Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ജയസൂര്യ, ഇന്ന് രാജാമണി; വിനയൻ പറയുന്നു

vinayan-senthil

ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് സംവിധായകൻ വിനയൻ. നടൻ കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന സിനിമയിൽ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുന്നുണ്ട്. ഇടവേളയ്ക്ക് ശേഷമാണ് അമ്മ സംഘടനയിലെ അംഗങ്ങൾ വിനയൻ ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ വിശേഷങ്ങൾ മനോരമ ന്യൂസ് ഡോട്ട് കോമിനോട് സംവിധായകൻ പങ്കുവയ്ക്കുന്നു.

ശരിക്കും കലാഭവൻ മണിയുടെ ജീവിതമാണോ ഇൗ ചിത്രം?

കലാഭവൻ മണിയുടെ ജീവിതം അപ്പാടെ പകർത്തുകയല്ല ഇൗ സിനമയിൽ ചെയ്യുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ഇത് പറയുന്നത്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഒരാൾ വളർന്നു വലിയ കലാകാരനായി വളർന്നു വരുന്നതും അയാൾക്ക് ജാതിയുടെ പേരിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടും മാറ്റിനിർത്തപ്പെടലുകളുമെല്ലാം സിനിമയിൽ ഉണ്ട്. കലാഭവൻ മണിയുടെ ചെറുപ്പം മുതലുള്ള ജീവിതം ഇതിലുണ്ടാകും. കഥയും സംവിധാനവും ഞാൻ തന്നെയാണ്. തിരക്കഥ ഉമ്മർ മുഹമ്മദ് എന്ന പുതുമുഖ എഴുത്തുകാരനാണ് ഒരുക്കിയിരിക്കുന്നത്. 

രാജാമണിയിലേക്ക് എത്തുന്നതെങ്ങനെ?

മണിയുടെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് അദ്ദേഹത്തിനോട് സാമ്യമുള്ള ഒരു മുഖമായിരുന്നു അന്വേഷിച്ചത്. മണി മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന ആളാണല്ലോ അതുകൊണ്ട് അത്യാവശ്യം മിമിക്രി പറയുന്ന ഒരാളെ വേണമായിരുന്നു. പിന്നെ ഇരുണ്ട നിറവും അയാൾക്ക് ആവശ്യമായിരുന്നു. അധികം തടിയും വേണ്ടായിരുന്നു. അങ്ങനെയാണ് രാജാമണിയിലേക്ക് എത്തുന്നത്. എന്റെ ഭാര്യയാണ് സീരിയൽ കണ്ടിട്ട് അയാളുടെ പേര് നിർദേശിക്കുന്നത്. സെന്തിൽ എന്നാണ് യഥാർഥ പേര്. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേര് രാജാമണി എന്നാണ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിലാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്.

ഞാൻ നമ്പർ കണ്ടെത്തി വിളിച്ചപ്പോൾ അയാൾ അമേരിക്കയിൽ പരിപാടിക്ക് പോയിരിക്കുകയായിരുന്നു. ഞാൻ വിളിച്ചതറിഞ്ഞ് തിരിച്ചു വിളിച്ചു. എനിക്ക് പറ്റിയ നല്ല വേഷം വല്ലതും ഉണ്ടോ സാറെ എന്ന് സെന്തിൽ ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, ഏതെങ്കിലും ചെറിയ വേഷത്തിലേക്കല്ല, തന്നെ നായകനാക്കിയാലോ എന്നാണ് ഞാന്‍ ‍ആലോചിക്കുന്നതെന്ന്. ഉടൻ സാറേ എന്നോരു വിളിയായിരുന്നു അപ്പുറത്ത് നിന്ന്  കേട്ടത്. അർധപ്രജ്ഞനായ അയാളുടെ മുഖവും എനിക്ക് ആ വിളിയിൽ കാണാമായിരുന്നു.

ഇതിനുമുമ്പ് ജയസൂര്യയിൽ നിന്നാണ് ഞാൻ അത്തരമൊരു വിളി കേട്ടത്. ഉൗമപ്പെണ്ണിന് ഉരിയാടാപ്പയ്യനിൽ നായകനായി വിളിച്ചപ്പോൾ ജയസൂര്യയുടെ പ്രതികരണവും ഇതായിരുന്നു. അയാൾ സിനിമയിൽ ചാൻസ് അന്വേഷിച്ച് നടക്കുന്ന സമയമായിരുന്നു. ഞാൻ വിളിച്ചപ്പോൾ എന്തെങ്കിലും ഡയലോഗുള്ള സീൻ കിട്ടുമെന്നായിരുന്നു ജയസൂര്യയുടെ പ്രതീക്ഷ. അപ്പോഴാണ് നായകനാണെന്ന് പറഞ്ഞത്. അന്നും ഇങ്ങനെയൊരു സാറേ വിളിയാണ് അയാളിൽ നിന്നുണ്ടായത്.

അമേരിക്കയിൽ നിന്ന് വന്നയുടനെ എയർപോർട്ടിലിറങ്ങി രാവിലെ 5മണിക്ക് രാജാമണി എന്നെ വിളിച്ചു. സാറെ ഞാൻ‌ നാട്ടിലെത്തി, വീട്ടിലേക്ക് വരട്ടെ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു താൻ വീട്ടിൽ പോയി വിശ്രമിച്ച് പതുക്കെ വന്നാൽ മതി എന്ന്, എങ്കിലും രാവിലെ എട്ടു മണിയായപ്പോൾ അയാൾ എന്റെ വീട്ടിലെത്തി.

മറ്റുകഥാപാത്രങ്ങൾ?

സലിംകുമാറാണ് കലാഭവൻ മണിയുടെ അച്ഛനായി അഭിനയിക്കുന്നത്. ജനാർദ്ദനൻ, ധർമജൻ, രമേഷ് പിഷാരടി, ശ്രീജിത്ത് രവി, പൊന്നമ്മ ബാബു, ജോജു മാള, ജോയി മാത്യു, ഹണിറോസ് തുടങ്ങി ഒട്ടേറെ താരങ്ങൾ സിനിമയിലുണ്ട്. ഇടവേളയ്ക്ക് ശേഷമാണ് അമ്മയിലെ അംഗങ്ങൾ എന്റെ സിനിമയിൽ അഭിനയിക്കുന്നത്. ആൽഫ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ബിജിപാലാണ് സംഗീതം. ആറു പാട്ടുകൾ ചിത്രത്തിലുണ്ട്. മണിയുടെ രണ്ട് പാട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൗ മാസം 16 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 

മൂന്ന് പുതിയ കുട്ടികളാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. മാൻഹോളിലൂടെ ശ്രദ്ധേയായ രേണുവാണ് ഒരു നായികാ വേഷം ചെയ്യുന്നത്.