ADVERTISEMENT

മുഴുക്കുടിയനായ മുരളിയുടെ കഥയുമായി ‘വെള്ളം’ ജനുവരി 22 ന് തിയറ്ററുകളിൽ എത്തുകയാണ്. കോവിഡ് വ്യാപനത്തോടെ പത്തുമാസമായി അടച്ചിട്ടിരുന്ന തിയറ്ററുകൾ തമിഴ് ചിത്രം ‘മാസ്റ്റർ’ വന്നതോടെ തുറന്നു കഴിഞ്ഞു. മലയാള സിനിമാ ഇൻഡസ്ട്രിയുടെ വലിയ പ്രതീക്ഷയാണ് വെള്ളം എന്ന സിനിമ. ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തെക്കുറിച്ചും, ഈ സിനിമയോടെ സാക്ഷാൽക്കരിക്കുന്ന മലയാള സിനിമാലോകത്തിന്റെ പ്രതീക്ഷകളെക്കുറിച്ചും സംവിധായകൻ പ്രജേഷ് സെൻ മനോരമ ഓൺലൈനിനോട് സംവദിക്കുന്നു...

വെളളം ഒരു ട്രൂ സ്റ്റോറി?

ഇത് ഒരു ട്രൂ സ്റ്റോറി മാത്രമാണ് ബിയോപിക് അല്ല. കണ്ണൂരുള്ള മുരളി എന്ന ഒരാളുടെ കഥ പശ്ചാത്തലമാക്കി ഒരുപാടുപേരുടെ കഥ പറയുകയാണ്. ഈ മുരളി എന്ന മനുഷ്യനെ നിങ്ങൾക്ക് കേരളത്തിൽ ഒരുപാടിടത്തു കാണാൻ പറ്റും. വീട്ടിലും നാട്ടുവഴിയിലും ബസ് സ്റ്റാൻഡിലും ചായക്കടയിലും... അങ്ങനെ മലയാളി കണ്ടു പരിചയിച്ച ഒരാൾ, അയാളാണ് മുഖ്യ കഥാപാത്രം.

എന്തുകൊണ്ടാണ് ജയസൂര്യയെത്തന്നെ തിരഞ്ഞെടുത്തത്?

ജയസൂര്യ എന്റെ അടുത്ത സുഹൃത്താണ്. പിന്നെ ക്യാപ്റ്റനിൽനിന്ന് എനിക്ക് കിട്ടിയ ഒരു എനർജി ഉണ്ട്. ജയേട്ടനെക്കൊണ്ട് നമുക്ക് എന്തും ചെയ്യിക്കാൻ പറ്റും. ചാടാൻ പറഞ്ഞാൽ പറക്കുന്ന മനുഷ്യനാണ് ജയസൂര്യ. അങ്ങനെ പറയാനാണ് എനിക്കിഷ്ടം. ഡെഡിക്കേഷന്റെ അങ്ങേയറ്റം. നാം എന്തു ചെയ്യാൻ പറഞ്ഞാലും ‘ഇത് ചെയ്യണോ’ എന്ന് ചോദിക്കില്ല, പിന്നെന്താ നമുക്ക് ചെയ്യാം, ഞാൻ റെഡി എന്നു പറയും. ഒരു ഉദാഹരണം പറയാം. ഈ സിനിമയിൽ അദ്ദേഹം കള്ളുകുടിച്ച് രാത്രി വീട്ടിൽ വരുന്ന ഒരു സീൻ ഉണ്ട്. മുഷിഞ്ഞ വേഷത്തിലാണ് വരേണ്ടത്. കോസ്റ്റ്യൂം ഇട്ടു വന്നപ്പോ നല്ല വെള്ള വസ്ത്രം. ഞാൻ പറഞ്ഞു, ഡ്രസ്സ് ഒന്ന് മുഷിപ്പിക്കണമല്ലോ. ആ കോസ്റ്റ്യൂം വേറൊരാളുടെ കയ്യിൽ കൊടുത്തുവിട്ട് അതു മോശമാക്കി കൊണ്ടുവരികയാണ് സാധാരണ ചെയ്യുക. ഞാൻ നോക്കിയപ്പോൾ ജയസൂര്യ തറയിൽ കിടന്നുരുളുന്നു. ഉരുണ്ടുരുണ്ട്, കള്ളുകുടിച്ചു വീണ് വരുന്ന ഒരാളുടെ ശരീരവും വേഷവുമാക്കി. അതാണ് അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ. നമുക്ക് ഏതു തരത്തിലും മോൾഡ് ചെയ്യാൻ പറ്റുന്ന, അതിനു നിന്നുതരുന്ന ഒരു ആർട്ടിസ്റ്റാണ്, അതാണ് എനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം. തുടക്കക്കാരായ നമ്മളോടു കാണിക്കുന്ന പരിഗണന തന്നെ വലിയ കാര്യമാണ്.

ഈ കഥ എങ്ങനെയാണ് ഉണ്ടായത്?

ക്യാപ്റ്റൻ ചെയ്തു കഴിഞ്ഞ് മറ്റൊരു കഥ എഴുതാനിരിക്കുന്ന സമയത്ത് ഷംസു എന്ന എന്റെ സുഹൃത്തിനോടൊപ്പം റസ്റ്റോറന്റിൽ വച്ച് ഒരു മനുഷ്യനെ പരിചയപെട്ടു. കുറേനേരം സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാൻ മനസ്സിൽ ഓർത്തു, ഇദ്ദേഹം കൊള്ളാമല്ലോ. അങ്ങനെ പല സാഹചര്യങ്ങളിലും പല സ്ഥലങ്ങളിലും വച്ച് അദ്ദേഹത്തെ കാണാനിടയായി.


അങ്ങനെ ഒരിക്കൽ നമ്പി സാറിനോടൊപ്പം (നമ്പി നാരായണൻ) ദുബായിൽ ഒരു ഹോട്ടലിൽ പോയപ്പോൾ ഇദ്ദേഹത്തിനെ കണ്ടു. അവിടെ വച്ച് അദ്ദേഹത്തിന്റെ കഥ എന്നോട് പറഞ്ഞു. ആ കഥ എന്നെ അദ്ഭുതപ്പെടുത്തി. ഞാൻ അദ്ദേഹത്തോടു പറഞ്ഞു, ചേട്ടാ ഇതിൽ ഒരു സിനിമക്കുള്ള ത്രെഡ് ഉണ്ടല്ലോ എന്ന്. അന്ന് ആ ഒരു കഥാപാത്രം മാത്രമാണ് മനസ്സിൽ തട്ടിയത്. ഞാൻ ജയേട്ടനെ വിളിച്ചു. ഇങ്ങനെ ഒരു കഥാപാത്രം കിട്ടിയിട്ടുണ്ട്, ഇതുവരെ ആരും പറയാത്ത ഒരു കള്ളുകുടിയന്റെ കഥയാണ് എന്നു പറഞ്ഞു.

‘എടാ കള്ളുകുടിയൻ ഒക്കെ ഒരുപാട് വന്നിട്ടുണ്ട്’ എന്നായിരുന്നു മറുപടി. അല്ല ഇതിൽ മറ്റു പലതും ഉണ്ട്, ഇതുവരെ പറഞ്ഞിട്ടില്ലാത്തതാണെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാ നമുക്കു പിടിക്കാം എന്ന് ജയസൂര്യയും പറഞ്ഞു. അങ്ങനെ നിർമാതാക്കളോടു സംസാരിച്ചു. നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ നമുക്ക് ചെയ്യാം എന്ന് അവരും പറഞ്ഞു. ആദ്യം ആ ഒരു കഥാപാത്രം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. പിന്നെ നമുക്കിടയിൽ കാണുന്ന മദ്യപാനികളെ നിരീക്ഷിക്കാൻ തുടങ്ങി. നാട്ടിലും ടൗണിലും ചായക്കടകളിലും തെരുവിലും ഒക്കെ കാണുന്ന മദ്യപാനികളുടെ മാനറിസങ്ങൾ കടമെടുത്തു, പല സംഭവങ്ങളെയും കൂട്ടിയിണക്കി, അങ്ങനെ കേരളത്തിലെ മുഴുവൻ മദ്യപാനികളുടെയും ഒരു പ്രതിനിധിയായി മുരളി മാറി.

വെള്ളം എന്ന പേര്?

കഥ പറഞ്ഞു കഴിഞ്ഞ് ഞങ്ങൾ ഒരുപാടു ടൈറ്റിൽ ആലോചിച്ചു. അവൻ ഒരു ‘വെള്ളം പാർട്ടി’ ആണ് എന്ന് നാട്ടിൻപുറത്തൊക്കെ പറയില്ലേ. മദ്യപാനികളെ ‘വെള്ളം’ എന്നു പറയാറുണ്ട്. അങ്ങനെയാണ് വെള്ളം എന്ന് പേരിട്ടത്. ‘വെള്ളം, ദ് എസ്സെൻഷ്യൽ ഡ്രിങ്ക്’ അങ്ങനെയാണ് പേര്. മദ്യപിക്കുന്നവർക്കു വളരെ അത്യാവശ്യമായ കാര്യമാണല്ലോ ‘വെള്ളം’. പക്ഷേ ടൈറ്റിൽ പറഞ്ഞു കഴിഞ്ഞപ്പോ ഒരുപാടു പേര് വെള്ളപ്പൊക്കത്തിന്റെ കഥയാണോ എന്നു ചോദിച്ചു. കാരണം കേരളത്തിൽ ഒരുപാടു ടെൻഷൻ ഉണ്ടാക്കിയ വെള്ളം അതാണല്ലോ. ആരോടും പറഞ്ഞില്ല. ഇന്നലെ ട്രെയിലർ ഇറങ്ങിയപ്പോഴാണ് ഇതാണ് കഥ എന്നു മറ്റുള്ളവർക്ക് മനസ്സിലായത്.

jayasurya-poster

2020 ഏപ്രിലിൽ റിലീസ് തീരുമാനിച്ച പടം?

അതെ, കഴിഞ്ഞ വർഷം വിഷുവിനു റിലീസ് ചെയ്യാനിരുന്ന പടമായിരുന്നു. കോവിഡ് വ്യാപനത്തോടെ അത് മുടങ്ങി. പിന്നീട് ഒടിടി റിലീസ് ചെയ്യാൻ ഓപ്‌ഷൻ വന്നിരുന്നു. പക്ഷേ ഈ സിനിമ സിങ്ക് സൗണ്ടിൽ ആണ് ചെയ്തിരിക്കുന്നത്. അത് തിയറ്ററിൽത്തന്നെ കാണുന്നതാണ് നല്ലത്. പിന്നെ ഇതൊരു സാധാരണക്കാരന്റെ പടമാണ്‌. സാധാരണക്കാരായ ആളുകൾ ഇത് കാണണം അതിനു തിയറ്ററിൽ തന്നെ പടം റിലീസ് ചെയ്യണം.

ഒടിടി ഇപ്പോഴും എന്തെന്നറിയാത്ത ആളുകളുണ്ട്, ഇത് സാധാരണക്കാരിൽ എത്തിച്ചേരണം എന്നൊരാഗ്രഹം എനിക്കും ജയേട്ടനും ഉണ്ടായിരുന്നു. നിർമാതാക്കളോടു പറഞ്ഞപ്പോൾ അവർക്കും സമ്മതം. അവരുടെ ശക്തമായ പിന്തുണ ഉള്ളതുകൊണ്ടാണ് ഈ പടം ഇതുവരെ ഹോൾഡ് ചെയ്യാൻ കഴിഞ്ഞത്. പടം റിലീസ് ചെയ്യുന്നില്ലേ എന്ന് പലരും ചോദിച്ചിരുന്നു. തിയറ്ററിൽ റിലീസ് ചെയ്തിട്ട് ഒടിടിയിൽ റിലീസ് ചെയ്യണമെങ്കിൽ ചെയ്യാം.

കോവിഡ് വ്യാപിച്ചിരിക്കുന്ന ഈ അവസ്ഥയിൽ സാധാരണ പ്രേക്ഷകർ തിയറ്ററിൽ എത്തും എന്ന് കരുതുന്നുണ്ടോ?

എല്ലാവരും തിയറ്ററിൽ പടം കാണണം എന്ന് ആഗ്രഹിക്കുന്നു. പക്ഷേ ആരോഗ്യം തന്നെയാണ് മുഖ്യം. എല്ലാവരും എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണം. ജീവനാണ് വലുത്. അതിനു ശേഷമേയുള്ളൂ ആനന്ദം. പ്രൊമോഷനിലും ഞങ്ങൾ പറയുന്നത് അതാണ്. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു വേണം തിയറ്ററിൽ എത്താൻ.

prajesh-jayasurya-2

പിന്നെ സീറ്റ് 50% ആണല്ലോ. നമ്മൾ സ്വയം സൂക്ഷിക്കണം, ആൾക്കൂട്ടം ഉണ്ടാക്കരുത്. കോവിഡ് വന്നതിനു ശേഷം എല്ലാം അടച്ചിട്ടു, എല്ലാ ബിസിനസും സ്തംഭിച്ചു. എല്ലാവരും കഷ്ടപ്പാടിലായിരുന്നു. പതിയെ എല്ലാം സാധാരണ ഗതിയിൽ ആയിട്ടും കലാകാരന്മാർക്ക് ജോലിയിലേക്ക് തിരികെ പോകാൻ കഴിഞ്ഞിട്ടില്ല. അതിനു ഒരു മാറ്റം വരാൻ പോകുന്നതേയുള്ളൂ. കലയെ ജീവിതമാർഗ്ഗം ആക്കിയവർക്കൊക്കെ ഒരു പ്രതീക്ഷ വന്നു തുടങ്ങിയിട്ടുണ്ട്. പത്തുമാസമായി അടഞ്ഞു കിടക്കുന്ന തിയറ്ററുകൾ തുറന്നത് ഒരു പ്രതീക്ഷയാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുത്തൻ ഉണർവ് ഉണ്ടാകട്ടെ.

സിങ്ക് സൗണ്ടിനെപ്പറ്റി?

സിങ്ക് സൗണ്ട് ആദ്യമായാണ് ചെയ്യുന്നത്. നമ്പി നാരായണൻ സാറിനെക്കുറിച്ച് ഒരു സിനിമ ഈയിടെ ചെയ്തിരുന്നു.‘റോക്കറ്ററി: ദ് നമ്പി ഇഫക്ട്’ എന്നാണു സിനിമയുടെ പേര്. മാധവൻ നായകനായ ഈ സിനിമ ഇംഗ്ലിഷ്, ഹിന്ദി, തമിഴ് എന്നീ മൂന്നു ഭാഷകളിലാണ് ഇറങ്ങുന്നത് . വലിയ ബജറ്റിൽ വരുന്ന വലിയ സിനിമയാണ്. ആ സിനിമയിൽ ഞാൻ സഹ സംവിധായകനായിരുന്നു. ക്യാപ്റ്റനു ശേഷം ഞാൻ ആ വർക്ക് ആണ് ചെയ്തത്. ആറു രാജ്യങ്ങളിലായിരുന്നു ചിത്രീകരണം. ആ ക്രൂവിനൊടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് നല്ലൊരു എക്സ്പീരിയൻസ് ആണ്. എനിക്ക് അതൊരു പരിശീലനക്കളരി ആയിരുന്നു. സിങ്ക് സൗണ്ട് അവിടെനിന്നാണ് പഠിച്ചത്. ടെക്‌നിക്കലി ഒരുപാടു പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി. ഒരുപാട് ടെക്‌നിഷ്യൻമാരെ പരിചയപ്പെട്ടു. അവരിൽനിന്ന് പലതും പഠിച്ചു. അതിന്റെ ഗുണം വെള്ളം ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായി.

ആ ഒരു ധൈര്യത്തിലാണ് സിങ്ക് സൗണ്ട് ചെയ്തത്. എല്ലാ ആർട്ടിസ്റ്റുകളും ഡയലോഗ് പഠിച്ചു പറഞ്ഞു. സംയുക്ത മേനോന്റെ പരിശ്രമമൊക്കെ മറക്കാനാകില്ല. എല്ലാവരുടെയും സ്വന്തം ശബ്ദം തിയറ്ററിലും കേൾക്കുക, അത് പ്രത്യേക അനുഭൂതി സമ്മാനിക്കും. ഇതിനായി എല്ലാവരും നന്നായി സഹകരിച്ചു. ആരെയും മനഃപൂർവം നിർബന്ധിച്ചില്ല, എത്ര ടേക്ക് പോകാനും എനിക്ക് മടി ഉണ്ടായില്ല, പെർഫെക്റ്റ് ആയി എടുക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ശ്രമകരമായ ഒരു പണി തന്നെയായിരുന്നു അത്. 95% ഞാൻ ആഗ്രഹിച്ച പോലെ തന്നെ ചെയ്യാൻ പറ്റി.

മാസ്റ്റർ സിനിമയ്ക്കു കിട്ടിയ പ്രതികരണം

മാസ്റ്റർ നന്നായി സ്വീകരിക്കപ്പെട്ടത് നല്ല പ്രതീക്ഷ നൽകുന്നുണ്ട്. മാസ്റ്ററിന്റെ റിലീസ് സിനിമ ഇൻഡസ്ട്രിക്ക് പുത്തനുണർവ് നൽകി. മലയാളി പ്രേക്ഷകർ തിയറ്റർ തുറക്കാൻ കാത്തിരിക്കുകയായിരുന്നു എന്നു തോന്നി. പ്രേക്ഷകർ സിനിമയെ സ്വീകരിക്കുന്നത് സന്തോഷം നൽകുന്നുണ്ട്. ‘വെള്ളം’ എല്ലാവരും കാണേണ്ട ഒരു സിനിമയാണ്. എല്ലാവരും തിയറ്ററിൽ പോയി സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നു, സാമൂഹിക അകലം പാലിച്ച് തിയറ്ററിൽ പോയി കണ്ട് സിനിമ വിജയിപ്പിക്കണം എന്ന് അഭ്യർഥിക്കുന്നു.

പുതിയ പ്രോജക്ടുകൾ?

നിരഞ്ജന അഭിനയിക്കുന്ന ‘ദ് സീക്രട്ട് ഓഫ് വുമൺ’ ആണ് അടുത്തത്. ലോക്ഡൗൺ കാലത്ത് വളരെ ചെറിയ സംഘം സിനിമ പ്രവർത്തകരെ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ട് ചെയ്ത സിനിമയാണ്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞു. നിരഞ്ജനയെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ, ബാക്കി താരങ്ങളെയൊക്കെ സസ്പെൻസ് ആക്കി വച്ചിരിക്കുകയാണ്. റിലീസ് ചെയ്യാറായിട്ടില്ല, ബാക്കി പണികൾ ചെയ്യാനുണ്ട്. തിയറ്റർ റിലീസ് ചെയ്യണം എന്നാണ് ആഗ്രഹം. മറ്റൊരു സിനിമയുടെ ചർച്ചകൾ നടക്കുന്നു. ഫെബ്രുവരിയിൽ ഷൂട്ട് തുടങ്ങണം എന്ന് വിചാരിക്കുന്നു. അതിന്റെ വിശേഷങ്ങൾ പിന്നാലെ പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com