Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ഇനിയും സംവിധാനം ചെയ്യും, ന്യൂജെനായി : ബാലചന്ദ്രമേനോൻ

balachandra-menon

ഇത് സ്മാർട്ഫോണുകളുടെ കാലമാണല്ലോ. ക്യാമറയും കാൽക്കുലേറ്ററും വാച്ചും കലണ്ടറും ലാപ്ടോപ്പും എല്ലാം ചെയ്യുന്ന പണിചെയ്യാൻ ഒറ്റ സ്മാർട്ട് ഫോൺ മതി. മലയാള സിനിമയിൽ, അതുപോലെ പലർ ചെയ്യേണ്ട ജോലിയെല്ലാം ഒറ്റയ്ക്കു ചെയ്തു ഫലിപ്പിച്ച ഒരു പ്രതിഭയാണ് ബാലചന്ദ്രമേനോൻ. ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ മിഡിൽ ജനറേഷൻ കാലത്തെ വിനീത് ശ്രീനിവാസനായിരുന്നു ബാലചന്ദ്രമേനോൻ. ഇത് തിരിച്ചു പറയാം. കഥ, തിരക്കഥ, സംവിധാനം മുതൽ എഡിറ്റിങ്ങും വിതരണവും വരെ ഒറ്റയ്ക്കു ചെയ്തിരുന്ന ബാലചന്ദ്രമേനോൻ ഒരിടവേളയ്ക്കു ശേഷം സിനിമയിലേക്ക് വീണ്ടുമെത്തുകയാണ്. അദ്ദേഹം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.... 

അണിയാൻ നിർബന്ധിതനായ 'സകലകലാവല്ലഭ'വേഷം... 

ഇതൊരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. മലയാളത്തിൽ സിനിമയിലെ എല്ലാ മേഖലകളും ഒരാൾ കൈകാര്യം ചെയ്താൽ ചില ദോഷൈകദൃക്കുകൾ പറയും, 'ഇയാൾ ഒന്നും മറ്റൊരാൾക്ക് വിട്ടുകൊടുക്കാത്ത സ്വാർഥനാണ് ' എന്ന്. എന്നാൽ തമിഴിൽ ഇത് ഒരാൾ ചെയ്താൽ പ്രേക്ഷകർ അയാളുടെ കഴിവിനെ അഭിനന്ദിക്കും. മനപ്പൂർവം മറ്റു തിരക്കഥകൾ ഒഴിവാക്കുന്നതല്ല. വേണമെങ്കിൽ കാശു വാങ്ങിച്ച് സംവിധാനം മാത്രം ചെയ്ത് എനിക്ക് വീട്ടിൽ പോകാം. പക്ഷേ ഞാൻ വായിച്ച പല തിരക്കഥകളിലും ഞാൻ പ്രേക്ഷകരുമായി സംവദിച്ചു കൊണ്ടിരുന്ന, അല്ലെങ്കിൽ സംവദിക്കാനാഗ്രിച്ച ഫ്ളേവർ മിസിങ് ആയിരുന്നു. എന്നെ നിലനിർത്തിയത് ഇവിടുത്തെ കുടുംബ പ്രേക്ഷകരാണ്. അവർക്ക് നല്ല സിനിമകൾ നൽകുന്നതിൽ ഒരു കോംപ്രമൈസിന് ഞാൻ തയ്യാറല്ലായിരുന്നു. ഈ ബഹുമുഖ വേഷങ്ങളെല്ലാം എടുത്തണിയാൻ ഞാൻ നിർബന്ധിതനാകുകയായിരുന്നു എന്നതാണ് വാസ്തവം. 

ബാലചന്ദ്രമേനോൻ

സിനിമയിലെ തലമുറമാറ്റം... 

സിനിമയോട് പാഷനുള്ള ചെറുപ്പക്കാർ ഈ മേഖലയിലേക്ക് കൂടുതലായി എത്തുന്നത് പൊസിറ്റീവായി കാണുന്ന വ്യക്തിയാണ് ഞാൻ. എഴുപതുകളിൽ സിനിമയിലേക്ക് വരുമ്പോൾ ഞാനും അന്നത്തെ ന്യൂജനറേഷനായിരുന്നു. നല്ലതും മോശവുമായ മാറ്റങ്ങൾ ഈ കാലയളവിൽ മലയാളസിനിമയിൽ ഉണ്ടായിട്ടുണ്ട് . അതിനെ കാലഘട്ടത്തിന്റെ അനിവാര്യതയും വിധിവിശേഷവുമായി ഞാൻ കാണുന്നു. 

'ഞാൻ സംവിധാനം ചെയ്യും' എന്ന ചാനൽ സൂപ്പർഹിറ്റ്!... 

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 'ഞാൻ സംവിധാനം ചെയ്യും' എന്ന സിനിമ ചെയ്തത്. കുടുംബസദസ്സിനെ ഉദ്ദേശിച്ചെടുത്ത ചിത്രമായിരുന്നു. പക്ഷേ ഈ കാലയളവിൽ തിയറ്ററിൽ വരുന്ന പ്രേക്ഷകർ മാറിയത് ഞാൻ ശരിയായി ശ്രദ്ധിച്ചില്ല. എന്റെ വിലയിരുത്തലിന്റെ പരാജയമായിരുന്നു അത്. പക്ഷേ ചിത്രം ചാനലിൽ വരുമ്പോൾ കുടുംബ പ്രേക്ഷകർ സ്വീകരിക്കുമെന്ന എന്റെ വിശ്വാസം സത്യമായി. മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾക്ക് ചാനലുകളിൽ ലഭിക്കുന്നതിനേക്കാൾ റേറ്റിങ് എന്റെ ചിത്രത്തിന് ലഭിച്ചു. ഞാൻ സംവദിക്കാനാഗ്രഹിച്ച പ്രേക്ഷകർ അനുകൂലമായി എന്റെ ചിത്രത്തോട് പ്രതികരിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണത്. 

ബാലചന്ദ്രമേനോന്‍ ഗായത്രി, ദക്ഷിണ എന്നിവര്‍ക്കൊപ്പം ചിത്രീകരണത്തിനിടയില്‍

ഞാൻ ഇപ്പോഴും ന്യൂജൻ... 

ഞാൻ പുതുതലമുറയ്ക്ക് അനഭിമതനല്ല. നാൽപ്പതുവർഷമായി സിനിമാമേഖലയിൽ ഉണ്ടെങ്കിലും ഇപ്പോഴും ഒരു പുതുമുഖത്തിന്റെ ഫ്രഷ്നെസ്സോടെ പുതിയ സിനിമകളെ കാണാൻ ശ്രമിക്കാറുണ്ട്. ഞാൻ ഇനി സിനിമ ചെയ്യേണ്ടത് വീട്ടിലിരിക്കുന്നവർക്കു വേണ്ടിമാത്രമല്ല, തിയറ്ററിൽ വന്ന് സിനിമ കാണുന്നവർക്കുവേണ്ടി കൂടിയാണെന്ന തിരിച്ചറിവ് ലഭിക്കാൻ ഇതിനു മുൻപ് ചെയ്ത ചിത്രത്തിന്റെ പരാജയം സഹായകരമായി. ഞാൻ അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ ന്യൂജനറേഷനെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്നതായിരിക്കും. 

സ്ത്രീയുടെ മുന്നേറ്റം സിനിമയിൽ...

 പണ്ടൊക്കെ അഭിനയം മാറ്റി നിർത്തിയാൽ, സ്ത്രീകളുടെ നിഴൽ പോലും സിനിമാപരിസരങ്ങളിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകൾ കടന്നു വരുന്നു. ഞാനതിനെ പൊസിറ്റീവായി കാണുന്ന വ്യക്തിയാണ്. ആ മാറ്റം തുടങ്ങി വച്ചതിൽ എനിക്കുമൊരു പങ്കുണ്ട്. 1994ൽ ഇറങ്ങിയ എന്റെ 'സുഖം സുഖകരം' എന്ന സിനിമയിൽ സുമ ജയറാം അഭിനയത്തിനൊപ്പം അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ച് അനിവാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നു. ഉണ്ടാകട്ടെ... 

സജീവമായ സിനിമാ സൗഹൃദങ്ങൾ... 

എന്റെ 40 വർഷത്തെ സിനിമാജീവിതത്തിൽ, ഇതുവരെ ആരോടും ശാശ്വതമായ പിണക്കങ്ങളോ പരിഭവങ്ങളോ ഉണ്ടായിട്ടില്ല. തലതൊട്ടപ്പൻമാരില്ലാതെ, ഒറ്റയ്ക്ക് നാൽപ്പതു വർഷം സിനിമയിൽ പിടിച്ചു നിൽക്കുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. സെറ്റിൽ വച്ച് എല്ലാവരും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. ആ സഹകരണമാണ് എന്നെ നിലനിർത്തിയതും. അവരുടെ എല്ലാ കാര്യങ്ങളും കരുതലോടെ ശ്രദ്ധിച്ചിരുന്നു. ധനപരമായി കരുതലുണ്ടായിരുന്നു. ഒരേയൊരു മടങ്ങിയ ചെക്ക് മാത്രമാണ് എന്റെ സിനിമാജീവിതത്തിലുള്ളത്. അതെന്റെ അടുത്ത സുഹൃത്തിന്റെയായതുകൊണ്ട് പേരു പറയുന്നില്ല. പലപ്പോഴും സിനിമ കഴിഞ്ഞു യാത്ര പറഞ്ഞു പിരിയുമ്പോൾ പലരുടെയും കണ്ണ് നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് സെറ്റുകളിൽ അത്രയും വൈകാരികബന്ധം ഉണ്ടോയെന്ന് സംശയമാണ്. 

ചട്ടിയും കലവും ഉപയോഗിച്ച് പാകം ചെയ്ത സിനിമകൾ... 

എന്റെ സിനിമകൾ പുലിമുരുകനോ ബാഹുബലിയോ ഒരുക്കിയതുപോലെ ബിഗ് ബജറ്റ് ചിത്രങ്ങൾ ആയിരുന്നില്ല, നാടൻ ഭാഷയിൽ 'വെറും ചട്ടിയും കലവുമുപയോഗിച്ച്' ഉണ്ടാക്കിയതാണ്. പക്ഷേ ആ ചോറുകൊണ്ട് ഒരു ബഹുഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താൻ എനിക്കു സാധിച്ചു. അതിലെനിക്ക് അഭിമാനമുണ്ട്. ആ മാജിക് എനിക്ക് നഷ്ടമായെന്ന് പറയുന്നവർ കുറച്ചുനാൾ ഉറങ്ങട്ടെ. പക്ഷേ എനിക്ക് വിശ്വാസമുണ്ട്, ഞാൻ വീണ്ടും പ്രേക്ഷകരെ കയ്യിലെടുത്ത് പ്രൂവ് ചെയ്യുമെന്ന്. 

ഇനിയും സംവിധാനം ചെയ്യും... 

അടുത്ത സിനിമയുടെ വർക്ക് ഉടൻ ആരംഭിക്കും. കൃഷ്ണകല ക്രിയേഷൻസിന്റെ ബാനറിൽ ഹരികുമാർ എന്ന വ്യക്തിയാണ് നിർമാതാവ്. ഇത്തവണ ന്യൂജനറേഷനാണ് എന്റെ ലക്ഷ്യം. പുതു തലമുറയെ അഭിസംബോധന ചെയ്യുന്ന ഒരു സിനിമയുമായി ഞാൻ ഉടൻ മടങ്ങി വരും.