Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർ, സിവിൽ സര്‍വീസ്, പിന്നെ സിനിമയും: മാസാണ് സൈമണിന്റെ സൃഷ്ടാവും

dr-ambady-pokkiri-simon

സിവിൽ സർവീസിന്റെ ലോകത്തു നിന്ന് എഴുത്തിലേക്കും ചലച്ചിത്രങ്ങളിലേക്കുമൊക്കെ വന്നവർ ഏറെയാണ്. മലയാറ്റൂരും, ഡോ.ഡി.ബാബു പോളും വേണുവും തുടങ്ങി ഒട്ടേറെപ്പേരുണ്ട് അക്കൂട്ടത്തിൽ. നടൻ വിജയ്‍യോടുള്ള ആരാധന തലയ്ക്കു പിടിച്ച പുത്തൻ ചിത്രം, പോക്കിരി സൈമണിന്റെ തിരക്കഥയെഴുതിയതും ഒരു സിവിൽ സർവീസ്കാരനാണ്. കേരള സർക്കാരിന്റെ ഐ ആൻഡ് പിആർഡി ഡയറക്ടറായ ഡോ.കെ. ആമ്പാടി. പോക്കിരി സൈമൺ തീയറ്റർ യാത്ര തുടങ്ങുമ്പോൾ ഡോക്ടറും എഴുത്തുകാരനും കൂടിയായ അമ്പാടിയ്ക്ക് എന്താണ് പറയാനുള്ളതെന്നറിയാം.

‌അതായത്...തിരുവനന്തപുരത്തെ പിആർഡി ഓഫിസിലെ ഡയറക്ടറുടെ മുറിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വരെയുള്ള ദൂരം നടന്നെത്തുന്നതിനിടയിൽ അമ്പാടി പറഞ്ഞ ചില കാര്യങ്ങളാണ് നമ്മൾ വായിക്കാൻ പോകുന്നത്.

എങ്ങനെയായിരുന്നു പോക്കിരി സൈമണിലേക്ക് എത്തിയത്?

പോക്കിരി സൈമണിലേക്ക് വളരെ യാദൃശ്ചികമായിട്ടായിരുന്നു അത്. മറ്റൊരു ചിത്രത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് ചെങ്കൽച്ചൂള കോളനിയിലേക്കു പോയിരുന്നു. അവിടത്തെ ആളുകളുമായി കുറേ നേരം വർത്തമാനം പറഞ്ഞിരുന്നു. അതിനിടയിൽ കയറിവന്നതാണ് ഇങ്ങനെയൊരു കഥാപാത്രം. താരാരാധന തലയ്ക്കു പിടിച്ച ഒത്തിരി ആളുകളെ അവിടെ കാണാനായി. രസകരമാണ് അവരുടെ കാര്യം. അവിടത്തെ ജീവിത പശ്ചാത്തലത്തിന് ഒരു കഥയോളം ആഴമുണ്ടെന്ന് തോന്നി. അപ്പോൾ അത് ആസ്പദമാക്കി സിനിമ ചെയ്താലോ എന്നു ചിന്തിച്ചു അങ്ങനെയാണ് പോക്കിരി സൈമണിലേക്കെത്തിയത്. 

ഒരു സോഷ്യല്‍-എന്റർടെയ്ൻമെന്റ് ചിത്രമാണ് ഞങ്ങൾ മുന്നോട്ടുവച്ചത് അതിന്റെ പശ്ചാത്തലം വിജയ് ആരാധകർ ആണെന്നേയുള്ളൂ. ആ പശ്ചാത്തലം ചെങ്കൽച്ചൂള എന്ന സ്ഥലത്തു നിന്ന് കിട്ടിയതാണന്നേയുള്ളൂ. ഒത്തിരി വിജയ് ഫാൻസുമായിട്ടൊക്കെ സംസാരിച്ചിട്ടാണ് തിരക്കഥാ രചനയിലേക്കു കടന്നത്. മോഹൻലാൽ-മമ്മൂട്ടി ഫാൻസ് തമ്മില്‍ അല്ലെങ്കിൽ വിജയ്-സൂര്യ ഫാൻസ് തമ്മിലൊക്കെ എപ്പോഴും രസകരമായ തർക്കങ്ങളും വഴക്കും നടക്കുമല്ലോ. സിനിമയിൽ അത്തരം സാഹചര്യങ്ങളൊന്നുമേയില്ല. അങ്ങനെയല്ലാതെ പോയത് അതിന്റെ പ്രമേയം ഒരു ഫാൻസ് മൂവി അല്ല എന്നതുകൊണ്ടാണ്. അതേസമയം ഇതൊരു മാസ് എന്റർടെയ്നറാണ്. അതിനുവേണ്ട ചേരുവകളെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്്. അടി പിടി തമാശ വഴക്ക് പാട്ടുകൾ എല്ലാം ചേരുംപടി ചേർന്നുവന്നിട്ടുണ്ട്

ഇവിടെ ഒരു ആശയം പങ്കുവയ്ക്കുന്നുണ്ട്. ആ ആശയത്തിലേക്ക് എത്തുന്നതിനുള്ള പശ്ചാത്തലം മാത്രമാണ് പോക്കിരി സൈമൺ എന്ന വിജയ് ആരാധകൻ. അല്ലാതെ ഇത് വിജയ് ഫാൻസിന്റെ കഥയല്ല. അവരിലൂടെ സാമൂഹിക പ്രസക്തിയുള്ള ഒരു കാര്യം ആവിഷ്കരിക്കുന്നുവെന്നേയുള്ളൂ. മമ്മൂട്ടി-മോഹൻലാൽ ആരാധകരുടെ കഥ, അല്ലെങ്കിൽ എന്തുകൊണ്ട് ‌സൂര്യ ഫാൻസിന്റെ കഥ പറഞ്ഞില്ല, എന്നുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇതാണ്. 

സിനിമ നിലപാടുകൾ എന്താണ്?

എനിക്ക് വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം. ഇതിനു മുൻപ് 'അയാൾ' എന്ന ചിത്രമായിരുന്നു എഴുതിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ അതിന് അഞ്ച് അവാര്‍ഡുകൾ കിട്ടിയിരുന്നു. സിനിമ നിലപാട് എന്താണെന്ന് ചോദിച്ചാൽ അതാണ് പറയാനുള്ളത്. ഒന്നിനോടൊന്ന് വ്യത്യസ്തമായ ചിത്രങ്ങളായിരിക്കണം ചെയ്യുന്നതെല്ലാം. പോക്കിരി സൈമൺ അങ്ങനെ വന്നതാണ്. ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമാകണം അടുത്തത് എന്നാണ് എന്റെ ചിന്ത. ഇനി തീർത്തും റിയലിസ്റ്റിക് ആയ ഒരു ചിത്രം ചെയ്യണമെന്നാണ് പദ്ധതി. 

എന്താണീ പോക്കിരി സൈമണ്‍?

ഫീൽ ഗുഡ് എന്റർടെയ്നറാണ്. ഒരു ഫെസ്റ്റിവൽ മൂഡ് ഉള്ള ചിത്രം. വീക്കൻഡുകൾ ആഘോഷമാക്കാനാകുന്ന ചിത്രം. വണ്‍ ടൈം വാച്ച് മൂവി. അല്ലാതെ ഇത് ഉദാത്തമായ ചിത്രമൊന്നുമല്ല. ‍ഞങ്ങൾ അങ്ങനെ ഇക്കാര്യം ഒരിടത്തും അവകാശപ്പെട്ടിട്ടുമില്ല. ഇത് വലിയൊരു സംഭവമാണ് എന്നൊക്കെ വിചാരിച്ച്, ആ ചിന്താഗതിയോടു കൂടി സിനിമ കാണാൻ കയറുന്നവർക്ക് നിരാശയായിരിക്കും ഫലം. ഒരു നിമിഷം പോലും ലാഗ് ചെയ്യില്ല. കുടുംബ പ്രേക്ഷകർക്ക് നന്നായി ആസ്വദിക്കാനാകുന്ന ചിത്രം.

വിജയ് ഫാൻസിന്റെ പ്രതികരണം എങ്ങനെയായിരുന്നു?

വളരെ ആവേശകരമായിരുന്നു അവരുടെ പ്രതികരണം. ഞാൻ ഒത്തിരി വിജയ് ആരാധകരുമായി സംസാരിച്ച ശേഷമാണ് തിരക്കഥയെഴുത്തു തുടങ്ങിയതു തന്നെ. ഒത്തിരി രസകരമായിരുന്നു ആ സംസാരമൊക്കെ. അവരുടെ ലൈഫ് ഒത്തിരി രസകരമാണ്. നമുക്കൊരിഷ്ടം തോന്നുന്ന ആളുകൾ. എല്ലാവരും തിരുവനന്തപുരത്ത് ജീവിച്ചിരിക്കുന്നവരാണ്. അവരിൽ ചിലരാണ് കഥാപാത്രങ്ങളായതും.

ഞാൻ ഒരിക്കൽ തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരുമായി സംസാരിച്ചിരുന്നു ഈ വിഷയം. അന്ന് ദിവ്യ പറഞ്ഞു, എന്റെ അപ്പയും ഇതുപോലെ വിജയ് ആരാധകനാണ്. സർ, തീർച്ചയായും ഒരിക്കൽ അപ്പയോട് സംസാരിക്കണം എന്ന്. ഇതിൽ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം ഒരു റിയൽ ലൈഫ് കാരക്ടറാണ്. പ്രൊഫസർ സീതാരാമൻ എന്ന നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം റിയൽ ലൈഫിൽ ദിവ്യയുടെ അച്ഛനാണ്. അദ്ദേഹം വിഎസ്‍സിയിൽ ഉദ്യോഗസ്ഥനാണ്. കടുത്ത വിജയ് ഫാൻ. 

അപ്പാനി ശരത് അവതരിപ്പിക്കുന്ന ലൗ ടുഡേ ഗണേഷ് എന്നൊരു കഥാപാത്രമുണ്ട്. ലൗ ടുഡേ ശ്രീനാഥ് എന്നു പേരുള്ളൊരു പയ്യൻ തിരുവനന്തപുരത്തു തന്നെയുണ്ട്. പോക്കിരി റിയാസ് എന്നയാൾ കൊല്ലത്തുളളതാണ്. ആ പേരിൽ നിന്നല്ല പക്ഷേ പോക്കിരി സൈമൺ എന്ന പേര് സിനിമയ്ക്കു വന്നത്. സൈജു കുറുപ്പ് ചെയ്യുന്ന ബീമാപ്പള്ളി നൗഷാദ് എന്ന കഥാപാത്രവും റിയൽ ആണ്. അതുപോലെ സിനിമയിലെ പല കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരാണ്. നമുക്കവരെ പലയിടങ്ങളിലായി കാണാം.

വിമർശനങ്ങളും ഒത്തിരി വരുന്നുണ്ടല്ലോ?

സിനിമയുടെ പേര് തന്നെ അറിയാമല്ലോ, പോക്കിരി സൈമൺ എന്നാണ്. ഇതൊരു കളർഫുൾ മാസ് എന്റർടെയ്നറാണ്. ഒരു ക്ലാസ് പടം പ്രതീക്ഷിച്ച് വരരുത്. ഭീകരമായ, ഉദാത്തമായ എന്തൊക്കെയോ ആശയങ്ങൾ ഉണ്ട് എന്ന് ചിന്തിക്കരുത്. രണ്ടു മണിക്കൂർ പത്തു മിനുട്ട് അടിച്ചു പൊളിച്ച് രസിച്ച് റിലാക്സ് ചെയ്ത് മടങ്ങാനുള്ള ചിത്രം. അതിനെ ആ രീതിയിൽ തന്നെ കാണണം. ഇതൊരു ബുദ്ധിജീവി സിനിമയല്ല. ആ പ്രതീക്ഷയില്ലാതെ വന്നാൽ കൊടുക്കുന്ന പൈസ നമുക്ക് വസൂലാക്കാം. 

നമ്മൾ ഒരു എന്റർടെയ്ൻമെന്റ് ആയിട്ട് എഴുതിയ ചിത്രത്തെ അതേ മാനസിക നിലയിൽ കാണാൻ വരണം. റിയൽ വിജയ് ഫാൻസിന്റെ പക്ഷത്തു നിന്ന് നമുക്കൊത്തിരി പ്രതീക്ഷ തരുന്നൊരു സമീപനമാണ് ആദ്യം മുതൽക്കേയുണ്ടാകുന്നത്. ഇപ്പോഴുമതേ. നമ്മൾ ശരിയ്ക്കും ഒരു സിനിമയോടുള്ള ആളുകളുടെ പ്രതികരണം എന്തെന്ന് അറിയണമെങ്കിൽ തീയറ്ററിനുള്ളിലേക്ക് ടിക്കറ്റ് കീറി നമ്മെ കടത്തിവിടുന്ന ചേട്ടൻമാരോടു ചോദിക്കണം. അവർ പറഞ്ഞു തരും. ഒരു മാസ് സിനിമയെ സംബന്ധിച്ച് അവരുടെ അഭിപ്രായമാണ് ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. നമുക്കൊത്തിരി പ്രചോദനം തരുന്ന രീതിയിലാണ് അവർ ആദ്യം മുതൽ‌ക്കേ സംസാരിക്കുന്നത്. 

വിമര്‍ശനങ്ങളിൽ ഭൂരിപക്ഷവും ഓർക്കസ്ട്രേറ്റഡ് ആണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.  

എങ്ങനെയാണീ ഡോക്ടർ-സിവിൽ സർവീസ്-തിരക്കഥാകൃത്ത് കോമ്പിനേഷൻ?

അതങ്ങനെ സംഭവിച്ചതാണ്. ചെറുപ്പം മുതൽക്കേ സിനിമയും നാടകവുമൊക്കെ ഒത്തിരിയിഷ്ടമുണ്ടായിരുന്നു. സിനിമയോട് പിന്നെ ഒത്തിരിയിഷ്ടമായി. എഴുതാൻ ഒത്തിരി ഇഷ്ടമാണ്. കുഞ്ഞിലേ മുതൽക്കേ ഒപ്പമുള്ളൊരു ഇഷ്ടമാണത്. കഥയെഴുത്തും, നാടകമെഴുതി സംവിധാനം ചെയ്യലും എല്ലാമുണ്ടായിരുന്നു. അവസരങ്ങൾ കിട്ടുമ്പോഴൊക്കെ ഇവയ്ക്കൊപ്പം കൂടുമായിരുന്നു. സ്വാഭാവികമായും സിനിമയോടും ഇഷ്ടം വരുമല്ലോ. അങ്ങനെയാണ് സിനിമയിലേക്കെത്തിയത്. പരിണമിച്ചു വന്നത് അങ്ങനെയാണ്. 

ജോലിയും ജീവിതവും എഴുത്തും...

സമയം പ്രശ്നം തന്നെയാണ്. ഐആന്‍ഡ് പിആർഡി ഡയറക്ടർ ആകുമ്പോഴുള്ള തിരക്കും തലവേദനയും. ഇപ്പോൾ നിങ്ങളോടു സംസാരിച്ചതു തന്നെ എന്റെ ഓഫിസിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നടന്നെത്തുന്ന ദൂരത്തിനിടയ്ക്കാണ്. പക്ഷേ ഈ സിനിമയ്ക്കായി ഞാൻ അധികം ലീവ് എടുത്തിട്ടില്ല. ആകെ രണ്ടാഴ്ചയോ മറ്റോ ഉള്ളൂ. ഇവിടേയ്ക്കു വരുന്നതിനു മുൻപേ തന്നെ എഴുത്ത് ഏകദേശം പൂർത്തിയാക്കിയിരുന്നു. ഒരു വർഷത്തോളം എടുത്തു പഠനത്തിനും എഴുത്തിനുമായി. 

പിന്നെ എഴുത്ത് ഇഷ്ടമാണ്. അപ്പോൾ നമ്മൾ സമയം കണ്ടെത്തിക്കോളുമല്ലോ. വെളുപ്പിനോ അല്ലെങ്കിൽ യാത്രയ്ക്കിടയിലോ ഒക്കെയായിട്ടാണ് ഈ തിരക്കഥയൊക്കെ എഴുതിയത്. 

ഇടയ്ക്ക് പ്രശാന്ത് നായർ ഐഎസുമായി ചേർന്ന് തിരക്കഥയെഴുതിയിരുന്നല്ലോ?

അതെ. അത് ഞങ്ങൾ എഴുതി പൂര്‍ത്തിയാക്കിയിരുന്നു. ഷൂട്ടിങ് വരെയെത്തി. പക്ഷേ പിന്നീട് അത് നടന്നില്ല. ഇപ്പോൾ പ്രശാന്ത് മറ്റൊരു സിനിമയുടെ തിരക്കിലാണ്. അദ്ദേഹമാണ് തിരക്കഥയെഴുതിയത്.

സിവിൽ സർവീസ് സുഹൃത്തുക്കളായിരിക്കുമല്ലോ അധികവും. അവരുടെ പ്രതികരണം എങ്ങനെയാണ്?

അങ്ങനെ കരുതുകയേ ചെയ്യരുത്. എന്റെ സുഹൃദ് വലയത്തിൽ എല്ലാ തലത്തിലുള്ള ആൾക്കാരുമുണ്ട്. ഓട്ടോറിക്ഷ ചേട്ടന്‍മാര്, കട നടത്തുന്നവർ, അധ്യാപകര്‍, വ്യാപാരികൾ, സർക്കാർ ഉദ്യോഗസ്ഥർ. അങ്ങനെ പലരും. ആ ബന്ധങ്ങളെല്ലാം നിലനിർത്തുന്നൊരാൾ കൂടിയാണ്. ആ സൗഹൃദങ്ങളൊക്കെയാണ് വ്യത്യസ്തമായ എഴുത്തുകുത്തുകളിലേക്കുള്ള വഴിതുറക്കുന്നതും.സുഹൃത്തുക്കളിൽ ചിലർ കണ്ടു, ചിലർക്ക് കാണാനുള്ള പ്ലാൻ ഉണ്ട്. കണ്ടവരിൽ ചിലർ അഭിപ്രായം പറഞ്ഞു. അത്രയേയുള്ളൂ.

എന്റെ ഓഫിസിലുള്ളവരൊക്കെ കണ്ടുവരുന്നേയുള്ളൂ. കണ്ടവരൊക്കെ നല്ല അഭിപ്രായമാണു പറഞ്ഞത്. ഡയറക്ടറായതു കൊണ്ടാണോ പറഞ്ഞതെന്ന് അറിയില്ല...

സർവീസ് ചട്ടങ്ങളൊക്കെ സിനിമയിലേക്കുള്ള യാത്രയ്ക്കു തടസമായില്ലേ?

എന്റെ സീനിയർ ഉദ്യോഗസ്ഥരൊക്കെ വലിയ പിന്തുണയാണു തന്നത്. സർവീസ് ചട്ടപ്രകാരം എഴുതുന്നതിന് പ്രശ്നമൊന്നുമില്ല. അതിന് പ്രത്യേകം അനുവാദം വാങ്ങണം എന്നേയുള്ളൂ. നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിൽ തടസം വരാതെ നോക്കണം. പിന്നെ ഒരിക്കലും സർവീസിൽ ഇരുന്നുകൊണ്ട് സർക്കാരിനെതിരെ ഒരു പ്രമേയം അവതരിപ്പിക്കാനാകില്ല എന്നേയുള്ളൂ. രാജിവച്ച് പുറത്തുപോന്നാൽ എന്തും എഴുതാം.

സിനിമയോടുള്ള ഇഷ്ടമാണോ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ എത്തിച്ചത്?

തീർച്ചയായും. സിവിൽ സർവീസ് പരീക്ഷയില്‍ എന്റെ മൂന്നാമത്തെ ഓപ്ഷൻ ആയിരുന്നു ഐഐഎസ്. 153ാമത്തെ റാങ്ക് ആയിരുന്നു. 2002 ബാച്ച്. ആ റാങ്കിന് ഇതിനു മുകളിലുള്ള സർവീസുകൾ കിട്ടുമായിരുന്നു. പക്ഷേ എനിക്കിതിനോടായിരുന്നു താൽപര്യം. ഈ മേഖലയോടു കൂടുതൽ അടുത്തു നിൽക്കാം. 

എനിക്ക് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാനൊക്കെ ഇഷ്ടമായിരുന്നു. പക്ഷേ മെ‍ഡിസിനിലേക്കു പോയി. അവിടേയ്ക്കു പഠിക്കാനായി പോകാൻ ഒരു സാധ്യതയും ഒരിക്കലും കണ്ടില്ല. പക്ഷേ ഐഐഎസിന്റെ ഭാഗമായി എനിക്ക് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനുള്ള അവസരം കിട്ടി. മാസ് കമ്യൂണിക്കേഷൻ പഠിക്കാനായി. അതുപോലെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങളിൽ പങ്കാളിയാകാനായി. അതൊക്കെ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ്. 

വിജയ്‍യെ ഈ ചിത്രം കാണിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?

തീർച്ചയായും. അദ്ദേഹം ഇപ്പോള്‍ ഇന്ത്യക്കു  പുറത്താണ്. തിരികെ വരുമ്പോള്‍ സ്ക്രീൻ ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ട്. 

വീട്, സിനിമയ്ക്കപ്പുറം

വീട് ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലാണ്. ആലപ്പുഴ മെഡിക്കൽ കോളജിലാണു പഠിച്ചത്. സിനിമയ്ക്കപ്പുറം എഴുത്താണ് ഇഷ്ടം. പിന്നെ വായന, അതുപോലെ അത്യാവശ്യം മൃദംഗമൊക്കെ വായിക്കും. പാട്ടുകളൊക്കെ ഇഷ്ടമാണ്. അതൊക്കെയാണ് ലോകം.