Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജോയ്’ഫുൾ ജയസൂര്യ

punyalan-movie.jpg.image.845.440

യുക്തിയില്ലാത്ത ചെയ്തികളോട് പ്രതികരിക്കുന്ന ജോയ് താക്കോൽക്കാരനേയും തൃശൂർ ഭാഷയിലുളള അയാളുടെ വർത്തമാനവും  അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ പുണ്യാളന്‍ അഗർബത്തീസ് കമ്പനിയും തീയറ്ററിൽ എത്തിയിരിക്കുകയാണ്. ഞങ്ങൾ പറയാന്‍ ആഗ്രഹിച്ചതാണ് ഈ താക്കോൽക്കാരൻ പറഞ്ഞതെന്നാണ് ജനപക്ഷം. ജോയ് താക്കോൽക്കാരനെ അവതരിപ്പിച്ച ജയസൂര്യയോടൊപ്പം താക്കോൽക്കാരന്റെ പുതിയ വിശേഷങ്ങൾ ഒന്ന് അപ്‍േഡറ്റ് ചെയ്തു വരാം....

എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്....

ജോയ് താക്കോൽക്കാരൻ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളേയും തുറന്നടിച്ച് പറയുന്നയാളാണ്. നമ്മളിൽ ഒരാളായിട്ട് സംസാരിക്കുന്നയാളാണ്. ബിസിനസ് ചെയ്ത് ജീവിക്കുന്ന ഒരുപാട് പേരെ എനിക്ക് അറിയാം. ഒരു ബിസിനസ് തുടങ്ങുമ്പോൾ അവർ ഒരുപാട് നൂലാമാലകളിലൂടെയാണ് കടന്നുപോകുന്നത്. ജീവിതം തന്നെ വെറുത്തുപോകുന്ന ഒരോ സംഭവങ്ങൾ. പല തരത്തിലുള്ള അനുമതികൾ വേണ്ടതായുണ്ട്. ചില കാര്യങ്ങളിൽ സർക്കാരുദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥ ആളുകളെ വിഷമത്തിലാക്കും. ജോയ് താക്കോൽക്കാരൻ അതിലൊന്നും തളാരാതെ യുദ്ധം ചെയ്യുന്ന ഒരാളാണ് . അയ്യേ എന്നു പറയിപ്പിക്കുന്ന ഒരു തമാശ പോലും ഈ സിനിമയിൽ ഇല്ല. 

അവരെല്ലാം ഒന്നു തന്നെയാണു പറയുന്നത്

സിനിമ കണ്ട് എല്ലാവരും പറയുന്ന ഒരേ ഒരു കാര്യം ഞങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങളുള്ള ഒരു സിനിമയാണ് ഇതെന്നാണ്.ജോയ് താക്കോൽക്കാരന്റെ ശബ്ദമല്ല. ഇത് ഞങ്ങളുടെ ജനങ്ങളുടെ ശബ്ദമാണ് എന്നാണ് മിക്ക നിരൂപണങ്ങളിലും വന്നത്. 

ജയസൂര്യയും ജോയ് താക്കോൽക്കാരനും

ജോയ് താക്കോൽക്കാരനുമായി ജയസൂര്യയ്ക്ക് വലിയ അകലമില്ല. അതായിരിക്കും അദ്ദേഹത്തെ എനിക്ക് ഇഷ്ടപ്പെടാൻ കാരണം. അങ്ങനെയൊരു ചിന്താഗതിയുള്ള വ്യക്തിയാണ് രഞ്ജിത് ശങ്കറും. ചിത്രത്തിന്റെ രണ്ടാം ഭാഗം വന്നതും അതുകൊണ്ടാണ്.

ഇതിലെ കഥാപാത്രങ്ങളെ ഇതിനുമുമ്പ് മിസ് ചെയ്തിട്ടുണ്ട്. ആടിലെ പിങ്കി ആടിനെ പോലെ ജോയ് താക്കോൽക്കാരനേയും ഞാന്‍ ഓർക്കാറുണ്ട്. പുണ്യാളൻ‌ രണ്ടാം ഭാഗം നടക്കുമെന്ന് അറിയില്ലായിരുന്നു. തൃശൂർ വഴി പോകുമ്പോൾ ഞാൻ ഓർക്കാറുണ്ട് ജോയിയെ‌. അതിലെ കഥാപാത്രങ്ങളെയും. നമ്മൾ കൂടുതൽ ആത്മാർഥമായി ചെയ്യുന്ന കുറേ കഥാപാത്രങ്ങളുണ്ട്. അത് നമ്മെ വിട്ട് പോകുകയില്ല. ഞാൻ അഭിനയിച്ച് എല്ലാ കഥാപാത്രങ്ങളും എന്നിലുണ്ട്. 

