Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ കണ്ടത് ഒരു സംവിധായകനും കാണാൻ ആഗ്രഹിക്കാത്ത വേദനിപ്പിക്കുന്ന കാഴ്ച്ച; ഷെബി

bobby-release

അമിതപ്രതീക്ഷകളില്ലാതെ തീയറ്ററിലെത്തുന്ന പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ചെറിയ സിനിമയാണ് ബോബി. മണിയൻപിള്ളരാജുവിന്റ മകൻ നായകനും മിയ നായികയുമായി എത്തിയ ചിത്രം പ്രായത്തിൽ മൂത്ത പെൺകുട്ടിയ വിവാഹം കഴിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. കുടുംബപ്രേക്ഷകർ ചിത്രം സ്വീകരിച്ചുതുടങ്ങുകയും ചെയ്തു. എന്നാൽ സംവിധായകൻ ഷെബി ചൗഘട്ട് ദുഃഖത്തിലാണ്. ഒരു സംവിധായകനും കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ച്ചയാണ് ഷെബിെയ തളർത്തിയിരിക്കുന്നത്. അതിനെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നു.

സിനിമ പ്രേക്ഷകർ സ്വീകരിച്ചെങ്കിലും സംവിധായകൻ വിഷമത്തിലാണോ?

സിനിമ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ എന്റെ സിനിമയ്ക്ക് തിയറ്ററുകളിൽ അധികം ആയുസില്ല എന്ന് അറിയുന്നത് സങ്കടമാണ്. ഈ മാസം ഇരുപത്തിനാലിന് തമിഴ് സിനിമകൾ ഇറങ്ങുന്നുണ്ട്. ആ സിനിമകൾക്ക് വേണ്ടി എന്റെ സിനിമ തിയറ്ററുകളിൽ നിന്നും മാറ്റും. അത് അല്ലാതെ നിവർത്തിയില്ല എന്നാണ് അവർ പറയുന്നത്. ഒരു യാത്രയുടെ ഇടയ്ക്ക് എന്റെ സിനിമയുടെ പോസ്റ്ററിന്റെ പുറത്ത് തമിഴ് സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടു. ഒരു സംവിധായകനെ സംബന്ധിച്ച് ഏറെ സങ്കടപ്പെടുത്തുന്ന കാണാൻ ആഗ്രഹിക്കാത്ത കാഴ്ച്ചയാണത്. സിനിമ പ്രേക്ഷകശ്രദ്ധനേടിയിരുന്നില്ല ആർക്കും ഇഷ്ടമായിരുന്നില്ല എന്നുണ്ടെങ്കിൽ എനിക്ക് വിഷമം വരില്ലായിരുന്നു. ഇതുപക്ഷെ സിനിമ കണ്ട പത്തിൽ എട്ടുപേർക്കും സിനിമ ഇഷ്ടമായി. പലരും അഭിപ്രായങ്ങൾ കേട്ട് സിനിമ കാണാൻ വരുന്നുമുണ്ട്. ഈ അവസരത്തിൽ സിനിമ പോകുന്നത് സങ്കടമാണ്.

പത്മരാജന്റെ രതിനിർവേദം സംസാരിച്ചതും പ്രായത്തിന് മുതിർന്ന സ്ത്രീയോട് തോന്നുന്ന പ്രണയമായിരുന്നു. ബോബി ഒരു ന്യൂജനറേഷൻ രതിനിർവേദമാണോ?

രതിനിർവേദത്തിൽ പപ്പു എന്ന കൗമാരക്കാരന് രതി ചേച്ചിയോട് തോന്നുന്നത് ആരാധന കലർന്ന കാമമാണ്. ബോബി അതരത്തിൽപ്പെട്ട ചിത്രമേയല്ല. പ്രായത്തിൽ മുതിർന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് ഇതിലെ നായകന് അവന്റേതായ കാരണങ്ങളുണ്ട്. പ്രണയം മാത്രമല്ല ഇതിൽ നായകനും നായികയും വിവാഹിതരായിക്കഴിഞ്ഞുള്ള ജീവിതവുമുണ്ട്. കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു സാധാരണ സിനിമയാണ്.

എങ്ങനെയാണ് ഈ പ്രമേയത്തിലേക്ക് എത്തുന്നത്?

എന്റെ കൂട്ടുകാരന്റെ സഹോദരിയുടെ ജീവിതത്തിലെ ഒരു അംശത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഞാൻ ബോബിയുടെ തിരക്കഥ തയാറാക്കുന്നത്. സിനിമയിലെ നായികയെപ്പോലെ പണക്കാരനായ ഒരു യുവാവിനെ ആ കുട്ടിയും പ്രണയിക്കും, എതിർപ്പുകൾ അവഗണിച്ച് അവർ രജിസ്റ്റർ ഓഫീസിൽവച്ച് വിവാഹിതരാകും. എന്നാൽ ചെറുക്കന്റെ വീട്ടുകാർ ബലംപ്രയോഗിച്ച് അവനെ പെൺകുട്ടിയിൽ നിന്ന് അകറ്റും. തിരികെ വീട്ടിൽപോകാൻ സാധിക്കാത്ത കുട്ടി കൊച്ചിയിൽ ഒരു ഫ്ലാറ്റ് എടുത്തു തനിയെ ജോലി കണ്ടെത്തി ജീവിച്ച് കാമുകനുവേണ്ടി നിയമയുദ്ധം നടത്തി അയാളെ നേടിയെടുത്തിട്ടുണ്ട്. ആ കുട്ടിയുടെ പോരാട്ടവും കഷ്ടപ്പാടുകളുമൊക്കെ ഞാൻ നേരിട്ട് കണ്ടതാണ്. അവളിൽ നിന്നാണ് മിയയുടെ കഥാപാത്രം രൂപപ്പെടുന്നത്. എഴുത്ത് പുരോഗമിച്ചപ്പോഴാണ് നിരഞ്ജന്റെ പ്രായംകുറഞ്ഞനായകനെന്ന കഥാപാത്രം മനസിലേക്ക് വരുന്നത്. 

നിരഞ്ജനും മിയയും സിനിമയോട് ആദ്യം തന്നെ യെസ് പറഞ്ഞിരുന്നോ?

ബ്ലാക്ക്ഡാലിയ എന്ന ചിത്രത്തിൽ നിരഞ്ജന് വില്ലനായി അഭിനയിച്ചിട്ടുണ്ട്. വീണ്ടുമൊരു സിനിമയിൽ അഭിനയിക്കാൻ തിരക്കഥകൾ കേട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ ചെല്ലുന്നത്. കഥ വായിച്ചിട്ട് ഒരു ആഴ്ച്ച കഴിഞ്ഞ് അഭിപ്രായം പറയാം എന്നായിരുന്നു പറഞ്ഞത്, പക്ഷെ പിറ്റേന്ന് തന്നെ അനുകൂലമായ മറുപടിയുമായി വിളിച്ചു. മിയയോട് ആദ്യം പ്രായക്കുറവുള്ള നായകന്റെ നായികയാണെന്ന് പറഞ്ഞപ്പോൾ താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ തിരക്കഥ വായിച്ചതോടെ അവർക്കും സിനിമ ചെയ്യാൻ താൽപര്യമായി. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം മിയ അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് ബോബി.