Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടനാകാൻ കാരണം ലാലേട്ടൻ; അഭിജിത്ത് പോള്‍

mohanlal-amala മോഹന്‍ലാല്‍, അഭിജിത്ത്, അമല പോൾ

പ്രഭുദേവയും തമന്നയും പ്രധാനവേഷം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ ദേവിയിലൂടെ അമല പോളിന്റെ സഹോദരൻ അഭിജിത്ത് സിനിമയിൽ അരങ്ങേറുന്നു. എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലനായാണ് അഭിജിത്ത് അഭിനയിക്കുന്നത്. കഴിഞ്ഞ 10 വർഷമായി മർച്ചന്റ് നേവി ഓഫിസറായി യുഎസിൽ ജോലി ചെയ്യുകയായിരുന്നു അഭിജിത്ത്. ഇടയ്ക്കു നാട്ടിൽ വരുമ്പോൾ അനിയത്തിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പോകുമായിരുന്നെങ്കിലും അഭിനയം സീരിയസായി എടുത്തിരുന്നില്ല.

ആദ്യ സിനിമയിൽ വില്ലൻ

നായകൻമാർ ഒട്ടേറെപ്പേരുണ്ട്. നായകൻമാർക്കു കഴിവു തെളിയിക്കാൻ മുൻപത്തെപ്പോലെ കൂടുതൽ ചിത്രങ്ങൾ ഇപ്പോഴില്ല. വില്ലനാകുമ്പോൾ അത്ര സമ്മർദമില്ല. നടനെന്ന നിലയിൽ കഴിവു തെളിയിക്കണമെന്നാണ് ആഗ്രഹം.

തയാറെടുപ്പുകൾ

എ.എൽ.വിജയിന്റെ സൈവം, ഇത് എന്ന മായം, ഒരു നാൾ ഇരവ് എന്നിവയുടെ പ്രൊഡക്‌ഷൻ ജോലികളിൽ സഹകരിച്ചിരുന്നു. സിനിമയെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ പഠിച്ചു. ദേവിയിൽ അഭിനയിക്കാൻ ആയോധന കലകളിലും കുതിരയോട്ടത്തിലും പരിശീലനം നേടി.

abhijith-amala

അഭിനന്ദനം

നടൻ വിക്രം കാണുമ്പോൾ ചോദിച്ചിട്ടുണ്ട് ‘എന്താ അഭിനയിച്ചു കൂടെ’യെന്ന്. ദേവിയിൽ അഭിനയിക്കുമ്പോൾ വളരെ വേഗത്തിൽ പഠിച്ചെടുക്കുന്നുണ്ടെന്ന പ്രഭുദേവയുടെ വാക്കുകളും പ്രോൽസാഹനമായി.

സഹോദരിയുടെ ഉപദേശം

കരിയർ ഗ്രാഫ് ഏറിയും താഴ്ന്നുമിരിക്കും നിരാശനാകാതെ പിടിച്ചു നിൽക്കാൻ പറ്റുമെങ്കിൽ സിനിമ ട്രൈ ചെയ്യൂവെന്നായിരുന്നു ഉപദേശം. സിനിമയിൽ നിൽക്കുക അത്ര എളുപ്പമല്ലെന്ന് അമല പറഞ്ഞിരുന്നു. ദേവി തമിഴ്, തെലുങ്ക്, ഹിന്ദി റിലീസാണ്. ഹിന്ദിയിൽ ടു ഇൻ വണ്ണെന്നാണു ചിത്രത്തിന്റെ പേര്. സിനിമ അടുത്ത മാസം റിലീസാകും. വളരെ നാളുകൾക്കു ശേഷം പ്രഭുദേവ നായകനാകുന്നുവെന്ന പ്രത്യേകതയുണ്ട്. മലയാളത്തിലും കഥ കേൾക്കുന്നുണ്ട്.

ഇഷ്ടനടൻ

മോഹൻലാൽ. ലൈല ഓ ലൈലയിലും റൺ ബേബി റണ്ണിലുമൊക്കെ അദ്ദേഹത്തെ അടുത്തു കണ്ടു. നിന്ന നിൽപിലാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്. ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് അഭിനയം സീരിയസായി എടുത്താൽ കൊള്ളാമെന്നു തോന്നിയത്. ലൈലയിൽ ഞാനും അതിഥി വേഷത്തിലുണ്ടായിരുന്നു.

Your Rating: