Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷിക്കുക കൽപ്പന ചേച്ചിയായിരിക്കും: ദുൽക്കർ

dulq

നാൽപ്പതിയെട്ടാമത് സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ മികച്ച നടനായ ദുൽക്കർ സൽമാൻ തന്റെ സന്തോഷം മനോരമ ഓൺലൈനിനൊപ്പം പങ്കുവെയ്ക്കുന്നു. ‘‘പുരസ്കാരം ലഭിച്ചതിൽ‌ വളരെ അധികം സന്തോഷമുണ്ട് സംസ്ഥാന സർക്കാറിന്റെ ഈ പുരസ്കാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചാർലി എന്ന സിനിമ വളരെ പ്രിയപ്പെട്ടതാണ് കാരണം ആ സിനിമയുടെ തുടക്കം മുതൽ ഞാനുമുണ്ടായിരുന്നു. ഏറ്റവുമധികം മിസ് ചെയ്യുന്നത് കൽപ്പന ചേച്ചിയെയാണ്, ഒരു പക്ഷേ ഈ അവാർഡിൽ ഏറ്റവുമധികം സന്തോഷിക്കുന്നതും കൽപ്പന ചേച്ചിയായിരിക്കും’’

"ഒരുപാട് അവാർഡുകൾ ഇരിക്കുന്ന ഈ അലമാരിയിലേക്ക് എന്റെ ഒരു അവാർഡ് കൂടെ വരുക എന്നത് അതിയായ സന്തോഷമുള്ള കാര്യമാണ്. വാപ്പച്ചിയുടെ കൂടെ എന്റെ പേര് ചേർത്ത് വച്ചു എന്നത് തന്നെ സന്തോഷം."

ദുൽക്കർ സൽമാന്റെ എക്സ്ക്ലൂസീവ് ഇന്റർവ്യു വായിക്കാം

ഫോൺ നിലച്ചിരിക്കുന്നു.പതിവുപോലെ സിനിമ റിലീസ് ചെയ്യുമ്പോൾ വരാറുള്ള കോളുകളും മെസേജുകളും വരുന്നില്ല. വിളിക്കുന്നവർപോലും മറ്റു പലതിനെക്കുറിച്ചുമാണു പറയുന്നത്. ആ ദിവസങ്ങളിൽ ദുൽക്കർ സമൽമാൻ ജീവിതത്തിന്റെ പുതിയൊരു മുഖം കാണുകയായിരുന്നു. ഏതു ചെറുപ്പക്കാരനും തളർന്നു പോയേക്കാവുന സമയം. ബാംഗ്ളൂർ ഡെയ്സ് ഒഴിച്ച് ഒരു സിനിമയും തിയറ്ററിൽ ഹരമാകാതെ കടന്നുപോയ കാലമാണത്. ദുൽക്കറിനെ കാണികൾ കൈവിട്ടോ എന്നു തോന്നിപ്പോയ ദിവസങ്ങൾ. മാസങ്ങൾക്കു ശേഷം വിജയങ്ങളുടെയും ഉയരുന്ന താരമൂല്യത്തിന്റെയും പ്രഭയാർന്ന വെളിച്ചത്തിലിരുന്നു ദുൽക്കർ സംസാരിക്കുന്നു.

അന്നു ദുൽക്കർ പേടിച്ചു പോയോ ?

kalpana-charlie

എനിക്കു പണ്ടും പലതിനെയും പേടിയാണ്. കാണികൾ എന്റെ സിനിമ സ്വീകരിക്കുന്നില്ല എന്നു തോന്നിയ സമയത്തു എനിക്കതു മനസ്സിലാക്കാനായി. പല സിനിമയിലും അഭിനയിച്ചതു ഞാൻ ധൃതി പിടിച്ചെടുത്ത തീരുമാനമായിരുന്നു.ഞാൻ നന്നായി അഭിനയിച്ചു എന്നൊന്നും സമാധാനിക്കാനാകില്ല. സിനിമകൂടി നന്നാകണമല്ലോ. ആ ഭാഗത്തേക്കുറിച്ചു ആലോചിക്കാതെ പല സിനിമയും ചെയ്തു. വളരെ ആത്മാർഥതയോടെ എല്ലാവരും ജോലി ചെയ്തിരിക്കാം. എന്നാലും സിനിമ എന്ന ഉൽപ്പന്നം നന്നായില്ലെങ്കിൽ ജനം സ്വീകരിക്കില്ല. താരമൂല്യമൊന്നും അതിനു മാനദണ്ഡവുമല്ല. പരാജയത്തിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നതു പ്രധാന നടൻതന്നെയാണ്. അത് സ്വാഭാവികം മാത്രം. ആരെയും കുറ്റം പറഞ്ഞു ഒഴിയാനാകില്ല.

ഈ സമയത്തു മമ്മൂട്ടി എന്തു പറഞ്ഞു

എന്റെ സിനിമാ ജീവിതത്തിൽ ബാപ്പച്ചി കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. എന്തിനാണു എട്ടോ പത്തോ സിനിമ ചെയ്യുന്നതെന്നുമാത്രം ചോദിച്ചു. വിജയിച്ചാലും പരാജയപ്പെട്ടാലും നല്ല മൂന്നോ നാലോ സിനിമ ചെയ്താൽ പോരെ എന്നും ചോദിച്ചു. വേറെ പലതും സംസാരിക്കുന്നതിനിടയിൽ ചോദിച്ചു പോയതാണ്. ഉപദേശിച്ചതായിരുന്നില്ല.

അഭിനയിക്കണമെന്നു തീരുമാനിച്ചതു മമ്മൂട്ടിയല്ലെ

charlie-special

ഒരിക്കലുമല്ല. പഠിക്കുന്ന കാലത്തു ഡോക്യുമെന്ററികൾ എടുക്കുന്നതു എനിക്കു ലഹരിയായിരുന്നു. ഞങ്ങൾ കൂട്ടുകാർ രാവും പകലും അതിനായി ജോലി ചെയ്തിട്ടുണ്ട്. അന്നാണു സിനിമ ഏറ്റവും ആസ്വദിച്ചിട്ടുള്ളത്.പിന്നീടു ദുബായിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും എന്തോ എവിടെയോ നഷ്പ്പെടുന്നതായി തോന്നി. നല്ല ശമ്പളവും നല്ല ജോലിയുമായതിനാൽ ബാപ്പച്ചിക്കും ഉമ്മയ്ക്കും സന്തോഷമായിരുന്നു. പക്ഷെ എവിടെയോ ഒരു മിസ്സിംങ് എനിക്കു തോന്നിയിരുന്നു. ഒരു ദിവസം ഞാൻ അവരെ വിളിച്ചു പറഞ്ഞു, ഞാൻ സിനിമയിൽ അഭിനയിക്കാൻ വേണ്ടി തിരിച്ചുവരികയാണെന്ന്. അവർ അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.സുഖമായി സെറ്റിൽ ചെയ്ത മകൻ തികച്ചും പരീക്ഷിക്കപ്പെടുന്ന മറ്റൊരു ജീവിതത്തിലേക്കു വരുന്നതു ഏതു അച്ഛനും അമ്മയ്ക്കുമാണു ഇഷ്ടമാകുക.

ഫഹദ് പറഞ്ഞിരുന്നു ദുൽക്കർ മിക്കവാറും നല്ലൊരു സംവിധായകനാകുമെന്ന്

Dulquer Salman

സത്യത്തിൽ അഭിനയിക്കാൻ പേടിയായിരുന്നു. ബാപ്പച്ചി ഉണ്ടാക്കിവച്ച സൽപേര് വളരെ വലുതാണ്. അതു മോശമാകാതെ നോക്കുക എന്നതു വലിയ പ്രഷറാണ്.ബാപ്പച്ചി അതേക്കുറിച്ചു ആലോചിക്കാറുപോലുമുണ്ടാകില്ല. പക്ഷെ എനിക്ക് പേടിയായിരുന്നു. അതുകൊണ്ടുതന്നെ സംവിധാനത്തിലേക്കു പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഏതു പേടിയും ഒരു ദിവസം നാം മറികടക്കും. അതു പോലെ ഈ പേടിയും മറി കടന്നു. ഞാൻ സ്കൈ ഡൈവിങ്ങിനു പോയതുപോലും മനസ്സിലെ പല പല പേടികളും മറികടക്കാനാണ്. അത്തരമൊരു നിമിഷത്തിലാണു ഞാൻ അഭിനയിക്കാൻ തീരുമാനിച്ചത്. സിനിമയിൽ വരുന്നതിനു മുൻപുതന്നെ അതിന്റെ എല്ലാ ഭാഗവും ഞാൻ മനസ്സറിഞ്ഞു ആസ്വദിച്ചിരുന്നു.

മമ്മൂട്ടിയുമായി താരതമ്യം ചെയ്യുന്നതിൽ പേടിയുണ്ടോ

ലോകത്ത് ഏറ്റവും വലിയ പേടി അതാണ്. ബാപ്പച്ചി ഉണ്ടാക്കിവച്ചൊരു ഫിഗർ വളരെ വലുതാണ്. അകലെനിന്നു കാണുന്നവരെക്കാൾ അതിന്റെ വലുപ്പം അറിയുന്നത് അടുത്തുനിൽക്കുന്ന ഞാനാണ്. താരതമ്യപ്പെടുത്തിയാൽ ഞാൻ ചെറുതായിപ്പോകുമെന്ന പേടിയില്ലായിരുന്നു. എന്റെ ജോലി ബാപ്പച്ചിയുടെ ഉയർന്ന ശിരസ്സു താഴ്ത്താൻ ഇടയാക്കുമോ എന്നായിരുന്നു പേടി. രാവും പകലും അതെന്നെ പിൻതുടർന്നിട്ടുണ്ട്. സിനിമാ ജീവിതത്തിൽ മാത്രമല്ല. പഠിക്കുമ്പോഴും പുറത്തു കൂട്ടുകാരോടൊപ്പം കറങ്ങുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം അതൊരു പേടിതന്നെയാണ്. മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ എല്ലാവരും എന്നിൽനിന്നു പലതും പ്രതീക്ഷിക്കുന്നുണ്ട്. പെരുമാറ്റത്തിലും ജീവിതത്തിലുമെല്ലാം.

എന്നും മമ്മൂട്ടിയുടെ മകനെ ആളുകൾ തിരിച്ചറിഞ്ഞിരുന്നോ

തീർച്ചയായും. ദുബായിയിൽ ജോലി ചെയ്യുമ്പോൾ മാത്രം ഞാൻ ആൾകൂട്ടത്തിൽ ആളറിയാതെ ജീവിച്ചു. അതിനു പ്രത്യേക സുഖമുണ്ട്. എന്നാലും ബാപ്പച്ചിയുടെ നിഴലിൽ നിൽക്കുമ്പൊഴു ധൈര്യമാണ്. എനിക്കു മാത്രമല്ല സുറുമിക്കും ഉമ്മച്ചിക്കുമെല്ലാം.

ദുൽക്കറിന്റെ മാതാപിതാക്കൾ ഇപ്പോൾ എന്തു പറയുന്നു

എനിക്കു സ്വന്തമായി ഒരു ജീവിതമാർഗ്ഗമുണ്ടായി എന്നതിൽ അവർക്കു സന്തോഷമുണ്ട്. മക്കൾ എവിടെ എത്തുമെന്നു എല്ലാവരുടെയും ആകാംഷയാണല്ലോ. എന്റെ രക്ഷിതാക്കൾക്കും ആ പേടി ഉണ്ടായിരുന്നു. നല്ലൊരു ജോലിയിൽനിന്നു സിനിമയിലേക്കു വന്നപ്പോൾ രക്ഷപ്പെടുമോ എന്ന ആകാംഷ അവർക്കും ഉണ്ടായിരിക്കണം. ഞാൻതന്നെ തിരഞ്ഞെടുത്തതാണെങ്കിലും അവർക്കാണല്ലോ അതിന്റെയും ഉത്തരവാദിത്തം.ഇപ്പോൾ ഞാൻ എന്റെ വഴി സുരക്ഷിതമാണെന്നു അവർക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്രകളിലും മറ്റും ഞാൻ പഴ്സ്തുറന്നു പണം കൊടുക്കുമ്പോൾ അവരുടെ മുഖത്തെ പു‍ഞ്ചിരി കാണാറുണ്ട്. അതു എനിക്കു നൽകുന്നതും വലിയ സന്തോഷമാണ്. ഒരിക്കൽപ്പോലും എനിക്കു പണം കൊടുക്കാൻ ബാപ്പച്ചി അവസരം തന്നിട്ടില്ല. എന്റെ ജീവിതത്തേക്കുറിച്ചു അവർക്ക് ഒരു സെൻസ് ഓഫ് സെക്യൂരിറ്റി വീണ്ടു കിട്ടിയത് ഇപ്പോഴാണെന്നു എനിക്കു ഫീൽ ചെയ്യുന്നുണ്ട്.

ദുൽക്കറിന് എന്തു തോന്നുന്നു

ബാപ്പച്ചിയുടെ പേരു ചീത്തയാക്കിയില്ല എന്ന ആശ്വാസമുണ്ട്. സിനിമയിലെ മറ്റേതെങ്കിലും മേഖയിൽ പോയിരുന്നെങ്കിൽ എനിക്കിത്രയും പേടിക്കേണ്ടതില്ലായിരുന്നു.

സഹോദരി സുറുമി നന്നായി വരയ്ക്കുമായിരുന്നില്ലെ

mammootty-dulquer

അവൾ നല്ല പ്രതിഭയാണ്. നന്നായി വരയ്ക്കും. ഒരു എക്സിബിഷനുവേണ്ടി ഒരുങ്ങുകയാണ്. ഞങ്ങൾ അതിനായി നിർബന്ധിക്കുന്നുണ്ട്. കുടുംബത്തിനുവേണ്ടി മുഴുവൻ സമയവും ചിലവഴിക്കുകയാണ്. വീട്ടിലെ എല്ലാവർക്കും എന്തെങ്കിലും ടാലന്റ് കിട്ടിയിട്ടുണ്ടെന്നതു വലിയ സന്തോഷമുള്ള കാര്യമാണ്.

