Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല സിനിമയുടെ കാമുകൻ, നല്ല സിനിമയായി ‘കാമുകി’

christo

കാമുകനെ അന്വേഷിച്ചുള്ള യാത്രയിലാണ് ആ പതിനേഴുകാരി പെൺകുട്ടി. അവർ തമ്മിൽ പിരിഞ്ഞിട്ട് നാളുകളായിരിക്കുന്നു. പക്ഷേ പിരിഞ്ഞതിനു ശേഷമാണവൾ തിരിച്ചറിഞ്ഞത് താൻ ഗർഭിണിയാണെന്ന്. അയാളെ കണ്ടെത്തി ജീവിതത്തോടു ചേർക്കേണ്ടത് ഇപ്പോഴവൾക്ക് അനിവാര്യമായിരിക്കുന്നു. നഗരത്തെരുവുകളിലൂടെയുള്ള അവളുടെ യാത്രയുടെ കഥ പറഞ്ഞ ചിത്രമാണ് ‘കാമുകി’.

ഇത്തവണത്തെ മികച്ച ഹ്രസ്വചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച ക്രിസ്റ്റോ ടോമിയുടെ ചിത്രം. രണ്ടു വർഷം മുൻപ് ‘കന്യക’ ഇപ്പോഴിതാ ‘കാമുകി’യിലൂടെ വീണ്ടും ദേശീയ പുരസ്കാര നിറവിലാണ് ക്രിസ്റ്റോ. മലയാള സിനിമയെ ഇത്തവണ ഒന്നു തലോടി മാത്രം പോയ ദേശീയ ചലച്ചിത്ര ജൂറിയുടെ പട്ടികയിൽ ഇടം നേടിയ മലയാളികളിൽ ഒരാളെന്നത് ആ നേട്ടത്തിന്റെ തിളക്കവുമേറ്റുന്നു.

‘കാമുകി’യുടെ കഥയെങ്ങനെ കിട്ടിയെന്നു ചോദിക്കുമ്പോൾ–അതങ്ങനെ ആലോചനകൾക്കിടയിൽ കിട്ടി എന്നാണ് ക്രിസ്റ്റോയുടെ മറുപടി. കൊൽക്കത്തയിലായിരുന്നു ചിത്രത്തിന്റെ മുഴുവൻ ഷൂട്ടിങ്. ആ നഗരത്തിരക്കു പോലെത്തന്നെ ഏറെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു ചിത്രീകരണവുമെന്നും പറയുന്നു ക്രിസ്റ്റോ. അതിനു മുൻപ് ചിത്രത്തിലെ നായികയെ കണ്ടെത്തുകയെന്നതായിരുന്നു വെല്ലുവിളി. കാസ്റ്റിങ് കോളുകളേറെ നടത്തിയിട്ടും ചിത്രത്തിലെ നായിക ദിവ്യക്കു ചേർന്ന ഒരു മുഖം എവിടെയും കിട്ടിയില്ല.

makinga

ഒടുവിൽ ഗൂഗിൾ തിരച്ചിലുകൾക്കിടയിലാണ് പഴയൊരു മലയാളിക്കുട്ടി കണ്ണിൽപ്പെടുന്നത്. എം.ജി.ശശിയുടെ ‘ജാനകി’ എന്ന ചിത്രത്തിൽ നായികയായ കൃഷ്ണ പത്മകുമാർ. അഞ്ചു വർഷം മുൻപ് ‘ജാനകി’യിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കൃഷ്ണയ്ക്കായിരുന്നു. ഇപ്പോൾ 17 വയസ്സ്, ‘കാമുകി’യിലെ നായികയുടെ അതേ പ്രായം. മൂവാറ്റുപുഴയിലെ കൃഷ്ണയുടെ വീട്ടിൽ നേരിട്ടെത്തിയാണ് ക്രിസ്റ്റോ ചിത്രത്തെപ്പറ്റി സംസാരിച്ചത്. അവർക്കും സമ്മതം. അങ്ങനെ അച്ഛനുമൊത്ത് കൃഷ്ണ കൊൽക്കത്തയിലെത്തി. 2015 മാർച്ച്–ഏപ്രിൽ സമയത്ത് 12 ദിവസത്തെ ഷൂട്ടിങ്ങായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷേ കൊൽക്കത്തയിലെ തിരഞ്ഞെടുപ്പ് തിരക്കുകളുടെ സമയമായതിനാൽ വിചാരിച്ച ഷെഡ്യൂളിൽ ഷൂട്ട് തീർന്നില്ല. ഇടയ്ക്ക് സകല ഷൂട്ടിങ് സന്നാഹങ്ങളുമായെത്തിയപ്പോൾ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഷൂട്ടിങ് പെർമിറ്റ് റദ്ദാക്കി അധികൃതർ തിരിച്ചയക്കുക പോലും ചെയ്തു.

എന്നിട്ടും രാവും പകലുമെന്നില്ലാതെ ക്രിസ്റ്റോയും സംഘവും കൊൽക്കത്തയുടെ തെരുവുകളിലൂടെ ചുമലിലൊരു ക്യാമറയും മനസ്സു നിറയെ ‘കാമുകി’യുമായി അളന്നു തീർത്തു. ചിത്രീകരണം പൂർത്തിയായപ്പോഴോ, 25 ദിവസം കഴിഞ്ഞിരുന്നു.

film

ഡിപ്ലോമ ഫിലിം ആയതിനാൽ 12 ലക്ഷത്തോളം രൂപ വരുന്ന ബജറ്റ് അനുവദിച്ചത് സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു. എന്നാലും കയ്യിൽ നിന്നും കുറച്ചു പണമൊഴുകിപ്പോയെന്നും പറയുന്നു ക്രിസ്റ്റോ–പക്ഷേ എല്ലാം സിനിമയ്ക്കു വേണ്ടിയല്ലേയെന്ന് ചിരിയോടെ ന്യായീകരണം. സഹപാഠികളുടെയും സുഹൃത്തുക്കളുടെയുമൊരു സംഘം തന്നെ ക്രിസ്റ്റോയുടെ ചിത്രത്തിനൊപ്പമുണ്ടായിരുന്നു. മലയാളിയായ ധനേഷ് രവീന്ദ്രനാഥ് ആയിരുന്നു ക്യാമറ. ഹൈദരാബാദുകാരനായ ഗൗതം നെരുസു എഡിറ്റിങ്. അനുരൂപ് ആണ് സൗണ്ട് ഡിസൈനിങ്. കലാസംവിധാനം സൗമീൻ ഭൗമിക്ക്. സുഹൃത്തും മാർ ഇവാനിയോസ് കോളജിൽ ക്രിസ്റ്റോയുടെ സീനിയറുമായിരുന്ന എസ്.ശ്രീരാജ് രാജീവുമൊത്താണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. കൃഷ്ണയെ കൂടാതെ മിഥുൻ നളിനി, മോഹം കൃഷ്ണൻ, തങ്കം മോഹൻ, കുഞ്ഞില എന്നിവരായിരുന്നു ‘കാമുകി’യിലെ പ്രധാന കഥാപാത്രങ്ങൾ. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തിരഞ്ഞെടുത്ത് അയച്ച പത്തോളം സിനിമകളിലൊന്നായിട്ടാണ് ‘കാമുകി’ ദേശീയ അവാർഡ് പരിഗണനയ്ക്കെത്തുന്നത്.

kamuki-film

2013ൽ കഥേതര വിഭാഗത്തിൽ രജതകമലം സ്വന്തമാക്കിയ ‘കന്യക’ ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും നേട്ടം കൊയ്യുകയും ചെയ്തിരുന്നു. അതിനിടെ സെർബിയയിൽ നടന്ന ഇന്റർനാഷനൽ സ്റ്റുഡന്റ്സ് ഫിലിം ക്യാംപിലും ക്രിസ്റ്റോക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. അവിടെ വച്ചു നിർമിച്ച ‘Apart’ എന്ന ഡോക്യുമെന്ററിയാകട്ടെ സെർബിയയിലെ INTERFER – ഇന്റർനാഷനൽ മീഡിയ ഫെസ്റ്റിവലിൽ ടിവി സ്റ്റോറി കാറ്റഗറിയിൽ മികച്ച രണ്ടാമത്തെ എൻട്രിയുമായി. ‘യു ആർ റോട്ട്’ എന്ന മ്യൂസിക് വിഡിയോ കേരള രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയിൽ മികച്ച മ്യൂസിക് വിഡിയോ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘മനസ്സിനെ വേട്ടയാടുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ചിത്രം’ എന്നാണ് അന്ന് ജൂറി ഈ വിഡിയോ ചിത്രത്തെ വിവരിച്ചത്.

മടക്കം, ഗ്രഹണം, ഓർമച്ചിത്രം, ശവമടക്കം തുടങ്ങിയ വർക്കുകളും ക്രിസ്റ്റോയുടേതായിട്ടുണ്ട്. ഹ്രസ്വചിത്രങ്ങൾക്കെന്തായാലും അവധി കൊടുത്തിരിക്കുകയാണ് ഈ ഇരുപത്തിയെട്ടുകാരന്‍. മുഴുനീള കഥാചിത്രത്തിനു വേണ്ടിയുള്ള തിരക്കഥയൊരുക്കുന്ന തിരക്കിലാണിപ്പോൾ. വാഴക്കാല പുല്ലുകാട്ട് വീട്ടിൽ പി.എ.ടോമിച്ചനാണ് ക്രിസ്റ്റോയുടെ പിതാവ്. അമ്മ ഷൈനി ടോമി. ഒരു സഹോദരിയുണ്ട്–അനീറ്റ.

Your Rating: