ADVERTISEMENT

അഭിനയം തനിക്കു പറ്റിയ പണിയല്ലെന്ന് കാളിദാസ് തന്നെത്തന്നെ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് സുധ കൊങ്കരയുടെ വിളി വരുന്നത്. അഭിനയം വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും ‘സത്താറി’നെക്കുറിച്ച് കേട്ടപ്പോൾ മനസ്സു പറഞ്ഞു: ഇതിൽ അഭിനയിക്കേണ്ടി വരില്ല!

 

‘‘സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസിൽ എത്തിയ സമയം. ഒരുദിവസം സുധ കൊങ്കരയുടെ ഫോൺ കോൾ: ഒരു സിനിമ ചെയ്യുന്നുണ്ട്. കഥ പറയാനാണ്. ഇപ്പോൾ സിനിമ വേണ്ടെന്നുവച്ചിരിക്കുകയാണെന്നു പറഞ്ഞെങ്കിലും കഥ കേൾക്കാമെന്നു വാക്കു കൊടുത്തു. ‘‘വളരെ ബ്രില്യന്റായ സംവിധായികയാണവർ. അവരുടെ ചിത്രങ്ങളും എനിക്കിഷ്ടമാണ്. ഒരിക്കലെങ്കിലും അവരുടെ കൂടെ വർക്ക് ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. സിനിമ വേണ്ടെന്നുവച്ചിരുന്നെങ്കിലും കഥ കേട്ടപ്പോൾ ‘പാവ കഥൈകൾ’ ചെയ്യണമെന്നു തോന്നി. ഇപ്പോൾ തോന്നുന്നു, ആ തീരുമാനം ശരിയായിരുന്നു എന്ന്. തിരിച്ചുവരവ് ഇത്രയും ഭംഗിയാകുമെന്നു ഞാനൊരിക്കലും കരുതിയിരുന്നതല്ല.’’

 

നാലു ചെറുചിത്രങ്ങളുടെ കൂട്ടായ്മയായ ‘പാവ കഥൈകളിൽ’ സുധ കൊങ്കര ഒരുക്കിയ ‘തങ്കം’ എന്ന ചിത്രത്തിലെ സത്താർ എന്ന കഥാപാത്രത്തെയാണു കാളിദാസ് ജയറാം അവതരിപ്പിച്ചത്. യഥാർഥത്തിൽ ശരവണൻ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് സുധ കൊങ്കര കാളിദാസിനെ സമീപിക്കുന്നത്. സത്താറാകാൻ മലയാളത്തിലും തമിഴിലുമുള്ള പലരെയും അവർ സമീപിച്ചിരുന്നു. പക്ഷേ, പല പല കാരണങ്ങൾ കൊണ്ട് അവരൊന്നും അഭിനയിക്കാൻ തയാറായില്ല. അങ്ങനെയാണു കാളിദാസിലേക്കെത്തുന്നത്.

 

പരിശീലനം ഒരുപാട്

 

‘‘ലൊസാഞ്ചലസിൽ നിന്നു തിരികെ വന്നപ്പോഴേക്കും ഞാൻ നല്ലപോലെ തടി വച്ചിരുന്നു. സുധാ മാമിനെ കാണാൻ ചെന്നപ്പോൾ അവർ ഞെട്ടിപ്പോയി. തടി കുറയ്ക്കണം, അല്ലാതെ ശരിയാവില്ല എന്നൊക്കെ പറഞ്ഞു. കുറച്ചു ദിവസം സമയം ചോദിച്ച് ഞാൻ മടങ്ങി. ഒന്നര മാസംകൊണ്ടു 12 കിലോയാണു കുറച്ചത്. സത്താറാകാനുള്ള ആദ്യ ചുവടായിരുന്നു അത്.

വണ്ണംകുറച്ചു കഴിഞ്ഞ് ആദ്യം ട്രാൻസ് വുമണായ ജീവയെ കണ്ടു. ട്രാൻസ് വിഭാഗക്കാരെ തിരശീലയിലെത്തിക്കുമ്പോൾ നല്ലപോലെ ശ്രദ്ധിക്കണമെന്നു തീരുമാനിച്ചിരുന്നു; മിമിക്രിയോ അതിനാടകീയതയോ ഇല്ലാതെ, അവരെങ്ങനെയാണോ അതുപോലെ തന്നെ. ജീവ സിനിമാ ഫീൽഡിലെ എന്റെ സുഹൃത്താണ്. അവരോടു കുറെ സംസാരിച്ചിരുന്നു. അവർ മറ്റു പല ട്രാൻസ്ജെൻഡറുകളെയും പരിചയപ്പെടുത്തി. അവരോടും സംസാരിച്ചു. അവരെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. തിയറ്റർ ആർട്ടിസ്റ്റായ കലൈറാണിയും എന്നെ ഏറെ സഹായിച്ചു.’’

 

വിടാതെ സത്താർ

 

‘‘10 ദിവസം ചാർട്ട് ചെയ്ത ചിത്രീകരണം 8 ദിവസം കൊണ്ടു പൂർത്തിയാക്കി. അപ്പ ‘മഴവിൽക്കാവടി’ ചെയ്ത അതേ സ്ഥലത്തായിരുന്നു ഷൂട്ടിങ്. അപ്പ അന്നു താമസിച്ച അതേ ലോഡ്ജിൽത്തന്നെ താമസവും. അതെല്ലാം നന്നായി ആസ്വദിച്ചു. ഒരു സീനും അഭിനയിക്കാൻ പ്രത്യേകിച്ചു ബുദ്ധിമുട്ടു തോന്നിയില്ല. സത്താർ എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാനായിരുന്നു തയാറെടുപ്പു വേണ്ടിയിരുന്നത്. അതു കഴിഞ്ഞ് അഭിനയത്തിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

 

ഷൂട്ടിങ് കഴിഞ്ഞും ഏറെ നാളുകൾ ഞാൻ സത്താറിനെപ്പോലെയായിരുന്നു. മാനസികമായി തളർന്നു. അമ്മയും അനിയത്തി ചക്കിയുമൊക്കെയാണ് അതു മുഴുവൻ സഹിക്കേണ്ടിവന്നത്. ചിത്രീകരണം കഴിഞ്ഞു മാസങ്ങൾക്കു ശേഷമാണ് സത്താറിൽനിന്നു ഞാൻ മുക്തനായത്.’’

 

തിരിച്ചുവരവ് ഗംഭീരം

 

നിഴലുകളിൽ പോലും ഭയം നിറയ്ക്കുന്ന ക്ലൈമാക്സ് സീനുകളിൽ പക്വത നിറഞ്ഞ അഭിനയമാണു കാളിദാസ് കാഴ്ചവച്ചത്. കൺമഷി പടർന്ന്, പാതി ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കു വരുന്ന കാളിദാസിൽ ആ കഥാപാത്രം പൂർണത നിറയ്ക്കുമ്പോൾ, പ്രേക്ഷകരും അത്തരമൊരു തിരിച്ചുവരവു പ്രതീക്ഷിച്ചിരുന്നു. ആ കാത്തിരിപ്പു വെറുതേയായില്ല. സത്താർ, കാളിദാസിന്റെ തിരിച്ചുവരവു തന്നെയാണ്.

 

‘‘സിനിമയിലും ജീവിതത്തിലും പ്ലാൻ ചെയ്ത പോലൊന്നും നടക്കില്ലല്ലോ. പക്ഷേ, പ്ലാൻ ചെയ്യാത്തവയ്ക്കായിരിക്കും കൂടുതൽ ഭംഗി. പാവ കഥൈകൾക്കു ശേഷമാണ് ‘പുത്തൻ പുതുകാലൈ’ ചെയ്യുന്നത്. പക്ഷേ, ആദ്യം റിലീസായത് ആ സിനിമയായിരുന്നു. നന്നായി ആസ്വദിച്ചു ചെയ്ത സിനിമയാണ് അതും. അപ്പയുടെ ചെറുപ്പമായിട്ടാണ് അതിൽ വേഷമിട്ടത്. പാവ കഥൈകൾ കൂടി റിലീസായതോടെ ഒരുപാടുപേർ വിളിച്ച് അഭിനന്ദിച്ചു. ഒരുപക്ഷേ, ഇതു ശരിയായില്ലെങ്കിൽ സിനിമ പൂർണമായും വേണ്ടെന്നു വയ്ക്കുമായിരുന്നു. ചക്കിയും അപ്പയും അമ്മയും സിനിമ കണ്ടു കരഞ്ഞു. എന്നെ ഏറ്റവും കൂടുതൽ വിമർശിക്കുക ചക്കിയാണ്. അവളടക്കം എന്നെ അഭിനന്ദിച്ചു. ഇനി മേലാൽ ഇങ്ങനെ കരയിപ്പിക്കുന്ന സിനിമ ചെയ്യരുതെന്നാണ് അവളുടെ ഉപദേശം. എനിക്കു കിട്ടിയ ഏറ്റവും വലിയ അഭിനന്ദനമാണത്.’’ 

 

പുതുവത്സരാഘോഷം

 

‘‘ഇത്തവണ ഡബിൾ ഹാപ്പിയായാണ് ആഘോഷങ്ങൾ. പ്രത്യേകിച്ചൊന്നും ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. പുതിയ പ്രോജക്ടുകളെക്കുറിച്ചും ചിന്തിക്കുന്നില്ല. ഈ നിമിഷം ഞാൻ ഹാപ്പിയാണ്. അത് ആസ്വദിക്കണം. സ്വപ്നങ്ങൾ ഇല്ലെന്നല്ല. ഇപ്പോൾ അങ്ങനെ പ്രത്യേകമായി ഒന്നും എടുത്തു പറയാനില്ല. സത്താർ എനിക്ക് അത്രയേറെ സന്തോഷം നൽകിക്കഴിഞ്ഞു. അതിന് എന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറയാൻ മാത്രമേ ഇപ്പോൾ തോന്നുന്നുള്ളൂ.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com