തൃശൂർ ഗഡിയായി

ഇത്തവണ തൃശൂർക്കാരനായിട്ട് തന്നെയാണ് എനിക്ക് എന്നെത്തന്നെ തോന്നിയത്. അതാണ് മറക്കാനാവാത്ത കാര്യം. ഇത്തവണ പുണ്യാളൻ ചെയ്യുന്ന സമയത്ത് ഒരുപാട് പേര് വിളിച്ചിരുന്നു. പ്രേക്ഷകരുടെ സ്നേഹം തിരിച്ചറിയാൻ പറ്റി. നമ്മൾ അവർക്ക് പരിചിതരായ ആരൊക്കെയോ ആണെന്നുള്ള ഒരു ഫീൽ ഉണ്ടായിരുന്നു അവിടെ ചെന്നപ്പോൾ. ഷൂട്ടിങ് ലൊക്കേഷനിലൊക്കെ എനിക്കത് അനുഭവിക്കാനായി. തൃശൂർകാരുടെ ഗഡി ആയ പോലെ.

പ്രൊഡ്യൂസറും വിതരണക്കാരനുമാകാനുള്ള ധൈര്യം

ഞാനും രഞ്ജിത്തും ഒരുമിച്ച് നാലു പടങ്ങൾ ചെയ്തപ്പോഴും വിതരണത്തിൽ കിട്ടുന്ന ഷെയറോ മറ്റു കാര്യങ്ങളോ ഒന്നും അറിയില്ലായിരുന്നു. അതൊക്കെ അറിയാൻ പറ്റിയത് ഇതിന്റെ ഡിസ്ട്രിബ്യൂട്ടറും പ്രൊഡ്യൂസറും ആയതുകൊണ്ടാണ്. അതിന്റെ കണക്കുകളും കാര്യങ്ങളും വ്യക്തമായിട്ട് അറിയാം. രഞ്ജിത് എന്ന ആത്മാർഥ സുഹൃത്ത് ഉള്ളത് തന്നെയാണ് ധൈര്യം. അതുകൊണ്ടാണ് ഇതൊക്കെ ചെയ്യാൻ പറ്റിയത്. അല്ലെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എന്റെ  മനസ്സിൽ തന്നെ ഉറങ്ങി കിടന്നേനെ. 

ജോയ് താക്കോൽക്കാരനല്ല വിഷയം

ഈ സിനിമയ്ക്ക് വളരെ ശക്തമായൊരു അടിത്തറ ആദ്യമേ ഉണ്ടായിരുന്നു. അതൊരിക്കലും ജോയ് താക്കോൽക്കാരനുവേണ്ടി ഉണ്ടാക്കിയതല്ല. രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള ഒരു  സിനിമയായിരുന്നെങ്കില്‍ ഒരിക്കലും ഇത്ര നല്ല കഥ ഉണ്ടാവില്ലായിരുന്നു. നേരെമറിച്ച് ഇതിന്റെ കഥയും സന്ദർഭവുമെല്ലാം വേറെയായിരുന്നു. വലിയ ഡയലോഗുകളൊക്കെ പറയുന്ന ഒരു നായകനായിട്ടാണ് ജോയ് താക്കോൽക്കാരൻ വന്നതെങ്കിൽ അതെത്രമാത്രം ശരിയാകും എന്നറിയില്ല. പക്ഷേ ഇവിടെ ജോയ് സാധാരണക്കാർക്കിടയിൽ നിന്ന് അവരുടെ ഒരു ചിന്താഗതി ഉൾക്കൊണ്ടാണ് സംസാരിക്കുന്നത്. അത് കുറച്ച് നർമ്മം കലർത്തിയും, ആളുകൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ‌ പറ്റുന്ന രീതിയിലുമൊക്കെയാണ് പറഞ്ഞിരിക്കുന്നത്. 

മനപൂർവ്വം ചെയ്ത കാസ്റ്റിങ്

ഗിന്നസ് പക്രു  ഒരു ബാങ്കിന്റെ ജനറൻ മാനേജരായിട്ടാണ് എത്തിയത്. അങ്ങനെ ചെയ്താൽ എങ്ങനെയാവും എന്ന് ആർക്കും സംശയം തോന്നാം. അദ്ദേഹത്തിന്റെ പൊക്കക്കുറവിനെ തമാശയായിട്ട് മിക്കപ്പോഴും ഇതുവരെ സിനിമ കൈകാര്യം ചെയ്തിട്ടുള്ളത്.നമ്മൾ അങ്ങനെയല്ല. കാരണം, അദ്ദേഹം വ്യക്തിപരമായ ജീവിതത്തിൽ തന്നെ വിജയിച്ചിട്ടുള്ള ഒരാളാണ്. ആ വ്യക്തിയെ അതേപടി സിനിമയിൽ എത്തിക്കുകയായിരുന്നു. 

