Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായകനാകാൻ മോഹിച്ചപ്പോൾ വില്ലനാക്കി, പിന്നെ ഋത്വിക്ക് റോഷനാക്കി

vishnu

ധനുഷിന്റെ ആദ്യ ചിത്രങ്ങളായ തുള്ളുവതോ ഇളമൈ, കാതൽ കൊണ്ടൈൻ, തിരുടാ തിരുടി തുടങ്ങിയവ കണ്ടസമയത്ത് പ്രേക്ഷകർക്ക് ഒരു സംശയമുണ്ടായിരുന്നു സിനിമയുടെ ഗ്ലാമർ ലോകത്ത് ഇതുപോലൊരു പയ്യൻ പിടിച്ചു നിൽക്കാൻ സാധിക്കുമോയെന്ന്. പക്ഷെ സിനിമയുടെ സ്ഥിരം ക്ലിഷേകളെ ഇളക്കിമറിച്ചുകൊണ്ട് തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിലൊരാളായി ധനുഷ് മാറി. ധനുഷിനെ ആദ്യമായി കണ്ടപ്പോൾ തോന്നിയ അതേ സംശയം തന്നെയാണ് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക്ക് റോഷനിലെ നായകനെ ട്രെയിലറിൽ കണ്ടപ്പോഴും തോന്നിയത്.

kattappanayile-hrithik-roshan-2

പക്ഷെ പാട്ടുസീൻ കണ്ടപ്പോൾ ഉറപ്പായി ഈ നായകനും ധനുഷിനെപ്പോലെ ഭാവിയിൽ മലയാളത്തിന്റെ അഭിവാജ്യഘടകമായി മാറുമെന്ന്. സിനിമയെ കുറിച്ച് കൂടുതൽ കട്ടപ്പനയിലെ ഋത്വിക്ക് റോഷനായ വിഷ്ണു ഉണ്ണികൃഷ്ണൻ മനോരമ ഓൺലൈനിനോട് മനസ്സുതുറക്കുന്നു. എന്റെ വീട് അപ്പുവിന്റെയും, മായാവി, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചതനാണ് വിഷ്ണു.

സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ വിഷ്ണു എങ്ങനെയാണ് നായകനാകുന്നത്?

ഞാനും എന്റെ സുഹൃത്ത് ബിബിൻ ജോർജ്ജും കൂടിയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. അമർ അക്ബർ അന്തോണിയുടെ തിരക്കഥയും ഞങ്ങൾ ഒന്നിച്ചായിരുന്നു എഴുതിയത്. അമർ അക്ബർ അന്തോണിയുടെ തിരക്കഥയുമായി ഇക്കായുടെ (നാദിർഷ) അടുത്ത് ചെല്ലുമ്പോൾ ഞങ്ങൾക്ക് ഇതിൽ ഞങ്ങൾക്ക് അഭിനയിക്കണമെന്ന ആഗ്രഹമായിരുന്നു മനസ്സിൽ. പക്ഷെ ഇക്ക തമാശരൂപേണ പറഞ്ഞു സിനിമ ആരെങ്കിലും കാണണ്ടേടാ അതുകൊണ്ട് ഇതിന് ചേരുന്നത് വേറെ അഭിനേതാക്കളാണെന്ന്. ഇക്ക അങ്ങനെ പറഞ്ഞതുകൊണ്ട് ഈ സിനിമയുടെ തിരക്കഥയുമായി സമീപിക്കുമ്പോൾ അഭിനയിക്കണമെന്ന ആഗ്രഹം ഇല്ലായിരുന്നു. ഞങ്ങളുടെ മനസ്സിൽ മറ്റൊരു യുവതാരമായിരുന്നു. എന്നാൽ കഥകേട്ടയുടൻ ഇക്ക പറഞ്ഞു ഇതിൽ നായകനാകാൻ യോജിച്ചത് ഞാൻ തന്നെയാണെന്ന്. ശരിക്കും ആ തീരുമാനം കേട്ട് ഞെട്ടിപ്പോയി.

vishnu-1

തിരക്കഥാകൃത്തും നായകനും ഇരട്ട ഉത്തരവാദിത്വമാണല്ലോ?

തീർച്ചയായും ഇരട്ട ഉത്തരവാദിത്വം തന്നെയാണ്, കാരണം ഇപ്പോഴത്തെ സാഹചര്യത്തിൽ ഏത് വലിയ താരത്തിന്റെ ഡേറ്റ് വേണമെങ്കിലും ഇക്കായ്ക്ക് കിട്ടും. അങ്ങനെയുള്ളപ്പോൾ തുടക്കകാരനായ എന്നെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമ്പോൾ അതിനോട് നീതിപുലർത്തേണ്ടത് എന്റെ കൂടി കടമയാണ്. തിരക്കഥാകൃത്ത് എന്ന നിലയിൽ പക്ഷെ വലിയ ടെൻഷനില്ല. തിരക്കഥ മുഴുവൻ പൂർത്തിയാക്കിയ ശേഷമാണ് ഞങ്ങൾ ഇക്കയെ സമീപിക്കുന്നത്. പിന്നെ അമർ അക്ബർ അന്തോണിയിലെ അതേ ടീം തന്നെയാണ് ഇതിലുമുള്ളത്. എല്ലാവരും പരിചയമുള്ളവരായതുകൊണ്ട് അധികം ടെൻഷനില്ലാതെ എല്ലാം ഭംഗിയായി തീർക്കാൻ പറ്റി.

തിരക്കഥയിൽ സംവിധായകന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ?

ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഞങ്ങൾ എഴുതിയ സ്ക്രിപ്റ്റ് യാതൊരു വിധ മാറ്റവുമില്ലാതെയാണ് സിനിമയാകുന്നത്. സിനിമയുടെ പേര് മാത്രമാണ് ഇക്ക നിർദ്ദേശിച്ചത്. അമർ അക്ബർ അന്തോണിയുടെയും പേര് അദ്ദേഹം തന്നെയാണ് ഇട്ടത്. അതുകൊണ്ട് ഇത്തവണയും പേര് ഇടാതെയാണ് ഞങ്ങൾ തിരക്കഥയുമായി ഇക്കയെ സമീപിച്ചത്.

kattapanayile-hrithik-trailer

കട്ടപ്പനയിലെ ഋത്വിക്ക് റോഷനെക്കുറിച്ച്?

കൃഷ്ണൻ നായരെന്നാണ് ശരിക്കും കഥാപാത്രത്തിന്റെ പേര്. കിച്ചു എന്ന് വിളിക്കും. ഈ കഥാപാത്രത്തിന്റെ അച്ഛൻ ജയന്റെ കടുത്ത ആരാധകനാണ്. ജയനോടുള്ള ആരാധന മൂത്താണ് മകന് കൃഷ്ണൻ നായരെന്ന പേര് നൽകിയത്. അച്ഛന്റെ പോലെ തന്നെ സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ. അയാൾ ഇന്നത്തെ തലമുറയിലെ സിനിമാമോഹികളായ ചെറുപ്പക്കാരുടെ പ്രതിനിധി കൂടിയാണ്. ഇയാളുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ സിനിമ.

kattappanayile-hrithik-roshan-1

സിനിമയ്ക്ക് വേണ്ടിയാണോ ഡാൻസ് പഠിച്ചത്?

അയ്യോ ഞാൻ ഇതുവരെ ഡാൻസ് പഠിച്ചിട്ടില്ല. ജീവിതത്തിൽ ഇതാദ്യമായാണ് ഡാൻസ് കളിക്കുന്നത്. നന്നായിട്ട് ഡാൻസ് കളിക്കുന്നുണ്ടെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും ദിനേശ് മാസ്റ്റർക്കാണ്. തമിഴിൽ വിജയ്, വിക്രം, ധനുഷ് അവരുടെയെല്ലാം കൂടെ വർക്ക് ചെയ്ത ആളാണ്. അത്ര വലിയൊരു വ്യക്തിയോടൊപ്പം ആദ്യ സിനിമ ചെയ്യാൻ സാധിച്ചതും ഭാഗ്യമാണ്. സാധാരണ പാട്ടുസീനുകളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാറില്ല, ഈ സിനിമയിൽ പാട്ടിന്റെ ഇടയ്ക്ക് ഒരു സീനിൽ എന്റെ കൂടെ സ്ക്രീനിൽ മുഖം കാണിക്കാനും അദ്ദേഹം തയ്യാറായത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്.

സിനിമയിലെ നർമ്മരംഗങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. നർമ്മം എഴുതുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

kattappanayile-hrithik-roshan-first-look

ഞങ്ങളുടെ സിനിമയിൽ ദ്വയാർഥപ്രയോഗങ്ങളുള്ള നർമ്മം പാടില്ല എന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. അമർ അക്ബർ അന്തോണിയുടെ തിരക്കഥ എഴുതുമ്പോഴും ഇത് ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ സിനിമ കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചിട്ടുള്ളതാണ്. കുടുംബമായിട്ട് കാണുമ്പോൾ ദ്വയാർഥപ്രയോഗമുള്ള ഡയലോഗുകൾ കല്ലുകടിയാണ്. അതുകൊണ്ട് നമുക്കും ചുറ്റും കാണുന്ന സംഭവങ്ങളിൽ നിന്നാണ് നർമ്മവും കണ്ടെത്തിയിരിക്കുന്നത്. ട്രെയിലറിന്റെ അവസാനം ബെസ്റ്റ് ആക്ട്ടറിലെ രംഗം കണ്ടിട്ട് നായകൻ പറയുന്ന ഡയലോഗ് ആ സിനിമ കണ്ടസമയത്ത് സിനിമാമോഹിയായ ഏതൊരു ചെറുപ്പക്കാരന്റെയും മനസ്സിലൂടെ കടന്നുപ്പോയിട്ടുള്ളതാണ്. അത്തരം ജീവിതഗന്ധിയായ തമാശകളാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിനിമയെ ആകർഷകമാക്കുന്ന മറ്റു ഘടകങ്ങൾ?

kattappanayile-hrithik-roshan

സിദ്ദിഖ്, സലിംകുമാർ ഇവരുടെയൊക്കെ പഴയകാല നർമ്മങ്ങളെ അനുസ്മരിപ്പിക്കുന്നതായിരിക്കും ഈ സിനിമ. പുലിവാൽ കല്യാണത്തിലും, കല്യാണരാമനിലും കണ്ടു പ്രേക്ഷകർ കൊതിച്ച സലിം കുമാറിന്റെ മടങ്ങി വരവായിരിക്കും കട്ടപ്പനയിലെ ഋതിക് റോഷനിൽ. പഴയതിന്റെ ഇരട്ടി എനർജിയിലാണു സലീം കുമാറിന്റെ വരവ്.. ഞാൻ ഇതിനുമുമ്പ് അഭിനയിച്ച രണ്ട് സിനിമകളിലും സലിംകുമാറുണ്ടായിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുന്നത്. സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ധർമ്മേട്ടനാണ് (ധർമ്മജൻ). സിനിമ പുറത്തിറങ്ങിക്കഴിയുമ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു കഥാപാത്രം കൂടിയാവും അദ്ദേഹത്തിന്റേത്. ശരിക്കും തിരക്കഥയുമായി ഇക്കയെ സമീപിക്കുമ്പോൾ ധർമ്മേട്ടൻ ചെയ്ത റോൾ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു.