Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണും ആണും പ്രണയിക്കുന്നതില്‍ എന്താണ് തെറ്റ്: സുദേവ് നായർ

sudev-nair

മലയാള സിനിമയിൽ വിജയം കൊയ്യാൻ ഒരു ഗോഡ്ഫാദർ വേണം, സിനിമ പശ്ചാത്തലം വേണം, പിൻതാങ്ങാൻ എന്നും ആളുകൾ വേണം തുടങ്ങിയ വിശ്വാസങ്ങളുടെ മുനയൊടിക്കുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്. നിവിൻ പോളിയുടെയും സുദേവ് നായരുടെ വിജയം കാണിച്ചു തരുന്നതു അതു തന്നെയാണ്. ആദ്യമായി അഭിനയിച്ച മലയാള സിനിമ അതിനു തന്നെ മികച്ച നടനുള്ള അവാർഡ് നേടുക അപൂർവ്വമായൊരു നേട്ടമാണ് സുദേവ് നായരെ തേടിയെത്തിയിരിക്കുന്നത്. അവാർഡ് കിട്ടിയതിന്റെ വിശേഷങ്ങൾ സുദേവ് പങ്കുവെക്കുന്നു

അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിശേഷിപ്പിക്കാമോ സുദേവിന്റെ ഈ നേട്ടത്തെ?

ആദ്യമായിട്ട് അഭിനയിച്ച മലയാളസിനിമ, അതിനു തന്നെ മികച്ച നടനുള്ള അവാർഡ് കിട്ടുക എന്നുള്ളത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു നേട്ടം. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സിനിമകൾ കണ്ടുവളർന്ന ആളാണ് ഞാൻ. അവരൊക്കെ നേട്ടങ്ങൾ കൊയ്ത മലയാളസിനിമ എന്നെ അംഗീകരിച്ചതിൽ ഒരുപാടു സന്തോഷമുണ്ട്.

സന്തോഷത്തിന്റെ ഇടയിലും മൈലൈഫ് പാർട്ട്ണർ പോലൊരു സിനിമ വേണ്ട രീതിയിൽ പ്രേക്ഷകരിൽ എത്താത്തിരുന്നതിൽ വിഷമം ഉണ്ടോ?

സ്വവർഗ്ഗാനുരാഗമാണ് സിനിമയുടെ വിഷയമെന്ന് പറഞ്ഞപ്പോഴും ഇത്രത്തോളം ഒരു വിമർശനവും വിലക്കുമൊക്കെ ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. സിനിമ കാണാതെയാണ് പലരും വിമർശനങ്ങൾ ഉന്നയിച്ചത്. സാധാരണ ആളുകൾക്ക് തോന്നുന്ന അതേ വികാരങ്ങളൊക്കെ തന്നെയാണ് ഹോമോസെക്ഷ്‌ൽ ആയിട്ടുള്ളവർക്കും തോന്നുന്നത്. പ്രണയിക്കാനും പങ്കാളിയെ തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട്. അത് അവരുടെ വ്യ്ക്തിപരമായ തെരഞ്ഞെടുപ്പാണ്. എന്നാൽ മറുവശത്ത് സ്ത്രീക്കു പകരം ഒരു ആണും ആണും പ്രണയിക്കുന്നതിനെ അല്ലെങ്കിൽ ഒന്നിച്ചു ജീവിക്കുന്നത് ആവിഷ്കരിച്ച ഒരു സിനിമയെ ഇത്രയധികം തിരസ്കരിക്കുന്നതിൽ അല്ലെങ്കിൽ മാറ്റി നിർത്തുന്നതിൽ വിഷമം തോന്നിയിരുന്നു.

സുദേവിന്റെ കിരൺ എന്ന കഥാപാത്രത്തെക്കുറിച്ച്?

