Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ അനുസരണം, ഇനി അതാണു കാലം

sanal

ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇരുനൂറോളം സിനിമകൾ പ്രദർശിപ്പിച്ചു. പക്ഷേ ആ മേള ശ്രദ്ധിക്കപ്പെട്ടത് പ്രദർശിപ്പിക്കാത്ത ഒരു സിനിമയുടെ പേരിലായിരുന്നു. എസ് ദുർഗയുടെ പേരിൽ. ആ സിനിമയുടെ സംവിധായകൻ സനൽകുമാർ ശശിധരൻ സംസാരിക്കുന്നു:

 ചലച്ചിത്രോത്സവത്തിൽ നിന്ന് എസ് ദുർഗയെ പുറത്താക്കാനുള്ള അധികൃതരുടെ അത്യുത്സാഹവും താങ്ങളുടെ പോരാട്ടവും ചരിത്രത്തിന്റെ ഭാഗമാണ്. എസ് ദുർഗയുടെ സെൻസർ സർട്ടിഫിക്കറ്റ്  റദ്ദായിരിക്കുന്നു. താങ്കളുടെ അടുത്ത നീക്കം എന്താണ്?

ഞങ്ങൾ കേരള ഹൈക്കോടതിയെ സമീപിക്കും. സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ ചലച്ചിത്രോത്സവ ജൂറിക്കു മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ അതിലെ ചില അംഗങ്ങൾ സിനിമയുടെ പേര് എഴുതിയ രീതിയിലുള്ള എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് മുംബൈ സെൻസർ ബോർഡ് ഈ തീരുമാനം എടുത്തത്. അവർ ഈ സിനിമ കണ്ടിട്ടില്ല. കാണാതെ തന്നെ തീരുമാനം എടുത്തത് ഒരു തെറ്റ്. തീരുമാനത്തിനു മുൻപ് ഞങ്ങളോട് വിശദീകരണം ചോദിക്കാത്തത് മറ്റൊരു തെറ്റ്. നീതിയും ന്യായവുമെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. യഥാർഥത്തിൽ ഹൈക്കോടതി ഉത്തരവ് മറികടക്കാനാണ് തിടുക്കത്തിൽ ഇതു ചെയ്തത്.

 ആരാണ് ചെയ്തത്?

വാർത്താവിതരണ മന്ത്രാലയം. അവർ ആവശ്യപ്പെടുന്നു. സെൻസർ ബോർഡ് അനുസരിക്കുന്നു. ഇതൊരു സന്ദേശമാണ്. സർക്കാരിന് ഇഷ്ടപ്പെടാത്ത സിനിമയ്ക്ക് ഇനി സെൻസർ ബോർഡിന്റെ അനുമതിയും കിട്ടില്ല

 ഇത്രയും ഗുരുതരമായ സ്ഥിതി എത്തിയിട്ടും സിനിമയിലെ സ്ഥിരം പ്രതികരണക്കാർ പോലും മിണ്ടുന്നില്ല, ഇത്തരം കാര്യങ്ങളിൽ സജീവമാകാറുള്ള ഇടതുപക്ഷവും മൗനത്തിലാണ്?

കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. നിലപാടുള്ളവരെ രണ്ട് പേർക്കും ഇഷ്ടമല്ല. സിനിമയുടെ പേര് മാറ്റണം എന്നു പറഞ്ഞപ്പോൾ ഞാൻ എതിർത്തു. അതോടെ കേന്ദ്രത്തിലുള്ളവർക്ക് ഇഷ്ടമില്ലാതായി. തിരുവനന്തപുരം രാജ്യാന്തര മേളയിൽ മലയാള സിനിമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനെ ഞാൻ എതിർത്തു. അതോടെ ഇവർക്കും ഇഷ്ടമില്ലാതായി. എതിർക്കരുത്. അഭിപ്രായം ഉണ്ടാകരുത്. അനുസരിക്കണം. അതാണ് രണ്ടു കൂട്ടരും ആഗ്രഹിക്കുന്നത്.

 സമാന്തരസിനിമാക്കാരെയും കാണുന്നില്ലല്ലോ?

അതിനു കാരണം രാഷ്ട്രീയമല്ല. അസൂയയാണ്. 

 ഗോവയിൽ അംഗീകരിക്കപ്പെട്ടവരിൽ ശക്തമായി അഭിപ്രായം പറയുന്നവരുണ്ടായിരുന്നു. അവരും പ്രതികരിച്ചില്ല

ഇപ്പോൾ അവരുടെ പൊള്ളത്തരം പുറത്തു വന്നില്ലേ. നൂറു പേർ കയ്യടിക്കും എന്ന് ഉറപ്പുള്ള കാര്യം പറയാനുള്ള ധീരതയേ അവർക്കുള്ളു.

പക്ഷേ ഗോവയിൽ മറിച്ചുള്ള അനുഭവവും ഉണ്ടായി. കനേഡിയൻ സംവിധായിക ഗോയാത്തേ തന്റെ സിനിമ പ്രദർശിപ്പിക്കുന്നതിനു മുൻപ് എസ് ദുർഗ പ്രദർശിപ്പിക്കാത്ത നടപടിയെ എതിർക്കുന്നതായും തന്റെ സിനിമ എസ് ദുർഗയ്ക്ക് സമർപ്പിക്കുന്നതായും സദസ്സിനു മുന്നിൽ പ്രഖ്യാപിച്ചു. 13 അംഗ ജൂറിയിൽ എസ് ദുർഗയെ പിന്തുണച്ച എട്ടു പേരും നേരത്തെ രാജിവച്ചവരും സർക്കാരിന്റെ അനിഷ്ടം നേടി. അവർ സിനിമാരംഗത്ത് ഇപ്പോഴും പ്രവർത്തിക്കുന്നവരാണ്. അവരുടെ ധീരതയും നാം കണ്ടു.

 ഇപ്പോൾ പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത് പേരല്ല?

പേര് എഴുതിയ രീതിയാണല്ലോ. എസ് കഴിഞ്ഞ് ദുരുദ്ദേശ്യത്തോടെ മൂന്ന് ഹാഷ് ഇട്ടിരിക്കുന്നു എന്നാണ് ആരോപണം. അത് ഹാഷ് അല്ല, അക്ഷരങ്ങൾ മായ്ച്ചു കളഞ്ഞതാണ്. ദുരുദ്ദേശ്യമൊന്നും ഇല്ല.

 തിരുവനന്തപുരം മേളയിൽ എസ് ദുർഗ ഉണ്ടാകുമോ?

കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടാകും, തിരുവനന്തപുരത്ത് പ്രദർശിപ്പിക്കാനാകും എന്നു പ്രതീക്ഷിക്കുന്നു.