Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ ധൈര്യം; മാമാങ്കം സംവിധായകൻ അഭിമുഖം

mammootty-mamankam

വള്ളുവക്കോനാതിരിയുടെ ചാവേറുകൾ. നിലപാടു തറയിൽ ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന സാമൂതിരിയുടെ മുന്നിലേക്കു ചീറ്റപ്പുലി പോലെ ചാടിവീഴാൻ നിയോഗിക്കപ്പെട്ട യോദ്ധാക്കൾ. അകമ്പടി സേനയെയും അംഗപുരുഷൻമാരെയും കടന്ന് സാമൂതിരിയെ കൊല്ലാനായില്ലെങ്കിൽ ജീവൻ പോകുമെന്നുറപ്പ്. പതിനേഴാം നൂറ്റാണ്ടിൽ ഭാരതപ്പുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ടകാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർജനിക്കുകയാണ്; ‘മാമാങ്കം’ സിനിമയിലൂടെ. പ്രമേയം കൊണ്ടും മുതൽമുടക്കു കൊണ്ടും മലയാളത്തിലെ ‘ചലച്ചിത്രമാമാങ്ക’മായി മാറുന്ന ചിത്രത്തിൽ മമ്മൂട്ടി ചാവേറായി എത്തുന്നു. കരിയറിലെ ഏറ്റവും വലിയ ചിത്രമായാണു മമ്മൂട്ടി ‘മാമാങ്ക’ത്തെ വിശേഷിപ്പിച്ചത്. 

 സ്വപ്നത്തിലേക്കുള്ള യാത്ര 

പന്ത്രണ്ടു വർഷത്തിലൊരിക്കലാണു തിരുനാവായ മണപ്പുറത്തു മാമാങ്കം അരങ്ങേറിയിരുന്നത്. തന്റെ ആദ്യ സിനിമാ സ്വപ്നത്തിനു പിന്നാലെ സംവിധായകൻ സജീവ് പിള്ള നടത്തിയ യാത്രയും 12 വർഷത്തിലധികം നീളുന്നതാണ്. ‘ലോകത്തിലെ തന്നെ അപൂർവമായ ചരിത്ര മുഹൂർത്തമാണു മാമാങ്കം. ആ സങ്കൽപത്തിനു തന്നെ മൗലികത ഏറെയാണ്. കാഴ്ചയിലെ പകിട്ടിനപ്പുറം വൈകാരികമായ കുറെ വിഷയങ്ങൾ ഇതിനു പിന്നിലുണ്ട്’ – സജീവ് പിള്ള പറയുന്നു. ഡൽഹിയിൽ ടെലിവിഷൻ ഇന്റർനാഷനലിൽ പ്രവർത്തിച്ചിരുന്ന സജീവ് ഈ സിനിമയുടെ ഗവേഷണങ്ങൾക്കായാണു നാട്ടിലേക്കു മടങ്ങിയത്. ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രോജക്ടുകൾ ചെയ്ത പരിചയമുണ്ട്. 1999–2000 മുതൽ വിഷയം പഠിച്ചുതുടങ്ങി. തിരുനാവായയിലും പെരിന്തൽമണ്ണയിലുമെല്ലാം താമസിക്കുകയും ഒട്ടേറെ ചരിത്രകാരൻമാരുമായി സംസാരിക്കുകയും ചെയ്തു. ഒപ്പം സിനിമാ മേഖലയിലും പ്രവർത്തിച്ചു. 

 മനസ്സിൽ തെളിഞ്ഞത് മമ്മൂട്ടി 

എഴുത്തിന്റെ അവസാനഘട്ടമെത്തിയപ്പോൾതന്നെ നായകനായി മമ്മൂട്ടിയുടെ രൂപമാണു മനസ്സിൽ തെളിഞ്ഞത്. ‘താപ്പാന’യുടെ സെറ്റിൽ വച്ച് ആദ്യമായി കഥ പറഞ്ഞു. ‘ബാവൂട്ടിയുടെ നാമത്തിൽ’ ചിത്രീകരിക്കുമ്പോൾ പൂർണമായ സ്ക്രിപ്റ്റ് കേൾപ്പിച്ചു. അന്നുമുതൽ അദ്ദേഹം നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ ധൈര്യം – സജീവ് പറയുന്നു. 2010ൽ സ്ക്രിപ്റ്റ് റജിസ്റ്റർ ചെയ്തു. പ്രോജക്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടെങ്കിലും ഇത്രയും മുതൽമുടക്കിൽ സിനിമ ചെയ്യാൻ ആരും തയാറാകാതിരുന്നതാണ് ‘മാമാങ്കം’ നീണ്ടുപോകാൻ ഇടയാക്കിയത്. തിരക്കഥയിൽ പൂർണവിശ്വാസമർപ്പിച്ച് വേണു കുന്നപ്പിള്ളി എന്ന നിർമാതാവ് എത്തിയതോടെയാണ് ഒടുവിൽ സിനിമ യാഥാർഥ്യമാകുന്നത്. 

