Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്നു കിട്ടിയ സിനിമ

rathiesh-kumar

ജോലി ചെയ്യുന്നെങ്കിൽ രതീഷ്കുമാറിനെപ്പോലെ ജോലി ചെയ്യണം. ഗുരുക്കന്മാരെല്ലാം ഒന്നാന്തരം പുലികൾ. തൃശ്ശിവപേരൂർ ക്ലിപ്തമെന്ന സിനിമ ക്ലീൻ കുടുംബ സിനിമയെന്ന പേരിൽ തിയറ്റർ നിറയ്ക്കുമ്പോൾ രതീഷ് പറയുന്നു: ‘കുടുംബങ്ങൾ തിയറ്ററിൽ എത്തിയതിൽ സന്തോഷമുണ്ട്. നേരത്തേ സിനിമ എടുക്കാൻ പറ്റുമായിരുന്നു. പക്ഷേ, കൂടെ നിൽക്കാൻ വിളിച്ചവരെല്ലാം വലിയവരാണ്. ആരും മോഹിച്ചു പോകുന്നവർ. അങ്ങിനെ കൂടെനിന്നു. ഇപ്പോൾ ഈ സിനിമ സംവിധാനം ചെയ്യാനുള്ള സമയമായതിനാൽ അതു ചെയ്തു. എന്റെ ഗുരുക്കന്മാർ പഠിപ്പിച്ചതുതന്നെയാണ് എന്റെ മനസ്സിലുള്ള സിനിമ. കുടുംബങ്ങൾക്കു വേണ്ടിയുള്ള ക്ലീൻ സിനിമ. 

ലോഹിതദാസിനെ കാണാൻ‌ വന്നൊരു ചെറുപ്പക്കാരന്റെ കയ്യക്ഷരം ലോഹിക്കു നന്നായി ബോധിച്ചു. സംസാരിച്ചു നോക്കുമ്പോൾ നല്ല നാടക പരിചയവുമുണ്ട്. ലോഹി പറഞ്ഞു: ‘രതീഷ് എന്റെ കൂടെ നിന്നോളൂ’. അവിടെയായിരുന്നു രതീഷ് കുമാറിന്റെ തുടക്കം. അതിനു ശേഷം മനോജ് കുമാറിനൊപ്പം അവൾ പേർ തമിഴരശി എന്ന സിനിമയുടെ സഹ സംവിധായകനായി. പിന്നീടു രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, കമൽ, ലിജോ പെല്ലിശേരി എന്നിവരുടെ കൂടെ ജോലി ചെയ്തു. ആമേൻ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കെ, അതിന്റെ തിരക്കഥ എഴുതിയ പി.എസ്. റഫീഖ് രതീഷിനോടു പറഞ്ഞു, ‘നമുക്കൊരു സിനിമ ചെയ്യാമെന്ന്’. പലതുകൊണ്ടും സിനിമ വൈകിയപ്പോൾ അവർ നാലു വർഷം തൃശ്ശിവപേരൂർ ക്ലിപ്തമെന്ന സിനിമയ്ക്കായി കാത്തിരുന്നു. 

ഈ സിനിമ വളരെ സാധാരണക്കാരുടെ സിനിമയാണ്. രതീഷ് പറഞ്ഞു. നാടക വേദികളിൽനിന്നു കണ്ടെടുത്തവരാണു പലരും. ചരിത്ര പുസ്തകത്തിലെ ഒരേട് എന്നൊരു നാടകം കാണാൻ ഞങ്ങൾ പോയിരുന്നു. അതിലെ പലരും ഇതിലെ കഥാപാത്രങ്ങളായി. ഒരു നാടകത്തിലെ മിക്കവരും ഒരു സിനിമയിലേക്കു വരുന്നതു അപൂർവമാകും. 

ഈ സിനിമ തൃശൂരിലെ അങ്ങാടികളിലാണു പല സീനുകളും ചിത്രീകരിച്ചത്. ആദ്യമെല്ലാം കച്ചവടവും കയറ്റിറക്കും കഴിഞ്ഞ ശേഷം വീണ്ടും ദിവസക്കൂലിക്ക് ആളെ എടുത്താണു  ചിത്രീകരിച്ചത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും താരങ്ങളും അങ്ങാടിക്കാരും തമ്മിൽ പൊരുത്തപ്പെട്ടു. 

നേരെ സംവിധാനത്തിലേക്കു കോണിവച്ചു കയറുന്നവരുടെ നിരയാണു മലയാള സിനിമയിൽ. ഇതെന്റെ രണ്ടാമത്തെ സിനിമയാണെന്നു പറയുന്ന സംവിധായകനോട് ആദ്യ സിനിമ ഏതെന്നു ചോദിച്ചാൽ പറയും, ‘മൊബൈലിൽ എടുത്ത രണ്ടു മിനിറ്റു സിനിമയാണ് ആദ്യത്തേതെന്ന്. ’ അവർക്കിടയിലാണു മലയാളത്തിലെ രണ്ടു തലമുറകളിൽപ്പെട്ട രാജാക്കന്മാരോടെപ്പം ജോലി ചെയ്ത രതീഷ്കുമാർ സംവിധായകനായി എത്തിയത്. ആദ്യ സിനിമയുടെ വിജയത്തോടെ പലരും രതീഷിനെത്തേടി എത്തിത്തുടങ്ങി.