Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഘവന്‍റെ മുന്നറിയിപ്പ്

mammootty

മലയാള സിനിമാ ലോകത്തെ വരാനിരിക്കുന്ന വേറിട്ടൊരു കാഴ്ചയുടെ മുന്നിറിയിപ്പാകാം പ്രശസ്ത ഛായാഗ്രാഹകന്‍ വേണു ഒരുക്കിയ മുന്നറിയിപ്പെന്ന ചിത്രം. പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിച്ച സിനിമ, അവന് ചോദ്യങ്ങളുണ്ടാക്കി കൊടുത്ത സിനിമ.

കാണികളെ കഥയുടെ ലോകത്തെത്തിച്ച് അവിടെ നിന്നും തെല്ലും പിന്‍ മാറാതെ അവിടെ നടക്കുന്ന സംഭവങ്ങളില്‍ പൂര്‍ണമായും പങ്കു ചേര്‍ന്ന് അവിടെയുള്ള കഥാപാത്രങ്ങളുടെ വികാരങ്ങളോടു താദാത്മ്യം പ്രാപിച്ച് അന്ത്യമെത്തുന്നതറിയാതെ പെട്ടെന്ന് തിയറ്ററില്‍ നിന്ന് പുറത്തേയ്ക്ക് വരുമ്പോള്‍ കൂടെ കൊണ്ടിറങ്ങുന്നത് ദീര്‍ഘകാലം നീണ്ടു നില്‍ക്കാവുന്ന കുറേ ദൃശ്യങ്ങളും ചിന്തകളുമാണ്. കഥയും കഥയെ ആവിഷ്കരിച്ച രീതിയുമാണ് മുന്നറിയിപ്പെന്ന സിനിമയുടെ വിജയം. കൂടാതെ കാച്ചിക്കുറുക്കിയ സംഭാഷണവും അതിനോടു ലയിക്കുന്ന രീതിയിലുള്ള അര്‍ഥഗര്‍ഭമായ തത്വചിന്തകളും പുതുമയാര്‍ന്ന ശൈലിയില്‍ അവതരിപ്പിക്കുമ്പോള്‍ കാണികള്‍ ഇടപെടാതെ ആസ്വദിക്കുന്നു.

വളരെ നാളുകള്‍ക്കു ശേഷം മമ്മൂട്ടി പൂര്‍ണമായും കാമ്പുള്ള കഥാപാത്രമായി മാറിയ ചിത്രമായിരുന്നു മുന്നറിയിപ്പ്. . സി കെ രാഘവന്‍ അദ്ദേഹത്തിന്റെ മട്ടിലും ഭാവത്തിലും സംസാരത്തിലുമൊക്കെ തന്റെ വ്യത്യസ്തത പ്രതിഫലിപ്പിക്കുന്ന ഒരാളാണ്. അയാളുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലെ നിഗൂഢത ചികഞ്ഞറിയാന്‍ കാണികളും സിനിമയിലെ കഥാപാത്രങ്ങളും ഒരേ പോലെ വ്യഗ്രത കാട്ടുന്നു. മമ്മൂട്ടി എന്ന മഹാനടന്‍ തന്റെ മുഴുവന്‍ അഭിനയപാടവത്തെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഒരു പ്രകടനമാണ് കാഴ്ചവച്ചത്. ഒപ്പം തന്നെ അപര്‍ണ ഗോപിനാഥ് തന്റെ പ്രതിഭ തെളിയിക്കുന്ന ഉജ്ജ്വല പ്രകടനമാണ് കാഴ്ച വച്ചത്.

തന്റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് വളരെ കൃത്യതയോടെയും പക്വതയോടെയും സംഭാഷണത്തിലും ഭാവത്തിലുമൊക്കെ ആ മികവു പുലര്‍ത്തി കഥയെ വേണ്ട ദിശയിലേക്കു നയിക്കുന്നതില്‍ അപര്‍ണ നൂറു ശതമാമാനം വിജയിച്ചു.

ഫ്രെയിമുകളുടെ ദൃശ്യ സൌന്ദര്യമാണ് മറ്റൊരു സവിശേഷത അതെന്തുകൊണ്ടാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഓരോ ഷോട്ടും കഥയുടെ നാഡീസ്പന്ദനം ഉള്‍ക്കൊള്ളുന്നതും സൌന്ദര്യ സംപുഷ്ടയുള്ളതുമാക്കാന്‍ വേണുവിനു കഴിഞ്ഞിട്ടുണ്ട്.

ബീന പോളിന്റെ എഡിറ്റിങ് കഥയുടെ ഒഴുക്കിനെ ത്വരിതപ്പെടുത്തുകയും ഭംഗിയാക്കുകയും ചെയ്യുന്നു. ബിജിബാലിന്റെ പശ്ചാത്തല സംഗീതം, സിനിമയുടെ കലാമൂല്യത്തിന്റെ മികവില്‍ ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്തിന്റെ വൈദഗ്ധ്യം, കാവ്യ ഭംഗി നല്‍കുന്ന സംഭാഷണങ്ങള്‍ ഇവയെല്ലാം തികച്ചും സ്വാഭാവികമായി നിലനില്‍ക്കുന്നു.

പുരസ്കാരങ്ങളില്‍ നിന്ന് തഴയപ്പെട്ടാലം മുന്നറിയിപ്പെന്ന ചിത്രത്തെ മനസിന്റെ ഉള്ളറകളില്‍ നിന്നും ഒരിക്കലും മായ്ച്ചുകളയാന്‍ കഴിയില്ല. രാഘവന്‍ പറയുന്നതുപോലെ 'വെളിച്ചം മറച്ചു പിടിച്ചാലും അതവിടെത്തന്നെയുണ്ടാകുമല്ലോ!'

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.