മമ്മൂട്ടി മിക്കപ്പോഴും അകലെയാകും. നിങ്ങൾ മൂന്നുപേരായിരുന്നല്ലോ വീട്ടിൽ. സുറുമായിരുന്നോ കൂട്ട്

charlie-dulquer

സത്യത്തിൽ ഇത്താത്ത ഒരു ധൈര്യമാണ്. എന്റെ ജീവിതത്തിലെ എല്ലാം ഞാൻ പങ്കുവച്ചത് ഇത്താത്തയുമായിട്ടാണ്. സിനിമയിലെക്കു വരുമ്പോഴും ഇത്താത്തയായിരുന്നു ധൈര്യം. എന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം ഇവിടെ എത്തിയിരിക്കും. ഇവിടെനിന്നു സിനിമ കണ്ടാലെ സന്തോഷമാകൂ. എല്ലാ കുട്ടികളെയുംപോലെ അടി കൂടിയിട്ടുണ്ട്, ചീത്ത പറഞ്ഞിട്ടുണ്ട്. എന്നാൽ കല്യാണം കഴിച്ചു പോയ ദിവസം മുതൽ ഞങ്ങൾ പരസ്പരം മുഖം കറുപ്പിച്ചു തമാശയ്ക്കുപോലും ഒന്നും പറഞ്ഞിട്ടില്ല. എപ്പോഴും കാണാൻ പറ്റാത്തതിൽ എനിക്കും ഇത്താത്തയ്ക്കും നല്ല പ്രയാസമുണ്ട്.അതുകൊണ്ടുതന്നെ കാണുന്ന സമയത്തു സന്തോഷം മാത്രം മതിയെന്നു തോന്നാറുണ്ട്. കല്യാണം കഴിച്ചു പോകുന്നതോടെ അവരുടെ ജീവിതം കൂടുതൽ ഗൗരവത്തിലാകും. കുടുംബം നോക്കേണ്ടെ.

ഉമ്മച്ചി .....

ഞങ്ങളുടെ ഇടയിലെ ഒരു പാലമാണ് ഉമ്മച്ചി.ഒരു ബോണ്ട് എന്നു പറയാം. സുറുമിക്കും കുട്ടികൾക്കും ഭർത്താവിനും എനിക്കും ഭാര്യയ്ക്കും ബാപ്പച്ചിക്കും ഇടയിലുള്ള ഒരു ബോണ്ട്. ഉമ്മച്ചിയോടു പറയാതെ ഞങ്ങളാരും ഒരു പ്രധാനകാര്യവും ചെയ്തിട്ടില്ല. സുറുമിയോളം അടുപ്പം എന്റെ ഭാര്യയുമായും ഉമ്മച്ചി ഉണ്ടാക്കിയിട്ടുണ്ട്. വല്ലാത്തൊരു ബോണ്ടാണ് ഉമ്മച്ചിയിലൂടെ ഞങ്ങൾക്കു കിട്ടുന്നത്. സത്യത്തിൽ എനിക്കു പറയാൻ അറിയില്ല. അതൊരു ഫീലാണ്. ഉമ്മച്ചിക്കു ചുറ്റുമാണ് ഞങ്ങളുടെ ലോകം തിരിയുന്നത്. ഗിരിനഗറിലെ പഴയ വീട്ടിൽനിന്നു ഇവിടെ എത്തി നിൽക്കുമ്പോഴും ഉമ്മച്ചി പഴയ ഉമ്മച്ചിയാണ്. അതേ സന്തോഷത്തോടെ, അതേ പ്രസന്നതയോടെ. എല്ലാവർക്കും വീട്ടിൽ ഓടിയെത്താൻ തോന്നുന്നതുതന്നെ ഉമ്മച്ചി ഉള്ളതുകൊ ണ്ടാണ്.

ഭാര്യ അമൽ സുഫിയ .....

ഉമ്മച്ചിയോടു ചേർന്നു നിന്നതുകൊണ്ടാകണം ഉമ്മച്ചിയുടെ ഒരു പാടു സ്വഭാവങ്ങൾ അമലിനുമുണ്ട്. അവർക്കു അവരുടെതായ ഒരു ലോകമുണ്ട്. ചെന്നൈയിലെ തിരക്കിൽനിന്നും വന്ന അമൽ കൊച്ചിയിൽ അവരുടെ സന്തോഷകരമായ ജീവിതം കണ്ടെത്തി.പൊതുവെ ഒന്നിനെക്കുറിച്ചും അമൽ ആശങ്ക കാണിക്കാറില്ല. വളരെ സൗമ്യതയോടെ കാര്യങ്ങൾ നോക്കും. ഞാനും ഉമ്മച്ചിയും പല കാര്യത്തിലും ആശങ്കപ്പെടാറുണ്ട്.

(ഇവിടെവച്ചു ദുൽക്കർ വീട്ടിലെ സന്തോഷകരമായ ബന്ധങ്ങളെക്കുറിച്ചു പറഞ്ഞു. അവരുടെ സ്വകാര്യതകളെക്കുറിച്ചു പറഞ്ഞു. വേണ്ടപ്പെട്ടവർക്കു ഏലത്തോട്ടത്തിൽനിന്നു ഉമ്മച്ചി നല്ല ഏലക്കായ് പൊതിഞ്ഞു എത്തിച്ചു കൊടുത്തതിനെക്കുറിച്ചു പറഞ്ഞപ്പോൾ സ്നേഹമായി ബന്ധുക്കളിലേക്കും വേണ്ടപ്പെട്ടവരിലേക്കും പടരുന്ന ഉമ്മച്ചിയെക്കുറിച്ചു പറഞ്ഞു. സത്യൻ അന്തിക്കാടു പറഞ്ഞതു ശരിയാണ്, മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് നന്നായി വളർത്തിയ രണ്ടു കുട്ടികളാണ്. ദുൽക്കറിനോടു സംസാരിക്കുമ്പോൾ അതു മനസ്സിലാകും. വീട്ടുകാരെക്കുറിച്ചു പറയുമ്പോഴെല്ലാം സ്നേഹത്തിന്റെ സ്വരമാണ്. )

ജോലിക്കു പോകുന്നതിനു മുൻപു സിനിമയിലേക്കു വരുന്നുവോ എന്നു മമ്മൂട്ടി ചോദിച്ചിരുന്നോ

ഞാൻ സിനിമയിൽ വരുമെന്നു അവരാരും കുരുതിയിട്ടില്ല. വാക്കുകൊണ്ടുപോലും ഞാനതിനു താൽപര്യം കാണിക്കാത്തതുകൊണ്ടുതന്നെ എന്നോടു ചോദിച്ചിട്ടുമില്ല. ഇത്താത്തപോലും ഇതേക്കുറിച്ചു സംസാരിച്ചിട്ടില്ല. ഡോക്യുമെന്ററി എടുത്തതെല്ലാം പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു. അതൊന്നും സിനിമയിലേക്കുള്ള വഴിയായി അവരാരും കണ്ടിട്ടില്ല.

Dulquer Salman

മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്നതു വലിയ വാർത്തയാകാതെ നോക്കിയായിരുന്നല്ലോ ആദ്യ സിനിമയുടെ ഷൂട്ടിംങ്

സെക്കന്റ് ഷോ എന്ന ആദ്യ സിനിമയുടെ ഷൂട്ടിംങ്ങിനായി ചെന്നൈയിൽനിന്നു കോഴിക്കോട്ടേക്കു വന്നതു ഇപ്പോഴും ഒാർമ്മയുണ്ട്. ഫ്ളൈറ്റിലിരിക്കുമ്പോൾ മനസ്സു വല്ലാത്തൊരു ലോകത്തായിരുന്നു.എനിക്കു പരിചയമില്ലാത്ത പുതിയൊരു ലോകത്തേക്കു കടക്കുന്നതിന്റെ ആകാംഷയായിരുന്നു മനസ്സു നിറയെ. സിനിമയുടെ ഷൂട്ടിംങ് സമയത്ത് കൂടെയുള്ളവർ പറഞ്ഞു, സിനിമ വരുന്നതോടെ സ്വതന്ത്രമായി ഇറങ്ങി നടക്കാനാകില്ലെന്ന്. ആ സിനിമയുടെ സമയത്തു ഞങ്ങൾ മിക്ക ദിവസവും കോഴിക്കോട് പാരഗൺ ഹോട്ടലി‍ൽപോയി ഭക്ഷണം കഴിച്ചു. കടപ്പുറത്തുപോയി തട്ടുകടയിൽനിന്നു അത്താഴം കഴിച്ചു. കോഴിക്കോടിന്റെ മുക്കും മൂലയും അന്നു പോയിക്കണ്ടു.

