Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരോ പറവൂരുകാരന്റെയും അഹങ്കാരം

paravoor-sketch

ചെറുപ്പകാലത്ത് ഞാൻ ഏറ്റവും അധികം ആവർത്തിച്ചിട്ടുള്ള കള്ളങ്ങളിലെ നായകനായിരുന്നു പറവൂർ ഭരതൻ എന്ന ഞങ്ങളുടെ ഭരതേട്ടൻ. എവിടെ പോയാലും നാടെവിടെയാണ് എന്ന ചോദ്യത്തിന് പറവൂർ എന്ന് ഉത്തരം പറയുമ്പോൾ സ്ഥിരമായുള്ള അടുത്ത ചോദ്യമെത്തും – ‘പറവൂർ ഭരതനെ അറിയുമോ?’ അദ്ദേഹത്തെ നേരിട്ടു കണ്ടിട്ടുപോലുമില്ലെങ്കിലും ‘പിന്നേ... എന്റെ വീടിന്റെ അടുത്തല്ലേ’ എന്ന് ഒരു മടിയുമില്ലാതെ എത്രയോ തവണ പറഞ്ഞിരിക്കുന്നു. അത് അങ്ങനയേ കഴിയുമായിരുന്നുള്ളൂ. പറവൂർ ഭരതനെ അറിയാത്ത എന്ത് പറവൂരുകാരൻ? ഞാനടക്കമുള്ള ഓരോ പറവൂരുകാരനും പറവൂർ ഭരതനിൽ അഹങ്കരിച്ചിരുന്നു.

ഒരു നടനാകണം എന്ന ആഗ്രഹം എന്റെ മനസ്സിൽ മുളച്ചതിന് ഒരു പ്രേരണയും ഭരതേട്ടൻ തന്നെ. അത്രയേറെ ആരാധനയായിരുന്നു ചെറുപ്പകാലം മുതൽ അദ്ദേഹത്തോട്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു ചേച്ചിയുടെ കല്യാണം. കെട്ടാൻ പോകുന്നയാളുടെ ജോലിയോ മറ്റു കാര്യങ്ങളോ ഒന്നും അറിയില്ലെങ്കിലും എന്നെ സന്തോഷിപ്പിച്ചതു മറ്റൊരു കാര്യമായിരുന്നു; പയ്യൻ വാവക്കാട്ടുകാരനാണ്. പറവൂർ ഭരതന്റെ അയൽവാസി. കൂട്ടുകാരോട് അഭിമാനത്തോടെ പറഞ്ഞു നടക്കാൻ വേറെന്തു വേണം.

കല്യാണം കഴിഞ്ഞതോടെ ഒഴിവു സമയമെല്ലാം ചേച്ചിയെ കാണാനായി വാവക്കാട്ടേക്കു പോകുന്നതിന്റെ ശരിക്കുമുള്ള പ്രേരണ പറവൂർ ഭരതനെ നേരിട്ടു കാണാനുള്ള ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ വീടിന് അന്നു മുളകൊണ്ടുള്ള ഗേറ്റാണ്. അളിയന്റെ വീട്ടിലേക്കു പോകുംവഴി ആ മുളംഗേറ്റിനു മുന്നിൽ പ്രതീക്ഷയോടെ നോക്കിനിൽക്കും. ആദ്യമൊക്കെ നിരാശയായിരുന്നു ഫലമെങ്കിലും വൈകാതെ ആ ആഗ്രഹം സഫലമായി. വീടിന്റെ ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടു ഗൗരവത്തോടെ ഭരതേട്ടൻ ഇരിക്കുന്നു. ഗേറ്റിനു പുറത്തു നോക്കിനിൽക്കുന്ന എന്നെ കണ്ടതും എന്താ എന്ന് ആംഗ്യം കാട്ടി ചോദിച്ചു. ഒന്നുമില്ലെന്നു തിരിച്ച് ആംഗ്യം കാട്ടി ഞാൻ വേഗം ഓടിപ്പോയി. അതായിരുന്നു ആദ്യ കൂടിക്കാഴ്ച.

ഞാൻ മിമിക്രിയിലൊക്കെ സജീവമായി സിനിമയിലെത്തിയെങ്കിലും അദ്ദേഹത്തെ അടുത്തു കണ്ടു സംസാരിക്കാൻ അവസരം ലഭിക്കുന്നത് 1994ൽ ആണ്. ഞാൻകൂടി പങ്കെടുക്കുന്ന ഒരു ഗൾഫ് ഷോയിൽ ഭരതേട്ടനെയും ഉൾപ്പെടുത്തിയിരുന്നു. യാത്രയ്ക്കായി വീസ എടുക്കാൻ ഭരതേട്ടന്റെ പാസ്പോർട്ട് വാങ്ങിവരാൻ ഷോയുടെ സംഘാടകരിലൊരാൾ എന്നെ ചുമതലപ്പെടുത്തി. തനിക്കു പാടാനും ഡാൻസ് ചെയ്യാനുമൊന്നും അറിയില്ലെന്നും പിന്നെ തന്നെക്കൊണ്ടുപോയിട്ട് എന്തുകാര്യമെന്നും ചോദിച്ച് അദ്ദേഹം ഷോയിൽ നിന്ന് ഒഴിയുകയായിരുന്നു. പക്ഷേ, അദ്ദേഹം ശരിക്കും ആ ഷോ ഒഴിവാക്കിയതിന്റെ കാരണം മറ്റൊന്നായിരുന്നു. അതു പിന്നാലെ പറയാം.

ഒരു സിനിമയിലേ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ. ആ സിനിമ പുറത്തിറങ്ങിയുമില്ല. ഭരതേട്ടനെപ്പോലെ സീനിയർ ആയ ആളെ അഡ്വാൻസ് പോലും നൽകാതെയാണ് ആ സിനിമയിൽ അഭിനയിപ്പിക്കുന്നതെന്നു ഞാൻ മനസിലാക്കുന്നതു വൈകിയാണ്. ഇക്കാര്യത്തിൽ ഭരതേട്ടനു പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല. കണക്കുപറഞ്ഞു പ്രതിഫലം ആദ്യമേ ഉറപ്പിക്കുന്ന താരങ്ങളുടെ കാലത്ത് ഇങ്ങനെയൊരു മനുഷ്യൻ അദ്ഭുതമായി തോന്നും. പിന്നീട് ഞാൻ അറിഞ്ഞത് ഇതുപോലെ പലരും അദ്ദേഹത്തെ കബളിപ്പിച്ചിട്ടുണ്ടെന്നാണ്. അത്രയേറെ ശുദ്ധനായിരുന്നു ഭരതേട്ടൻ.

പറവൂർ മാല്യങ്കര എസ്എൻഎം കോളജ് പൂർവവിദ്യാർഥികളുടെ, ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാഗ എന്ന സംഘടന അഞ്ചു വർഷങ്ങൾക്കു മുൻപ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ എന്നെയാണു ജഡ്ജായി നിയമിച്ചത്. പറവൂരുകാരായ വ്യക്തി തന്നെയാവണം എന്നതായിരുന്നു ഒരു നിബന്ധന. പറവൂർ ഭരതനല്ലാതെ മറ്റൊരു പേര് എന്റെ മുന്നിലുണ്ടായിരുന്നില്ല. 25,000 രൂപയായിരുന്നു അവാർഡ് തുക. അത് 50000 ആക്കാമെങ്കിൽ ഒരാളെ നിർദേശിക്കാമെന്നു ഞാൻ പറഞ്ഞു. സംഘാടകർ അതു സമ്മതിച്ചതോടെ പുരസ്കാര വാർത്ത അറിയിക്കാൻ ഞാൻതന്നെ ഭരതേട്ടന്റെ വീട്ടിലെത്തി. ദുബായിലാണു പുരസ്കാരദാനം നിശ്ചയിച്ചിരുന്നത്. ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘എനിക്ക് വരാനാവില്ല. ഫ്ലൈറ്റിൽ കയറാൻ പേടിയാണ്’.

മുൻപു ഗൾഫ് ഷോ ഒഴിവാക്കിയതിന്റെ യഥാർഥ കാരണവും ഭരതേട്ടന്റെ ഈ ഫ്ലൈറ്റ്‌പേടി തന്നെയായിരുന്നു. അന്നു ദുബായിലെ ചടങ്ങിൽ ഭരതേട്ടനായി ഞാൻ ആ പുരസ്കാരം ഏറ്റുവാങ്ങിയത് അഭിമാനത്തോടെയാണ്. അന്ന് ആ ചടങ്ങിൽ കാണിക്കാനായി ഭരതേട്ടനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാനുള്ള ചുമതലയും എനിക്കു വന്നു. ചെറായി ബീച്ചിൽ അദ്ദേഹത്തെയും ഭാര്യയെയും കൊണ്ടുപോയി ഷൂട്ട് ചെയ്യാനൊക്കെ പ്ലാൻ ചെയ്തെങ്കിലും അദ്ദേഹം ബുദ്ധിമുട്ട് പറഞ്ഞതോടെ വീട്ടിനുള്ളിലും പരിസരത്തുമായി തന്നെ ഡോക്യുമെന്ററി പൂർത്തിയാക്കേണ്ടിവന്നു.

ഭരതേട്ടൻ അവസാനമായി അഭിനയിച്ചതും എനിക്കു വേണ്ടിയാണ്. 2013ൽ ‘പരേതന്റെ പരിഭവങ്ങൾ’ എന്ന പേരിൽ ഞാൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിലായിരുന്നു അത്. ഒരു ജ്യോൽസ്യന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹവും ചിത്രത്തിൽ വേണമെന്ന എന്റെ ആഗ്രഹത്തിനു വഴങ്ങുകയായിരുന്നു. സൗകര്യാർഥം വീടിനു സമീപത്താണ് ആ രംഗങ്ങളും ഷൂട്ട് ചെയ്തത്. ചെറുപ്പകാലത്ത് ഒന്നു നേരിട്ടു കാണാൻ കൊതിച്ച വലിയ നടന് ആക്‌ഷനും കട്ടും പറയാൻ കഴിഞ്ഞു എന്നതാണ് എന്റെ ജീവിതത്തിന്റെ വലിയ അഭിമാനമുഹൂർത്തങ്ങളിലൊന്ന്.

ഗ്രാമീണനായി ജനിച്ച് വലിയ താരമായെങ്കിലും തനി ഗ്രാമീണനായിത്തന്നെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. താരപ്പകിട്ടൊന്നും ഇല്ലാത്ത ജീവിതം. പക്ഷേ, ചിട്ടയൊത്തതായിരുന്നു അത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വഭാവ സവിശേഷതകളിലൊന്നു വൃത്തിയായിരുന്നു. വൃത്തിയുള്ള വേഷത്തിലും കോലത്തിലുമേ വീട്ടിലാണെങ്കിലും അദ്ദേഹത്തെ കാണാനാവൂ. അത് അവസാനം വരെ അങ്ങനെയായിരുന്നു.

ഒരുകാലത്തു പ്രേക്ഷകരെ കിടുകിടെ വിറപ്പിച്ച വേഷങ്ങളുമായി തിളങ്ങിയ അദ്ദേഹമാണ് പിന്നീട് അവരെ കുടുകുടെ ചിരിപ്പിച്ചതെന്നത് ആ അഭിനയ വൈവിധ്യമാണ് കാട്ടിത്തരുന്നത്. വില്ലൻ വേഷങ്ങളിലൂടെ കാണികളെ പേടിപ്പിച്ച അദ്ദേഹം തന്നെയാണു മലയാളത്തിൽ ഏറ്റവും വ്യത്യസ്തമായി പേടി അഭിനയിച്ചിട്ടുള്ളതെന്നതും മറ്റൊരു കൗതുകം. സിനിമയിൽ ഭരതേട്ടൻ ഞെട്ടുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? മഴവിൽ കാവടിയിലെ മീശയില്ലാ വാസുവിൽ ആ ഞെട്ടൽ കൃത്യമായുണ്ട്. ഒരു ഞെട്ടൽ ചേട്ടൻ രണ്ടു ഞെട്ടലായി ഞെട്ടും. ഒന്നു തലതിരിച്ചു നോക്കുമ്പോൾ പോലും അതിലൊരു താളമുണ്ട്.

സ്വന്തം പേരിനൊപ്പം നാടിനും പെരുമ നൽകിയ അദ്ദേഹം പോകുമ്പോൾ വിഷമമുണ്ടെങ്കിലും അതിലുമേറെ വിഷമിക്കുന്നത് അദ്ദേഹത്തെ ഒരു മകനെപ്പോലെ കരുതി കാത്തുപോന്ന മകൻ മധുവിനെ ഓർത്താണ്. സ്വന്തം ജീവിതം മധു അച്ഛനു മാത്രമായി സമർപ്പിക്കുകയായിരുന്നു. ഇക്കാലത്ത് അതു മറ്റൊരു മാതൃക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.