Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതീ നടനം

parvathy

നീണ്ട ഇടവേളകളുടെ, ശക്തമായ അഭിനയമുഹൂർത്തങ്ങളുെട ചലച്ചിത്രമാണ് പാർവതിയെന്ന നടി. മലയാളം ഏറെ പ്രതീക്ഷകളോടെ നോക്കിനില്‍ക്കുന്ന പെൺനടനങ്ങളിലൊന്നിന്റെ പേരായി അത് മാറിക്കഴിഞ്ഞു ഇപ്പോൾ. സിനിമയിലെത്തി ഒമ്പത് വർഷങ്ങൾക്കു ശേഷം ആദ്യമായി പാർവതിയെ തേടി സംസ്ഥാന സർക്കാരിന്റെ പുരസ്കാരം വരുമ്പോൾ ഒരു പഠനത്തിനുള്ള വകയുണ്ട് അതിൽ എന്നത് തന്നെയാണ് ഈ നടിയുടെ ഏറ്റവും വലിയ പ്രത്യേകത. ‌‌‌ നോട്ടബുക്കിലെ മെലിഞ്ഞു നീണ്ട പെൺകുട്ടിയിൽ നിന്ന് ഏത് ഫ്രെയിമിൽ നിന്ന് സുന്ദരിയായ കാത്തിരിപ്പിന്റെ തീക്ഷ്ണത മുഖത്തുള്ള നോക്കിയാലും കാഞ്ചനമാലയിലേക്കും പിന്നീട് ചാർളിയിലെ ടെസയിലേക്കുമുള്ള പാർവതിയിലേക്കുള്ള മാറ്റം ഒരു വലിയ പാഠ പുസ്തകമാണ്. നല്ല പോലെ പഠിച്ച് വിശകലനം ചെയ്ത് ആലോചിച്ച് പരീക്ഷയെഴുതുന്ന ഒരു കുട്ടിയെ പോലെ സിനിമയെ കണ്ട ആ അഭിനേത്രിക്ക് അർഹമായതെല്ലാം ഒരോന്നോരോന്നായി തേടി വരുന്നു.

ബാംഗ്ലൂർ ഡെയ്സിലെ സെര എന്ന കഥാപാത്രമാണ് മലയാളികളിലേക് പാർവതിയെ കൂടുതൽ അടുപ്പിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്തീനിലൂടെ, പിന്നെ ചാർളിയിലൂടെയാണ് പാര്‍വതിക്കുളളിലെ നടിയെ നാം കൂടുതൽ അടുത്തറിഞ്ഞു. 2006ൽ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് ഈ നടി മലയാളികളുടെ ചലച്ചിത്ര ലോകത്തേക്കെത്തുന്നത്.

അതേ വർഷം ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതിയ നോട്ട്ബുക്കിലും പാർവതി അഭിനയിച്ചു. അതിൽ പാർവതി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. തൊട്ടടുത്ത വര്‍ഷം മലയാളത്തിൽ ആകെ ചെയ്തത് രണ്ടു ചിത്രങ്ങൾ ഫ്ലാഷും വിനോദയാത്രയും. ഒരുപാടെഴുതുവാനോ പറയുവാനോ മാത്രം എന്തെങ്കിലും പ്രത്യേകതയുള്ള അഭിനയം പാർവതിയിൽ നിന്നു വന്നില്ലെങ്കിലും കന്നഡയിൽ ഇതേവർഷം ചെയ്ത മിലാന എന്ന ചിത്രത്തിലെ അഞ്ജലിയെന്ന കഥാപാത്രം അവിടുത്തെ മികച്ച സഹനടിയാക്കി പാർവതിയെ. 2

008ല്‍ പാർവതി അഭിനയിച്ചത് ആകെ ഒരു ചിത്രത്തിൽ പൂ എന്ന ചിത്രത്തിലെ മാരിയെന്ന കഥാപാത്രം. 2009ലും മാറ്റമുണ്ടായില്ല. കന്നഡയിൽ ചെയ്തത് ആകെ ഒരു ചിത്രം. മെയിൽ ബരലി മഞ്ജു ഇരാലി. 2010ലും ഇതേപോലെ ഒറ്റ ചിത്രത്തിലെ നായിക. പ്രിയാ ശാസ്ത്രിയായി പൃഥ്വി എന്ന ചിത്രത്തിൽ. നാലു വർഷത്തിനു ശേഷം, 2011ൽ വീണ്ടും മലയാളത്തിലേക്ക്. സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെ. ലിജോ ജോസ് പെല്ലിശേരിയുടെ ഈ സിനിമയ്ക്ക് പാർവതിയുടെ തിരിച്ചുവരവിന് വലിയ പിന്തുണ നൽകാനായില്ല.