ഈ സിനിമയിൽ വളരെ വ്യത്യസ്തമായിട്ടുളള കാസ്റ്റിങ്ങ് ആയിരിക്കണം എന്നൊരു ആഗ്രഹം എനിക്കും രഞ്ജിത്തിനും  ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് നമ്മൾ ഒരുപാടു ചര്‍ച്ചകളും നടത്തിയതാണ്. ഒരു പാട് തവണ ഈ സിനിമയുടെ സ്ക്രിപ്റ്റുമായിട്ട് ഞങ്ങൾ ഒരുമിച്ചിരുന്നതാണ്. ഒരുമിച്ചു ചെയ്ത നാലു സിനിമകളിൽ ഞങ്ങളിരുവരും ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള സിനിമയും ഇതാണ്. ഒരിക്കലും ഒരാളും ചിന്തിക്കില്ല അജയകുമാർ ഈ കഥാപാത്രം ചെയ്താൽ എങ്ങനെ ഇരിക്കുമെന്ന്. അങ്ങനെ ഒരു കഥാപാത്രം അദ്ദേഹം ചെയ്യട്ടെ, ചെയ്താൽ നന്നായിരിക്കും എന്നു തോന്നി. അങ്ങനെയാണ് അജയകുമാറിനെ നമ്മൾ വിളിച്ചത്. അത് അദ്ദേഹത്തിനു പോലും വിശ്വസിക്കാൻ പറ്റിയില്ല. ഗംഭീരമായിട്ടാണ് അദ്ദേഹം അതു ചെയ്തതും. 

വിജയരാഘവന്റെ കാര്യം പിന്നെ പറയേണ്ടല്ലോ

കുട്ടേട്ടൻ(വിജയരാഘവന്‍) എന്നു പറയുന്നത്  എത്രയോ വർഷമായിട്ട് സിനിമയിൽ ഉള്ള ഒരു വ്യക്തിയാണ്. വേണമെന്നുണ്ടെങ്കിൽ മൂപ്പർക്ക്, ഞാൻ ഇത്രയും എക്സ്പീരിയൻസ്‍ഡ് ആയിട്ടുളള ഒരു ആക്റ്റർ അല്ലേ, ഈ കഥാപാത്രം എന്റെ കൈയിൽ സുരക്ഷിതമാണ് എന്നും പറഞ്ഞ് വളരെ അനായാസും വന്നു ചെയ്യാം. പക്ഷേ അങ്ങനെയല്ല, ഈ കഥാപാത്രത്തിന്റെ ആഴമറിഞ്ഞ് തലവരെ മൊട്ടയടിച്ചാണ് ആ മനുഷ്യൻ വന്നത്. ആ കഥാപാത്രത്തെ അത്രയ്ക്ക് മികച്ചതാക്കണം എന്നൊരു ആഗ്രഹം ആ വ്യക്തിക്ക് ഉണ്ട്. സിനിമയോടുള്ള വിശപ്പ് ഇതുവരെ അടങ്ങിയിട്ടില്ല എന്നതാണ് കാര്യം. ഏതൊരു നല്ല ആക്റ്ററും അങ്ങനെതന്നെയാണ്. ആ വിശപ്പ് എന്ന് അടങ്ങുന്നോ അന്ന് അദ്ദേഹത്തിന് സിനിമയില്ലാതാവുകയാണ്. അത് ആർക്കാണേലും അങ്ങനെതന്നെയാണ്. ഇതിനുവേണ്ടി ഹാർഡ് വർക്ക് ചെയ്തോണ്ടേയിരിക്കുക എന്നതൊരു സംഭവമാണ്. അത് അദ്ദേഹം ചെയ്യുന്നുണ്ട്, ഈ പ്രായത്തിലും. അത് നമ്മൾ പഠിക്കേണ്ടതായിട്ടുള്ള ഒരു കാര്യമാണ് അത്. 35-40 വർഷം  കഴിഞ്ഞു അദ്ദേഹം സിനിമയിൽ എത്തിയിട്ട്. അത്രയൊക്കെ ആകുമ്പോൾ സ്വാഭാവികമായും ഒരാൾ എന്തിനാണ് ഇനി ഇതൊക്കെ എന്നു ചിന്തിക്കില്ലേ. കുട്ടേട്ടന്റെ നിഘണ്ടുവിലേ ഇല്ല ഇക്കാര്യം. 

പുണ്യാളൻ മൂന്നാം ഭാഗം വരമോ?

കാര്യങ്ങൾ എങ്ങനെയാണന്നു നോക്കട്ടെ. ഇവിടത്തെ മാറ്റങ്ങൾ എങ്ങനെയാണെന്നു നോക്കട്ടെ. എനിക്കു തോന്നുന്നത്, അഞ്ചു വർഷത്തിനു ശേഷം ഇവിടെ പൂണ്യാളൻ 3 ക്ക് സ്കോപ്പുണ്ട് എന്നാണ്.