നിവൻ പോളി,ഫഹദ് എന്നിവരുടെ സിനിമകൾ കാണാറുണ്ടോ

ഞങ്ങളുടെയെല്ലാം സിനിമകൾ എടുത്താൽ ഒരോ സിനിമയിലും കൂടുതൽ കൂടുതൽ മെച്ചപ്പെടാനുള്ള ശ്രമം നടത്തിയതായി കാണാം. പല സിനിമകളും പരാജയപ്പെട്ടിരിക്കാം. അവരുടെ അഭിനയം പലപ്പോഴും എന്റെ അഭിനയത്തിനും ഗുണകരമായിട്ടുണ്ട്. അവരുടെ സിനിമ ഓടുമ്പോൾ സന്തോഷമാണ്. കാരണം, ഇതു മലയാള സിനിമയുടെ വിജയമാണ്. ഈ വ്യവസായം നിലനിൽക്കണമെങ്കിൽ ദുൽക്കർ സമൽമാന്റെ സിനിമ മാത്രം പോര എന്നെനിക്കറിയാം. ഒരോ വർഷത്തേയും ഏറ്റവും നല്ല സിനിമ എന്റെതായിരിക്കണമെന്നു മോഹിക്കാറുണ്ട്. ഒരോ നടനും നടിയും എഴുത്തുകാരനും സംവിധായകനും അതുതന്നെ മോഹിക്കുന്നു. അതുകൊണ്ടാണു നല്ല സിനിമകൾ ഉണ്ടാകുന്നത്. ഇപ്പോൾ മറ്റു ഭാഷയിലുള്ളവരും നമ്മുടെ സിനിമ കാണുന്നുണ്ട്. സബ് ടൈറ്റിലോടെയാണ് മിക്കടിയത്തും റിലീസ് ചെയ്യുന്നത്. എന്നെ പല അയൽഭാഷാ നടന്മാരും വിളിക്കാറുണ്ട്. അവർ ഫഹദിന്റെയും നിവിന്റെയുമെല്ലാം സിനിമയെക്കുറിച്ചു പറയാറുണ്ട്.

മറ്റുള്ളരുടെ സിനിമ പരാജയപ്പെടുന്നതു പലപ്പോഴും ദുൽക്കർ സിനിമയ്ക്കു ഗുണം ചെയ്യില്ലെ

ആരുടെയെങ്കിലും സിനിമ പരാജയപ്പെട്ടു എന്റെ സിനിമ വിജയിക്കണമെന്നു ഞാൻ മോഹിക്കാറില്ല. അവരുടെ സിനിമ പരാജയപ്പെടുമ്പോൾ ഞാനും വേദനിക്കാറുണ്ട്. ചീത്ത സിനിമ ആർക്കും ചെയ്യാൻ ഇടവരരുത്. ഒരു സിനിമ പരാജയപ്പെടുമ്പോഴുള്ള വേദന എനിക്കു നന്നായി അറിയാം. സിനിമ മത്സരിക്കാനുള്ള സ്ഥലമല്ല. സ്നേഹിക്കാനുള്ള സ്ഥലമാണ്.

പ്രേമം എന്ന വിജയിക്കാനുള്ള കാരണം എന്താകും

ദിൽ ചഹ്താഹെ എന്ന സിനിമ റിലീസ് ചെയ്ത കാലത്ത് ഞാൻ പഠിക്കുകയാണ്. അന്ന് ആ സിനിമയിലെ വേഷവും രീതിയും ഞങ്ങൾ കൂട്ടുകാർ അനുകരിച്ചിട്ടുണ്ട്. അതു ഞങ്ങളുടെ സിനിമയാണ് എന്ന് തോന്നിയിരുന്നു. പ്രേമം എന്ന സിനിമയോട് ഇപ്പോൾ പഠിക്കുന്നവർക്കു തോന്നിയതും അതാണ്. അവർ അവരുടെ കഥയായി അതിനെ കാണുന്നു. അതുകൊണ്ടുതന്നെ പ്രേമത്തിലെ വേഷവും രീതിയും അനുകരിക്കുന്നു. വളരെ നന്നായി പ്ളാൻ ചെയ്തൊരു സിനിമയാണത്.

പ്രേമംപോലെ ചാർലിയും വിജയിച്ചു. എന്തായിരുന്നു അപ്പോൾ മനസ്സിൽ

സിനിമയിൽ ആർക്കും ഹിറ്റുകൾ പ്ളാൻ ചെയ്യാനാകില്ല. അതു സംഭവിച്ചു പോകുന്നതാണ്. ചാർലിയായാലും ബാംഗ്ളൂർ ഡെയ്സ് ആയാലും എന്റെ മാത്രം വിജയമല്ല. അതു കൂട്ടായ്മയുടെ വിജയമാണ്.സിനിമ ഹിറ്റാക്കുന്നതിൽ എനിക്കു മാത്രമായി പങ്കില്ല. നല്ല സിനിമ എന്നതാണ് എന്റെ സ്വപ്നം. അതിനായി കാത്തിരിക്കാനും ക്ഷമിക്കാനും ഞാൻ തയ്യാറാണ്. ചാർലിയുടെ വസ്ത്രാലങ്കാരം, ആർട്, ക്യാമറ എന്നിവയെക്കുറിച്ചെല്ലാം വലിയ അഭിപ്രായമായിരുന്നു. കുറെ പ്രതിഭകൾ ഒന്നു ചേരുമ്പോഴാണ് ഒരു നല്ല സിനിമയുണ്ടാകുന്നത്. ചിലപ്പോൾ അത് ഹിറ്റാകാതെ പോയേക്കാം. പക്ഷെ പിന്നീടു ജനം അതു തിരിച്ചറിയും. അതിൽ ദുൽക്കൽ സൽമാൻ എന്ന ഞാനുണ്ടായത് എന്റെ ഭാഗ്യം. ചാർലിയുടെ കഥ എന്നോട് ഫോണിലാണ് ഉണ്ണി .ആർ പറയുന്നത്. പിന്നീട് മാർട്ടിനുമായി ആ കഥ അദ്ദേഹം പങ്കുവച്ചു. അതോടെ അതൊരു സിനിമയായി. അതു മാർട്ടിനിലേക്ക് എത്തിക്കാൻ ഉണ്ണിക്കുതോന്നിയതാണ് ഭാഗ്യമെന്നു പറയുന്നത്. ഒാരോ സിനിമയിലും ഒരു ടീം ഉണ്ടാകും. അതിലൊരു പങ്ക് എനിക്കും ഉണ്ടാകുമെന്നു മാത്രം. എന്റെ മാത്രം ഹിറ്റല്ല ഇതൊന്നും.

ബാംഗ്ളൂർ ഡെയ്സിനു ശേഷം എട്ടുമാസം കാത്തിരുന്നാണു ചാർലി വരുന്നത്. ഇത്രയും വലിയ കാത്തിരിപ്പു വേണോ

mammootty-dulquer

അതൊണ്ടു നീണ്ട കാലമാണ്. ഇത്രയും കാലം കാത്തിരിക്കുമ്പോൾ എന്നെ ജനം മറന്നുപോകുമെന്നു ചിലപ്പോഴെല്ലാം പേടി തോന്നിയിട്ടുണ്ട്.പക്ഷെ അതിനു ശേഷം വീണ്ടും ജനം എന്റെ സിനിമ സ്വീകരിക്കുമ്പോൾ പേടി വെറുതെയാണെന്നു തോന്നും. മാർച്ചിനു ശേഷം എന്റെയൊരു പടം റിലീസ് ചെയ്തത് ഡിസംബറിലാണ്. കാത്തിരിക്കുമ്പോൾ തോന്നും ആറോ ഏഴോ സിനിമ ഒരു കൊല്ലം ചെയ്യണമെന്ന്. ചിലപ്പോൾ തോന്നും രണ്ടോ മൂന്നോ സിനിമ മതിയെന്ന്. സിനിമ റിലീസ് ചെയ്തു കഴിഞ്ഞാൽ ‍ഞാൻ സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടു എന്നെ സജീവമാക്കി നിർത്താറില്ല. അതു എന്റെയൊരു രീതിയാണ്. പുറത്തിറങ്ങി കുറെ പരിപാടികളിൽ പങ്കെടുക്കാറുമില്ല. ഷൂട്ടിംങ് കഴിഞ്ഞാൽ നേരെ വീട്ടിലെത്തു സുഖമായി സംസാരിച്ചിരിക്കുന്നതിലാണു താൽപര്യം. പലപ്പോലും സുഹൃത്തുക്കളാണു നിർബന്ധിച്ചു പുറത്തുകൊണ്ടുപോകുന്നത്.

വലിയ നടന്മാരൊടടൊപ്പം അഭിനയിച്ചതിന്റെ ഒാർമ്മ വല്ലതും .....

തിലകൻ സാർ, നെടമുടി വേണു അങ്കിൾ എന്നിവരുടെ സമർപ്പണവും മനോഭാവവും അത്ഭുകരമാണ്. സെറ്റിലെ ഓരോ പുതുമുഖത്തെയും പറഞ്ഞു തിരുത്താൻ അവർ ശ്രമിക്കാറുണ്ട്. ഞാനും വേണുവങ്കിളും ഉള്ളൊരു സീനിൽ അദ്ദേഹം പുറകിലാണ്. ഞാൻ മുന്നിലും. അദ്ദേഹത്തിന്റെ റിയാക്‌ഷൻ ശരിയായില്ലെന്നു തോന്നിയതിനാൽ രണ്ടു തവണ റീ ടേക്ക് എടുപ്പിച്ചു. ചെറിയൊരു സീനിൽപ്പോലും അവർ കാണിക്കുന്ന ശ്രദ്ധയാണത്. എങ്ങിനെയെങ്കിലും ജോലി തീർത്തു പോകരുതെന്നു നമ്മെ ഓർമ്മിപ്പിക്കുന്നത് ഇവരെപ്പോലുള്ള വലിയ മനുഷ്യരാണ്. സിനിമയിൽ ഇങ്ങിനെയുള്ളവരെ കണ്ടുമുട്ടുക എന്നതു വലിയ നേട്ടമാണ്. എനിക്കതിനു സാധിച്ചു.

മറക്കാനാകാത്ത ഏതെങ്കിലും ആരാധകൻ ...

ആരാധകനെന്നു പറയാനാകില്ല. കോഴിക്കോട്ടൊരു ചടങ്ങിനു ശേഷം തിരിച്ചു കാറിൽ കയറാൻ തുടങ്ങുമ്പോൾ ബുർക്കയിട്ടൊരു പ്രായമായ സ്ത്രീ എന്നെ തിരക്കിനിടയിൽനിന്നു ‘മോനെ ഫൈസീ’ എന്നു വിളിച്ചു. അവർ തിരക്കിലൂടെ വന്ന് എന്റെ കൈ പിടിച്ചു. അവരുടെ വീട്ടിലെ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു.എനിക്കൊന്നും മനസ്സിലായില്ല. അവർ എന്റെ കൈപിടിച്ചപ്പോൾ വേണ്ടപ്പെട്ട ആരോ എന്റെ അടുത്തെത്തിയതുപോലെ തോന്നി.നിറം മങ്ങി, പിന്നിത്തുടങ്ങിയ ആ ബുർക്കയുടെ ഉള്ളിലുള്ളവരുടെ മുഖം ഞാൻ കണ്ടില്ല. മെലിഞ്ഞ നേർത്ത ചുളുങ്ങിത്തുടങ്ങിയ വിരലുകൾ മാത്രം കണ്ടു. അതാരായിരുന്നു എന്നെനിക്കറിയില്ല. പക്ഷെ അവർ കാണിച്ച അടുപ്പം വളരെ വളരെ വലുതായിരുന്നു. അവരെ എനിക്കു മറക്കാനാകില്ല.

കാറുകളോടു വലിയ ഭ്രമമുണ്ടെന്നു തോന്നിയിട്ടുണ്ട്

എനിക്കു വാഹനങ്ങളെ സ്നേഹമാണ്. വില കൂടിയ വാഹനത്തിൽ സഞ്ചരിക്കാനുള്ള ഭ്രമമില്ല. ഞാൻ കാറുകളും ബൈക്കുകളും വാങ്ങിയ പഴയ രീതിയിൽ സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. അവ കാണുമ്പോൾതന്നെ എനിക്കു വലിയ സന്തോഷം തോന്നും. ഓടിക്കണമെന്നു തോന്നാറില്ല. കാറുകളുടെ ലോകത്തു തനിയെ ഇരിക്കാൻ വലിയ ഇഷ്ടമാണ്. അവയെക്കുറിച്ചു വായിച്ചും കണ്ടും എത്രയോ മണിക്കൂറുകൾ ചിലവഴിച്ചിട്ടുണ്ട്.

സിനിമ ഇല്ലാതാകുന്നതിനെക്കുറിച്ചു ആശങ്കപ്പെട്ടിട്ടുണ്ടോ

അങ്ങിനെ ഉണ്ടായിട്ടില്ല. സിനിമ ഇല്ലാതായാൽ എനിക്കൊന്നും ചെയ്യാനാകില്ല. കിട്ടുന്ന സിനിമകൾ നന്നായി ചെയ്യാൻ ശ്രമിക്കുക മാത്രമാണു എനിക്കു ചെയ്യാവുന്നത്. അതിൽ കുറവുണ്ടായാൽ അതു എന്റെ തോൽവിയാണ്. അതു ബാധിക്കുക എന്നെ മാത്രമല്ല എന്നതു എന്നും എന്റെ ആശങ്കയാണ്. മമ്മൂട്ടിയെന്ന നടന്റെ മകൻ എന്ന നിലയിൽ അതു ചർച്ച ചെയ്യപ്പെടും. അതുകൊണ്ടുതന്നെ കച്ചവടത്തിനു മാത്രമായി ഒരു സിനിമയിൽ അഭിനയിക്കണമെന്നു എനിക്കു തോന്നിയിട്ടില്ല.

(ചാർലി റീലീസ് ചെയ്ത ദിവസം ദുൽക്കൽ ആശുപത്രിയിലായിരുന്നു. കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിലായത്.ഒരാഴ്ചയോളം കിടന്നു.വെളുപ്പിനു നാലുവരെ ഷൂട്ടു ചെയ്ത ശേഷം ആശുപത്രിയിലേക്കു പോകുകയായിരുന്നു. പനിയുടെ അർധ ബോധാവസ്ഥയിൽപ്പോലും രാവും പകലും ജോലി ചെയ്യുന്നൊരു ചെറുപ്പക്കാരൻ. ദുൽക്കറിനെ സ്നേഹിച്ചു പോകുന്നതു ഇത്തരം നന്മയുടെ ബലംകൊണ്ടു കൂടിയാണ്. ഇടത്തരക്കാരനായ ഒരാളുടെ മകന്റെ മനസ്സുമായി ജീവിക്കാൻ ദുൽക്കർ പഠിച്ചിരിക്കുന്നു.)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.