Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗിരിരാജൻ കോഴി; ആ വിളികേൾക്കുമ്പോൾ സങ്കടമേ ഇല്ല

sharafudheen

മാനത്തെ കൊട്ടാരം എന്ന സിനിമയുടെ ഷൂട്ടിങ് ആലുവ പാലസിൽ നടക്കുന്നു. ഷൂട്ടിങ് കാണാൻ അടുത്തുള്ള സെന്റ് മേരീസ് സ്കൂളിലെ കുട്ടികളുമുണ്ട്. ഷറഫുദ്ദീൻ അന്ന് അഞ്ചിൽ പഠിക്കുകയാണ്. ആദ്യമായി ഷറഫുദ്ദീൻ കണ്ട സിനിമാതാരം ദിലീപാണ്. വർഷങ്ങൾ കഴിഞ്ഞു ഷറഫുദ്ദീൻ വളർന്നു വലുതായി. ദിലീപ് വലിയ താരവും. ഷറഫുദ്ദീൻ ഗിരിരാജൻ കോഴി എന്ന വേഷം െചയ്തു പ്രേമം ഫെയിമായി മാറി. വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിൽ ദിലീപിനൊപ്പം മുഴുനീള വേഷവും ചെയ്തു. ആക്സമികതകൾ നിറഞ്ഞതാണു ഷറഫുദ്ദീന്റെ സിനിമാ ജീവിതം. പുതിയ ചിത്രമായ ഹാപ്പി വെഡ്ഡിങ് വിജയിച്ച സന്തോഷവുമായി ഷറഫുദ്ദീൻ സംസാരിക്കുന്നു.

∙ആലുവയിലെ മൂപ്പൻ


ആലുവയിൽ നിന്നുള്ള ആദ്യ സിനിമാക്കാരനായതിനാൽ ദിലീപിനെ ആലുവ മൂപ്പനെന്നാണു ഷറഫുദ്ദീൻ വിളിക്കുന്നത്. ദിലീപ് എന്ന നടനിൽ നിന്ന് ഒട്ടേറെ പഠിക്കാനുണ്ടെന്നാണു ഷറഫുദ്ദീൻ പറയുന്നത്. പ്രത്യേകിച്ചു കോമഡി ചെയ്യുന്നവർക്ക്. ദിലീപേട്ടന്റെ ടൈമിങ് അസാധ്യമാണ്. പഴയ പല ദിലീപ് ചിത്രങ്ങളിലെയും രംഗങ്ങൾ ഷറഫുദ്ദീനു കാണാപ്പാഠമാണ്.

∙ ഗിരി രാജൻ കോഴി

ആളുകൾ കോഴി എന്നു വിളിക്കുമ്പോൾ സങ്കടം തോന്നാറില്ല. ആ വേഷത്തിനു ലഭിച്ച അംഗീകാരമാണ് ആ വിളികളെന്നു ഷറഫുദ്ദീൻ പറയുന്നു. ജയസൂര്യ നായകനാകുന്ന പ്രേതം എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. സെറ്റിൽ വരുന്ന കൊച്ചു കുട്ടികൾ വരെ തന്നെ അങ്ങനെ വിളിക്കാറുണ്ട്. കഥാപാത്രം വിജയിച്ചതു കൊണ്ടാണല്ലോ അവർ അങ്ങനെ വിളിക്കുന്നത്. പകച്ചു പോയി എന്റെ ബാല്യം എന്ന ഡയലോഗ് എത്രയോ പേർ ഉപയോഗിക്കുന്നു. അതൊക്കെ സന്തോഷമുള്ള കാര്യമല്ലേ.

∙ സിനിമ


സിനിമയ്ക്കു വേണ്ടി ഞാൻ കുറേ അലഞ്ഞിട്ടുണ്ട്. അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. ഒരു ഘട്ടത്തിൽ ഒന്നും നടക്കുന്നില്ലെന്നു തോന്നിയപ്പോൾ ഇഷ്ടപ്പെട്ട മറ്റൊരു മേഖലയായ ടൂറിസം രംഗത്തേക്കു ചുവടുവച്ചു. ഓൺലൈൻ ടൂർ ബിസിനിസുമായി ബെംഗളൂരുവിലായിരുന്നു ഏറെ നേൾ. പക്ഷേ വൈകാതെ സുഹൃത്തുക്കളായ കിച്ചുവും അൽഫോൻസ് പുത്രനും കാരണം കറങ്ങിത്തിരിഞ്ഞു വീണ്ടും സിനിമയിലെത്തി.

