Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂക്കയിൽ നിന്ന് പഠിച്ചത് പത്ത് വർഷത്തെ അഭിനയ പാഠങ്ങൾ: ആര്യ

arya-mammmootty

മലയാളത്തിൽ അഭിനയിച്ച് ശ്രദ്ധേയരായ ശേഷമാണ് മലയാളി നടന്മാരിൽ പലരും തമിഴിലേയ്ക്കും ഹിന്ദിയിലേയ്ക്കും ഇതര ഭാഷകളിലേയ്ക്കുമൊക്കെ തട്ടകം മാറ്റിച്ചവിട്ടിയിട്ടുള്ളത്. എന്നാൽ, തമിഴ് യുവ സൂപ്പർതാരം ആര്യയുടെ കാര്യം നേരെ മറിച്ചാണ്. മലയാളിയായ ആര്യ തമിഴിലാണ് അരങ്ങേറ്റം കുറിച്ചത്. ജംഷാദ് സെതിരികത്ത് എന്ന ആര്യ 2005ൽ അറിഞ്ഞും അറിയാമലും എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് പ്രവേശിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ അംഗീകാരം നേടിയെടുത്ത നടൻ പിന്നീട് ഹിറ്റ് ചിത്രങ്ങളിലൂടെ യുവ താര സിംഹാസനവും സ്വന്തമാക്കി. 

2011ൽ ഉറുമി എന്ന ചിത്രത്തിലൂടെയാണ് ആര്യ മലയാളത്തിലെത്തുന്നത്. ചരിത്ര സിനിമയിലെ ചിറയ്ക്കൽ കൊതുവാൾ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റുവാങ്ങി. തുടർന്ന്, ഡബിൾ ബാരലി(2015)ലും അപ്രധാനമല്ലാത്ത വേഷമിട്ടു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം റിലീസായ മമ്മൂട്ടിയുടെ  ദ് ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് ആര്യ വീണ്ടും മലയാളത്തിലെത്തിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ മമ്മൂക്കയുമൊത്ത് അഭിനയിച്ചപ്പോൾ, തനിക്ക് ലഭിച്ചത് പത്ത് വർഷത്തെ അഭിനയ പാഠങ്ങളാണെന്ന് താരം മനോരമ ഒാൺലൈനിനോട് ദുബായിൽ പറഞ്ഞു. തന്റെ പുതിയ ചിത്രമായ കടമ്പൻ്റെ രാജ്യാന്തര പ്രിമിയർ ഷോയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ആര്യ. അഭിമുഖത്തിൽ നിന്ന്:

തമിഴ് സിനിമയിലെത്തപ്പെട്ടത് എങ്ങനെയാണെന്ന് വിവരിക്കാമോ?

ഞാൻ ജനിച്ചത് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരാണ്.  പഠിച്ചതും വളർന്നതും ‌ചെന്നൈയിലും. എസ്ബിഒഎ മെട്രിക്കുലേഷൻ ആൻഡ് ഹയർ സെക്കൻഡറി സ്കൂളില്‍ നിന്ന് പ്ലസ് ടു പാസായ ശേഷം ചെന്നൈ വണ്ടലൂറിലെ ക്രസൻ്റ് എൻജിനീയറിങ് സ്കൂളിൽ നിന്ന് ബിരുദം നേടി.  ബാപ്പയ്ക്ക് ചെന്നൈയിൽ ഹോട്ടൽ ബിസിനസായിരുന്നു. സഹപാഠിയായിരുന്ന  നടൻ ശ്രീകാന്തിൻ്റെ പ്രേരണയിൽ സിനിമയിൽ ശ്രമിക്കാൻ തീരുമാനിച്ചു. എന്നാൽ, എൻജിനീയറായ ശേഷം മാത്രമേ മറ്റേത് വഴിക്കും നീങ്ങാവൂ എന്ന് ബാപ്പയ്ക്ക് നിർബന്ധമായിരുന്നു.  ജീവയുടെ കൂടെയായിരുന്നു ആദ്യ പടം. എന്നാൽ ചിത്രം പാതിവഴിയിൽ മുടങ്ങി. പിന്നീടാണ് അറിന്തും അറിയാമലും എന്ന  വിഷ്ണുവർധൻ ചിത്രത്തിൽ വേഷമിട്ടത്. ചിത്രം വൻ ഹിറ്റായി. 2005ലെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ അവാർഡ് ഇൗ ചിത്രത്തിലൂടെ ലഭിച്ചു.

തമിഴിനോടാണോ മലയാളത്തിനോടാണോ കൂടുതലിഷ്ടം?

രണ്ട് ഭാഷയോടും ഇഷ്ടം തന്നെ. കാരണം, അഭിനയ രീതി രണ്ടിലും ഒന്നു തന്നെ.  രണ്ട് സ്ഥലങ്ങളിലെ ചിത്രം എന്ന മാറ്റം മാത്രമേ ഞാൻ കാണാറുള്ളൂ.

​​

മലയാളത്തിൽ നായകനായി എന്നാണ് എത്തുക?

തമിഴിൽ വളരെ തിരക്കിലായതിനാലാണ് മലയാളത്തിൽ കൂടുതൽ അഭിനയിക്കാൻ സാധിക്കാതെ വരുന്നത്.  മാത്രമല്ല, നല്ല അവസരം ഇതുവരെ ലഭിച്ചിട്ടുമില്ല. ഇൻഷാ അള്ളാഹ്,  നല്ല കഥയും കഥാപാത്രവും  മികച്ച സംവിധായകനും ഒത്തുവരികയാണെങ്കിൽ വൈകാതെ  മലയാളത്തിൽ നായകനായി അഭിനയിക്കും.

പൃഥ്വിരാജിന്റെ സുഹൃത്ത് കൂടിയായ താങ്കൾ അദ്ദേഹത്തിൻ്റെ കൂടെ രണ്ട് ചിത്രങ്ങളിലഭിനയിച്ചു.  മമ്മുട്ടിയുടെ കൂടെ  ആദ്യമായി ദ് ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ  ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. ആ  അനുഭവം പങ്കുവയ്ക്കമോ?

പൃഥ്വിരാജുമായി വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്. മമ്മുക്കയുടെ കൂടെ അഭിനയിച്ചത് വളരെ നല്ല  അനുഭവമായിത്തീർന്നു.  പത്ത് വർഷം സിനിമയിൽ പ്രവർത്തിച്ചാൽ ലഭിക്കുന്ന പാഠങ്ങളാണ് ഒരൊറ്റ ചിത്രത്തിൽ മമ്മുക്കയുടെ കൂടെ അഭിനയിച്ചപ്പോൾ ലഭിച്ചത്.  

അഭിനേതാവിനെ മാറ്റി നിർത്തിയാൽ മമ്മുട്ടിയിൽ  മറ്റെന്തൊക്കെ പ്രത്യേകതകളാണ് കണ്ടത്?

പെർഫെക്ട് ജന്റിൽമാനാണ് മമ്മുക്ക. വളരെ നല്ല സൗഹൃദം പ്രകടിപ്പിക്കുന്ന വ്യക്തി.  വളരെ അച്ചടക്കത്തോടെയാണ് അദ്ദേഹത്തിന്റെ ജീവിതം എന്നത് അടുത്ത് നിന്ന് മനസിലാക്കാൻ കഴിഞ്ഞു. ആരോഗ്യ പരിപാലനത്തിൽ ആരെയും കവച്ചുവയ്ക്കും.  അതാണ് അദ്ദഹം ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കം സൗന്ദര്യവും കാത്തുസൂക്ഷിക്കാൻ കാരണം.  

​​​​മലയാളത്തിൽ ന്യൂ ജനറേഷൻ സിനിമകളുടെ കാലമാണല്ലോ ഇത്.  ഇൗ ചിത്രങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

മലയാളത്തിലും തമിഴിലും ന്യൂ ജനറേഷൻ സിനിമകളുടെ കാലമാണിത്. എന്നാൽ, തമിഴിനേക്കാളും മലയാളത്തിലാണ്  പുതുമു ഖ സംവിധായകർ കൂടുതൽ കടന്നുവരുന്നത്.  മിക്കവരുടെതും കലാപരമായും സാങ്കേതികപരമായും വളരെ മികച്ച ചിത്രങ്ങളുമാണ്. അങ്കമാലി ഡയറീസ്, ടേക്ക് ഒാഫ് തുടങ്ങിയവയാണ് അടുത്ത കാലത്ത് കണ്ട് ഇഷ്ടപ്പെട്ട മികച്ച ചിത്രങ്ങൾ. 

ബാലയുടെ നാൻ കടവുൾ എന്ന ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. പക്ഷേ, പിന്നീട് അത്തരം കഥാപാത്രങ്ങളെ കണ്ടില്ല.  മനപ്പൂർവം ഒഴിവാക്കുകയാണോ?

ഒരിക്കലുമല്ല. നല്ല തിരക്കഥയുമായി വരുന്ന സംവിധായകരെ ഞാൻ നിരാശരാക്കാറില്ല. നല്ല തിരക്കഥയ്ക്കും കഥാപാത്രത്തിനും തന്നെയാണ് പ്രഥമ പരിഗണന.

സമൂഹ മാധ്യമങ്ങളിൽ പുതിയ പടങ്ങളെ ഒറ്റയടിക്ക് അടിച്ചുകൊല്ലുന്ന പ്രവണത  വർധിച്ചുവരുന്നു.  ഇതിനെ എങ്ങനെ  നേരിടണമെന്നാണ് ആര്യയുടെ അഭിപ്രായം?

മലയാളത്തിൽ മാത്രമല്ല, തമിഴിലും  ഇത്തരം പ്രവണതകളുണ്ട്. സമൂഹ മാധ്യമങ്ങൾ ഇന്നത്തെ കാലത്ത് വളരെ ശക്തമായതിനാൽ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമൊക്കെയുള്ള തെറ്റായ പ്രവണതകളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുകയില്ല. അവയെ തീർത്തും അവഗണിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.  

മമ്മുക്ക പുത്തൻപണത്തിൽ താങ്കളുടെ നാടായ കാസർകോട്ടെ ഭാഷയാണ് പറയുന്നത്.  സ്വന്തം നാടിൻ്റെ ഭാഷ വശമുണ്ടോ?

തീർച്ചയായും അറിയാം. വീട്ടിലൊക്കെ സംസാരിക്കാറുമുണ്ട്.  കാസർകോട് എല്ലായിടത്തും സന്ദർശിച്ചിട്ടില്ലെങ്കിലും  കാണാൻ ആഗ്രഹമുണ്ട്.  മുത്തച്ഛനും മുത്തശ്ശിയും മറ്റു കുടുംബാംഗങ്ങളുമൊക്കെ  തൃക്കരിപ്പൂരിലുണ്ട്. അവരെ ഇടയ്ക്കിടെ സന്ദർശിക്കും. കൂടാതെ,  കുടുംബങ്ങളിൽ എന്തെങ്കിലും വിശേഷങ്ങളുണ്ടെങ്കിലും അവിടെയെത്തും.  സമയം കിട്ടുമ്പോൾ  ഒരിക്കൽ  എൻ്റെ നാട് വിശദമായി കാണാനെത്തും.

​​

വിവാഹപ്രായം കടന്നുപോയ്ക്കൊണ്ടിരിക്കുന്നു.  എന്നാണ് ആ ശുഭ മുഹൂർത്തം?

അതെക്കുറിച്ച് ഇതുവരെ ആലോചനകളൊന്നും നടത്തിയിട്ടില്ല.  വിവാഹം അതിന്റെ സമയത്ത് നടക്കുമെന്നാണ് കരുതുന്നത്.  

​​

മലയാള പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

ദ് ഗ്രേറ്റ് ഫാദർ ഇത്രയും വലിയ വിജയമാക്കിയതിന് എല്ലാ മലയാളികൾക്കും നന്ദി. മലയാളത്തിൽ ഇനിയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആഗ്രഹമുണ്ട്. ഇൻഷാ അള്ളാഹ്, അവസരമൊത്തുവന്നാൽ തീർച്ചയായും ചെയ്യും.

മുൻനിര നിർമാതാക്കളായ സൂപ്പർഗുഡ് ഫിലിംസ് നിർമിച്ച് രാഘവ സംവിധാനം ചെയ്ത, കാടിൻ്റെ പശ്ചാത്തലത്തിലുള്ള കടമ്പൻ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെയാണ് ആര്യ അഭിനയിക്കുന്നത്. ദുബായിൽ ജനിച്ച് വളർന്ന മലയാളി കാതറിൻ തെരേസയാണ് നായിക. ദുബായിലെ എഫ് ടി പി ഇവൻ്റ് ഒാർഗനൈസേഴ്സാണ് കടമ്പൻ്റെ രാജ്യാന്തര പ്രിമിയർ ഷോ നടത്തുന്നത്. ദെയ്റ ഹയാത്ത് റീജൻസി ഹോട്ടലിലെ ഗലേറിയ തിയറ്ററിൽ നടക്കുന്ന പ്രദർശനത്തിൽ ആര്യയും കാതറിൻ തെരേസയും പങ്കെടുക്കും.