Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ് ‘മഹേഷിന്റെ പ്രതികാരം’; വീണു വിരലൊടിഞ്ഞിട്ടും വിജിലേഷ് പറയുന്നു ‘എന്താലേ’

vijilesh

കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ തിയേറ്റർ സ്റ്റഡീസിൽ പിജി കഴിഞ്ഞപ്പോൾ ദിലീഷ് പോത്തൻ നേരെ സിനിമാസംവിധാനത്തിനു പോയി. അതേ സർവകലാശാലയിൽ ദിലീഷിനൊപ്പം നാടകം കളിച്ചു നടന്നിരുന്ന കക്ഷിയാണ് വിജിലേഷ്. പോകും മുൻപേ ദിലീഷിനോട് വിജിലേഷൊന്ന് സൂചിപ്പിച്ചിരുന്നു: ‘പടത്തിൽ പറ്റിയ എന്തെങ്കിലും വേഷം ഉണ്ടെങ്കിൽ പറയണേ...’ പക്ഷേ ‘ഇതിലൊന്നും ഇല്ലെടാ’ എന്നായിരുന്നു മറുപടി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ദിലീഷിന്റെ ഫോണ്‍. കൊച്ചിയിൽ ഓഡിഷനു വരണം. പപ്പായ മീഡിയയുടെ സ്റ്റുഡിയോയിലായിരുന്നു ഓഡിഷൻ. സ്റ്റുഡിയോയുടെ വാതിൽ തുറന്ന് സ്പീഡിൽ പുറത്തേക്കിറങ്ങി നടന്നോളാൻ പറഞ്ഞു ദിലീഷും സംഘവും. ആ നടത്തത്തിനൊടുവിൽ വിജിലേഷ് ചെന്നുകയറിയത് മലയാള സിനിമയിലേക്കായിരുന്നു, ചലച്ചിത്രപ്രേമികളുടെ മനസ്സിലേക്കായിരുന്നു...വിജിലേഷിന്റെ ആ സ്പീഡിലുള്ള നടത്തത്തിന് ഒരു ‘കാരക്ടർ’ സ്വഭാവമുണ്ടെന്നു പറഞ്ഞായിരുന്നു ‘മഹേഷിന്റെ പ്രതികാര’ത്തിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത് തന്നെ. നമ്മളും ആ നടത്തം തിയേറ്ററിൽ കൺനിറയെ കണ്ടു ചിരിച്ചിട്ടുണ്ട്. പെങ്ങളെ കമന്റടിച്ച ഓട്ടോക്കാരനെ കങ് ഫു പഠിച്ച് ഇടിക്കാൻ പോയപ്പോൾ വിജിലേഷ് പുറത്തെടുത്ത അതേ നടത്തം...

കണ്ണാടിയും ജിലേബിയും

മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് തിരിച്ചറിയപ്പെട്ടതെങ്കിലും അതിനും മുൻപേ നാടകവേദികളിലൂടെ പ്രശസ്തനായിരുന്നു വിജിലേഷ്. നാടകകൃത്ത് ജയപ്രകാശ് കുളൂരിന്റെയും സംവിധായകൻ വിനോദ് കുമാറിന്റെയും സഹകരണത്തോടെ ഒരുക്കിയ തിയേറ്റർ സ്കെച്ചുകളിൽ സുഹൃത്ത് രജീഷിന്(മഹേഷിന്റെ പ്രതികാരത്തിൽ റീചാർജ് കൂപ്പൺ വിൽക്കുന്ന കടക്കാരനായി രജീഷും ഉണ്ട്) ഒപ്പമായിരുന്നു പ്രകടനം. ഇരുവരും ചേർന്ന് കണ്ണാടി, ജിലേബി എന്നീ നാടകങ്ങൾ അഭിനയിച്ചത് ആയിരത്തോളം വേദികളിലാണ്. കൃത്യമായൊരു സ്റ്റേജ് പോലും വേണ്ടാതെ പ്രേക്ഷകരെ കൂടി ഉൾപ്പെടുത്തി ചെയ്യുന്ന നാടകരൂപമാണിത്. സിനിമയിലെത്തിയിട്ടും മൂന്നു മാസം മുൻപു വരെ വിജിലേഷും രജീഷും നാടകത്തിനു വേണ്ടി പിന്നെയും ഒന്നിച്ചു. ഇപ്പോൾ സിനിമയുടെ തിരക്കിൽ നാടകത്തിന് താത്കാലിക വിരാമം. അപ്പോഴും വിജിലേഷ് ഉറപ്പിച്ചു പറയുന്നു: ‘നാടകം വിട്ടൊരു പരിപാടിയില്ല. വൈകാതെ തന്നെ ഞങ്ങൾ വീണ്ടും അരങ്ങിലെത്തും...’

മഹേഷിന്റെ പ്രതികാരം കോമഡി സീൻ

ആദ്യം ‘നവാഗതനായി’

തൃശൂരിൽ നടന്ന രാജ്യാന്തര നാടകോൽസവത്തിലെ പ്രകടനം കണ്ട് തിരക്കഥാകൃത്ത് കലവൂർ രവികുമാറാണ് ആദ്യം വിജിലേഷിനെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ‘നവാഗതർക്ക് സ്വാഗതം’ എന്ന ചിത്രത്തിലൊരു ചെറിയ വേഷം. അതങ്ങനെ സംഭവിച്ചു പോയതാണെന്നു പറയുന്നു വിജിലേഷ്. സിനിമയ്ക്കു വേണ്ടി ചാൻസ് ചോദിച്ച് നടക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചതാണ്. അക്കാദമികമായി നാടകം കൂടുതൽ പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനിടെയാണ് ‘മഹേഷിന്റെ പ്രതികാരം’ സംഭവിക്കുന്നത്. പിന്നെയങ്ങോട്ട് കലി, ഗപ്പി, അലമാര, വർണ്യത്തിൽ ആശങ്ക, തൃശിവപേരൂർ ക്ലിപ്തം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍.  വിമാനം, ചെമ്പരത്തിപ്പൂവ്, കല്ലായി എഫ്എം, ചിട്ടി തുടങ്ങിയ ചിത്രങ്ങൾ വരാനിരിക്കുന്നു. ‘മഹേഷിന്റെ പ്രതികാരം’ പ്രിയദർശൻ തമിഴിലേക്കെടുത്തപ്പോൾ മലയാളത്തിൽ നിന്ന് വിജിലേഷിനെയും കങ്ഫു മാസ്റ്റർ സജിത്തിനെയും ‘നെല്ലിക്കക്കാരനെ ഇടിച്ചിടുന്ന’ സീനിൽ അഭിനയിച്ച രാജേഷിനെയും മാത്രമാണ് തിരഞ്ഞെടുത്തത്. തമിഴിലും ‘പ്രതികാരദാഹിയായ’ സഹോദരന്റെ വേഷം തന്നെ! പക്ഷേ...

ഓടിയതാണ്, ഇപ്പോൾ ചെറിയൊരു ‘ഒടിവ്’

ബാക്കിയെല്ലാ ഭാഗങ്ങളും ഷൂട്ട് ചെയ്ത് വിജിലേഷിന്റെ മാസ്റ്റര്‍പീസ് ഡയലോഗ് ‘എന്താലേ...’ ചിത്രീകരിക്കാനുള്ള പദ്ധതിയിലായിരുന്നു പ്രിയദർശൻ. പക്ഷേ പെങ്ങളെ ശല്യപ്പെടുത്തിയവനെ ഇടിച്ചിട്ട് ഓടിപ്പോകുന്ന രംഗത്തിൽ തമിഴിൽ മാറ്റമുണ്ടായിരുന്നു. ഓടി ഒരു ബസിൽ ചാടിക്കയറുകയാണു വേണ്ടത്. ഇടിച്ച് വിജിലേഷ് ഓടി, പക്ഷേ ബസിന് അൽപം സ്പീഡ് കൂടിപ്പോയി. ഇടതുകൈ കുത്തി റോഡിലേക്ക് ഒരൊറ്റ വീഴ്ച. വിരലിന് ചെറിയൊരു ഒടിവ്, ഒരാഴ്ചയോളമായി പ്ലാസ്റ്ററിട്ട് വിശ്രമത്തിലാണ് വിജിലേഷ്. പക്ഷേ ഷൂട്ടിങ് മുടങ്ങില്ല– കൈ ഒടിഞ്ഞ നിലയിൽ കങ് ഫു മാസ്റ്ററെ കാണാൻ വരുന്ന വിധത്തിലേക്ക് സീൻ മാറ്റിയെഴുതി പ്രിയദർശൻ. അപ്പോഴും തന്റെ ‘എന്താലേ’യ്ക്കു പകരം തമിഴിൽ എന്തായിരിക്കും എഴുതിവച്ചിരിക്കുന്നതെന്ന് ഒരു പിടിയും ഇല്ല വിജിലേഷിന്!

‘സിംഗിൾ’ സിനിമാക്കാരൻ

ആയിരത്തോളം വേദികളിൽ നാടകം കളിച്ചിട്ടും ആരും തിരിച്ചറിയാതിരുന്നിട്ട് ഇപ്പോൾ എവിടെ വച്ച് കണ്ടാലും അഭിനന്ദനങ്ങളും സ്നേഹപ്രകടനങ്ങളുമൊക്കെയായി ആൾക്കാർ ചുറ്റും കൂടുമ്പോൾ വിജിലേഷിന് സന്തോഷമാണ്. അപ്പോഴും നാടകത്തെ തള്ളിപ്പറയില്ല. സ്കൂളിൽ നാടകവും സ്കിറ്റുമൊക്കെ കളിച്ചു നടന്നതുകൊണ്ടു മാത്രമാണ് സംസ്കൃതനാടകം പഠിപ്പിച്ചിരുന്ന എം.കെ.സുരേഷ്ബാബു മാസ്റ്റർ വിജിലേഷിനോട്  ശ്രീശങ്കര സർവകലാശാലയെപ്പറ്റി പറയുന്നത്. അവിടെ നിന്നു ദാ ഇപ്പോൾ സിനിമയിലേക്കും. കോഴിക്കോട് കാരയാട്ടെ വീട്ടിൽ അച്ഛൻ കുഞ്ഞിരാമനും അമ്മ വൽസലയും ചേട്ടൻ രജിലേഷുമൊക്കെ വിജിലേഷിന്റെ നാടകപ്രേമത്തിന് ചെറുപ്പം മുതലേ കട്ടസപ്പോർട്ടാണ്. കൂടെപ്പഠിച്ച ബാക്കിയെല്ലാവരും വിവാഹിതരായി, ഇപ്പോൾ സിനിമാനടനുമായി, ഇനിയെങ്കിലും ഫെയ്സ്ബുക്കിലെ ‘സിംഗിൾ’ സ്റ്റാറ്റസ് മാറ്റിക്കൂടേ എന്ന ചോദ്യത്തിന് ചിരിയോടെയായിരുന്നു വിജിലേഷിന്റെ ഉത്തരം: ‘നോക്കണം, വീട്ടുകാരൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്...’

തമിഴിലെ ‘മഹേഷിന്റെ പ്രതികാര’ത്തിൽ വിജിലേഷിന്റെ ആദ്യഷോട്ട് കഴിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു പ്രിയദർശന്റെ അഭിനന്ദനം. അവിടെയും തകർത്തടിച്ചെന്നു വ്യക്തം. വൈകാതെ തന്നെ പ്രേക്ഷകർക്ക് ഒരുതവണ കൂടി പറയേണ്ടി വരും:

‘ആശാനേ, വിജിലേഷ് കലക്കീട്ടാ....’