ശിഥിലമാക്കപ്പെട്ട ഒരു കുടുംബത്തിലെ അംഗമാണ് കിരൺ. ആരും സ്നേഹിക്കാൻ ഇല്ലാതെ വരുമ്പോൾ അവന് ആശ്രയമാകുന്നത് റിച്ചാർഡ് എന്ന കൂട്ടുകാരനാണ്. റിച്ചാർഡുമായുള്ള പ്രണയം കിരണിന്റെ കുടുംബത്തിലും ജീവിതത്തിലുമൊക്കെ വരുത്തുന്ന മാറ്റങ്ങൾ. സമൂഹം ഒരു സ്വവർഗാനുരാഗിയെ കാണുന്ന രീതി അതെല്ലാമാണ് കിരൺ എന്ന കഥാപാത്രം കാണിച്ചു തരുന്നത്.

സുദേവിനെക്കുറിച്ച് കൂടുതൽ? എങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്?

മുംബൈയിലാണ് ഞാൻ സ്ഥിരതാമസം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് പഠിച്ചത്. കേരളത്തിൽ സ്വന്തം സ്ഥലം ആലുവയാണ്. ഗുലാബീ ഗാങ്ങാണ് ഞാൻ ആദ്യമായി അഭിനയിച്ച ചിത്രം. പക്ഷെ അതു കണ്ടിട്ടല്ല പദ്മകുമാർ സർ എന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുന്നത്. ഞാൻ ചെയ്ത കുറച്ചു ഷോട്ട് ഫിലിമുകളുടെ വീഡിയോ സാറിന് അയച്ചു കൊടുത്തിരുന്നു അതു കണ്ടാണ് എന്ന് ഇതിലേക്ക് കാസ്റ്റ് ചെയ്യുന്നത്.

സിനിമ പശ്ചാത്തലമുള്ള കുടുംബമാണോ?

അല്ല ആർക്കും സിനിമയുമായി ഒരു ബന്ധവുമില്ല.

സിനിമാകുടുംബമല്ലെങ്കിൽ മലയാള സിനിമയിൽ പിടിച്ചു നിൽക്കാനാവില്ല എന്ന പറച്ചിലിനാണ് സുദേവും നിവിനും ഫുൾസ്റ്റോപ്പ് ഇട്ടിരിക്കുന്നത്. പുതിയ തലമുറയ്ക്ക് അനുകൂലമാണോ മലയാളസിനിമയിലെ അന്തരീക്ഷം?

തീർച്ചയായും പുതിയ തലമുറയെ വളരെയധികം അംഗീകരിക്കുന്ന ഒരു അന്തരീക്ഷമാണ് ഇപ്പോൾ മലയാളസിനിമയിലുള്ളത്. ഒരു ഗോഡ്ഫാദർ ഇല്ലെങ്കിൽ പോലും കഠിനാധ്വാനം കൊണ്ട് നമുക്ക് മലയാളസിനിമയിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നുണ്ട്. പുതിയ കഥകളും പുതിയ അഭിനേതാക്കളുമെല്ലാം മലയാളസിനിമയിൽ വരുന്നത് ഇതിന്റെ തെളിവാണ്.

മലയാളത്തിൽ പ്രിയപ്പെട്ട താരം ആരാണ്?

മോഹൻലാൽ. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. ഇന്നും എനിക്ക് പ്രചോദനം തരുന്നത് ലാലേട്ടന്റെ സിനിമകളാണ്. ദൃശ്യം 10 തവണയെങ്കിലും കണ്ടു കാണും.

പുതിയ സിനിമകൾ ഏതെല്ലാമാണ്? മലയാളത്തിൽ സജ്ജീവമാകുമോ?

അനാർക്കലിയാണ് പുതിയ സിനിമ.പൃഥ്വിരാജിനൊപ്പമാണ്. മലയാളത്തിൽ സജ്ജീവമാകണമെന്നാണ് ആഗ്രഹം.

സംസ്ഥാന അവാർഡ് ജേതാക്കളായ രണ്ടു യുവനടന്മാരുടെ കൂട്ടായ്മ കൂടിയാകുമോ അനാർക്കലി?

രാജു ചേട്ടനൊപ്പം വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. അവർഡ് കിട്ടിയിട്ട് രാജു ചേട്ടൻ വിളിച്ച് അഭിനന്ദിച്ചിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്തും എല്ലാ സപ്പോർട്ടും രാജു ചേട്ടൻ തന്നിരുന്നു. എന്റെ കഴിവിന്റെ പരമാവധി അനാർക്കലിയിലെ കഥാപാത്രത്തെ മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.