Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും യുദ്ധം പ്രതീക്ഷിക്കരുത്

premam-movie-review 'പ്രേമം' പോസ്റ്റർ

'പ്രേമത്തില്‍ പ്രേമവും കുറച്ചു തമാശയും മാത്രമേ ഉണ്ടാവു...യുദ്ധം പ്രതീക്ഷിച്ചു ആരും ആ വഴി വരരുത്'... അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞതു പോലെ യുദ്ധം പ്രതീക്ഷിച്ചു പോകാത്ത യുവാക്കളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് പ്രേമം. മൂന്ന് കാലഘട്ടങ്ങളുടെ പ്രണയം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം നന്നായി തുടങ്ങി ഇടയ്ക്ക് ചെറുതായി ഇഴഞ്ഞ് നന്നായി തന്നെ അവസാനിക്കുന്നു.

നമ്മളെല്ലാം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന സ്കൂള്‍, കോളജ് കാലഘട്ടങ്ങളുടെ ഫ്രെയിമുകളിലൂടെയാണ് സിനിമയുടെ തുടക്കം. എസ്എംഎസും വാട്ട്സാപ്പുമൊക്കെ വരുന്നതിന് മുന്‍പ് നമ്മള്‍ ഇറക്കിയിരുന്ന ആദ്യ നമ്പറുകള്‍...പ്രണയലേഖനം, ടെലിഫോണ്‍ ബൂത്തിലെ ഫോണ്‍ വിളി, സൈക്കിളിലുള്ള പുറകെ നടത്തം, കൊളേജ് റാഗിങ് ഇതെല്ലാം ഉള്‍പ്പെട്ട ആ നൊസ്റ്റാള്‍ജിക് പ്രണയകാലം.

നിവിന്‍ പോളി അവതരിപ്പിക്കുന്ന ജോര്‍ജ് എന്ന കഥാപാത്രത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. മേരി, മലര്‍, സെലിന്‍ ഈ മൂന്ന് പേരോടും ജോര്‍ജിന് പ്രണയമാണ് സോറി പ്രേമമാണ് ! പന്ത്രണ്ടാം ക്ളാസില്‍വച്ചാണ് മേരിയോടുള്ള ജോര്‍ജിന്റെ പ്രേമം ആരംഭിക്കുന്നത്. ആദ്യ പ്രേമം അതിഗംഭീരമായി പരാജയപ്പെട്ട ശേഷം ജോര്‍ജ് പിന്നീട് കൊളേജ് ജീവിതത്തിലേക്ക് കടക്കുന്നു. അവിടെ അവനെ പ്രേമം മാടിവിളിക്കുന്നത് മലര്‍ എന്ന അധ്യാപികയുടെ രൂപത്തില്‍. ആ പ്രേമം പൂവണിയുമോ? പിന്നെ എങ്ങനെയാണ് സെലിന്‍ ജോര്‍ജിന്റെ ജീവിതത്തിലെത്തുന്നത്. ഇതിനൊക്കെയുള്ള ഉത്തരമാണ് അല്‍ഫോന്‍സ് പുത്രന്‍ പ്രേമത്തിലൂടെ പറയുന്നത്.

ജോര്‍ജായെത്തിയ നിവിന്‍ പോളി തന്റെ പതിവു തെറ്റിച്ചില്ല. മൂന്ന് കാലഘട്ടങ്ങളിലും അദ്ദേഹം മികച്ചു നിന്നു. കോളജ് കാലത്തെ മാസ് രംഗങ്ങളിലൊക്കെ നിവിന്‍ പൊളിച്ചു.ജോര്‍ജിന്റെ അടുത്ത കൂട്ടുകാരയ കോയയും, ശംഭുവുമാണ് ചിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന മറ്റുരണ്ട് താരങ്ങള്‍. ശംഭുവിനെ അവതരിപ്പിച്ചിരിക്കുന്നത് ശബരീഷ് വര്‍മയാണ് ചിത്രത്തില്‍ പാട്ടെഴുതിയും പാട്ടു പാടിയും അഭിനയിച്ചും ശബരീഷ് വരവറിയിച്ചു. നേരത്തിലെ പിസ്ത എന്ന ഗാനം ആലപിച്ചതും ശബരീഷ് തന്നെയാണ്. കോരയെ അവതരിപ്പിച്ചിരിക്കുന്നത് നേരത്തിലെ മാണിക്കും.

പതിനേഴ് പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മേരി ജോര്‍ജ് ആയി എത്തിയ അനുപമ പരമേശ്വരന്‍ തന്റെ വേഷം ഭംഗിയാക്കി. മലര്‍ എന്ന തമിഴ് പെണ്‍കൊടിയായി സായി പല്ലവിയും മികച്ചുനിന്നു. ഒരേ ഒരു രംഗത്തില്‍ മാത്രമാണ് എത്തുന്നതെങ്കിലും ഡേവിഡ് ജോര്‍ജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജി പണിക്കര്‍ കൈയ്യടി നേടി. അധ്യാപകരായി എത്തിയ വിനയ് ഫോര്‍ട്ടും സൌബിന്‍ താഹിറും ചിരിപ്പിക്കും. നേരം ടീമിലെ മിക്ക അംഗങ്ങളെയും ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ഡാന്‍സ് മാസ്റ്റര്‍ ആയി എത്തിയ ജൂഡ് ആന്റണിയും അഭിനയ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല.

ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം പ്രേമത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. പറന്നുനടക്കാന്‍ പറ്റാത്ത പൂക്കളാണ് പൂമ്പാറ്റകളായി മാറുന്നതെന്ന് സിനിമ അവസാനിക്കുമ്പോള്‍ എഴുതി കാണിക്കുന്നുണ്ട്. സിനിമയിലുടനീളമുള്ള ഫ്രെയിമുകളില്‍ പൂമ്പാറ്റകള്‍ വന്നുപോകുന്നതും അതിമനോഹരം. രാജേഷ് മുരുകേശ്വരന്‍ സംഗീതം പകര്‍ന്ന ആറുഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ദൃശ്യഭംഗി കൊണ്ടും സംഗീതം കൊണ്ടും ആലുവാപുഴയുടെ തീരം എന്ന ഗാനം കൂടുതല്‍ മനോഹരമായി തോന്നി. പശ്ചാത്തലസംഗീതവും സിനിമയോട് ഇഴചേര്‍ന്ന് നില്‍ക്കുന്നു.

premam-stills 'പ്രേമം' ചിത്രത്തിൽ നിന്നും

സാങ്കേതികപരമായി ചിത്രം ഒരുപിടി മുന്നില്‍ നില്‍ക്കുന്നു. കളര്‍ടോണ്‍, സിങ്ക്സൗണ്ട് , എഡിറ്റിങ് ഇതെല്ലാം സിനിമയുടെ മുതല്‍ക്കൂട്ടാണ്. ഒരു ട്രെയിലറോ ടീസറോ ഇല്ലാതെ പുറത്തിറങ്ങിയ ചിത്രം പൂര്‍ണമായും ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രമെന്ന് പറയേണ്ടി വരും. സംവിധാനത്തിന് പുറമെ കഥ, തിരക്കഥ, ചിത്രസംയോജനം ഇവയെല്ലാം നിര്‍വഹിച്ചിരിക്കുന്നതും അല്‍ഫോന്‍സ് തന്നെ.

ആദ്യ ചിത്രമായ നേരത്തില്‍ വ്യത്യസ്തമായൊരു മേക്കിങ് ആണ് പ്രേമത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നേരത്തില്‍ ചെറിയൊരു കഥാതന്തുവിനെ വളരെ ചുരുക്കി വേഗത്തില്‍ അണിയിച്ചൊരുക്കിയെങ്കില്‍ ഈ സിനിമയില്‍ ആ വേഗത കാണാനാകില്ല. 2 മണിക്കൂര്‍ 45 മിനിറ്റാണ് പ്രേമത്തിന്റെ ദൈര്‍ഘ്യം. ഇത്ര നീളത്തില്‍ പറഞ്ഞു ഫലിപ്പിക്കേണ്ടതായ കാര്യങ്ങള്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. ആദ്യ പകുതി പ്രേക്ഷകരെ കൈയ്യിലെടുത്ത് മുന്നോട്ട് പോയപ്പോള്‍ രണ്ടാം പകുതി കുറച്ച് ഇഴഞ്ഞുനീങ്ങി. ഇവിടെ പോരായ്മയായി മാറിയതും ദൈര്‍ഘ്യം തന്നെയാണ്. കഥയില്ലായ്മയുണ്ടെങ്കിലും 'പ്രേമം' തലയ്ക്ക് പിടിച്ചാല്‍ പിന്നെ അതൊന്നും ആരും ശ്രദ്ധിക്കില്ലല്ലോ.

പ്രേമിക്കുന്നവര്‍ക്കും പ്രേമിക്കാനാഗ്രഹിക്കുന്നവര്‍ക്കും പ്രേമിച്ച് കഴിഞ്ഞവര്‍ക്കും പ്രേമം ധൈര്യമായി കാണാം. ചെറുപ്പക്കാര്‍ക്ക് പഴയ ഒാര്‍മകള്‍ അയവിറക്കാം, വളരുന്ന തലമുറയ്ക്ക് ഒാള്‍ഡ് ജനറേഷന്‍ നമ്പറുകള്‍ കണ്ട് പഠിക്കാം. ചുരുക്കത്തില്‍ എല്ലാവര്‍ക്കുമല്ലെങ്കിലും ബഹുഭൂരിപക്ഷത്തിനും 'പ്രേമത്തെ' പ്രേമിക്കാനാകും.

Your Rating: