Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളസിനിമയിൽ ഇപ്പോൾ വിത്തുനടീൽ കർമം

x-default

സിനിമ എന്നും ഒറ്റപ്പെട്ട തുരുത്തുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. ചെറിയ സംഘങ്ങൾ തമ്മിൽ, അവരുടെ കുടുംബാംഗങ്ങൾ തമ്മിൽ മാത്രമേ ഇഴയടുപ്പമുണ്ടായിരുന്നുള്ളൂ. ഒരു ചെറിയ വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം പോലെ. കെ.പി. കൊട്ടാരക്കരയുടെ സിനിമയുമായി ബന്ധപ്പെട്ടു പ്രേംനസീറും ഞാനും പ്രവർത്തിക്കുന്നതിനിടെ ഓണമെത്തി. ആ സിനിമയിലെ തീരെച്ചെറിയ ഒരു കലാകാരി  തിരുവോണത്തിനു വീട്ടിലേക്കു ക്ഷണിച്ചു. നസീർ ജ്വലിച്ചു നിൽക്കുന്ന സമയം. പക്ഷേ അദ്ദേഹം അന്നവിടെ മുൻപേയെത്തി കുഞ്ഞുങ്ങൾക്കു സമ്മാനങ്ങൾ നൽകി.  ഓണസദ്യ കഴിച്ചു, ഏറെനേരം വിശേഷം പറഞ്ഞിരുന്നു. . 

  തോൽക്കാതിരിക്കാൻ, ഞങ്ങൾ 

ആ കാലഘട്ടത്തിലെ പുതുവസന്തത്തിന്റെ സന്ദേശവാഹകർ ആയിരുന്നു ഭരതൻ, പത്മരാജൻ, മോഹൻ, ബാലുമഹേന്ദ്ര, കെ.ജി. ജോർജ് തുടങ്ങിയവരൊക്കെ. അതിൽ ഭാഗഭാക്കാകുവാൻ എനിക്കും ഭാഗ്യമുണ്ടായി. ചെന്നൈയിലെ ന്യൂ വുഡ്‌ലാൻഡ്സ് ഹോട്ടലിലാണ് ഞാനന്നു താമസം. ഞാൻ ഭരതനു വേണ്ടി തിരക്കഥയെഴുതുമ്പോൾ അടുത്ത മുറിയിൽ പത്മരാജൻ മോഹന്റെ തിരക്കഥയിൽ പണിയെടുക്കുന്നുണ്ടാകും. കെ.ജി. ജോർജ് അപ്പുറത്ത് സ്വന്തം തിരക്കഥ അഴിച്ചുപണിയുന്നുമുണ്ടാകും. വൈകുന്നേരങ്ങളിൽ ഞങ്ങൾ ഏതെങ്കിലും ഒരു മുറിയിൽ ഒത്തുചേരും. ഞങ്ങളുടെ തിരക്കഥയിൽ തടസ്സംവന്നിട്ടുണ്ടെങ്കിൽ അതെങ്ങനെ ശരിയാക്കാമെന്നു ചർച്ച ചെയ്യും.  ഞങ്ങൾ പ്രതിനിധീകരിച്ചിരുന്ന സിനിമാ സംസ്കാരം തോറ്റു പോകരുതെന്ന ചിന്തയായിരുന്നു പിന്നിൽ. 

 ക്രിയേറ്റിവിറ്റിയുടെ പങ്കിടൽ 

മൽസരമുണ്ടായിരുന്നപ്പോഴും ക്രിയേറ്റിവിറ്റി ഞങ്ങൾ പരസ്പരം പങ്കിട്ടു. അതിൽ രസം കണ്ടെത്തി. അരവിന്ദൻ ചെന്നൈയിലുള്ളപ്പോൾ ഈ സംഘത്തിലേക്ക് എത്തുമായിരുന്നു. നിർബന്ധപൂർവം ഈ കൂട്ടായ്മയിൽ വന്നിരുന്നയാളാണ് അടൂർഭാസി. പിന്നെ ഗോപി, വേണു തുടങ്ങിയവരും. ബാലചന്ദ്രമേനോനിലൂടെയും സത്യൻ അന്തിക്കാടിലൂടെയും ഇത് അടുത്ത തലമുറകളിലേക്കും പടർന്നു. പക്ഷേ, ഇടയ്ക്കെപ്പോഴോ അതു നഷ്ടപ്പെട്ടു. അപചയത്തിന്റെ തുടക്കം. 

നടന്മാരുണ്ടാകുന്നത്...

ഒരു നടൻ അല്ലെങ്കിൽ നടി വൻതുക പ്രതിഫലം ആവശ്യപ്പെടുമ്പോൾ അവരില്ലാതെ സിനിമയെടുക്കണമെങ്കിൽ എനിക്ക് അപാരമായ ആത്മവിശ്വാസം വേണം. അങ്ങനെ സിനിമയെടുക്കാൻ നട്ടെല്ലുള്ള സംവിധായകരുണ്ടായിരുന്നതു കൊണ്ടാണു മമ്മൂട്ടിയും മോഹൻലാലും ജയനും സോമനും സുകുമാരനുമുണ്ടായത്.  പത്മരാജനും ഹരി പോത്തനും നട്ടെല്ലുണ്ടായിരുന്നതു കൊണ്ടാണ് ‘അപരൻ’ എന്ന ചലച്ചിത്രം വരുന്നതും ജയറാം നടനാകുന്നതും. 

സംഘടന കള്ളമല്ല 

മാക്ട എന്ന സംഘടന മലയാള സിനിമാ പ്രവർത്തകർക്കു നൽകിയ അഭിമാനം വലുതായിരുന്നു. ജോഷി ഓടിക്കുന്ന കാറിൽ മുൻ സീറ്റിൽ അടൂർ ഗോപാലകൃഷ്ണനും പിന്നിൽ ഹരിഹരനും  ടി.വി. ചന്ദ്രനും പവിത്രനുമൊക്കെ ഒരുമിച്ചിരുന്ന് ഒരു ചടങ്ങിൽ വന്നിറങ്ങുന്നതിലെ പുതുമ  എല്ലാവരെയും ആകർഷിച്ചിരുന്നു. ‘അമ്മ’ സംഘടനയുടെ ധനശേഖരണാർഥം നടന്ന ആദ്യ ഷോ കോ–ഓർഡിനേറ്റ് ചെയ്തത് മാക്ടയിലെ സംവിധായകരാണ്. മാക്ട ഒരു ചടങ്ങു നടത്തിയാൽ അമ്മയുടെ ആളുകൾ വന്നിരിക്കും. നിർമാതാക്കളും വിതരണക്കാരും വരും. തിരിച്ചും പോകുമായിരുന്നു. വലിയ ഹൃദയൈക്യം സംഘടനകൾക്കിടയിൽ ഉണ്ടായിരുന്നു. 

പിളർത്തിയില്ല, വളർത്തി 

കുറെ വർഷങ്ങൾ മുൻപ് തിയറ്റർ ഉടമകളും വിതരണക്കാരും തമ്മിൽ വലിയ തർക്കമുണ്ടായി, സമരമായി. അന്നു മാക്ട പറഞ്ഞു, സമരത്തിനിറങ്ങും മുൻപ് നമുക്കൊന്ന് ഒരുമിച്ചിരിക്കാം.  അമ്മയിൽനിന്നു മധു, നെടുമുടി, ടി.പി. മാധവൻ, സോമൻ തുടങ്ങിയവരും മാക്ടയിൽ നിന്നു ഞങ്ങൾ നാലഞ്ചാളും അവരുടെ പ്രതിനിധികളുമായി ചർച്ച നടത്തി. പ്രശ്നം പരിഹരിച്ചു. ഇന്ത്യ മുഴുവൻ അന്നു കേരളത്തിലെ സിനിമാ പ്രവർത്തകരുടെ ഈ കൂട്ടായ്മയെ ശ്രദ്ധിച്ചിരുന്നു. എവിടെ വച്ചോ വ്യക്തികളുടെ ഈഗോ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. പ്രബലൻമാർ നാലഞ്ചുപേരുണ്ടെങ്കിൽ അവർക്കൊപ്പം നിൽക്കുന്നതാണു സുരക്ഷിതം എന്ന നില വന്നു.  

പുതുനാമ്പുകൾ 

ഈ തിരിച്ചടികൾക്കിടയിലും മലയാള സിനിമയിൽ വലിയ പൊളിച്ചെഴുത്തുകൾ നടക്കുന്നു. സംവിധായകനും തിരക്കഥാകൃത്തും ക്യാമറാമാനും ഒരു ആശയവുമായി ഒരു ഗ്രാമത്തിലേക്കു പോകുന്നു. അവിടെയുള്ള ആളുകളോട് ഇതാണു നിങ്ങൾ ക്യാമറയ്ക്കു മുന്നിൽ പറയേണ്ടത് എന്നു പറഞ്ഞു ചർച്ച നടത്തുന്നു. അവരെ അഭിനയിപ്പിച്ചു നോക്കുന്നു. കമ്മട്ടിപ്പാടവും അങ്കമാലി ഡയറീസും തൊണ്ടിമുതലും ദൃക്സാക്ഷിയുമെല്ലാം അങ്ങനെ ചെയ്തവയാണ്. താരങ്ങളേക്കാൾ പ്രധാനം തങ്ങളെടുക്കുന്ന സിനിമയാണെന്നു കരുതുന്ന സിനിമാ പ്രവർത്തകരുടെയും ആസ്വാദകരുടെയും ഒരു തലമുറ ഉണ്ടായിരിക്കുന്നു. പുതുമഴ പെയ്യുമ്പോൾ കിളിർക്കണമെങ്കിൽ മണ്ണിനടിയിൽ  വിത്തുകൾ വേണം. വിത്തുനടീൽ കർമമാണ് ഇപ്പോൾ സിനിമാ പ്രവർത്തകർ ചെയ്യുന്നത്. വരാനിരിക്കുന്ന തലമുറ മഴയായി പെയ്താൽ ഇവിടെ പുതിയ നാമ്പുകൾ ഉണ്ടാകുക തന്നെ ചെയ്യും. 

തയാറാക്കിയത്: അജീഷ് മുരളീധരൻ