ആക്സ്മികതകൾ


ആദ്യം ചാൻസ് തേടി െചന്ന ചിത്രത്തിലെ നായകനായ പൃഥ്വിരാജിനൊപ്പം ഷറഫുദ്ദീൻ അഭിനയിച്ചിട്ടുണ്ട്. പാവാടയെന്ന ചിത്രത്തിൽ കുടിയന്റെ വേഷമായിരുന്നു ഷറഫുദ്ദീന്. കുറച്ചു വർഷങ്ങൾക്കു മുൻപാണു വെള്ളിനക്ഷത്രം എന്ന സിനിമയുടെ ഷൂട്ടിങ് ബോൾഗാട്ടി പാലസിൽ നടക്കുന്നു. ബോട്ടിൽ ബോൾഗാട്ടി പാലസിലേക്കു പോകുമ്പോൾ എതിരെ ഒരു വഞ്ചിയിൽ പൃഥ്വിരാജ് വരുന്നു. അന്നു പോയി സംവിധായകൻ വിനയനോട് ചാൻസ് ചോദിച്ചെങ്കിലും അതിനു മുൻപു തന്നെ താരങ്ങളെ തീരുമാനിച്ചു കഴിഞ്ഞതിനാൽ വേഷം ലഭിച്ചില്ല. ചാൻസ് കിട്ടിയില്ലെങ്കിലും പൃഥ്വിരാജിനെ കണ്ട സന്തോഷത്തിലായിരുന്നു മടക്കം.

∙സുഹൃത്തുക്കൾ


ഹാപ്പി വെഡ്ഡിങ്ങിലെ നായകൻ സിജു വിൽസനാണ് എവിടെയെങ്കിലും ഒഡിഷനുണ്ടെന്നു കേട്ടാൽ എന്നെയും വിളിച്ചു കൊണ്ടുപോയിരുന്നത്. പല സ്ഥലങ്ങൾ കയറിയിറങ്ങിയെങ്കിലും പലപ്പോഴും പറ്റിയ വേഷങ്ങളായിരുന്നില്ല അവിടെയുണ്ടായിരുന്നത്.

∙പകച്ചു പോകാത്ത ബാല്യം


ചാൻസില്ല എന്ന വാക്കു കേട്ടു മോഹഭംഗത്തോടെ മടങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരിക്കലും നിരാശ തോന്നിയിട്ടില്ല ഷറഫുദ്ദീന്. കാരണം ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടാലേ എന്തെങ്കിലും അവസരം ലഭിക്കുവെന്നു നേരത്തെ തന്നെ അറിയാമായിരുന്നു.

∙കോമഡി മാത്രമല്ല


കോമഡി ആളുകൾക്ക് ഇഷ്ടപ്പെടുന്നതിനാൽ ചെയ്യുന്നു, സീരിയസ് വേഷങ്ങളും ചെയ്യണമെന്നു ആഗ്രഹമുണ്ട്. പ്രേതത്തിൽ അജുവർഗീസിനും ജിപിയ്ക്കുമൊപ്പം അഭിനയിക്കുന്നതു കോമഡി വേഷമാണ്. ഹാപ്പി വെഡ്ഡിങ്ങിലും കോമഡിക്കാണു പ്രധാന്യം.

∙ പുതിയ ചിത്രം


പ്രേമത്തിൽ മേരിയുടെ കൂടെ നടക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച അൽത്താഫ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രമാണ് ആരംഭിക്കാനുള്ളത്.

∙ കുടുംബം


പ്രേമത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു ഷറഫുദ്ദീന്റെ വിവാഹം. ഭാര്യ ബീമ. പ്രേമം ഇറങ്ങി ഒരു വർഷം തികയുമ്പോൾ കൈനിറയെ കഥാപാത്രങ്ങളുടെ സന്തോഷത്തിനൊപ്പം വാപ്പയെ നോക്കി ചിരിക്കാൻ ദുവ മറിയം എന്ന കുഞ്ഞുമിടുക്കിയുമുണ്ട്.

Your Rating: