Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കായുള്ള അവാർഡായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരം: സനൽകുമാർ ശശിധരൻ

sanal സനൽകുമാർ ശശിധരൻ

വയറ് നിറച്ച് ഉണ്ട്, എസിയിൽ ഇരുന്ന് ഉറങ്ങുന്നവർക്ക് കൊടുക്കാൻ പറ്റുന്ന സിനിമയാണ് ബാഹുബലി. ആ ചിത്രം മോശമെന്നല്ല. അതുപോലുള്ള സിനിമകളും ഉണ്ടാകണം. പക്ഷേ ഇതിന് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകി ആദരിക്കുമ്പോൾ ഇന്ത്യൻ സിനിമകൾ ഏത് തലത്തിലാണ് നിൽക്കുന്നതെന്ന ചോദ്യം വരും. പറയുന്നത് യുവസംവിധായകൻ സനൽകുമാർ ശശിധരൻ.

‘ഹോളിവുഡ് സിനിമകളെ അനുകരിക്കലാണോ നമ്മൾ ചലച്ചിത്രങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തിലെ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ, ഒരുതരത്തിലും മുന്നോട്ട് ചിന്തിപ്പിക്കാതെ, മാനവികതയെക്കുറിച്ചോ രാ‌ഷ്ട്രീയത്തെക്കുറിച്ചോ ഒന്നും പറയാതെ, ഗംഭീരമെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാൻ സാധിക്കും ബാഹുബലി കണ്ടിട്ട്. ഹോളിവുഡിനോട് കിടപിടിക്കുന്ന സിനിമയെന്ന് പറയുമ്പോൾ അവർ ചിരിക്കുകയായിരിക്കും എന്നാണെനിക്ക് തോന്നുന്നത്. അമർചിത്ര കഥ കാണിച്ച് കുട്ടികളെ സന്തോഷിപ്പിക്കുന്ന പോലെ, കുട്ടികൾക്കായുള്ള അവാർഡായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍. സനൽ കുമാർ ശശിധരൻ മനോരമ ഓൺലൈനോട് പറഞ്ഞു.

ബാഹുബലിക്ക് അവാർഡ് കിട്ടുമെന്ന് കരുതിയേയില്ല. മികച്ച പഞ്ചാബി ചിത്രത്തിനുള്ള പുരസ്കാരം നല്‍കി ഒതുക്കിയ ചൗതി കൂട് മികച്ച ചിത്രമാകുമെന്ന് കരുതിയിരുന്നു. രാഷ്ട്രീയം പറയുന്ന സിനിമയാണ് അതും. കാൻ ഫെസ്റ്റിവലിനൊക്കെ പോയ സിനിമയായതുകൊണ്ട് ഒഴിവാക്കാനാകില്ലല്ലോ അതുകൊണ്ട് ഉൾപ്പെടുത്തിയതാവാം. നിലവിലുള്ള വ്യവസ്ഥിതിയിൽ നിന്ന് മാറി നടക്കുന്ന സിനിമകളെയൊന്നും അംഗീകരിക്കാത്ത, മെലോ ഡ്രമാറ്റിക് ആയിട്ടുള്ള സമൂഹത്തെ സൃഷ്ടിക്കാനുള്ള അധികാരത്തിന്റെ നീക്കത്തിന്റെ ഭാഗമാണ് ദേശീയ ചലച്ചിത്ര പ്രഖ്യാപനത്തിലൂടെ തെളിയുന്നത്.

'ഒഴിവു ദിവസത്തെ കളി' എന്ന എന്റെ സിനിമയ്ക്ക് ദേശീയ അവാർഡിൽ ഒരു പരാമര്‍ശം പോലും കിട്ടിയില്ല. പക്ഷേ എനിക്കതിൽ അതിയായ സന്തോഷമുണ്ട്. ഉറപ്പുണ്ടായിരുന്നു അങ്ങനൊരു കാര്യം സംഭവിക്കില്ലെന്ന്. ഒരുപക്ഷേ അവാർഡെങ്ങാനും കിട്ടിയിരുന്നുവെങ്കിൽ ഏറ്റവുമധികം ഞെട്ടലുണ്ടാക്കുന്നതും എനിക്കു തന്നെ. സംവിധായകൻ ഇങ്ങനെ പറയുന്നതിൽ കാരണമുണ്ട് 'ഒഴിവു ദിവസത്തെ കളി' രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സിനിമയാണ്. വ്യക്തമായ നിലപാടുകളിലൂടെ കടന്നുപോകുന്ന സിനിമ അംഗീകരിക്കപ്പെടുന്നതിൽ അവർക്ക് ഭയമുണ്ടാകും.

കാലങ്ങളിൽ ദേശീയ പുരസ്കാരങ്ങളിൽ വ്യതിചലനമുണ്ടായിട്ടുണ്ട്. പക്ഷേ ഇത്തവണത്തോത് മുൻപത്തേക്കാളേറെ ഗുരുതരമാണ്. ഓരോ കാലത്തും നടക്കുന്ന കാര്യങ്ങളെ അതത് കാലത്തെ സാഹചര്യവുമായി ചേർത്തു നിർത്തിയല്ലേ കാണാനാകൂ. മഹാഭാരതം സീരിയലിൽ അഭിനയിച്ച ആളെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരുന്നതും അവാർഡ് പ്രഖ്യാപനവുമെല്ലാം രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായിട്ടാണെന്നാണ് ഞാൻ കരുതുന്നത്.

ബാഹുബലിയും ബാജിറാവു മസ്താനിയും എന്ത് ചരിത്രമാണ് പറയുന്നത്. കെട്ടുക്കഥങ്ങളെ ചരിത്രമാക്കിക്കാണിച്ചുകൊണ്ടുള്ള രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. ആളുകൾ ഇത് ഇഷ്ടപ്പെട്ടേക്കാം. ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്നതുകൊണ്ട് ഒരിക്കലും ഒരു നല്ല സിനിമയാകുന്നില്ല. അടിസ്ഥാന ആവശ്യങ്ങൾ സുഭിക്ഷമാണെങ്കിൽ സമൂഹത്തിലെ ഭൂരിപക്ഷവും തൃപ്തരാണ്. സ്വാതന്ത്ര്യത്തെ കുറിച്ചുപോലും ചിന്തിക്കുന്നില്ല. അവരെ സന്തോഷിപ്പിക്കുവാൻ വേണ്ടി മാത്രം സിനിമയെടുത്താൽ സമൂഹം പിന്നോട്ട് പോകുകയേയുള്ളൂ.

പ്രതിഷേധങ്ങളോ വിചാരണകളോ ഇല്ലാതെയുള്ള ഈ തുറന്നുപറച്ചിൽ ഒരുപാട് ചോദ്യങ്ങളുയർത്തുന്നുണ്ട്. എന്നിരുന്നാലും സ്വന്തം നിലപാടുകളെ കുറുകെ കീറുന്ന പ്രമേയങ്ങൾക്ക് അവാർഡ് നൽകി കൊട്ടിഘോഷിക്കാൻ മാത്രമുള്ള ബൗദ്ധിക തലത്തിലേക്ക് നമ്മുടെ ഭരണകൂടം വളർന്നിട്ടില്ല . എന്നുള്ളതുകൊണ്ടു തന്നെ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. അവാർഡുകൾക്കും അംഗീകാരങ്ങൾക്കും അപ്പുറം തന്നെയാണ് എന്നും സത്യം നിന്നിട്ടുള്ളത്. പതിയേ അത് അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. - സനൽ കുമാർ പറഞ്ഞു.

Your Rating: