Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2015 അജുവിന്റെ വർഷം

aju-varghese അജു വർഗീസ്

പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളുമായി ഏറെ ചലച്ചിത്രങ്ങളെത്തിയ വർഷമാണ് കടന്നുപോകുന്നത്. നായക കഥാപാത്രത്തിനപ്പുറമുള്ള ചലച്ചിത്ര വഴികളിൽ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ വേറിട്ടു നിൽക്കുന്ന പ്രതിഭകളാരൊക്കെയന്ന് ടാക്കീസുകളിൽ കൂടുതൽ തെളി​ഞ്ഞുവന്ന വർഷം. മലർവാടി ആർട്സ് ക്ലബ് മുതൽ അടി കപ്യാരെ കൂട്ടമണി വരെയുള്ള സിനിമകളിലൂടെ മലയാളി പരിചയപ്പെട്ട അജു വർഗീസ് ഇക്കൂട്ടത്തിലൊരാളാണ്.

ആഘോഷിക്കപ്പെട്ട കഥാപാത്രമല്ല, സിനിമ കണ്ടിറങ്ങുന്നവരുടെ ചിന്തകളിൽ, അവന്റെ വർത്തമാനങ്ങളിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചു അജു വർഗീസിന് . സു സു സുധി വാത്മീകം, അടി കപ്യാരെ കൂട്ടമണി, 2 കൺട്രീസ്.,..അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്നു സിനിമകളിൽ മൂന്നിലും തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് അജു വർഗീസ് മലയാള സിനിമയിൽ തന്റെ ഇടമേതെന്ന് കൂടുതൽ വ്യക്തമാക്കുന്നു. അജു പറയുകയാണ് സിനിമയുമായുളള ഇടപഴകലുകളെ കുറിച്ച്...

സന്തോഷം തോന്നുന്നു

ശരിയാണ് കഥാപാത്രങ്ങൾ ഏറെക്കുറെ ശ്രദ്ധിക്കപ്പെട്ട വർഷമാണ്. ഫീൽ ഗുഡ് അത്രമാത്രമേയുള്ളൂ. അമിത സന്തോഷമോ പ്രതീക്ഷകളോ. ഓരോ മനുഷ്യർക്കും അവരുടേതായ പരിമിതികൾ കാണുമല്ലോ. ഞാൻ തീർത്തും സാധാരണക്കാരനായ ഒരു വ്യക്തിയാണ്. ആ എനിക്ക് എ‌ന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കുറേ നല്ല ചിത്രങ്ങൾ ചെയ്യാൻ സാധിച്ചതിലും അത് പ്രേക്ഷകന് ഇഷ്ടമായി എന്നറിയുന്നതിലും ഒരുപാട് സന്തോഷം.

aju-dileep

അടുത്തവർഷത്തേക്ക് പദ്ധതികളൊന്നുമില്ല

പുതുവർഷത്തിൽ പുതിയ തീരുമാനങ്ങളൊന്നും കരുതിവച്ചിട്ടില്ല. എല്ലാത്തവണത്തേതും പോലെ ഒന്നാം തീയതി നെടുമുടി വേണു ചേട്ടനെ വിളിച്ച് അനുഗ്രഹം വാങ്ങിച്ചുകൊണ്ട് തുടങ്ങണം. ഇതുപോലെ കുറേ നല്ല സിനിമകൾ ചെയ്യണം. അത്ര തന്നെ. അല്ലാതെ കുറേ കോമഡി ചെയ്തില്ലേ. ഇനിയൊന്നു മാറ്റിപ്പിടിച്ചേക്കാം അത്തരം ചിന്തകളേയല്ല.

എല്ലാം ഡയറക്ടറുടെ മിടുക്ക്

അജുവിന്റെ കഥാപാത്രങ്ങൾ‌ ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്ന് പറഞ്ഞില്ലേ. അതൊന്നും എന്റെ മിടുക്കല്ല. അത് ഞാനെന്റെ ക്രെഡിറ്റിൽ കൂട്ടുന്നുമില്ല. ഡയറക്ടറെ കണ്ണടച്ച് അനുസരിക്കുന്ന ഒരാളാണ് ഞാൻ, അവർ പറഞ്ഞു തരുന്ന രീതികളിൽ കൂടി മാത്രം കഥാപാത്രമാകുന്നവൻ. നല്ല കുറേ സംവിധായകർക്കൊപ്പം നല്ല തിരക്കഥകളുടെ ബലത്തിൽ അഭിനയിക്കാൻ സാധിച്ചുവെന്നതാണ് നിങ്ങളുൾപ്പെടെയുള്ള മാധ്യമപ്രവർത്തകര്‍ എന്നെ കുറിച്ചെഴുതാൻ കാരണം. അതൊരിക്കലും അജുവെന്ന നടന്റെ വിജയങ്ങളാക്കി ഒതുക്കരുത്.

aju-neeraj

ഉണ്ട്, ആത്മവിശ്വാസക്കുറവുണ്ട്

വിജയിച്ച കുറേ ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാനായി എന്നതു സത്യം തന്നെ. പക്ഷേ എനിക്കിപ്പോഴും ആത്മവിശ്വാസക്കുറവുണ്ട്. അഞ്ചു വർഷം നീണ്ട അഭിനയ ജീവിതമെന്നത് ഒരിക്കലുമൊരു വലിയ കാലയളവല്ല. ഞാനിപ്പോഴും പുതിയ ആളാണെന്ന ചിന്തയാണെനിക്ക്. മലർവാടി ആർട്സ് ക്ലബിൽ അഭിനയിക്കാനെത്തിയ പുതിയ താരത്തിൻറെ പ്രതീതി എന്നെ വിട്ടുപോയിട്ടില്ല ഇതുവരെ. അത് തുറന്നു സമ്മതിക്കാനെനിക്ക് മടിയൊന്നുമില്ല. സംവിധായകന്റെ നിഴലിൽ മാത്രമാണ് ഞാനിപ്പോഴും സഞ്ചരിക്കുന്നത്. നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന നല്ലൊരു പ്രേക്ഷകൻ മാത്രമാണ് ഞാനിപ്പോഴും.

വിനീത് ഒരു സ്കൂൾ

അഭിനേതാവാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. വിനീത് എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. അവനൊരു സിനിമയെടുത്തപ്പോൾ അഭിനയിക്കുന്നോയെന്ന് ചോദിച്ചു. സമ്മതിച്ചു.ദാ ഇവിടെ വരെയെത്തി. അതാണ് നടന്നത്. വിനീത് ഒരു സ്കൂളായിരുന്നു. പഠിക്കാനേറെ ഉണ്ടായിരുന്ന സ്കൂൾ. പരസ്പര ബന്ധത്തിൽ വിള്ളൽ വീഴാതെ എന്നാൽ പ്രൊഫഷണലിസം നിലനിർത്തിക്കൊണ്ട് എങ്ങനെ സിനിമ ചെയ്യാമെന്ന് പറഞ്ഞു തന്ന നാളുകൾ. മലർവാടി ആർട്സ് ക്ലബിന്റെ ഷൂട്ടിങ് ഒരു കുടുംബത്തെയാണ് സൃഷ്ടിച്ചത്. അതിപ്പോഴും ഒരു പോറൽ പോലുമേൽക്കാതെ എന്റെ ജീവിതത്തിലുണ്ട്.

ദിലീപേട്ടനൊപ്പമുള്ള അഭിനയം പേടിപ്പിക്കുന്നത്

നമ്മൾ കുറേ കോമഡി കാരക്ടർ ചെയ്തു. അതു ശ്രദ്ധിക്കപ്പെട്ടു. ഒരു ഹ്യൂമർ സ്ക്രിപ്റ്റിൽ നിന്ന് വീണ്ടും ഹ്യൂമർ ക്രിയേറ്റ് ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. അത് പ്രതിഭയുള്ളവർക്കേ സാധിക്കൂ. ദിലീപേട്ടൻ അത്തരത്തിലൊരാളാണ്. ടൂ കൺട്രീസിൽ അഭിനയിക്കുമ്പോൾ എനിക്ക് പേടിയുണ്ടായിരുന്നു. ഞാൻ കാരണം എന്തെങ്കിലും പാളിച്ച വരുമോയെന്നോർത്ത്.

aju-renjith

നൂറ് രൂപ കൊടുക്കുന്നവന് അമ്പത് രൂപയെങ്കിലും മിച്ച വേണം

ഞാൻ വളരെ ഡീസന്റ് ആയ യുക്തിയുള്ള എൻറെർടെയ്ൻമെന്റിൽ വിശ്വസിക്കുന്നയാളും, ഇനിയും അത്തരം ചിത്രങ്ങളിൽ അഭിനയിക്കാൻ താൽപര്യപ്പെടുന്നയാളുമാണ്. നൂറ് രൂപകൊടുത്ത് ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് അമ്പത് രൂപയുടെ എന്റർടെയ്ൻമെന്റെങ്കിലും കുറഞ്ഞത് കിട്ടണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. കഴിഞ്ഞ വർഷത്തെ കുറിച്ചോർക്കുമ്പോൾ എനിക്ക് സംതൃപ്തി നൽകുന്ന ഘടകം ഇതുതന്നെയാണ്. അടി കപ്യാരെ കൂട്ടമണി, ഉറുമ്പുകൾ ഉറങ്ങാറില്ല, സു സുധി വാത്മീകം തുടങ്ങിയ ചെറു സിനിമകളെല്ലാം പ്രേക്ഷകൻ ഏറ്റെടുത്തു കഴിഞ്ഞു. സാധാരണ പ്രേക്ഷകനെ എൻറെർ‌ടെയ്ൻ ചെയ്യിക്കാനും ചിന്തിപ്പിക്കാനും വേണ്ടി സിനിമയെടുക്കാൻ ഉദ്ദേശിക്കുന്ന, അതിൽ അഭിനയിക്കാൻ താൽപര്യമുള്ള എന്നെപോലുള്ളവർക്ക് ഭാവിയുണ്ടെന്ന സന്ദേശം തരുന്നു. പോയവർഷം തന്ന ഏറ്റവും വലിയ സന്തോഷം അതുതന്നെയാണ്.

aju-kohinoor

പ്രൊഡ്യൂസർ ദൈവം

ഒരു സംവിധായകനേയും അയാളുടെ തിരക്കഥയേയും വിശ്വസിച്ച് സ്വന്തം കൈയിലെ പൈസയിറക്കുന്ന പ്രൊഡ്യൂസർ തന്നെയാണ് ദൈവം. എനിക്ക് ആ വിഭാഗത്തോട് അതിയായ ബഹുമാനമുണ്ട്. അവരൊരിക്കലും വ​ഞ്ചിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നുമുണ്ട്. എനിക്കിഷ്ടം സമൂഹത്തിനോടെതിർത്ത് നിൽക്കുന്ന സിനിമയല്ല. സമൂഹത്തിനോടൊപ്പം നടക്കുന്ന നന്മകൾ പറഞ്ഞു തരുന്ന,ആ ചട്ടക്കൂടിനെ ബഹുമാനിക്കുന്ന, സംസ്കാരത്തെ ബഹുമാനിക്കുന്ന സിനിമകളോടാണ്.

അവരൊക്കെ സിനിമയെടുത്തില്ലേ..അതാണ് സന്തോഷം

സിനിമയിലെത്തും മുൻപ് കുറച്ച് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിരുന്നു. എനിക്കുള്ള മറ്റൊരു സന്തോഷം ആ ചെറു സിനിമകളുടെ സംവിധായകരെല്ലാം വൻ ചിത്രങ്ങളിലെത്തിയെന്നുള്ളതാണ്. ജൂഡ് ആൻറണിയും ബേസിൽ ജോസഫും സംവിധായകരായി. രഞ്ജിത് മേനോൻ നടനായി. അതു വലിയ സന്തോഷമല്ലേ.

aju-jayasurya

ഇതൊന്നും എന്റേതല്ല, എല്ലാം മേക്കപ്മാൻമാരുട മികവ്

എന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടുവെങ്കിൽ അതിലൊരു വലിയ പങ്ക് മേക്കപ് മാൻമാരുടേതാണ്. പട്ടണം റഷീദ് ഉൾപ്പെടെയുള്ള കുലപതികളാണ് ഇതിനു പിന്നിൽ. കൊഹിനൂർ, അടി കപ്യാരേ കൂട്ടമണി, സു സുധി വാത്മീകം, ടൂ കൺട്രീസ് എന്നീ സിനിമകളിൽ എനിക്ക് മീശയും താടിയും മുടിയുമൊക്കെ ഒട്ടും കൃത്രിമത്വം തോന്നിപ്പിക്കാതെ വച്ചു പിടിപ്പിച്ച അവരോടുള്ള നന്ദി ഒരിക്കലും തീരില്ല.

ഏയ് എന്നിലൊരു സംവിധായകനില്ല

ജേക്കബിന്റെ സ്വർഗ രാജ്യമെന്ന സിനിമയിൽ വിനീതിനെ അസിസ്റ്റ് ചെയ്യാനെത്തിയിരിക്കയാണ് ദുബായിൽ. പക്ഷേ എന്നിലൊരു സംവിധായകനൊന്നുമില്ല. അമ്പത് ദിവസം ദുബായിൽ അടിച്ചുപൊളിക്കാനൊരു കാരണം വേണ്ടേ അത്രമാത്രം. ചിത്രത്തിന്റെ പ്രൊഡ്യൂസർ ഞങ്ങൾ ഒപ്പം എഞ്ചിനീയറിങ് പഠിച്ചതാ. ഒരു ഗെറ്റ് റ്റുഗതർ പോലെ തോന്നുന്നു എല്ലാം. അത്രയേുള്ളൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.