Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോൾ ചെറുതാണോയെന്ന് ദുൽഖർ നോക്കിയില്ല; സൗബിൻ

soubin-sulquer

ക്രിസ്പിനോ ഫക്രുവോ അല്ല, ഇതു സംവിധായകൻ സൗബിൻ ഷാഹിർ. വർഷങ്ങൾക്കു മുൻപേ മനസ്സിൽ കൂടുകൂട്ടിയ ‘പറവ’ ആദ്യ സ്വതന്ത്ര സിനിമയായി പറന്നുയരുമ്പോഴും അവകാശവാദങ്ങളൊന്നുമില്ലാതെ അഭിനയത്തിരക്കുകൾക്കു നടുവിലാണു താരം.

‘പറവ’ വന്ന വഴി 

ഇത് എന്റെ ചെറുപ്പകാലത്തു നടന്ന കാര്യങ്ങളാണ്. കൊച്ചിയിൽ പ്രാവിനെ പറത്തൽ മൽസരങ്ങൾ നടത്താറുണ്ട്. ഏറ്റവും കൂടുതൽ സമയം പറന്ന് അതേ സ്ഥലത്തു തിരിച്ചെത്തുന്ന പ്രാവാണു വിജയി. ഇതിനായി പ്രാവുകളെ ഓമനിച്ചു വളർത്തുന്ന കുട്ടികളുണ്ട്. അവരുടെ സൗഹൃദത്തിന്റെ കൂടി കഥയാണിത്. ഏഴെട്ടുവർഷം ഞാനും പ്രാവിനെ വളർത്തിയിരുന്നു.  

പ്രാവും കുട്ടികളും 

രണ്ടു വർഷത്തോളം നീണ്ട പ്രയത്നമാണ് ഈ സിനിമ. പ്രാവുകളുമായി കുട്ടികളെ ഇണക്കുന്നതിനായി ഒരു വർഷത്തോളം വേണ്ടിവന്നു. ഓഡിഷനിൽ പറ്റിയ കുട്ടികളെ കിട്ടാതെ വന്നപ്പോൾ മട്ടാഞ്ചേരിയുടെ പലഭാഗത്തും തിരഞ്ഞാണ് സാധാരണക്കാരായ കുട്ടികളെ പ്രധാന വേഷങ്ങളിലേക്കായി കണ്ടെത്തിയത്. ഒരു വർഷത്തോളം കൂടെ താമസിപ്പിച്ച് പ്രാവിനു തീറ്റ കൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പഠിപ്പിച്ചു. അതിനു ശേഷമാണു ഷൂട്ട് ചെയ്തത്. അതിനും വേണ്ടിവന്നു ഒരു വർഷം. 

ദുൽഖർ സിംപിൾ 

കഥയെക്കുറിച്ച് മുൻപൊരിക്കൽ പറഞ്ഞപ്പോൾ തന്നെ എനിക്കും ഇതിൽ അഭിനയിക്കണമെന്നു ദുൽഖർ പറഞ്ഞിരുന്നു. അത്രയ്ക്കു സൗഹൃദമുണ്ട്. റോൾ ചെറുതാണോ വലുതാണോ എന്നൊന്നും നോക്കാതെയാണ് ദുൽഖർ വന്നത്. 25 മിനിറ്റേയുള്ളൂ.  

സൗഹൃദം ശക്തി 

പതിനാലു വർഷത്തിലേറെ അസിസ്റ്റന്റായും അസോസിയേറ്റായും സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഗുരുക്കൻമാരും കൂട്ടുകാരുമെല്ലാം ഒരേ ആളുകൾ തന്നെയാണ്. ‘പറവ’യ്ക്കു മുൻപ് വേറൊരു കഥ ആലോചിച്ചിരുന്നു. ‘അന്നയും റസൂലും’ എന്ന ചിത്രത്തിന്റെ സെറ്റിൽ ഫഹദിനോട് ആ കഥ പറയാൻ ചെന്നപ്പോഴാണ് നിർബന്ധിച്ച് അഭിനയിപ്പിച്ചത്. പ്രതീക്ഷിക്കാതെ നടനായപ്പോഴും സിനിമ ഡയറക്ട് ചെയ്യുക തന്നെയായിരുന്നു ഏറ്റവും വലിയ ആഗ്രഹം.