Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേമസെ മേമസെ ! മേരി മലർ സെലി‍ൻ

premam-heroines

മേരിയും മലരും ചേർന്ന് മലയാളക്കര കീഴടക്കിയിട്ട് അധികം നാളുകളായില്ല....മലരിനെ മാത്രമല്ല മേരിയെയും സെലിനെയും കാണാതിരുന്നാൽ ആരാധകർക്ക് മിഴിവേകിയ നിനവെല്ലാം മായുന്നപോലെയാണ്....ചിരിയഴകിൽ സെലിനും മുടിയഴകിൽ മേരിയും മുഖമഴകിൽ മലരുമായിരുന്നു ഈ മൂന്ന് സുന്ദരിമാർ. സിനിമ ഹിറ്റായതോടെ ആരാധകർ മാത്രമല്ല തിരക്കും കൂടിയെന്ന് പറയാം.

തെലുങ്കിന് മേരിയോട് ‘പ്രേമം’

മേരിയായി പ്രേക്ഷകഹൃദയം കീഴടക്കിയ അനുപമ പരമേശ്വരന്‍ മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്. ആദ്യഅരങ്ങേറ്റത്തില്‍ തന്നെ മൂന്നുതെലുങ്ക് ചിത്രങ്ങളിലാണ് അനുപമ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. തെലുങ്കില്‍ ഒരു നവാഗതയ്ക്ക് കിട്ടുന്ന ഏറ്റവും മികച്ച അരങ്ങേറ്റമാണ് അനുപമയ്ക്ക് ലഭിച്ചിരിക്കുന്നത്.

മൂന്നും പ്രോജക്ടും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. പ്രശസ്തസംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രമാണ് ആദ്യം കരാ‍ര്‍ ഒപ്പിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സുന്ദരി സമാന്ത മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഥിന്‍ ആണ് നായകന്‍.

പ്രേമം സിനിമയുടെ തെലുങ്ക് റീമേയ്ക്കിലും അനുപമ അഭിനയിക്കുന്നുണ്ട്. നാഗചൈതന്യ നിവിന്‍ പോളിയുടെ വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദു മൊണ്ടേതിയാണ്. ശ്രുതി ഹാസനാണ് ചിത്രത്തിൽ മലരായി അഭിനയിക്കുന്നത്.

ധനുഷിനും തൃഷക്കുമൊപ്പം കൊടി എന്ന തമിഴ് സിനിമയിലും അനുപമ അഭിനയിച്ച് കഴിഞ്ഞു.

ബ്രൂട്ടസിലൂടെ ഗായികമായി പ്രേമത്തിലൂടെ നായികയായി

യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെ പാട്ടുപാടിക്കൊണ്ട്‌ മലയാളത്തില്‍ അരങ്ങേറിയ മഡോണയ്‌ക്ക് പ്രേമം സമ്മാനിച്ചത്‌ അപ്രതീക്ഷിത നേട്ടമായിരുന്നു. ഒരു ചെറിയ വേഷമായിരുന്നെങ്കിലും മനോഹരമായ പുഞ്ചിരിയിലൂടെ മഡോണയുടെ സെലിന്‍ വലിയ ശ്രദ്ധനേടുകയായിരുന്നു. ദിലീപ് നായകനായ കിങ് ലയറിൽ നായികയായി മുൻനിരയിലെത്തിയിരിക്കുകയാണ് മഡോണ.

വിജയ്‌ സേതുപതി നായകനാകുന്ന നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു ഈ മിടുക്കി. അഭിനയത്തിന്റെ കാര്യത്തിൽ സെലക്റ്റീവാകാനാണ് മഡോണയുടെ തീരുമാനം. അഭിനയത്തോടൊപ്പം പാട്ടിനും മഡോണയ്ക്ക് തുല്യപ്രാധാന്യം നൽകാൻ ആഗ്രഹമുണ്ട്.

മലർ ഇനി ഡോക്ടർ

‘മലര്‍’ ആയി പ്രേക്ഷകമനസ്സില്‍ ഇടംനേടിയ സായി പല്ലവിയുടെ പ്രധാന ആകര്‍ഷണം ഇടതൂര്‍ന്ന മുടിയാണ്. ആ മുഖക്കുരുവും കെട്ടിയൊതുക്കി വെക്കാതെ പാറിപടർന്നുകിടക്കുന്ന മുടിയിലൂടെയും മലയാളി പ്രേക്ഷകരെല്ലാം സായിയുടെ കടുത്ത ആരാധകരായി.

മേരിയും സെലിനുമൊക്കെ സിനിമയിൽ തിരക്കായപ്പോൾ മലർ മാത്രം ഇതിൽ നിന്നെല്ലാം ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഇടക്ക് ദുൽക്കർ ചിത്രമായ കലിയിൽ നായികയായി എത്തിയതനെന്നല്ലാതെ മറ്റൊരു ചിത്രത്തിലും താരം കരാർ ഒപ്പിട്ടിരുന്നില്ല. തമിഴ്നാട്ടിലെ കോട്ടഗിരിയില്‍ ജനിച്ചു കോയമ്പത്തൂരില്‍ വളര്‍ന്ന സായ് പല്ലവി ജോര്‍ജിയയില്‍ അവസാന വര്‍ഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്നത്.

ഇപ്പോഴിതാ പഠനമൊക്കെ തീർത്ത ശേഷം ഡോക്ടറായി തിരിച്ചെത്തിയിരിക്കുകയാണ് സായി പല്ലവി. സിനിമയ്ക്കൊപ്പം ഡോക്ടർ ജീവിതവും മുന്നോട്ട് കൊണ്ടുപോകാനാണ് താരത്തിന്റെ തീരുമാനം.
 

Your Rating: