Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ പുരസ്കാരത്തിൽ ക്രിസ്റ്റോയും ‘കാമുകിയും’

christo-kamuki ക്രിസ്റ്റോ ടോമി

രണ്ടു വർഷം മുന്‍പത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഫീച്ചർ ഇതര വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റോയ്ക്കാണെന്ന വാർത്ത ഒരു പക്ഷേ ഞാനുൾപ്പെടെയുള്ള അവന്റെ സഹപാഠികൾക്കൊന്നും ഒരു അത്ഭുമാകാനിടയില്ല. കാരണം ഞങ്ങൾ ഒരുമിച്ചു പഠിച്ച ബിരുദകാലത്തു തന്നെ അവന്റെ പേരിനൊപ്പം അവാർഡ് എന്നു കൂടി ചേർത്തായിരുന്നു വിളിച്ചിരുന്നത്. അന്നാ വിളികളെല്ലാം പാതി കളിയായിട്ടായിരുന്നു. എന്നാൽ ഇന്ന് കാമുകി എന്ന ഹ്രസ്വചിത്രത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരത്തിന്റെ തിലകക്കുറി ചാർത്തുമ്പോൾ അവൻ കുറച്ചു കൂടെ സീരിയസായിരിക്കുകയാണ്, ഞങ്ങളും.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ചേർന്ന ആദ്യനാളുകളിൽ ഞാൻ ആദ്യം ക്രിസ്റ്റോയെപ്പറ്റി കേൾക്കുന്നത് സീനിയർമാരിൽ നിന്നായിരുന്നു. മാസ് കമ്മ്യൂണിക്കേഷനായിരുന്നു ഞങ്ങളുടെ വിഷയമെന്നതിനാൽ റാഗിങ് ചോദ്യാവലിയിൽ ആദ്യസ്ഥാനം തന്നെ ഇഷ്ടപ്പെട്ട സിനിമാക്കാരൻ ആരാണെന്നതായിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയുമല്ലാതെ മറ്റാരെയും കാര്യമായി ആരാധിക്കാത്ത ഞങ്ങളുടെ ഉത്തരങ്ങൾക്കിടെ വ്യത്യസ്തമായൊരു മറുപടി ക്രിസ്റ്റോയുടെ വകയായിരുന്നു. ജോൺ ഏബ്രഹാമായിരുന്നു അവന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ. ഹിന്ദി നടൻ ജോൺ ആണെന്നു കരുതിയ ഞങ്ങൾക്കും സീനിയർമാർക്കും തെറ്റി. കക്ഷി മലയാളത്തിന്റെ സ്വന്തം ജോണായിരുന്നു. അവന്റെ പ്രിയപ്പെട്ട ചിത്രങ്ങളാകട്ടെ അമ്മയെ അറിയാൻ, അഗ്രഹാരത്തിൽ കഴുതൈ..

kamuki

ഞാൻ ആദ്യമായി ജോൺ ഏബ്രഹാമിനെ അറിയുന്നതും ക്രിസ്റ്റോയിലൂടെയായിരുന്നു. ചലച്ചിത്ര വിദ്യാർഥിയുടെ സ്വാഭാവിക ജാഡയായിരിക്കും ക്രിസ്റ്റോയുടെ ജോൺ പ്രേമം എന്നായിരുന്നു ഞങ്ങൾ പലരും കരുതിയിരുന്നത്. എന്നാൽ അടുത്തു പരിചയപ്പെട്ടതോടെ ആ ചിന്ത പെട്ടെന്നു തന്നെ മാറി. ജോണിനെ മാത്രമല്ല തർക്കോവ്സ്കിയും കീസ്ലോവ്സ്കിയും ഗൊദാർദുമൊക്കെ അവന്റെ പ്രിയപ്പെട്ടവരായിരുന്നു. ഈ ക്ലാസിക് സിനിമാപ്രേമത്തിന്റെ ചുവടുപിടിച്ച് അവനു വൈകാതെ തന്നെ ക്രിസ്റ്റോവ്സ്കി എന്നും പേരു വീണു. തിരുവനന്തപുരം സൈനിക സ്കൂളിലായിരുന്നു ക്രിസ്റ്റോയുടെ സ്കൂൾ പഠനം. അവിടത്തെ അച്ചടക്കം നിറഞ്ഞ ജീവിതത്തെ പൊട്ടിച്ചെറിഞ്ഞ് ആഘോഷിക്കുന്ന കാഴ്ചയായിരുന്നു മാർ ഇവാനിയോസിൽ ഞങ്ങൾ കണ്ടത്. എന്തിനോടും കൃത്യതയാർന്ന മറുപടി. ഒരു സിനിമ കണ്ടാൽ അതിനെ കൃത്യമായി വിലയിരുത്തി ഒന്നോ രണ്ടോ വാക്കിൽ അളന്നു തൂക്കിയ വിലയിരുത്തൽ. ഞങ്ങൾ കയ്യടിച്ചും വിസിലടിച്ചും ആഘോഷിച്ച സിനിമകളെ അവൻ പുഛത്തോടെ തള്ളി. തിയേറ്ററുകളിൽ കോട്ടുവായിട്ട് ഞങ്ങളെ ഉറക്കിക്കളഞ്ഞ സിനിമകളെപ്പറ്റി അവൻ വാതോരാതെ സംസാരിച്ചു. ക്ലാസിക്കുകളെ എങ്ങിനെ കാണണമെന്നു ഞങ്ങൾക്കു പഠിപ്പിച്ചു തന്നത് അധ്യാപകരായിരുന്നില്ല, ക്രിസ്റ്റോയായിരുന്നു. സമയം കൊല്ലാൻ അവനൊപ്പം ഫിലിംഫെസ്റ്റിവലുകൾക്കു പോയി പിന്നീട് ഫെസ്റ്റിവലുകൾ ഞങ്ങളിൽ പലരുടെയും ജീവിതത്തിന്റെ ഭാഗം തന്നെയായിത്തീർന്നിരുന്നു.

തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഒരു ദിവസം ഹർത്താലായിരുന്നു. നാലാഞ്ചിറയിലെ കോളജിൽ നിന്ന് 10 കിലോ മീറ്റർ ദൂരെയാണ് തിയേറ്റർ. എങ്ങിനെ പോകുമെന്ന് ഞങ്ങൾ ചിന്തിക്കും മുൻപേ അവനിറങ്ങി നടന്നിരുന്നു, കയ്യിൽ ഒരു പൊതി ഗ്ലൂക്കോസ് പൊടി മാത്രം. നടന്നു തളർന്ന് പലയിടത്തും ഞങ്ങൾ കിതച്ചു നിന്നപ്പോൾ ക്രിസ്റ്റോ മാത്രം ആഞ്ഞു നടക്കുകയായിരുന്നു. നടത്തത്തിന്റെ ക്ഷീണത്തിൽ തിയേറ്ററിലെ എസിയിൽ ഞങ്ങൾ അന്തം വിട്ടുറങ്ങി. ക്രിസ്റ്റോയാകട്ടെ കണ്ണുനിറച്ചും സിനിമകാണുന്ന തിരക്കിലും. ഫെസ്റ്റിവലുകൾ മാത്രമല്ല, തിരുവനന്തപുരത്ത് പലയിടത്തും ഇടയ്ക്കിടെ ഫിലിം സൊസൈറ്റികളും മറ്റും ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കുമായിരുന്നു. പത്രത്തിലെ ഏതെങ്കിലും മൂലയിൽ കിടക്കുന്ന ആ അറിയിപ്പുകൾ കൃത്യമായി കണ്ടെത്തി അവൻ യാത്രയാകും. കൂടെ പലപ്പോഴും ഞങ്ങളും. പട്ടിണി കിടന്നും സിനിമ കാണണമെന്നും അതുവഴി അവൻ പഠിപ്പിച്ചു തന്നു. കാരണം രാത്രി വൈകി ഹോസ്റ്റലിലെത്തുമ്പോൾ ഞങ്ങൾക്കായി മാറ്റി വച്ചിരുന്ന ഭക്ഷണമെല്ലാം അളിഞ്ഞിരിപ്പുണ്ടാകും. പിന്നെ ബേഡ്സും ഡ്രീമേഴ്സും ഡക്കലോഗുമെല്ലാം ഓർത്തങ്ങിനെ ഒരുറക്കമാണ്.

അങ്ങിനെയിരിക്കെയാണ് ബീമാപ്പള്ളിയിലെ ഭീകരമായ ക്ലാസിക് സിനിമാകളക്ഷനെപ്പറ്റി അവൻ കേൾക്കുന്നത്. ഒരു ദിവസം അവന്റെയൊപ്പം ഞാനും പോയി. കയ്യിൽ കാശിരിപ്പുണ്ട്, അതുപക്ഷേ മെസ് ഫീസടയ്ക്കാൻ വീട്ടിൽ നിന്നു തന്നതാണ്. അവന്റെ കയ്യിലും അതു തന്നെ സ്ഥിതി. സിഡികളൊക്കെ ഒന്നു കണ്ടു വരികയായിരുന്നു ലക്ഷ്യം. പക്ഷേ അവിടത്തെ കടകളൊക്കെ കയറിയിറങ്ങി തിരിച്ചു പോരുമ്പോൾ ഞങ്ങളൊരു പുതിയ കള്ളത്തെപ്പറ്റി ആലോചിക്കുകയായിരുന്നു. കാരണം ഇനി ആ മാസത്തെ മെസ് ബില്ലടയ്ക്കണമെങ്കിൽ വീട്ടിലൊരു കള്ളം പറഞ്ഞേ മതിയാകൂ. മൈക്കിൾ ജാക്സന്റെ എംപിത്രീ സിഡി വാങ്ങാനെത്തിയ എന്നെക്കൊണ്ടവൻ ലൈഫ് ഈസ് ബ്യൂട്ടിഫുളും ഡ്രീമേഴ്സുമെല്ലാം വാങ്ങിപ്പിച്ചു. ഒപ്പം ഒരു ഡയലോഗും—ഇതെല്ലാം നിനക്കിഷ്ടപ്പെടും, ഉറപ്പ്. എന്റെ പ്രിയപ്പെട്ട സിനിമകളിൽ, ഒരു പക്ഷേ ഏറെ സ്വാധീനിച്ച സിനിമകളിൽ, ഇന്നും ക്രിസ്റ്റോ നിർദേശിച്ച ചിത്രങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്നത്. എന്റെ സിനിമാടേസ്റ്റിനെ ഇത്ര കൃത്യമായി ഇവനെങ്ങിനെ പിടികിട്ടിയെന്നും ഞാനദ്ഭുതപ്പെട്ടിട്ടുണ്ട്. പിന്നീട് മനസിലായി, ക്രിസ്റ്റോയുടെ ഒരോ തീരുമാനത്തിലും ജീവിതത്തിലും സിനിമ വല്ലാത്തൊരു സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്. അവന്റെ പ്രവൃത്തികളെല്ലാം സിനിമയുമായും ബന്ധപ്പെട്ടു തന്നെയായിരുന്നു. സിനിമ എന്ന മൂന്നു വാക്കിനു മുന്നിൽ മാത്രമേ അവൻ ഭക്ഷണം പോലും മറന്നതായി ഞങ്ങൾ കണ്ടിട്ടുള്ളൂ.

പഠിക്കുന്ന സമയത്തു തന്നെ അവനൊരു ഹ്രസ്വചിത്രം ചെയ്തിരുന്നു. ഉൽസവം എന്നായിരുന്നു അതിന്റെ പേര്. ഞങ്ങളുടെ ഒരധ്യാപികയായിരുന്നു അതിൽ അഭിനയിച്ചത്. അവാർഡുപടമെന്ന് മുദ്രകുത്തി ഞങ്ങൾ കൂട്ടുകാരെല്ലാം ഉൽസവത്തെ വിമർശിച്ചു തല്ലിത്തകർത്തു. പലപ്പോഴും കളിയാക്കി. സിനിമയുമായി ബന്ധപ്പെടുത്തിയതുകൊണ്ടാകണം കളിയാക്കലുകൾ പോലും അവൻ വല്ലാതെ ആസ്വദിച്ചിരുന്നു. എല്ലാത്തിനോടും ഒരു നേർത്ത പുഞ്ചിരി മാത്രം മറുപടി.

ബിരുദത്തിന്റെ അവസാന വർഷം ഒരു ഹ്രസ്വചിത്രം ചെയ്യണമായിരുന്നു ഞങ്ങൾക്ക്. അതിനു വേണ്ടിയായിരുന്നു അത്രയും വർഷം അവൻ കാത്തിരുന്നതെന്നു തോന്നിപ്പോയി. അവൻ തന്നെ സ്ക്രിപ്റ്റ് തയാറാക്കി. ഷൂട്ടിങ്ങിനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കി. ‘സ്വപ്നത്തിന്റെ കന്യാചർമം’ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ചിത്രമല്ല, ഡോക്യുമെന്ററി. ട്രെയിൻ വരുന്ന ഒരു സീനുണ്ടായിരുന്നു അതിൽ. ഷൂട്ട് ചെയ്യണമെങ്കിൽ റയിൽവേയുടെ അനുവാദം വേണം. അതിനു വേണ്ടിയുള്ള എഴുത്തുകുത്തുകൾ നടത്തിയതും റയിൽവേ കാര്യാലയം കയറിയിറങ്ങിയതുമെല്ലാം ക്രിസ്റ്റോയായിരുന്നു. ഒപ്പം അവന്റെ നല്ല സുഹൃത്തുക്കളുമുണ്ടായിരുന്നു. അറവുശാലയുടെ ഷോട്ടുകൾക്കു വേണ്ടി പുലർച്ചെ ഒരു പോത്തിനെ വെട്ടുന്നത് ലൈവായി കാണാനും ക്യാമറയുമായി ക്രിസ്റ്റോയും സംഘവും പോയി. അന്നനുഭവിച്ച കഷ്ടപ്പാടുകൾ നേരിട്ടു കാണാനായില്ലെങ്കിലും കൂടെപ്പോയവർ പറഞ്ഞു കേട്ട് ചിരി വന്നിട്ടുണ്ട്. പക്ഷേ ഡോക്യുമെന്ററിയെപ്പറ്റിയുള്ള വൈവയിൽ പിഴച്ചു. പ്രശസ്തനായ ഒരു സംവിധായകനായിരുന്നു വൈവയ്ക്ക് നേതൃത്വം നൽകിയിരുന്നത്. ബാക്കിയെല്ലാവരും മാർക്കിനു വേണ്ടിയുള്ള തത്രപ്പാടിലായിരുന്നു. ക്രിസ്റ്റോയുടെ വൈവ എന്താവുമെന്ന് ഞങ്ങൾക്കെല്ലാവർക്കും നല്ലപോലെത്തന്നെ ആശങ്കയുണ്ടായിരുന്നു. പേടിച്ചതു തന്നെ സംഭവിച്ചു. ക്രിസ്റ്റോയുടെ സിനിമയ്ക്ക് ആ സംവിധായകന്റെ വക തുരുതുരാ വിമർശനങ്ങൾ. ഒടുവിൽ അവൻ ആ സംവിധായകനു നേരെ പൊട്ടിത്തെറിച്ചു പ്രഖ്യാപിച്ചു—സാറിന്, സിനിമയെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ..ശേഷം ചിന്ത്യം.

വർഷങ്ങൾക്കിപ്പുറം ക്രിസ്റ്റോയിൽ ഒരു മാറ്റവും വന്നിട്ടില്ല. ക്രിസ്റ്റോയുടെ സിനിമാരീതികളും മാറിയിട്ടില്ല. സിനിമയെ ജീവനായിക്കരുതുന്ന ഒരു ചെറുപ്പക്കാരന്റെ, സിനിമാരീതികളോടു കലഹിച്ചും പ്രണയിച്ചുമുള്ള ‘കന്യക’യെന്ന ചിത്രവും കാഴ്ചയിൽ സമ്മാനിക്കുന്നത് ഇതുവരെയറിയാത്ത ഒരനുഭവമായിരിക്കണം..കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനിടെയാണ് ഈ നേട്ടമെന്നതും അതിന്റെ മാറ്റു കൂട്ടുന്നു..ഞങ്ങളും കാത്തിരിക്കുകയാണ്, നാട്ടിലേക്ക്, എറണാകുളത്തെ വാഴക്കാലയിലേക്കെത്തുമ്പോൾ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ നേട്ടം ആഘോഷമാക്കാൻ...

Your Rating: