Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയെ കണ്ണൂരിലെത്തിക്കാൻ അരവിന്ദൻ

aravindhan അരവിന്ദൻ കണ്ണൂർ അലൈപായുതേ സിനിമയുടെ ലൊക്കേഷൻ ആയ കണ്ണൂർ കോട്ടയിൽ. ചിത്രം: എം.ടി. വിധുരാജ്

സിനിമകളിൽ കഥയുടെ ദൃശ്യവൽക്കരണത്തിനിടയിൽ വിളങ്ങിച്ചേർന്നു നിൽക്കുകയും തിയറ്ററുകളിലെത്തുന്നതുവരെ ആ സിനിമയുടെ ഹൃദയതാളം സൂക്ഷിക്കുകയും ചെയ്യുന്ന ഒരു കലാകാരനുണ്ട്. ലൊക്കേഷൻ മുതൽ തിയറ്റർ വരെ സിനിമയ്ക്കു കൂട്ടുപോകുന്ന അരവിന്ദൻ കണ്ണൂർ എന്ന സിനിമകളുടെ ആ കൂട്ടുകാരൻ പ്രൊഡക്‌ഷൻ രംഗത്ത് 299 ചിത്രങ്ങൾ പിന്നിട്ടു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഇളക്കിമറിച്ച, തിയറ്ററുകൾ നിറച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാംഭാഗത്തിനു കേരളത്തിൽ ലൊക്കേഷൻ ഒരുക്കുന്ന തിരക്കിലാണു കണ്ണൂരിന്റെ സ്വന്തം അരവിന്ദൻ. ഇത് ഇദ്ദേഹം പ്രവർത്തിക്കുന്ന മുന്നൂറാമതു ചിത്രമാകും.

ഒട്ടേറെ ചിത്രങ്ങളെയും സംവിധായകരെയും കണ്ണൂരിലെത്തിച്ച അരവിന്ദൻ കഥക്കൂട്ടിൻെറ ദൃശ്യാവിഷ്ക്കാരത്തിനു ചേരുന്ന കണ്ണൂരിന്റെ പ്രകൃതി പ്രത്യേകതകളെ പരിചയപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലെ മാത്രമല്ല കേരളത്തിന്റെ വിവിധ ഇടങ്ങളും അരവിന്ദന്റെ കണ്ണിലുടക്കി സിനിമകളുടെ ഭാഗമായി. ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ പ്രൊഡക്‌ഷൻ മാനേജരായാണു സഹകരിക്കുന്നത്. ഒന്നാം ഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

നടനാകണമെന്നു മോഹിച്ചു ചെന്നൈയിലേക്കു വണ്ടികയറിയ അരവിന്ദനു സിനിമകളുടെ കഥയ്ക്കു ദൃശ്യങ്ങളൊരുക്കുകയും സിനിമയുടെതന്നെ അവിഭാജ്യ ഘടകവുമായി മാറാനായിരുന്നു നിയോഗം. വർഷങ്ങളുടെ സിനിമാ യാത്രയിൽ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്, പ്രൊഡക്‌ഷൻ മാനേജർ എന്നീ നിലയിലൊക്കെ പ്രവർത്തിച്ച് ഇപ്പോൾ പ്രൊഡക്‌ഷൻ കൺട്രോളർ‌ എന്ന നിലയിൽ. ഐവി ശശി, മണിരത്നം, ഹരിഹരൻ, ജോഷി, സിബിമലയിൽ, കമൽ, സെൽവരാഘവൻ, ലെനിൻ രാജേന്ദ്രൻ, ജെപി സിപ്പി, രോഹൻ സിപ്പി തുടങ്ങി പ്രസിദ്ധരായ സംവിധായകരുടെ ചിത്രങ്ങൾക്കെല്ലാം അരവിന്ദൻ ദൃശ്യങ്ങൾ തേടിപ്പിടിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലൂടെ പ്രമുഖരായ നടീനടൻമാരും ഇദ്ദേഹത്തിന്റെ പ്രിയ കൂട്ടുകാരായി. സംവിധായകൻ മനസ്സിൽ കാണുന്നത് പ്രകൃതിയിൽ കണ്ടെത്തുക മാത്രമല്ല, ഒരു സിനിമയുടെ സാമ്പത്തിക കാര്യങ്ങളടക്കം സിനിമ തിയറ്ററുകളിലെത്തുന്നതുവരെ പ്രൊഡക്‌ഷൻ കൺട്രോളർക്കു ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. വാർത്ത എന്ന സിനിമയിൽ കോളജ് വിദ്യാർഥിയായി അവസരം തേടി ചെന്നൈയിലെത്തിയ അരവിന്ദന് ആ യാത്രയിൽ സംവിധായകനും സ്വന്തം നാട്ടുകാരനുമായ ശശിമോഹനെ പരിചയപ്പെടാൻ അവസരം ലഭിച്ചു. അന്ന് ഐവി ശശിയുടെ അസോഷ്യേറ്റായിരുന്നു അദ്ദേഹം.

വാർത്തയിൽ കോളജ് വിദ്യാർഥിയുടെ വേഷമിട്ടെങ്കിലും മിഴിയോരങ്ങളിൽ എന്ന ചിത്രം ശശിമോഹൻ ചെയ്യുമ്പോൾ പ്രൊഡക്‌ഷൻ മാനേജരായിരുന്ന ബാലേട്ടന്റെ സഹായിയായി പ്രവർത്തിക്കാൻ ക്ഷണം കിട്ടി. അതായിരുന്നു തുടക്കം. ഐവി ശശിയുടെ അബ്കാരി, ഇൻസ്പെക്ടർ ബൽറാം, ബൽറാം വേഴ്സസ് താരാദാസ് തുടങ്ങിയ ചിത്രങ്ങൾ. മണിരത്നത്തിന്റെ അലൈപായുതേ, മണിരത്നത്തിന്റെ തന്നെ ബോംബെ, കന്നത്തിൽ മുത്തമിട്ടാൾ തുടങ്ങിയ ചിത്രങ്ങൾക്കു പ്രകൃതിയൊരുക്കിയതു കേരളത്തിൽ. ബോംബെയിലെ ഗാനരംഗങ്ങൾ ബേക്കൽ കോട്ടയിലാണു ചിത്രീകരിച്ചത്. ശശി മോഹന്റെ തിലകം, മമ്മൂട്ടി നായകനായ ഹരിഹരന്റെ പഴശിരാജ, സിബിമലയിലിന്റെ ഫ്ലാഷ്, സദയം, അമൃതം, നിദ്ര, ജയരാജിന്റെ മകൾക്ക്, ദൈവനാമത്തിൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ അരവിന്ദൻ സിനിമയിൽ തന്റേതായ ഇടം സ്ഥാപിച്ചെടുത്തു.

ലിബർട്ടി ബഷീറുമായുള്ള പരിചയം സിനിമയിൽ കൂടുതൽ അവസരം ഒരുക്കിയെന്ന് അരവിന്ദൻ കണ്ണൂർ പറഞ്ഞു. കന്നഡ നടൻ വിഷ്ണുവർധനുമൊത്തു പ്രവർത്തിച്ച നാളുകൾ മനസ്സിൽ‌ സൂക്ഷിക്കുന്ന അരവിന്ദൻ 95 ൽ പുറത്തിറങ്ങിയ കുലം എന്ന സിനിമയിലൂടെയാണു സ്വതന്ത്രമായ നിലയിലേക്ക് ഉയരുന്നത്. ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ജോഡി ചേർന്ന കുച്ച് ന കഹോ തനിക്കൊരു മികച്ച ഹിന്ദി അനുഭവമായിരുന്നുവെന്ന് അരവിന്ദൻ പറഞ്ഞു. ദൈവത്തിന്റെ വികൃതികൾ, മീനമാസത്തിലെ സൂര്യൻ, പ്രകാശ് രാജ് നിർമിച്ച ഇതിലേ ഇതിലേ, വർഗം, സൈക്കിൾ, ഫാദേഴ്സ് ഡേ.. ഇങ്ങനെ ഓരോ ചിത്രങ്ങളും ഓരോ പുതിയ പാഠം നൽകി.

