിയും തരംഗമായിരുന്നു.

നിരാശകാമുകനും വേണുനാഗവള്ളിയും

venu-movie വേണു നാഗവള്ളി

എഴുപതുകളുടെ അവസാനവും എൺപതുകളുടെ പകുതിയിലും യുവാക്കളുടെ ഹരമായിരുന്നു വേണുനാഗവള്ളി സ്റ്റൈൽ. പ്രേമം പൊളിഞ്ഞ് നിരാശയിലായാൽ ഉടൻ അനുകരിക്കുക ചില്ല് സിനിമയിലെ വേണുനാഗവള്ളിയുടെ രീതിയായിരുന്നു. സിഗററ്റ് വലിച്ച് അനന്തതയിലേക്ക് നോക്കിയിരിക്കുക, നിസംഗനായി നടക്കുക, നീണ്ടതാടിയും ജുബ്ബയും തോൾസഞ്ചിയുമായി അലഞ്ഞുനടക്കുക തുടങ്ങിയവ അക്കാലത്തെ നിരാശാകാമുകന്മാരുടെ സ്റ്റൈലായിരുന്നു.

റഹ്‌മാൻ സ്റ്റൈൽ

rahman-actor റഹ്‌മാന്‍

എൺപതുകളിലെ മലയാളസിനിമയിലെ ന്യൂജൻ ആയിരുന്നു റഹ്‌മാൻ. കട്ടിമീശയും പരുക്കൻ സ്വഭാവവും ബെൽബോട്ടം പാന്റ്സും നീണ്ടകോളറുമുള്ള നായകന്മാരുടെ ഇടയിലെ തരംഗമായിരുന്നു ജീൻസും അരകൈയ്യൻഷർട്ടും ക്ലീൻഷേവുമായി എത്തിയ റഹ്‌മാൻ. മലയാളസിനിമയിൽ പുതിയൊരു തരംഗം കൊണ്ടുവരാൻ റഹ്‌മാൻ വഹിച്ച പങ്ക് വളരെ വലുതാണ്. വേണുനാഗവള്ളിയെന്ന കാമുകസങ്കൽപ്പത്തിൽ നിന്നു മലയാളസിനിമ റഹ്‌മാനിലേക്കു മാറുകയായിരുന്നു.

സണ്ണിച്ചന്റെ ബുള്ളറ്റും മഞ്ഞിൽ വിരിഞ്ഞപൂക്കളിലെ മിഠായിയും

പ്രേമം പോലെ തന്നെ തരംഗം ഉണർത്തിയ സിനിമകളാണു മഞ്ഞിൽവിരിഞ്ഞ പൂക്കളും സുഖമോ ദേവിയും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായകൻ ശങ്കറിന്റെ വെള്ളഷാളും പച്ചകവറുള്ള പാരീസ് മിഠായിയും മലയാളസിനിമയിലെ ഒരിക്കലും മറക്കാനാവാത്ത തരംഗം തന്നെയാണ്. മിഠായി സ്വീകരിച്ചാൽ പ്രണയം അംഗീകരിച്ചു എന്നായിരുന്നു അർഥം.

അന്നും ഇന്നും തരംഗമായിരുന്ന ഒന്നാണ് സുഖമോ ദേവിയിലെ സണ്ണിയുടെ ബുള്ളറ്റ്. ആ ബുള്ളറ്റിന്റെ കുടുകുടു ശബ്ദം ഹരമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ചാർമിനാർ സിഗററ്റിന്റെ ഗന്ധമുള്ള മോഹൻലാലിന്റെ സണ്ണിയെ അന്നും ഇന്നും പ്രണയിക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട്.

അനിയത്തിപ്രാവും സോനാടായും

niram-movie നിറം എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ശാലിനിയും.

തൊണ്ണൂറുകളിലെ മലയാളസിനിമയിലും പ്രേമം പോലെ തന്നെ യുവാകൾക്കിടയിൽ ഹരമായി മാറിയ സിനിമകളാണ് കുഞ്ചാക്കോ ബോബന്റെ അനിയത്തിപ്രാവും നിറവും. അനിയത്തിപ്രാവിന് ശേഷം കുറേനാൾ പെൺകുട്ടികൾ ശാലിനിയുടെ മിനിയെപ്പോലെ ഫയൽ നെഞ്ചോടടുക്കി പിടിച്ചു നടന്ന കാലമുണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും നിറത്തിലൂടെയാണ് കേരളത്തിൽ ആണിനെ ആയാലും പെണ്ണിനെ ആയാലും എടാ എന്ന് വിളിക്കുന്ന രീതി വന്നത്. അത് ഇന്നും തുടരുന്നു.

നരസിംഹത്തിലെ ഇടിവളയും ക്ലാസ്മേറ്റ്സിന് ശേഷമുള്ള സൗഹൃദകൂട്ടായ്മകളുമെല്ലാം സിനിമ എന്ന മാധ്യമം ജനങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവാണ്. ആൺകുട്ടികൾ മാത്രമല്ല മുൻപൻമാർ പെൺകുട്ടികളും അനുകരണത്തിൽ ഒട്ടും പിന്നിലല്ല. അംബികാകോളറും അംബികാകട്ടും, സൂര്യപുത്രി മിഡിയും അനിയത്തിപ്രാവ് ചുരിദാറും പ്രേമം മേരിയുമൊക്കെ പെൺകുട്ടികൾ നെഞ്ചിലേറ്റിയ അനുകരണങ്ങളാണ്. അനുകരണങ്ങൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും പ്രേമം ഉയർത്തിയ തരംഗത്തിനൊപ്പമൊരു സിനിമ ഇനി വരുമോയെന്ന് കാത്തിരുന്ന് കാണണം.

Your Rating: