Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിലകൻ ചേട്ടനെ അവർ കൊല്ലാതെ കൊന്നു: വെളിപ്പെടുത്തലുമായി അലി അക്ബർ

ali-thilakan

ദിലീപിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല മലയാള സിനിമയിലെ മാഫിയ സംഘവും ഗൂഢ സംഘവുമെന്ന് സംവിധായകനും ബിജെപി നേതാവുമായ അലി അക്ബർ. ഗൂഢസംഘം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അതുമൂലം കഷ്ടതകളനുഭവിച്ച കലാകാരന്മാരെക്കുറിച്ച് അലിഅക്ബർ ഉള്ളുതുറക്കുന്നു:

മലയാളസിനിമയിലെ മാഫിയസംഘത്തിന്റെ തുടക്കത്തെക്കുറിച്ച് തിലകൻ സൂചന തന്നതാണ്. 2010ലായിരുന്നു അത്. അന്ന് തിലകന്റെ വാക്കുകൾക്ക് ആരും ശ്രദ്ധ നൽകിയില്ല, എന്നാൽ അവയെല്ലാം ഇന്ന് സത്യമാവുകയാണ്. മാക്ട മാറിയാണ് ഫെഫ്ക എന്ന സംഘടനയുണ്ടാകുന്നത്. മാക്ടയ്ക്ക് ഒരു തൊഴിലാളിയൂണിയൻ സ്വഭാവമുണ്ടായിരുന്നില്ല. എന്നാൽ ഫെഫ്ക അങ്ങനെയല്ല. ഒരു ഭരണമാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ഇതേ രീതി തന്നെയാണ് അമ്മയ്ക്കുമുള്ളത്. തലപ്പത്ത് ഇരിക്കുന്നവർക്ക് ഇഷ്ടമില്ലാത്തവരെ കാലാകാലങ്ങളായി ഒതുക്കികളയുന്ന അവസ്ഥയാണ്. തിലകനും എനിക്കും മാത്രമാണ് വിലക്കി എന്നുള്ളതിന് രേഖയുള്ളത്. അപ്രഖ്യാപിത വിലക്കുകൾ നിരവധിയാണ്. വിനയന്റെ പടത്തിൽ അഭിനയിച്ചതിനാണ് തിലകനോടൊപ്പം മാള അരവിന്ദനേയും വിലക്കിയത്. 

മാള അരവിന്ദൻ രോഗാതുരനാകാൻ തുടങ്ങിയ കാലമായിരുന്നു അത്. എന്റെ സിനിമ സീനിയർ മാൻഡ്രേക്കിലേക്ക് മാളച്ചേട്ടനെ കാസ്റ്റ്ചെയ്ത് ഷൂട്ടിങ്ങ് തുടങ്ങാറായപ്പോൾ സംഘടനാ നേതാവായ പ്രമുഖ സംവിധായകൻ നിർമാതാവിനെ വിളിച്ച് മാളചേട്ടനെ അഭിനയിപ്പിച്ചാൽ പടം ഇറങ്ങില്ലെന്ന് ഭീഷണിപ്പെടുത്തി. ആ കാലത്ത് അദ്ദേഹത്തിന്റെ പ്രതിഫലം 20,000 മുതൽ 25,000 വരെ മാത്രമായിരുന്നു. മരുന്ന് വാങ്ങാനെങ്കിലും ഈ തുക ഉപകരിക്കുമല്ലോ എന്നു കരുതിയാണ് ഞാൻ അദ്ദേഹത്തെ നിശ്ചയിച്ചത്.

വിനയന്റെ സിനിമയിൽ  അഭിനയിച്ചതിന് നിരവധി ചെറിയ ആർട്ടിസ്റ്റുകൾക്ക് ഇപ്പോഴും വിലക്കുണ്ട്. തിലകൻ ചേട്ടന്റെ വിലക്ക് നീക്കി രണ്ടുവർഷം കഴിഞ്ഞാണ് മാളച്ചേട്ടന്റേത് നീക്കുന്നത്. തിലകൻ ചേട്ടനെ വച്ച് അച്ഛൻ എന്നൊരു സിനിമ ഞാൻ ചെയ്തിരുന്നു. ഈ സിനിമ ചെയ്യുന്നതിന് മുമ്പ് അയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു ഞങ്ങളാരും തിലകനെ വിലക്കിയിട്ടില്ല, അദ്ദേഹത്തിന് വിലക്ക് ഇല്ല എന്ന്.

എന്നാൽ എന്റെ കൈയിൽ അതിന്ശേഷം അദ്ദേഹം ഒപ്പ് ഇട്ട കത്ത് കിട്ടിയിരുന്നു തിലകനെ സഹകരിപ്പിക്കരുതെന്ന് പറഞ്ഞ്. ഈ കത്ത് കോടതിയിൽ കൊടുക്കാൻ ഞാൻ തിലകൻ ചേട്ടന് കൊടുത്തു. അദ്ദേഹത്തിന്റെ വാക്ക്‌ വിശ്വസിച്ചാണ് ഞാൻ തിലകൻ ചേട്ടനെ കാസ്റ്റ് ചെയ്തത്. എന്നാൽ നിങ്ങൾ സംഘടനാവിരുദ്ധപ്രവർത്തനം നടത്തിയെന്നുപറഞ്ഞ് എനിക്ക് അവർ കത്ത് അയച്ചു.

അതിന് ശേഷം മറ്റൊരു പടം കൂടി ഞാൻ അനൗൺസ് ചെയ്തു – ഐഡിയൽ കപ്പിൾസ്. വിനീതായിരുന്നു നായകൻ. അതിലേക്ക് ജഗതി ശ്രീകുമാറിനുൾപ്പടെ അഡ്വാൻസ് തുക നൽകിയതാണ്. അവസാന നിമിഷം ജഗതിയെ വിളിച്ച് അദ്ദേഹം അഭിനയിക്കരുതെന്ന് പറഞ്ഞു. ഉർവശി അഭിനയിക്കേണ്ട കഥാപാത്രം അവസാനം ഉഷ ഉതുപ്പിനെകൊണ്ട് ചെയ്യിക്കേണ്ടി വന്നു. വിനീത് മാത്രമാണ് ഉറച്ചുനിന്നത്. യൂണിറ്റിലേക്ക് ഭക്ഷണം കൊണ്ടു വരുന്ന വണ്ടിവരെ ഇവർ തിരികെ അയപ്പിച്ചു. അത്രയധികം ദ്രോഹമാണ് ചെയ്തത്.

ഒരു കലാകാരനോട്  ചെയ്യാവുന്ന പരമാവധി ദ്രോഹമാണ് അവർ എല്ലാവരും കൂടി തിലകൻ ചേട്ടനോട് കാണിച്ചത്. അഭിമാനിയായതു കൊണ്ടു മാത്രമാണ് അദ്ദേഹം പിടിച്ചു നിന്നത്. എന്നിട്ടും ചിലസമയത്ത് തളർന്നുപോയ തിലകനെ എനിക്ക് അറിയാം. അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിക്കാൻ ചെന്നപ്പോൾ കണ്ടകാഴ്ച്ച ഇന്നും മറക്കില്ല. താടിയൊക്കെ വളർത്തി ആകെ ക്ഷീണിച്ച് കണ്ടാൽ അറിയാത്ത രൂപത്തിലായിരുന്നു അദ്ദേഹം. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നല്ലോ വിലക്ക്. ജീവിക്കണമെങ്കിൽ സിനിമ വേണം. എന്നിട്ടും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അലി അക്ബറേ നിങ്ങളുടെ ജീവിതം പോകും എന്നെവച്ച് സിനിമയെടുത്താൽ, ഇതുവേണോ എന്ന്? എന്റെ ഭാര്യയേയും വിളിച്ച് പറഞ്ഞു അലി അക്ബർ തീ കൊണ്ടാണ് കളിക്കുന്നതെന്ന്. 

പടം അനൗൺസ് ചെയ്ത ശേഷം ഞാൻ കണ്ടെത്തിയ ലൊക്കേഷനുകളിലെല്ലാം ഇവർ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവസാനം എന്റെ വീട്ടിൽ സെറ്റിടുകയായിരുന്നു. അവിടെ വന്നും ഇവർ പ്രശ്നമുണ്ടാക്കി. എന്റെ കാർ തല്ലിപൊളിച്ചു. ഞാൻ ബിജെപിയിൽ ചേർന്നതു കൊണ്ടു മാത്രമാണ് അവർ എന്നെ ഇപ്പോൾ ഉപദ്രവിക്കാത്തത്. അല്ലായിരുന്നെങ്കിൽ അവർ എന്നെ കൊന്നുകളഞ്ഞേനേം. ഇതൊന്നും പറയാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല. ഈ ഗൂഢ സംഘത്തിന്റെ ശാഖ കൊച്ചിയിൽ മാത്രമല്ല കോഴിക്കോട്ടും സജീവമാണ്. 

related stories