 കഥാപാത്രങ്ങളേറെ, കളരിമുറകളും 

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ നിന്നുള്ളവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം. അതിൽ നിന്നാണു കഥയുണ്ടാക്കിയത്. മമ്മൂട്ടിയോടൊപ്പം യോദ്ധാക്കളായ നാലു കഥാപാത്രങ്ങൾകൂടി പ്രാധാന്യത്തോടെയെത്തുന്നു. എഴുപതോളം ഉപ കഥാപാത്രങ്ങളുമുണ്ട്. വൻജനക്കൂട്ടം ഉൾപ്പെടുന്ന രംഗങ്ങളാണ് ഭൂരിഭാഗവും. കളരി അടിസ്ഥാനമാക്കിയുള്ള ആയോധനമുറകൾ ചിത്രത്തിലുടനീളമുണ്ട്. 

 ചിത്രീകരണം വെല്ലുവിളി 

ലൊക്കേഷൻ, താരങ്ങൾ, ടെക്നീഷ്യൻസ് എന്നിവയുടെ കാര്യത്തിൽ ഏകദേശ തീരുമാനം ആയെങ്കിലും പ്രഖ്യാപനം പിന്നീടേ ഉണ്ടാകൂ. പൂർണമായ ബജറ്റ് പുറത്തുവിട്ടിട്ടില്ല. ബജറ്റിന്റെ വലുപ്പം പറഞ്ഞുള്ള നമ്പർ ഗെയിമിൽ താൽപര്യമില്ലെന്നാണു സംവിധായകന്റെ പക്ഷം. ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരൻമാരാണ് ചിത്രത്തിൽ സഹകരിക്കുക. ഭാരതപ്പുഴയുടെ തീരം പാടേ മാറിയതിനാൽ യഥാർഥ ലൊക്കേഷൻ ഉപയോഗപ്പെടുത്താൻ പരിമിതിയുണ്ട്. ഗ്രാഫിക്സിനും സെറ്റിനും പ്രാധാന്യമുണ്ടാകും. അതേസമയം, ഫാന്റസി ശൈലിയിലുള്ള ഗ്രാഫിക്സ് ഒഴിവാക്കി യാഥാർഥ്യത്തോടു ചേർന്നുനിൽക്കുന്ന അവതരണമാണ് ഉദ്ദേശിക്കുന്നത്. ‘മാമാങ്കം’ എന്ന ടൈറ്റിൽ നവോദയ സന്തോഷപൂർവം നൽകിയെങ്കിലും പഴയ മാമാങ്കം എന്ന സിനിമയുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും സംവിധായകൻ പറയുന്നു. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങാനാണു ശ്രമം. അഞ്ചോ ആറോ ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രീകരിക്കുക. ഓരോ ഷെഡ്യൂളിനു മുൻപും റിഹേഴ്സൽ ക്യാംപും ആലോചിക്കുന്നു. 

  മാമാങ്കം 

നാവാമണപ്പുറത്ത് മാഘമാസത്തിൽ അരങ്ങേറിയിരുന്ന മഹോൽസവം. അറബിനാടുകളിൽ നിന്നും ഗ്രീസിൽ നിന്നും ഉൾപ്പെടെ കച്ചവടക്കാർ. നാട്ടരചൻമാരും ആനപ്പടയും കുതിരപ്പടയും കാലാൾപ്പടയും നിരന്ന വേദികൾ. സംഗീതസദസ്സുകളും വാൾപ്പയറ്റും കളരിയഭ്യാസവും മല്ലയുദ്ധവും. കോഴിക്കോട് സാമൂതിരി രക്ഷാപുരുഷസ്ഥാനം കയ്യടക്കിയതോടെ പ്രതികാരത്തിനെത്തിയ വള്ളുവക്കോനാതിരിയുടെ ചാവേറുകൾ തലയറ്റുവീണത് മാമാങ്ക വേദികളെ ചുടുനിലമാക്കി. ചേരരാജാക്കൻമാരുടെ കാലത്തുതുടങ്ങിയ മാമാങ്കം അവസാനം നടന്നത് 1755ൽ ആണെന്നു ചരിത്രസാക്ഷ്യം.