അന്യർ എന്ന ചിത്രത്തിനു ലൊക്കേഷൻ തേടിയുള്ള യാത്ര എന്നെന്നും ഓർത്തുവയ്ക്കാനുള്ളതാണെന്ന് അരവിന്ദൻ പറഞ്ഞു. ഗുണ്ടൽപേട്ടിനടുത്തു ലൊക്കേഷൻ തേടുന്ന ത്രില്ലിൽ മറ്റൊന്നും തിരക്കിയില്ല. അന്ന് എത്തിപ്പെട്ടത് വീരപ്പന്റെ സംഘം താവളമടിച്ച കാടുകൾക്കടുത്തായിരുന്നു. നാട്ടുകാരനായ ഒരാൾ വഴിതിരിച്ചുവിട്ടതുകൊണ്ടു വീരപ്പന്റെ പിടിയിലായില്ല. ഒരിക്കലും മറക്കാൻ കഴിയാത്ത മറ്റുചിലതുകൂടിയുണ്ട്. ലൊക്കേഷനുകൾ ചിലപ്പോൾ ഒരു നിമിത്തം പോലെ മുന്നിൽ വന്നുചേരും. യുഗപുരുഷൻ ചിത്രീകരിക്കാനുള്ള ഇടം തേടി ഇന്ത്യ മുഴുവൻ കറങ്ങി. വൈദ്യുത ലൈനിന്റെ സാന്നിധ്യം ഇല്ലാത്ത ഒരിടം വേണം.

ശിവഗിരിയുടെയും അരുവിക്കരയുടെയും സമാനമായ ഇടം തേടി. കർണാടകയിലും തമിഴ്നാട്ടിലും എല്ലാം തിരഞ്ഞു. ഒടുവിൽ കണ്ണൂരിലുണ്ടാവുമെന്നു മനസ്സുപറഞ്ഞു. പഴശി ഡാമിന്റെ താഴെയുള്ള പ്രദേശത്താണു കലാ സംവിധായകൻ മുത്തുരാജും ഞാനുമടങ്ങുന്ന സംഘം എത്തിയത്. ഒരാൾ പുഴയിൽ കുളിക്കുന്നുണ്ടായിരുന്നു. അയാളോട് സിനിമയുടെ സൂചന നൽകി. അരുവിക്കരയ്ക്കു തുല്യമായ സ്ഥലത്തെക്കുറിച്ചു ഞങ്ങൾ സംസാരിക്കുന്നതുകേട്ട് രണ്ടു കിലോമീറ്റർ ചെന്നാൽ പറ്റിയ ഇടമുണ്ടെന്ന് അയാൾ പറഞ്ഞു. ഞങ്ങൾ ഏതാണ്ട് അത്രയും സഞ്ചരിച്ചപ്പോഴേയ്ക്കും അയാൾ പറഞ്ഞതു ശരിയായിരുന്നു. കൃത്യമായി ഞങ്ങൾ ആഗ്രഹിച്ച സ്ഥലം. ഞങ്ങളെ അദ്ഭുതപ്പെടുത്തിയ ഒരുകാര്യം ഷൂട്ടിങ്ങിനിടെ നടന്നു.

അർധരാത്രി 12 മണിക്കായിരുന്നു ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ രംഗം ചിത്രീകരിക്കുന്നത്. കൃത്യം 12നു പ്രതിഷ്ഠാകർമങ്ങൾ തുടങ്ങി. എന്നാൽ ചിത്രീകരണത്തിനായി ഞങ്ങൾ സ്ഥാപിച്ച നാലു ബൾബുകളും ഒരേസമയം പൊട്ടിച്ചിതറി. ബൾബിന്റെ അവശിഷ്ടങ്ങൾ തെറിച്ചു തലൈവാസൽ വിജയിനു ചെറുതായി പരുക്കേൽക്കുകയും ചെയ്തു. ഏറ്റവും ഒടുവിലായി ചെയ്ത സിനിമ വലിയ ചിറകുള്ള പക്ഷികളാണ്. എൻഡോ സൾഫാൻ ദുരിതബാധിതരുടെ കാഴ്ചകൾ പകർത്തിയ ചിത്രം. യഥാർഥ ഇരകളുടെ ഇടയിലെ ആ അനുഭവം മറക്കാൻ കഴിയില്ലെന്ന് അരവിന്ദൻ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.