പക്ഷേ 2013ൽ പാർവതിയുടെ അഭിനയത്തിലേക്ക് കടലോരത്തെ തിരയെ നോക്കിനിൽക്കുന്ന രസത്തോടെ ആകാംക്ഷയോടെ മലയാളവും തമിഴും ഒരുപോലെ നോക്കി നിന്നു. മാരിയൻ എന്ന ധനുഷ് ചിത്രത്തിലെ പനിമലർ പാർവതിക്കുള്ളിലെ അഭിനേത്രിയുടെ ഏറ്റവും സുന്ദരമായ മുഖത്തെ അടുത്തറിഞ്ഞത് ഈ ചിത്രത്തിലൂടെയാണ്. ചെന്നൈയിൽ ഒരു നാളിലെ അദിതിയും അന്തർ ബഹറിലെ സുഹാസിനിയും പാർവതി ചെയ്ത നല്ല വേഷങ്ങളായിരുന്നു.

പിന്നെ മലയാളത്തിലേക്ക്. മൂന്ന് വർഷത്തിന്റെ ഇടവേളക്കു ശേഷം. ആഘോഷങ്ങളുടെ ബാംഗ്ലൂർ ഡെയ്സിലൂടെ. ബോയ്ക്കട്ട് മുടിയെ ഒരു വശത്തേക്ക് മാടിയോതുക്കി വലിയ കണ്ണടയും സന്തോഷത്തിന്റെ തിരകൾ വന്നലയടിക്കുന്ന കണ്ണുകളും പ്രതീക്ഷകൾ മാത്രം പകരുന്ന വാക്കുകളുമായി വീൽ ചെയറിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സെറ എന്ന ആർജെ. ദുൽഖർ സൽമാന്റെ നായികയായുള്ള ആ അഭിനയം പാർവതിയെന്ന നടിയെ മലയാളിക്ക് ഒപ്പം നടത്തി. ഒപ്പം നടക്കാനല്ല. ആ ചിത്രത്തിൽ, പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണ് എനിക്കിഷ്ടമെന്ന് അജു സേറയോട് പറയും പോലെ മലയാളിയും അവൾക്കൊപ്പം നടന്നുനീങ്ങാൻ ആഗ്രഹിച്ചു. ആ മുഖത്തെ ഭാവവ്യത്യാസങ്ങളെ കഥാപാത്രമായി മാറുന്ന വിഭിന്നതയെ കാണാൻ ആഗ്രഹിച്ചു കൊണ്ട്. ഇതേ വർഷം തന്നെ തമിഴിൽ ചെയ്ത ഉത്തമ വില്ലനും ഏറെ ശ്രദ്ധ നേടി. പിന്നീട് നടന്നതെല്ലാം നമുക്ക് സുപരിചിതം.

എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാലയും ചാർളിയിലെ ടെസയും നമുക്കു ചുറ്റും, ചിന്തകളിലും മനസുകളിലും പാറിനടക്കുന്നു. ഒരുപക്ഷേ ഏറെക്കാലത്തിനു ശേഷമാകും മലയാളം ഇത്രയധികം ഒരു നടിയെക്കുറിച്ച് ചർച്ച ചെയ്യുന്നത്. ചലച്ചിത്രത്തോടുള്ള പാഷൻ അവളുടെ ഓരോ വാക്കിലും പ്രവൃത്തിയിലുമുള്ള നടി. എത്ര സിനിമകൾ ചെയ്യുന്നുവെന്നതിലല്ല. എന്ത് ചെയ്യുന്നുവെന്ന് എങ്ങനെ ചെയ്യുന്നുവെന്നതിലാണ് കാര്യമെന്ന് പഠിപ്പിച്ചു തന്ന നടി. ജാതിപ്പേരു ചേർത്ത് വിളിക്കരുതെന്ന് കണിശം പറയുന്ന, സ്ത്രീയോടുള്ള പെരുമാറ്റത്തെ കുറിച്ച് ചൂടും ചൂരുമുള്ള വാക്കുകളിലൂടെ സംസാരിക്കുന്ന പാർവതി ശക്തമായ പെൺമുഖം തന്നെയാണ്. ഉയരട്ടെ പാർവതി ഇനിയും സംസ്ഥാനങ്ങൾ കടന്ന് ദേശീയതയുടെ ഉന്നതിയിലേക്ക്.

Your Rating: