Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം പൂത്തുലഞ്ഞ ഒരു വർഷം

premam-784x410

വർഷം 1981...

വാകപ്പൂക്കൾ കൊഴിഞ്ഞു വീണ നടപ്പാതയിലൂടെ കോളേജിന്റെ പടികൾ കടന്നു ഇന്ദു ടീച്ചർ നടന്നു കയറിയത് വിദ്യാർത്ഥിയായ ഗോപന്റെ ഹൃദയത്തിലേക്കായിരുന്നു. ജീവിതം യൗവന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായി പൂത്തു വിടർന്ന കാലം.

ജോൺ പോൾ തിരക്കഥ എഴുതി ഭരതൻ സ്പർശത്തിൽ വിരിഞ്ഞ ചിത്രം 'ചാമരം'. 80 കളിലെ കാമ്പസുകൾ ആഘോഷമാക്കിയ ചിത്രം. വെള്ളസാരിയും ചുമന്ന വലിയ പൊട്ടും അണിഞ്ഞു സെറീന വഹാബ് നടന്നു കയറിയത് അന്നത്തെ യുവാക്കളുടെ ഹൃദയത്തിലേക്ക് കൂടിയായിരുന്നു.

premam-style

അന്നും ആർഷഭാരത സങ്കൽപ്പം, ഗുരുശിഷ്യബന്ധം, ഗുരുത്വമില്ലായ്മ എന്നൊക്കെ പറഞ്ഞു കാരണവന്മാർ വടിയെടുത്തു. പക്ഷേ യുവത്വം ചിത്രത്തെ ആഘോഷമായി കൊണ്ടാടി.

വർഷം 2015

ജോർജിന്റെ ഇടനെഞ്ചിനുള്ളിലേക്ക് പ്രണയത്തിൻ മഴയായി മലർ പൊഴിഞ്ഞത് അന്നായിരുന്നു. അന്ന് മുതൽ ചെറുപ്പക്കാർ വീണ്ടും പ്രേമിക്കാൻ തുടങ്ങി. കൗമാരത്തിൽ നൈസായിട്ട് ഒഴിവാക്കിയ പ്രണയിനിയുടെ അനിയത്തിയെ (പ്രായത്തിൽ ഏറെ ഇളപ്പമായ) പ്രണയിച്ച് സ്വന്തമാകുന്ന നായകനെ ഹർഷാരവത്തൊടെ പ്രേക്ഷകർ സ്വീകരിച്ചു.
അധ്യാപികയെ പ്രണയിക്കുന്ന വിദ്യാർത്ഥിയോ? ചാമരം ആഘോഷമാക്കിയ പഴയ തലമുറ നെറ്റി ചുളിച്ചു. പക്ഷേ ന്യൂജനറേഷൻ അതൊന്നും കാര്യമാക്കാതെ ചിത്രം ആഘോഷമാക്കി.

premam-trend

പ്രേമം പ്രേമിക്കപ്പെട്ടതെങ്ങനെ?

ഭൂരിപക്ഷം മലയാളി യുവത്വത്തിനും റിലേറ്റ് ചെയ്യാൻ കഴിയുന്ന രീതിയിൽ കഥ പറഞ്ഞതിലാണ് പ്രേമത്തിന്റെ വിജയം. മലയാളിയുടെ ഗൃഹാതുര പ്രേമത്തെയും ചിത്രം ഫലപ്രദമായി ഉപയോഗിച്ചു. കൗമാരത്തിലെ നിഷ്കളങ്ക പ്രേമവും, ക്ഷുഭിതയൗവനത്തിലെ വിപ്ലവ പ്രേമവും പിന്നീട് മുപ്പതുകളിലെ പക്വത നിറഞ്ഞ റിയലിസ്റ്റിക് പ്രണയവും ഈ സിനിമ മനോഹരമായി ദൃശ്യവത്കരിച്ചു. ജീവിതത്തിലെ ഈ ഋതുഭേദങ്ങൾ സ്വാഭാവികതയോടെ അവതരിപ്പിച്ചതാണ് ചിത്രത്തെ ജനപ്രിയമാക്കിയത്. പതിവ് പ്രമേയം തന്നെ ഫ്രഷ്‌ ആയി അവതരിപ്പിച്ചിടത്താണ് പ്രേമത്തിന്റെ വിജയം.
പരമ്പരാഗത സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ നിന്നൊരു മാറ്റമായിരുന്നു മലർ. ഫഹദ് ഫാസിൽ കഷണ്ടിയെ ജനകീയമാക്കിയത്‌ പോലെ സായി പല്ലവി മുഖക്കുരുവുള്ള നായികയെയും ജനപ്രിയമാക്കി. ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ജനകീയമായത് ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. ആരംഭ സീനുകളിലെ പൂമ്പാറ്റ മുതൽ അതിഥി വേഷത്തിലെത്തിയ രഞ്ജി പണിക്കർ വരെ തകർത്ത് അഭിനയിച്ചു.

Premam

പ്രേമം ഇംപാക്റ്റ്

സിനിമാ കൊട്ടകകളിലും മൾട്ടിപ്ലെക്സുകളിലും പൂഴി വാരിയിടാനുള്ള സ്ഥലം പോലും ഇല്ലാത്ത തിരക്ക്. പ്രേമത്തിനു ടിക്കറ്റ് കിട്ടുന്നതിലും എളുപ്പം പ്രേമിക്കുന്നതാണെന്ന് ടിക്കറ്റ് കിട്ടാത്തവർ നിരാശയോടെ പറഞ്ഞു. വിനോദ നികുതി ഇനത്തിൽ സർക്കാരിന്റെ ഖജനാവിലും കോടികളുടെ കിലുക്കം കണ്ടു.

premam-style-onam

പൊതുവെ സിനിമകളും ആഘോഷങ്ങളും ആണുങ്ങളുടെ കുത്തകയാണെന്ന ധാരണ പ്രേമം തിരുത്തിയെഴുതി. 'വൈ ഷുഡ് ബോയ്സ് ഹാവ് ആൾ ദി ഫൺ' എന്നു ചോദിച്ചു കൊണ്ട് പെൺകുട്ടികളും കറുത്ത ഷർട്ടും മുണ്ടും കൂളിംഗ് ഗ്ലാസും അണിഞ്ഞു ജോർജ് സ്റ്റൈലിൽ കോളേജിൽ പാറിപ്പറന്നു നടന്നു. തുണിക്കടകളിൽ കറുത്ത ഷർട്ടും കളർ മുണ്ടും കിട്ടാതായി. 2016 ലെ ഓണം 'പ്രേമം സ്പെഷ്യൽ' ഓണമായിരുന്നു. കാമ്പസുകളിലും ഓഫിസുകളിലും മലരും മേരിയും സെലിനും ജോർജും നിറഞ്ഞു. അനുശോചനത്തിനു കെട്ടാൻ പോലും കറുത്ത തുണി കിട്ടാതായി.
ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റായി. യുവാക്കളും കുട്ടികളും ഭക്തി ഗാനം ആലപിക്കുന്നത് പോലെ 'മലരേ...' പാടി നിർവൃതിയടഞ്ഞു. നാക്കുറയ്ക്കാത്ത പിഞ്ചുപിള്ളേർ വരെ 'അവള് വേണ്ട്രാ, ഇവള് വേണ്ട്രാ' പാടിനടന്നു. പ്രേമിച്ച പെണ്ണ് തേച്ചിട്ട് പോയ നിരാശാ കാമുകന്മാർ 'കാലം കെട്ട് പോയ്‌' പാടിക്കരഞ്ഞു.

premam-stills

പ്രേമം ഇറങ്ങിയതോടെ പണി കിട്ടിയത് ബാർബർ ഷോപ്പുകൾക്കാണ്. മാസാമാസം മുടിയും വെട്ടി ആഴ്ചയിൽ ഷേവും ചെയ്തു മിനുങ്ങി നടന്ന സുന്ദരക്കുട്ടപ്പന്മാരെ കണികാണാൻ കിട്ടാതായി. താടിയ്ക്കും മീശക്കും കണക്ഷൻ വരാത്തത് പയ്യന്മാർക്കിടയിൽ ഒരു സാർവദേശീയ പ്രശ്നമായി. താടി കിളിക്കാൻ എന്ത് ചെയ്യും എന്നു ചോദിച്ചു കൊണ്ട് ഡോക്ടറോട് ചോദിക്കാം പംക്തിയിൽ ചോദ്യങ്ങൾ കുമിഞ്ഞു കൂടി. താടിയോടൊപ്പം നിവിന്റെ 'ഹോഴ്സ് ഷൂ' മീശയ്ക്കും ആരാധകരേറി. പെൺകുട്ടികൾ മേരിയെപ്പോലെ കുരുവിക്കൂട് ഹെയർ സ്റ്റൈൽ പരീക്ഷിച്ചു.

വിവാദങ്ങൾ

ചിത്രത്തിന്റെ സെൻസർ കോപ്പി പുറത്തിറങ്ങിയതിനൊപ്പം വിവാദങ്ങളും റിലീസ് ആയി. അതിനു പിന്നാലെ സംസ്ഥാന അവാർഡ് നിർണയത്തിൽ നിന്നും ചിത്രം തഴയപ്പെട്ടു. കേരളം മുഴുവൻ കൊണ്ടാടിയ ചിത്രത്തെ, ഉഴപ്പി ചെയ്ത ചിത്രമെന്ന് ജൂറി വിധിയെഴുതി. ക്ലാസിലിരുന്നു മദ്യപിക്കുന്ന നായകൻ വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് വിമർശനം ഉയർന്നു. ക്ലാസ് കട്ട് ചെയ്തു പ്രേമം കാണാൻ ഇറങ്ങിയ പിള്ളേരെ പോലീസ് പൊക്കി സ്കൂളിലെത്തിച്ച് മാതൃകയായി.

thrissur-premam

2016...

ഈ ഒരു വർഷം കൊണ്ട് എന്തെല്ലാം കാര്യങ്ങൾ നടന്നു. നിവിൻ പോളി ജനപ്രിയ യുവനായക പദവിയിലെത്തി, സായി പല്ലവി ഡോക്ടറായി. അൽഫോൺസ് പുത്രന്റെ കല്യാണം കഴിഞ്ഞു. നായികമാരടക്കം മിക്ക താരങ്ങൾക്കും ചിത്രം കരിയറിലെ വഴിത്തിരിവായി. സിനിമാ ചരിത്രത്തിലെ പുതുമയൊന്നും ഇല്ലാത്ത രണ്ടാമത്തെ ചലച്ചിത്രം അങ്ങനെ ചരിത്രമായി...

വാൽക്കഷണം

ഇത്രയും കാലം ഇത്രയും പ്രണയചിത്രങ്ങൾ ഇറങ്ങിയിട്ടും ഒരു സിനിമക്കും 'പ്രേമം' എന്ന പേര് ഇടാതിരുന്നതിനു കാരണമെന്തായിരിക്കും? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. എല്ലാത്തിനും ഒരു സമയമുണ്ട് അല്ലേ ദാസാ...

Your Rating: